ADVERTISEMENT

ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീതലോകത്ത് സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചെടുത്ത സംഗീതസംവിധായകനും ഗായകനുമാണ് ഇഷാൻ ദേവ്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ് പീപ്പിളിലെ ലജ്ജാവതിയുടെ പിന്നണി ഗായകനായി ചലച്ചിത്ര സംഗീത ജീവിതം ആരംഭിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ദ് ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്ന് ചിന്താമണി കൊലക്കേസ്, സൗണ്ട് ഓഫ് ബൂട്ട്, ഡോണ്‍, ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഇഷാൻ ദേവ് ഈണമൊരുക്കി. ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ കവർ ഗാനങ്ങളിലൂടെയും സംഗീത വിഡിയോകളിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ സംഗീതജ്ഞനാണ് ഇഷാൻ. മലയാളികള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്ന, മലയാളി വികാരത്തെ ഉണര്‍ത്തുന്ന ‘നന്മയുള്ള ലോകമേ’ എന്ന പാട്ടിനു പിന്നിലും ഇഷാന്‍ ദേവിന്റെ സർഗാത്മകതയാണ്. ഒരിടവേളയ്ക്കു ശേഷം ‘പുലിമട’ എന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് അദ്ദേഹം. പുത്തൻ പാട്ടുവിശേഷം പങ്കിട്ട് ഇഷാൻ ദേവ് മനോരമ ഓൺലൈനിനൊപ്പം. 

‘പുലിമട’യിലൂടെ രണ്ടാം വരവ്

‘ഉറിയടി’ക്കു ശേഷം സംഗീതം ചെയ്യുന്ന ചിത്രമാണ് ‘പുലിമട’. ചിത്രത്തിൽ ഞാൻ സംഗീതം പകര്‍ന്നാലപിച്ച ‘അലകളിൽ’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അത് പ്രമോഷന്റെ ഭാഗമായി പാടിയതാണ്. സിനിമയിൽ ആ ഗാനം പാടിയത് ചിത്ര ചേച്ചിയാണ്. ഒരു താരാട്ട് പാട്ടാണത്. ഒന്ന് മകന്റെ വേർഷനും മറ്റൊന്ന് അമ്മയുടെ വേർഷനും. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഞാൻ മലയാളത്തിലേക്കു മടങ്ങിയെത്തുന്നത്. കഴിഞ്ഞ കുറേക്കാലമായി ചെന്നൈയിൽ ആയിരുന്നു. ജോജു ജോർജ്ജ് എന്റെ പാട്ടുകളുടെ ആസ്വാദകനും ആരാധകനുമാണ്. ഒരിക്കൽ സൗഹൃദസംഭാഷണത്തിനിടെ അദ്ദേഹം ‘പുലിമട’ എന്ന ചിത്രം ചെയ്യുന്നതിനെക്കുറിച്ച് എന്നോടു സംസാരിച്ചു. ജോജു ചേട്ടന്റെ പ്രൊഡക്‌ഷൻ ആണ്. ഒരു സിറ്റുവേഷൻ തന്നിട്ട് ഒരു പാട്ട് ചെയ്യൂ എന്ന് അദ്ദേഹമാണ് എന്നോടു പറഞ്ഞത്. മലയാളത്തിലേക്കു തിരിച്ചു വരുന്നത് ഇത്രയും വലിയ ബാനറിൽ, എ.കെ.സാജൻ സാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ ആയതിൽ സന്തോഷമുണ്ട്. ചിന്താമണി കൊലക്കേസ് ഒക്കെ ചെയ്ത സമയം മുതൽ എ.കെ.സാജൻ സാറുമായി വലിയ സൗഹൃദമുണ്ട്. ഇപ്പോൾ മലയാളത്തിലേക്കുള്ള തിരിച്ചു വരവും അദ്ദേഹത്തിന്റെ സിനിമയിലൂടെ ആകുന്നതിൽ ഇരട്ടി സന്തോഷം.

ജോജു എന്ന മനുഷ്യത്വമുള്ള പുലിയുടെ മട 

പുലിമടയിൽ മൂന്നു പാട്ടുകളുണ്ട്. നീലവാനിലെ എന്ന ഗാനം അലകടലിൽ എന്ന ഗാനത്തിന്റെ സ്പ്ലിറ്റ് ആണ്. ഏകദേശം 6 മിനിറ്റ് വരുന്ന പാട്ടായതുകൊണ്ട് രണ്ടിടത്തായിട്ടാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ ജോലികൾ തീർത്തതിനു ശേഷം സ്ക്രിപ്റ്റ് ഓറിയന്റഡ് ആയിട്ടാണ് പാട്ടുകൾ ചെയ്തത്. പാട്ടുകൾക്ക് സിനിമയുടെ കഥയുമായി വളരെ ബന്ധമുണ്ട്. ഞാൻ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത് അടിപൊളി പാട്ടുകൾ ആയിരുന്നു. ചിന്താമണി കൊലക്കേസിലെ "മാധവാ മഹാദേവാ" ഒക്കെ വലിയ ഹിറ്റായതാണ്. പക്ഷേ പുലിമട വളരെ വ്യത്യസ്തമാണ്. സംഗീതത്തിനു കൂടുതൽ പ്രാധാന്യമുള്ള സിനിമ. ഞാൻ മലയാളത്തിലേക്കു തിരിച്ചുവരുമ്പോൾ അത് എന്തെങ്കിലും വ്യത്യസ്തതയു കൊണ്ടായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത്തരം സാധ്യതയുള്ള ഒരു സിനിമയാണ് പുലിമട. ജോജു ജോർജ് ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ മനുഷ്യത്വമുള്ള, കലാകാരന്മാരെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചിത്രത്തേക്കാളുപരി ജോജു ജോർജ് എന്ന മനുഷ്യൻ എന്റെ ജീവിതത്തിലേക്കു കടന്നു വന്നു എന്നതാണ് കൂടുതൽ സന്തോഷം. പുലിമട എന്ന സിനിമയിലൂടെ ഞാൻ മനുഷ്യത്വമുള്ള ഒരു പുലിയുടെ മടയിലേക്കാണ് ചെന്നു കയറിയിരിക്കുന്നത്.

സ്വപ്നസാഫല്യം 

ഹംഗറിയിലുള്ള ബുഡാപെസ്റ്റ് ഓർക്കസ്ട്രയാണ് ഈ സിനിമയ്ക്കു വേണ്ടി ഈണം വായിച്ചത്. ഇളയരാജ സർ ഒക്കെ പാട്ടുകൾക്ക് ഉപയോഗിക്കുന്ന ഓർക്കസ്ട്രയാണ് ബുഡാപെസ്റ്റ്. ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ സ്വപ്നമായിരുന്നു അവരോടൊപ്പം വർക്ക് ചെയ്യുക എന്നുള്ളത്. ഇത് ഒരു സ്വപ്ന സാക്ഷാൽക്കാരമാണ്. വയലിൻ സ്ട്രിങ്സ് അറേഞ്ച് ചെയ്ത്, നൊട്ടേഷൻസ് കൊടുത്ത്, നമ്മൾ പറയുന്നതുപോലെ വായിച്ച് അത് ഒരു പാട്ടിലേക്ക് ആഡ് ചെയ്യുക എന്നത് വല്ലാത്ത നിർവൃതി പകരുന്ന കാര്യമാണ്. ഇത്തരത്തിലൊരു പ്രൊഡക്‌ഷൻ ആയതുകൊണ്ടാണ് അതു സംഭവിച്ചത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അത് കീബോർഡിൽ തന്നെ ചെയ്താൽ മതിയെന്നു പറയുമായിരുന്നു. നമ്മുടെ സാധ്യതകൾ മനസ്സിലാക്കി ‘നിങ്ങൾക്കിഷ്ടമുള്ളതുപോലെ ചെയ്തോളൂ’ എന്നു പറയുന്ന ഒരു പ്രൊഡ്യൂസർ ആണ് ജോജു ചേട്ടൻ. എന്നെപ്പോലെ ഒരു കലാകാരനു കിട്ടിയ വലിയ നേട്ടമാണിത്. പുലിമട എനിക്ക് സന്തോഷങ്ങളുടെ ഒരു മട തന്നെയാണ്.

കന്നഡയിൽ നിന്ന് പുരസ്‌കാരം 

ചെന്നൈയിലായിരുന്നപ്പോൾ കുറച്ചു തമിഴ് സിനിമകളുടെ ഭാഗമായിട്ടുണ്ട് ഞാൻ. കന്നഡയിൽ മികച്ച ഗായകനുള്ള പുരസ്‌കാരവും ലഭിച്ചു. വെസ്റ്റേൺ പഠിക്കാൻ ആണ് ചെന്നൈയിൽ പോയത്. പിന്നെ ആറു വർഷത്തോളം അവിടെയായിരുന്നു. ‘എൻ ആളോട് സിരിപ്പ കാണും’ എന്ന സിനിമയാണ് തമിഴിൽ അവസാനം ചെയ്തത്. അതിന്റെ ഓഡിയോ റൈറ്റ്സ് ഗൗതം മേനോന് ആയിരുന്നു. പ്രശസ്തരായ നിരവധി പേർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചു. ചില വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് നാട്ടിലേക്കു തിരിച്ചു വന്നത്.  

സിനിമയിൽ ഒന്ന് ശ്രമിച്ചുകൂടേ എന്ന് ചോദിക്കുന്നവരുണ്ട് 

കോവിഡ് സമയത്ത് ഓൺലൈൻ ആയി പാട്ടുകൾ ചെയ്ത് സംഗീതാസ്വാദകരുമായി കൂടുതൽ കണക്റ്റ് ചെയ്യാൻ സാധിച്ചു. ഞങ്ങളൊക്കെ തുടങ്ങുന്ന സമയത്ത് ആളുകൾക്കു സംഗീതവുമായി ഇത്രയും അടുപ്പമില്ലായിരുന്നു. 'ലജ്ജാവതിയേ' ഞാനും കൂടി വർക്ക് ചെയ്ത പാട്ടാണെന്ന് അധികം ആർക്കും അറിയില്ല. ചിന്താമണി കൊലക്കേസ് ഒക്കെ നൂറു ദിവസം ഓടിയ ചിത്രമാണ്. അത് ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ ആണ് ഹിറ്റ് ആയതെങ്കിൽ നമുക്ക് വലിയൊരു റീച്ച് കിട്ടുമായിരുന്നു. ഇതൊന്നും ആളുകൾക്ക് അറിയില്ലല്ലോ എന്നൊരു സങ്കടമുണ്ട്. എന്റെ കവർ സോങ് ഒക്കെ കേട്ടിട്ട് നിങ്ങൾക്കു സിനിമയിൽ ട്രൈ ചെയ്തുകൂടെ എന്ന് ചോദിക്കുന്നവർ പോലുമുണ്ട്. ഇന്നലെ കൂടി ഒരു കമന്റിൽ നിങ്ങൾക്കു പിന്നണി ഗായകൻ ആകാൻ ശ്രമിച്ചുകൂടേ എന്നു ചോദിച്ചു.  നിങ്ങളുടെ ചുണ്ടിൽ ഇപ്പോഴും തത്തിക്കളിക്കുന്ന ചില പാട്ടുകളിൽ എന്റെ ശബ്ദം ഉണ്ടെന്നു പറഞ്ഞുകൊടുക്കേണ്ട അവസ്ഥയാണ്. അത് പറയുമ്പോൾ അവർ കാണിക്കുന്ന അദ്ഭുതം കാണാൻ വലിയ രസമാണ്.

സാധ്യതകളുടെ പുതിയ ലോകം  

കേരളത്തിലെ ആദ്യ ബോയ് ബാൻഡ് ആയ കൺഫ്യൂഷൻ ബാലഭാസ്കറും ഞാനും ഒക്കെ ചേർന്നു തുടങ്ങിയതാണ്. അന്ന് പാട്ടുകളുടെ സിഡിയും കൊണ്ട് ഞങ്ങൾ ചാനലുകൾ തോറും നടന്നിട്ടുണ്ട്. ആ സമയത്ത് ഞങ്ങൾ കോളജ് വിദ്യാർഥികളാണ്. ഞങ്ങൾ പാടിയത് നാലാൾ കേൾക്കണം എന്ന ആഗ്രഹമായിരുന്നു മനസ്സിൽ. ഇന്നത്തെ കുട്ടികൾക്ക് ആ ബുദ്ധിമുട്ട് ഇല്ല. അവർക്ക് ഒരു പാട്ട് പാടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താൽ മതി. നല്ലതാണെങ്കിൽ വൈറൽ ആയിക്കോളും. അന്ന് ഫോൺ പോലും പ്രചാരത്തിൽ ഇല്ല. ഇപ്പോഴത്തെ തലമുറയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ പഴയകാല എക്സ്പീരിയൻസ് സഹായമാകുന്നുണ്ട്. ഇപ്പോൾ പാട്ട് കേട്ടാൽ മാത്രം പോരാ, എല്ലാവരും കണ്ടാണ് ആസ്വദിക്കുന്നത്. അതുകൊണ്ട് പാട്ട് മാത്രം നന്നായാൽ പോരാ, നമ്മുടെ ലുക്കും കൂടി ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ പ്രചാരത്തിൽ വന്നതിനു ശേഷമാണ് എന്നെ പലരും അറിയാൻ തുടങ്ങിയത്. അതിനു മുന്നേ പതിനഞ്ചോളം സിനിമകൾ ചെയ്ത ആളാണ് ഞാൻ. പക്ഷേ അപ്പോഴൊന്നും ആരും എന്നെ തിരിച്ചറിഞ്ഞില്ല. ഇപ്പോൾ സിനിമയോടൊപ്പം തന്നെ ഞാൻ എന്റെ സ്വതന്ത്ര സംഗീതവും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അതിൽ ആണ് സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കാൻ കഴിയുന്നത്. പുലിമട ഇറങ്ങിക്കഴിയുമ്പോൾ പുതിയ സിനിമകളും സാധ്യതകളും എന്നെത്തേടി വരുമെന്നാണു പ്രതീക്ഷ.

English Summary:

interview with music director Ishaan Dev on pulimada movie songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com