കലയുമായി ബന്ധപ്പെട്ട എല്ലാ ജോലിയും ചെയ്യാൻ ഞാൻ ഒരുക്കം, അതിൽ സ്ത്രീപക്ഷം എന്നൊന്നുമില്ല: സയനോര
Mail This Article
ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹെർ’ എന്ന ചിത്രത്തിൽ സയനോര ഫിലിപ് ആലപിച്ച ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുകയാണ്. അൻവർ അലിയുടെ വരികൾക്കു ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനമാണിത്. പാട്ടിൽ മാത്രമല്ല, അഭിനയത്തിലും തിളങ്ങുന്ന സയനോരയ്ക്ക് ഏറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഗായിക മനോരമ ഓൺലൈനിനൊപ്പം.
‘ഹെർ’ എന്ന ചിത്രത്തിലേക്ക്
ഈ സിനിമയിലെ പാട്ട് പാടാൻ എന്നെ വിളിച്ചത് ഗോവിന്ദ് ആണ്. പുതിയ ഒരു ശൈലിയിൽ പാടുന്ന പാട്ടാണ്. റാപ്പ് ആണെങ്കിൽ പോലും അത് വേറൊരു തരത്തിലാണ് ചെയ്തിരിക്കുന്നത്. റെക്കോർഡിങ് സമയത്ത് അൻവർ ഇക്ക വന്നിരുന്നു. ഞങ്ങൾ എല്ലാം കൂടി ഒരുമിച്ചിരുന്നാണ് പാട്ട് ചെയ്തത്. വളരെ നല്ല അനുഭവമായിരുന്നു അതെല്ലാം. പാട്ട് ഒരുപാട് പേർക്ക് ഇഷ്ടമായി എന്നു പ്രതികരണങ്ങളിൽ നിന്നും മെസേജിൽ നിന്നും മനസ്സിലാക്കുന്നു.
വരാനിരിക്കുന്നവ
ഞാൻ സംവിധാനം നിർവഹിക്കുന്ന ഒരു പാട്ട് പുറത്തിറങ്ങാനിരിക്കുന്നു. ഞാൻ അഭിനയിച്ച ഒരു ഹിന്ദി പാട്ടും വരുന്നുണ്ട്. ഇന്ത്യൻ ആർമിക്കു വേണ്ടി ചെയ്തതാണ്. അത് അടുത്ത മാസം പുറത്തിറങ്ങും. അനൂപ് മേനോന്റെ ഒരു സിനിമയിൽ ഒരു ഹിന്ദി പാട്ട് പാടിയിട്ടുണ്ട്. തുറമുഖത്തിലും ഒരു പാട്ടു പാടി. അത് ഒരു സാഡ് സോങ് ആണ്. ‘ന്റിക്കാക്കയ്ക്ക് ഒരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഞാനും രശ്മി സതീഷും ചേർന്ന് ഒരു പാട്ടു പാടിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ ഒരു മലയാളം സിനിമ വരുന്നുണ്ട്. അതിലും ഒരു പാട്ടു പാടി. അതൊരു മലയാളം ഐറ്റം നമ്പർ ആണ്. കാട്ടിൽ പോയി അവിടുത്തെ പ്രകൃതിയുടെ ശബ്ദം വച്ചിട്ട് ഒരു പാട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
അഭിനയത്തിലും ഒരു കൈ നോക്കണം
അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. വണ്ടർ വിമനിലൂടെ അരങ്ങേറ്റം കുറിച്ചു. അഭിനയിച്ചു നോക്കിയപ്പോൾ ഒരുപാട് ഇഷ്ടമായി. ഇനിയും അഭിനയിക്കാൻ അവസരം വന്നാൽ തീർച്ചയായും ചെയ്യും. നേരത്തേ പറഞ്ഞ ഇന്ത്യൻ ആർമി ഗാനത്തിൽ ഞാൻ അഭിനയിച്ചിട്ടുമുണ്ട്.
സ്ത്രീപക്ഷ സിനിമകളോടുള്ള ചായ്‌വ്
മനപൂർവം സ്ത്രീപക്ഷ സിനിമകളുടെ ഭാഗകുന്നതല്ല, കിട്ടുന്ന വർക്കുകൾ ചെയ്യുന്നുവെന്നു മാത്രം. കലയുമായി ബന്ധപ്പെട്ട എന്തും ചെയ്യാൻ ഞാൻ ഒരുക്കമാണ്. അതിൽ സ്ത്രീപക്ഷം എന്നൊന്നുമില്ല എനിക്ക് കിട്ടുന്ന വർക്കുകൾ എല്ലാം ഞാൻ ചെയ്യും.
പ്രതിഷേധപ്പാട്ട്
ബ്രഹ്മപുരം തീപിടുത്തം ഇത്തരത്തിൽ വലിയ പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ല. കൊച്ചിയിലെ എന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്താണ് ബ്രഹ്മപുരം പ്ലാന്റ്. ഞാനും അമ്മയും മകളും ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വാതിലും ജനലും എല്ലാം അടച്ചിട്ട് അകത്തിരുന്നെങ്കിലും പുക ഉള്ളിലേക്ക് അടിച്ചു കയറി. മകൾക്കും മമ്മിക്കും കണ്ണുനീറ്റലും തൊണ്ടയ്ക്ക് ബുദ്ധിമുട്ടുമൊക്കെ ഉണ്ടായി. അങ്ങനെ ഞങ്ങൾ മമ്മിയുടെ സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. ബ്രഹ്മപുരം തീയണയ്ക്കാൻ ദിവസങ്ങളെടുത്തപ്പോൾ പാട്ടിലൂടെ ഞാൻ പ്രതിഷേധം അറിയിക്കുകയായിരുന്നു. നിരവധി പേരാണ് എന്നെ പിന്തുണച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്.