ADVERTISEMENT

പാർവതീപുത്തനാറിലൂടൊരു പള്ളിയോടത്തില്

പെണ്ണ് കെട്ടിന് കൊച്ചിക്കു പോണ കോഴിപ്പൂവാലാ

 

എന്നു തുടങ്ങുന്ന 'അടി'യിലെ കൊക്കരകോ പാട്ടു കേട്ടു തുടങ്ങുമ്പോഴേ പ്രേക്ഷകർ ആലോചിക്കും, ഈ ശബ്ദം നല്ല കേട്ടുപരിചയമുണ്ടല്ലോ! പറക്കും തളികയിലെ ഹരിശ്രീ അശോകന്റെ തന്നെ ഡയലോഗ് ഒന്നു മാറ്റി പറഞ്ഞാൽ‌, ആ സംശയത്തിന് ഉത്തരമായി, "സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ... ഇത് ഞാൻ തന്നെ"! മൂന്നര ദശാബ്ദക്കാലമായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഹരിശ്രീ അശോകനെ, ഗായകനായി പരിചയപ്പെടുത്തുകയാണ് സംവിധായകൻ പ്രശോഭ് വിജയൻ. വിഷുവിന് റിലീസ് ചെയ്യാനിരിക്കുന്ന അടി എന്ന ചിത്രത്തിൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ അൻവർ അലിയുടെ വരികൾക്കു ശബ്ദം നൽകിയിരിക്കുന്നത് ഹരിശ്രീ അശോകനാണ്. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളിൽ തന്നെ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ മുമ്പിലുണ്ട് ഹരിശ്രീ അശോകന്റെ 'കൊക്കരകോ' പാട്ട്. പാട്ടിന്റെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ മനോരമ ഓൺലൈനിൽ. 

 

ഈ അഭിനന്ദനങ്ങൾ അപ്രതീക്ഷിതം

 

പാട്ട് റിലീസായി കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സംവിധായകൻ പ്രശോഭ് വിളിച്ചിട്ടു പറഞ്ഞു, ഒരുപാട് നല്ല കമന്റുകൾ വരുന്നുണ്ടെന്ന്. അപ്പോഴാണ് ഞാൻ പാട്ടിനു താഴെ വന്ന കമന്റുകൾ ശ്രദ്ധിച്ചത്. ഒരുപാടു പേർ നല്ല അഭിപ്രായം പറയുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ ഇനിയും പാടണം എന്ന തരത്തിലാണ് കമന്റുകൾ. സന്തോഷമുണ്ട്. സത്യത്തിൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. 

 

പാട്ടിലേക്കു വഴി തുറന്ന 'അങ്ങകലെ'

 

ഒരു സ്വകാര്യ ടെലിവിഷനു വേണ്ടി മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചപ്പോൾ, സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ 'അങ്ങകലെ' എന്ന പാട്ട് ആ സ്റ്റേജിൽ ഞാൻ പാടിയിരുന്നു. ആ പാട്ട് കേട്ടിട്ടാണ് 'അടി' എന്ന സിനിമയുടെ അണിയറപ്രവർത്തകർ എന്നെ സമീപിച്ചത്. അവർ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് അങ്ങനെ പാടാനൊന്നും അറിയില്ല. എന്നാലും പാടി നോക്കാം എന്ന്. അടിയുടെ സംവിധായകൻ പ്രശോഭ് മകൻ അർജുന്റെ സുഹൃത്ത് ആണ്. തിരക്കഥാകൃത്ത് രതീഷ് രവിയേയും ആ സിനിമയിലെ സഹസംവിധായകരെയും നേരത്തേ അറിയാം. അവർക്ക് ആവശ്യമുള്ളതു പോലത്തെ ശബ്ദമാണ് എന്റേതെന്നു പറഞ്ഞപ്പോൾ പാടി നോക്കാമെന്നു ഞാനും കരുതി. 

 

നാക്കുടക്കുന്ന വരികൾ

 

പാട്ടു പാടാൻ സ്റ്റുഡിയോയിലേക്ക് ഗോവിന്ദ് വസന്ത വിളിച്ചപ്പോൾ പറഞ്ഞത്, വൈകുന്നേരം വരെ നിൽക്കേണ്ടി വരും എന്നായിരുന്നു. പക്ഷേ, ഞാനിത് നിസാര സമയം കൊണ്ടു പാടി. എന്റെ അൽപം പൊട്ടലുള്ള ശബ്ദത്തിലാണ് അവർക്ക് ഈ പാട്ട് വേണ്ടിയിരുന്നത്. 'അങ്ങകലെ' എന്ന പാട്ട് നല്ല റേഞ്ചുള്ള പാട്ടാണ്. എന്നാൽ കൊക്കരകോ എന്ന പാട്ട് അത്ര ഉയർന്ന ശ്രുതിയിലല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഞാനപ്പോൾ ഗോവിന്ദിനോടു ചോദിച്ചു, ഈ പാട്ട് അൽപം കൂടി ശ്രുതി കൂട്ടി പാടിക്കോട്ടെ എന്ന്. കാരണം, ഉയർന്ന ശ്രുതിയുള്ള പാട്ടാണ് എനിക്ക് പാടാൻ സൗകര്യം. പക്ഷേ, അത്ര ശ്രുതി ഈ പാട്ടിനു വേണ്ടെന്ന് ഗോവിന്ദ് പറഞ്ഞു. അൻവർ അലിയുടേതാണു വരികൾ. നാക്കുടക്കാൻ നല്ല സാധ്യതയുള്ള വരികളാണ്. അത് വേഗത്തിൽ പാടുക എന്നത് അൽപം ചലഞ്ചിങ് ആയിരുന്നു.

 

ആദ്യത്തെ പാട്ട് പുലിവാൽ കല്യാണത്തിൽ

 

ചില പരിപാടികൾക്കൊക്കെ സ്റ്റേജിൽ ഞാൻ പാടിയിട്ടുണ്ട്. ആദ്യം സിനിമയിൽ പാടിയത് പുലിവാൽ കല്യാണം എന്ന സിനിമയ്ക്കു വേണ്ടി ബേണി ഇഗ്നേഷ്യസിന്റെ സംഗീതസംവിധാനത്തിലാണ്. തേവര തെരുവിലിന്ന് എന്ന തുടങ്ങുന്ന പാട്ടിന്റെ തുടക്കത്തിൽ ഒരു നാലു വരി. 'എനിക്കു കിട്ടീ മുട്ടായി' എന്നു തുടങ്ങുന്ന വരികൾ. അതും സൗഹൃദത്തിന്റെ പുറത്ത് പാടിയതാണ്. 

 

പാട്ട് എന്നും ഇഷ്ടം

 

പാട്ട് എനിക്ക് എന്നും ഇഷ്ടമാണ്. എറണാകുളത്തു നിന്ന് കോഴിക്കോടു വരെ ഒരു പാട്ട് റിപ്പീറ്റ് മോഡിൽ ഇട്ടു കേട്ടു പോയിട്ടുണ്ട്. മഴയെത്തും മുൻപെ എന്ന ചിത്രത്തിലെ എന്തിനു വേറൊരു സൂര്യോദയം എന്ന ഗാനം. അന്ന് കസെറ്റുകളുടെ കാലമാണ്. ഓരോ തവണയും റിവൈൻഡ് ചെയ്താണ് ഞാൻ ആ പാട്ട് കേട്ടിരുന്നത്. എനിക്ക് അത്രയ്ക്കും ഇഷ്ടമാണ് സംഗീതം. രാവിലെ എണീറ്റ് ബ്രഷ് ചെയ്തതിനുശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കും. അപ്പോൾ മുതൽ റേഡിയോ വയ്ക്കും. എനിക്കൊരു ചെറിയ റേ‍ഡിയോ ഉണ്ട്. ഇപ്പോൾ വണ്ടിയിലും കൂടുതൽ ഉപയോഗിക്കുന്നത് റേഡിയോ ആണ്. എഫ്എം സ്റ്റേഷനുകൾ വന്നപ്പോൾ കസെറ്റും സിഡിയും എല്ലാം മാറ്റി വച്ച് ഞാനും എഫ്എം കേൾക്കലായി ഇപ്പോൾ പതിവ്. പാട്ട് എന്റെ ജീവനാണ്. രാവിലെ റേഡിയോ ഓൺ ചെയ്തു വച്ചാൽ പൂജാമുറിയിൽ വിളക്കു കത്തിക്കുന്ന നേരത്തു മാത്രമാണ് ഓഫാക്കുക. ബാക്കി സമയം മുഴുവൻ റേഡിയോ കേട്ടുകൊണ്ടിരിക്കും. ടിവി വച്ചാലും കാണാനും കേൾക്കാനും കൂടുതൽ ഇഷ്ടം പാട്ടു തന്നെ.  

 

ഇതിൽ ശബ്ദം മാത്രം

 

ഈ സിനിമയിൽ ഞാൻ അഭിനയിക്കുന്നില്ല. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോസ് ആയി ശബ്ദത്തിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ്. എങ്കിലും കഥാപാത്രത്തിന് പേരുണ്ട്, നൗഷാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com