ADVERTISEMENT

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി' തിയറ്ററിലേക്ക് എത്തുംമുന്നേ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്. ‘താനാരോ തന്നാരോ’ എന്ന ഗാനം ദിവസങ്ങള്‍ക്കകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും ഭർത്താവ് വിത്സൺ തോമസും ചേർന്നു നിർമിക്കുന്ന ആദ്യത്തെ ചിത്രമാണ്  'നല്ല നിലാവുള്ള രാത്രി'. ഒരു സ്ത്രീ കഥാപാത്രം പോലുമില്ലാതെ മുഴുവൻ പുരുഷന്മാരെ അണിനിരത്തിയാണ് ചിത്രമെത്തുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന് സംവിധായകൻ മർഫി ദേവസി വരികളെഴുതിയിരിക്കുന്നു. നടൻ ബാബുരാജ്, ജിനു ജോസഫ്, റോണി ഡേവിഡ്, ഗണപതി, നിതിൻ ജോർജ്, സജിൻ എന്നീ നടന്മാരോടൊപ്പം രാജേഷ് തംബുരു എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടു വന്ന വഴിയെ കുറിച്ച്  കൈലാസ് മേനോൻ മലയാള മനോരമയോടു മനസ്സു തുറക്കുന്നു.

 

കാലങ്ങളായി കൈമാറിവന്ന പാട്ട്

 

സിനിമയ്ക്ക് ആകർഷണീയമായ ഒരു ഡാന്‍സ് സോങ് വേണമായിരുന്നു. അത് എങ്ങനെ ചെയ്യാമെന്ന ചര്‍ച്ചകളിലായിരുന്നു ഞാനും മര്‍ഫിയും. അങ്ങനെ ആദ്യം ഞങ്ങള്‍ ഒരു ട്രാക്ക് ഉണ്ടാക്കിയിരുന്നു. ആ ട്രാക്ക് നല്ലതായിരുന്നെങ്കിലും എല്ലാവര്‍ക്കും പെട്ടെന്ന് കണക്ടാകുന്ന ഒരു പാട്ടാകണമെന്ന് മര്‍ഫിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വൃത്തികേടില്ലാത്ത, എന്നാല്‍ കുറച്ച് നോട്ടിയായ ഒരു സംഭവമാണ് ആദ്യം ചെയ്തത്. പിന്നീട് അത് ഒഴിവാക്കി. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ട്രാക്കായിരുന്നു ആഗ്രഹം.‌ അങ്ങനെ മര്‍ഫി തന്നെയാണ് നമുക്ക് ഭരണിപ്പാട്ട് സ്റ്റൈലില്‍ ഒരു ട്രാക്ക് ചെയ്താലോയെന്ന ആശയത്തിലേക്ക് വന്നത്. പക്ഷേ, ഭരണിപ്പാട്ടിലെ അതേ വരികൾ വച്ച് ചെയ്യാന്‍ പറ്റില്ല. അങ്ങനെയാണ് അതിന്‍റെ വരികളില്‍ മാറ്റം വരുത്തിയത്. കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും എവിട‌െയോ കേട്ടുമറന്ന പാട്ടുപോലെ തോന്നും. പക്ഷേ ഈ പാട്ടില്‍ മോശമായ ഒന്നുമില്ല. ആരെങ്കിലും ചോദിച്ചാല്‍ ഈ പാട്ടില്‍ മോശപ്പെട്ട എന്തു കാര്യമാണുള്ളതെന്നു തിരിച്ചു ചോദിക്കാൻ സാധിക്കുമെന്നു ഞങ്ങൾ നേരത്തേ ഉറപ്പുവരുത്തി. ഒട്ടുമിക്ക യുവാക്കള്‍ക്കും ഭരണിപ്പാട്ട് കണക്ടാകും. ഒരു കാലത്തെ നൊസ്റ്റാള്‍ജിയയാണ്. കൂട്ടുകാരൊക്കെ പലപ്പോഴായി ഈ പാട്ട് പാടിയും ഇതിനെകുറിച്ചു പറഞ്ഞുമൊക്കെ പാട്ടിനെക്കുറിച്ച് അറിയാമായിരുന്നു. ഒരുപാട് വരികളുണ്ടെങ്കിലും പാട്ട് എഴുതിയതാരാണെന്ന് അറിയില്ല. കാലങ്ങളായി കൈമാറി വന്ന ഒരു പാട്ട്. അറിയുന്നതൊക്കെ വച്ച് എല്ലാവരും അങ്ങ് പാടുകയാണ് ചെയ്യുന്നത്.

 

ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചോ?

 

പാട്ടിന് ഇങ്ങനെയൊരു വശം കൂടിയുള്ളതുകൊണ്ട് ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു. പക്ഷേ, വളരെ പോസിറ്റീവ് റെസ്പോണ്‍സ് ആണ് കിട്ടുന്നത്. ഈ പാട്ട് എല്ലാവര്‍ക്കും പാടാന്‍ പറ്റുന്നതുപോലെയാക്കിയല്ലോ എന്നാണു പറയുന്നത്. എല്ലാവര്‍ക്കും അറിയുന്ന പാട്ടാണെങ്കിലും അത്ര കൂളായി പാടാന്‍ പറ്റില്ല. അതിനെ കുളിപ്പിച്ച് കുട്ടപ്പനാക്കി എവിടെയും പാടാമെന്ന രീതിയിലാക്കിയെന്നു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പാട്ടില്‍ ഒരു വാക്കുപോലും മോശമല്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. പൊളിറ്റിക്കലി ഇന്‍കറക്ടായ ഒരു വാക്കുപോലും ഉണ്ടാകാന്‍ പാടില്ല എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു. ഒറിജിനലിലെ പൊളിറ്റിക്കലി ഇന്‍കറക്ടായ വരികളൊക്കെ പൂര്‍‍ണമായും ഒഴിവാക്കി.

 

ചിത്രത്തിലെ ഒരേയൊരു പാട്ട്

 

‘നല്ല നിലാവുള്ള രാത്രി’ ഒരു ആക്ഷന്‍ സിനിമയാണ്. ചിത്രത്തിലെ ഏക ഗാനമാണിത്. ഒരു സ്ത്രീകഥാപാത്രം പോലുമില്ലെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറിയ ഒരു സബ്ജക്ടില്‍ വരുന്ന ആക്‌ഷനും വയലന്‍സും ചേര്‍ന്ന സിനിമ. നാടന്‍പാട്ടുകാരനായ രാജേഷ് തംബുരുവും പാട്ടിലെ അഭിനേതാക്കളും ചേര്‍ന്നാണു പാടിയിരിക്കുന്നത്. നിതിന്‍ നന്നായി പാടുന്നയാളായതിനാല്‍ കൂടുതല്‍ വരികള്‍ നിതിനും നല്‍കി. അങ്ങനെ എല്ലാവരും ആലാപനത്തിൽ പങ്കുചേർന്നു. സിനിമയിലെ കഥാപാത്രങ്ങളെ വച്ചു നോക്കിയാല്‍ പാടേണ്ടത് ഒറിജിനല്‍ ഭരണിപ്പാട്ട് തന്നെയാണ്. അത്രയും അലമ്പന്മാരായ കുറച്ചുപേരുടെ കഥയാണ് സിനിമ.

 

English Summary: Music director Kailas Menon opens up about Nalla Nilavulla Rathri movie song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com