പുത്തഞ്ചേരിയുടെ അനന്തരവൻ, തമിഴ് പാട്ടുകൾക്ക് മലയാളത്തിൽ മാസ് വരികൾ എഴുതുന്ന ദീപക് റാം; അഭിമുഖം
Mail This Article
അകാലത്തിൽ വിടപറഞ്ഞ അനുഗ്രഹീത എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി. അടുത്തിടെ ജയിലർ, ലിയോ, വിക്രം തുടങ്ങിയ തമിഴ് സിനിമകളുടെ മലയാള മൊഴിമാറ്റ ചിത്രങ്ങളിലെ പാട്ടുകൾക്കു വരികളെഴുതിയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരീപുത്രൻ ദീപക് റാം ശ്രദ്ധ നേടുന്നത്. സൗണ്ട് എൻജിനീയർ ആയി കരിയർ തുടങ്ങിയ ദീപക് റാം, തമിഴ് മലയാള മൊഴിമാറ്റ ചിത്രങ്ങളുടെ മേഖലയിലേക്ക് പതിയെ ചുവടുമാറ്റുകയായിരുന്നു. ഇന്നിപ്പോൾ അനിരുദ്ധിന്റെ കാവാലയ്യാ, ഹുക്കും, നാ റെഡി താ തുടങ്ങിയ ഹിറ്റ് പാട്ടുകൾ മലയാളികൾ ഏറ്റുപാടുമ്പോൾ ദീപക് റാമും ശ്രദ്ധിക്കപ്പെടുകയാണ്. മലയാള സിനിമാ ഗാനങ്ങളുടെ വരികൾ കുറിച്ചുകൊണ്ട് മാതൃഭാഷയിലേക്കു കടന്നുവരുന്ന ദീപക് സ്വന്തന്ത്രമായി തിരക്കഥയെഴുതി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സിനിമാ–പാട്ട് വിശേഷങ്ങൾ ദീപക് റാം മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.
ശ്രദ്ധിക്കപ്പെട്ടത് ജയിലർ ചെയ്തപ്പോൾ
ജയിലർ മുതൽ ആണ് ആളുകൾ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ജയിലറിലെ പാട്ടുകൾ അത്യാവശ്യം മികച്ച പ്രേക്ഷകസ്വീകാര്യത നേടി. കാവാലയ്യാ, ഹുക്കും ഒക്കെയായിരുന്നു അതിലെ പാട്ടുകൾ. ലിയോയിലെ ബാഡ് ആസും, അൻപേഴും ആയുധ എന്നീ പാട്ടുകളാണു ചെയ്തത്. രണ്ടും പ്രശംസ നേടി. ഞാൻ മുൻപും ഇത്തരം വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ജയ് ഭീമിലെ പാട്ടുകൾ മലയാളത്തിലേക്കു മൊഴി മാറ്റിയതും ഞാനാണ്. അതും മികച്ച പ്രേക്ഷകപ്രതികരണങ്ങൾ നേടിത്തന്നു. മലയാളത്തിലെ നാൻസി റാണി എന്ന ചിത്രത്തിൽ മമ്മൂട്ടി ഫാൻ സോങ്ങും എഴുതി.
സൗണ്ട് എൻജിനീയർ ആയി തുടക്കം
ഞാൻ സൗണ്ട് എൻജിനീയർ ആയിരുന്നു. ചെന്നൈയിൽ ആണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തമിഴ് എനിക്കു നന്നായി അറിയാം. എമി എന്നൊരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ കൂടെയാണ് ജോലി ചെയ്‌തിരുന്നത്. ആദ്യമായി ‘ഓ മൈ ലവ്’ എന്നൊരു തെലുങ്ക് ചിത്രത്തിന്റെ മലയാളം വേർഷനു വേണ്ടിയാണ് വരികൾ കുറിച്ചത്. എഫ്എമ്മിന്റെ പ്രമോ സോങ്ങുകൾ ഒക്കെ ചെയ്തിട്ടുണ്ട്. അടുത്തിടെ പോർതൊഴിൽ എന്ന ചിത്രത്തിന്റെ മലയാളം വരികൾ എഴുതി. പെൻഗ്വിൻ, ദർബാർ അങ്ങനെ കുറച്ചു ചിത്രങ്ങളും ചെയ്തു. അനിരുദ്ധിന്റെ ടീമിനൊപ്പം ആദ്യം ചെയ്തത് ബീസ്റ്റ് ആണ്.
തമിഴ് മൊഴിമാറ്റിയാൽ മലയാളികൾക്ക് പിടിക്കില്ല
തമിഴിൽ വാക്കുകൾ അതുപോലെ മലയാളത്തിലേക്കു വരുമ്പോൾ മലയാളികൾക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. വിക്രമിലെ പത്തല പത്തല, ലിയോയിലെ നാ റെഡി എന്നിവയൊക്കെ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. ആ പാട്ടുകളുടെ ദൃശ്യങ്ങൾക്കനുയോജ്യമായി തമിഴ് വരികള്‍ മൊഴിമാറ്റിയേ പറ്റൂ. പക്ഷേ ബാക്കി പാട്ടുകൾക്കു ഞാൻ തമിഴിൽ നിന്ന് ആശയം ഉൾക്കൊണ്ട് പാട്ട് എഴുതുകയാണ്. പുതിയ ഒരു സിനിമയ്ക്ക് പാട്ട് എഴുതുന്നതു പോലെ തന്നെയാണ് ചെയ്യാറുള്ളത്.
ഗിരീഷ് പുത്തഞ്ചേരിയുടെ അനന്തരവൻ
ഗിരീഷ് പുത്തഞ്ചേരി എന്റെ അമ്മയുടെ സഹോദരനാണ്. അദ്ദേഹവുമായി കുട്ടിക്കാലം മുതൽ അടുത്തിടപഴകിയിരുന്നു. പക്ഷേ എഴുത്തിന്റെ കാര്യമൊന്നും സംസാരിക്കാറില്ലായിരുന്നു. അമ്മയെ അദ്ദേഹത്തിനു വലിയ ഇഷ്ടമാണ്. ‘മനസ്സിൽ മിഥുന മഴ’ എന്ന പാട്ടിൽ ദീപക്, വൈശാഖ് എന്നിങ്ങനെ എന്റെയും ചേട്ടന്റെയും പേരുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു കവിത ചൊല്ലി തന്നത് ഓർമയുണ്ട്. അദ്ദേഹം വിടപറഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാകുന്നത്. ബസിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ മാമൻ എഴുതിയ പാട്ടുകൾ കേൾക്കും. അടുത്തിരിക്കുന്നവർ ആ പാട്ട് ആസ്വദിക്കുന്നതു കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നാറുണ്ട്. അപ്പോഴാണ് അദ്ദേഹം എത്ര വലിയ മനുഷ്യനായിരുന്നു എന്നു മനസ്സിലാകുന്നത്. മാമന്റെ പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. മാമൻ തന്നെയാണ് എന്റെ ആത്മഗുരു. ഈ അടുത്തിടെയാണ് ഞാൻ മാമന്റെ അനന്തരവൻ ആണെന്ന് ആളുകൾ മനസ്സിലാക്കുന്നത്.
വീട്ടുവിശേഷം
കോഴിക്കോട് ബാലുശേരിക്ക് അടുത്തുള്ള കരുമല ആണ് എന്റെ സ്വദേശം. പുത്തഞ്ചേരിയും അതിനടുത്തുതന്നെയാണ്. അമ്മയുടെ വീട്ടിലെ എല്ലാവർക്കും കലാവാസനയുണ്ട്. മൂത്ത മാമൻ മോഹൻ ദാസിന്റെ കീഴിലാണ് ഞാൻ സംഗീതം പഠിച്ചത്. എനിക്ക് അത്യാവശ്യം നല്ല രീതിയിൽ പാടാൻ അറിയാം. അമ്മയും നന്നായി പാടും. ആകാശവാണിയിൽ അമ്മ പാടിയിട്ടുണ്ട്. ജലജ എന്നാണ് അമ്മയുടെ പേര്. എന്റെ ചേട്ടൻ വൈശാഖും കീബോർഡ് ടീച്ചർ ആണ്. ചെറുപ്പം മുതൽ സംഗീതം കൂടെത്തന്നെയുണ്ട്. ഞാൻ എഴുതാൻ ആഗ്രഹിച്ചാണ് കോഴിക്കോട് യൂണിറ്റി സ്റ്റുഡിയോയിൽ എത്തുന്നത്. അവിടെ വച്ചാണ് സൗണ്ട് എന്‍ജിനീയറിങ്ങിലേക്കു തിരിഞ്ഞത്. ഇപ്പോൾ പാട്ടെഴുതുന്നതിനു പുറമേ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണിപ്പോൾ.