ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതെ വീട്ടിൽ നിന്നിറങ്ങിയ യേശുദാസ്; ആ ഗാനത്തിന് 62 വയസ്സ്
Mail This Article
മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളോടും കൂട്ടുചേരുന്നൊരു സമഞ്ജസ രാഗമുണ്ടെങ്കിൽ അതിനു പേര് ‘യേശുദാസ്’ എന്നായിരിക്കും. ആറു പതിറ്റാണ്ടിലേറെയായി മലയാളി കാതോരം ചേർത്തു ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗം. മനുഷ്യനെയും ഈശ്വരനെയും ഒരുപോലെ പാടി ഉണർത്താനും ഉറക്കാനും നിയോഗമുള്ള ആ അപൂർവ സുന്ദര സ്വരം ആദ്യമായി ആലേഖനം ചെയ്യപ്പെട്ടിട്ട് ഇന്ന് 62 വർഷം തികയുന്നു.
1961 നവംബർ 14നാണ് ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റിക്കോർഡ് ചെയ്തത്. പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ പാട്ട് പനിമൂലം പാടാനാകാതെ വന്നപ്പോൾ നിയോഗം പോലെ കൈവന്നതു ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ നാലുവരി ശ്ലോകം ചൊല്ലി അരങ്ങേറ്റം കുറിക്കാനുള്ള അവസരം.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്’
എന്ന ആ വരികളുടെ സത്ത പിന്നീടു ഗായകൻ ജീവിത ദർശനമാക്കി. രാമൻ നമ്പിയത്ത് നിർമിച്ച് കെ.എസ്.ആന്റണി സംവിധാനം ചെയ്ത കാൽപാടുകൾക്കു വേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എം.ബി.ശ്രീനിവാസനാണ്. പിന്നീടു സംഭവിച്ചത് ഇന്ത്യൻ സംഗീതത്തിലെ തന്നെ പുതുയുഗപ്പിറവി. 83ാം വയസ്സിലും പകരക്കാരനില്ലാത്ത സംഗീതദാസനായി പഠനത്തിരക്കിലാണ് യേശുദാസ്. ആദ്യ പാട്ടിന്റെ ഓർമകളിൽ യേശുദാസ് മുന്‍പ് മനോരമയ്ക്കു നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു.
∙ ആദ്യം ആലപിച്ച ഗാനം സിനിമയിൽ കേട്ടപ്പോഴുള്ള അനുഭവം എന്തായിരുന്നു?
റിക്കോർഡിങ് കഴിഞ്ഞ് സംഗീത സംവിധായകനായ എം.ബി.ശ്രീനിവാസൻ സർ സ്റ്റുഡിയോയിലെ സ്പീക്കറിൽത്തന്നെ അതു കേൾപ്പിച്ചു തന്നിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് അതേ സിനിമയിലെ ‘അറ്റൻഷൻ പെണ്ണേ...’ എന്ന ഗാനം ശാന്ത പി.നായർക്കൊപ്പം പാടിയത്. പക്ഷേ, ആ സിനിമ ഇറങ്ങാൻ ഒരു വർഷത്തോളം വൈകി. അതിനിടെ വേലുത്തമ്പി ദളവയിൽ പാടാൻ അവസരം ലഭിച്ചു. അപ്പച്ചന്റെ അടുത്ത സുഹൃത്തുക്കളായ അഭയദേവ് സാറും ദക്ഷിണാമൂർത്തി സ്വാമിയും ചേർന്നാണ് അതിലെ പാട്ടുകൾ ചെയ്തത്. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് റീ റിക്കോർഡിങ് സമയത്താണ് ഞാൻ പാടുന്ന ടൈറ്റിൽ സോങ് ഉൾപ്പെടുത്താൻ തീരുമാനമായത്. കാൽപാടുകൾക്കു മുൻപേ തിയറ്ററുകളിൽ എത്തിയതു വേലുത്തമ്പി ദളവയായതിനാൽ ‘പുഷ്പാഞ്ജലികൾ...’ എന്നു തുടങ്ങുന്ന ആ ടൈറ്റിൽ സോങ് ആണ് എന്റെ ശബ്ദത്തിൽ അപ്പച്ചടനക്കം എല്ലാവരും ആദ്യം കേട്ടത്. പക്ഷേ, വൈകി ഉൾപ്പെടുത്തിയ ഗാനമായതിനാലാവണം ടൈറ്റിലിൽ ഗായകരുടെ കൂട്ടത്തിൽ എന്റെ പേരുണ്ടായിരുന്നില്ല. ആ സമയത്തു ഞാൻ ചെന്നൈയിൽ ആയിരുന്നതിനാൽ തിയറ്ററിൽ പോയി സിനിമയൊന്നും കാണാനുമായില്ല. ആദ്യം പാടിയ വരികളുടെ റിക്കോർഡിങ് ഇപ്പോൾ എവിടെയെങ്കിലുമുണ്ടോയെന്നും അറിയില്ല.
∙ തുടക്ക കാലത്ത് നിലനിൽപ് ഒരു പ്രശ്നമായിരുന്നോ?
കഷ്ടപ്പെട്ടും പട്ടിണി കിടന്നുമൊക്കെയായിരുന്നു പഠനം. അപ്പച്ചന് (അഗസ്റ്റിൻ ജോസഫ്) വളരെ അടുപ്പമുള്ളവർ സിനിമയിലുണ്ടായിരുന്നെങ്കിലും ഒരിക്കലും എനിക്കു വേണ്ടി ശുപാർശ ചെയ്തിട്ടില്ല. ആദ്യ പാട്ടു പാടാനായി ഞാൻ മദ്രാസിലേക്കു പോകാനൊരുങ്ങുമ്പോൾ അദ്ദേഹം സുഖമില്ലാതെ കിടപ്പിലായിരുന്നു. വരുമാനമൊന്നുമില്ല. ഒപ്പം വരാനും കഴിയില്ല. എന്നെ ഒറ്റയ്ക്കു വിടാൻ അമ്മച്ചിക്കും സങ്കടമായിരുന്നു. ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതെയാണു ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ഫോർട്ട് കൊച്ചിയിലെ കൂട്ടുകാരനായ തങ്ങളാണ് എല്ലാറ്റിനും തുണയായി ഉണ്ടായിരുന്നത്. തങ്ങളുടെ ബാപ്പ തയ്കാവ് തങ്ങളും എന്റെ അപ്പച്ചനും അടുത്ത കൂട്ടുകാരായിരുന്നു. പള്ളുരുത്തിയിലെ ടാക്സി ഡ്രൈവർ മത്തായിയുടെ കാറുമായി വന്നാണ് തങ്ങൾ എന്നെ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽവേ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയത്. കയ്യിൽ ഒരു കാശുമില്ലാത്ത കാര്യം കാറിലിരുന്നു തങ്ങളോടു പറഞ്ഞു സങ്കടപ്പെടുമ്പോൾ എന്താ പിറുപിറുക്കുന്നതെന്നായി മത്തായിച്ചേട്ടൻ.
കാര്യം പറഞ്ഞപ്പോൾ ‘ഇനി അതും ഞാൻ തരണോ’ എന്നായി പരുക്കൻ ചോദ്യം. പക്ഷേ, റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ എനിക്ക് അദ്ദേഹം പോക്കറ്റിൽനിന്ന് 16 രൂപ ഒരു മടിയും കൂടാതെ എടുത്തു തന്നു. തിരിച്ചു കിട്ടുമെന്ന് ഒരുറപ്പുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം അതു തന്നത്. 11 രൂപയായിരുന്നു ടിക്കറ്റിനെന്നാണ് ഓർമ. എന്തെങ്കിലും കഴിച്ചോയെന്നു പോലും ഓർമയില്ല. മനസ്സിൽ നിറയെ പാടാൻ പോകുന്ന പാട്ടായിരുന്നു. ലോക്കൽ കംപാർട്മെന്റിൽ ചടഞ്ഞുകൂടി മദ്രാസ് വരെ ഒറ്റയ്ക്കുള്ള യാത്ര എന്നെ അവശനാക്കിയിരുന്നു. മൈലാപ്പൂരിൽ ഒരു അമ്മാവന്റെ വീട്ടിലായിരുന്നു താമസം. അവിടെയെത്തിയ ഉടൻ പനി പിടിപെട്ടതോടെ തീരുമാനിച്ചിരുന്ന ദിവസം പാടാൻ പോകാനായില്ല. കാണുമ്പോൾ ഞാനൊരു കാരിരുമ്പ്... എന്നൊരു പാട്ടാണ് എനിക്കായി നിശ്ചയിച്ചിരുന്നത്. ആ അവസരം നഷ്ടപ്പെട്ടതോടെ പിന്നെ അലച്ചിലിന്റെ ദിവസങ്ങൾ. ഒടുവിൽ എന്നെ വെറുതെ മടക്കി അയയ്ക്കുന്നതിൽ സങ്കടം തോന്നിയ സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ സർ ദയ തോന്നിയാണു നാലുവരി പാടിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആ വരികൾ അതുവരെ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. വേഗം തന്നെ പഠിച്ചു പാടാനായി. റിക്കോർഡിങ് കഴിഞ്ഞ് എങ്ങനെയുണ്ടെന്ന് എംബിഎസ് തിരക്കിയപ്പോൾ സൗണ്ട് എൻജിനീയറായ കോടീശ്വര റാവു പറഞ്ഞത് ‘10 വർഷം കഴിഞ്ഞു പറയാം’ എന്നായിരുന്നു.
പിന്നൊരിക്കൽ എംബിഎസ് സാറിന്റെ വലിയൊരു ഉപദേശവും വഴികാട്ടിയായി. കുഞ്ചാക്കോയുടെ പാലാട്ടുകോമനിൽ ബാബുരാജ് സംഗീതം നിർവഹിച്ച് കെ.എസ്.ജോർജ് ആലപിച്ച പാട്ടിനു കോറസ് പാടാൻ എന്നെ വിളിച്ചു. റിഹേഴ്സലിനൊക്കെ പോവുകയും ചെയ്തു. പക്ഷേ, അതറിഞ്ഞപ്പോൾ കോറസ് പാടാൻ പോകരുതെന്നും അതിൽ ഒതുങ്ങിപ്പോകുമെന്നും എം.ബി.ശ്രീനിവാസൻ സർ ഉപദേശിച്ചു. അതോടെ റിക്കോർഡിങ്ങിനു പോയില്ല. അതിൽ ബാബുരാജിനു വിഷമമുണ്ടായിരുന്നു. ആ സിനിമയിൽ തന്നെ ശാരംഗപാണി എഴുതി ജി.രാമനാഥൻ സംഗീതം നൽകിയ ‘ആനക്കാര.. ആനക്കാര..’ ആരെ കാണാൻ എന്ന പാട്ട് എന്നെക്കൊണ്ടു പാടിച്ചു.
അഭയദേവ് സർ തന്നെ എഴുതിയ ശാന്തി നിവാസിലെ പാട്ടുകൾ പാടാൻ വിളിച്ചപ്പോഴായിരുന്നു മറ്റൊരു ദുരനുഭവം. അന്ന് അരുണാചലം സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന ഒരു സംഗീത സംവിധായകനു മറ്റൊരാളെക്കൊണ്ടു പാടിക്കാനായിരുന്നു താൽപര്യം. അഭയദേവ് സാറിന് എന്നെക്കൊണ്ടു പാടിക്കണമെന്നും. ഒടുവിൽ ആ സംഗീത സംവിധായകന്റെ ഇടപെടൽ കൊണ്ടാകണം സൗണ്ട് എൻജിനീയർ മൈക്കിനു മുന്നിൽ മുന്നിലോട്ടും പിന്നിലോട്ടുമെല്ലാം മാറ്റി നിർത്തി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ശരിയാവുന്നില്ലെന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ എത്ര ബുദ്ധിമുട്ടിയാലും എന്നെക്കൊണ്ടു തന്നെ പാടിക്കണമെന്ന് അഭയദേവ് സർ കർശന നിർദേശം നൽകുകയായിരുന്നു. പിൽക്കാലത്ത് അതേ സ്റ്റുഡിയോ ഞാൻ വാങ്ങിയപ്പോഴും പണ്ട് എന്നെ ബുദ്ധിമുട്ടിച്ച സൗണ്ട് എൻജിനീയർ അവിടെയുണ്ടായിരുന്നു. എന്നെ മനസ്സിലായോ എന്നറിയില്ല. അദ്ദേഹത്തെ പറഞ്ഞുവിട്ടൊന്നുമില്ല. പ്രായത്തിന്റെ അവശത മൂലം വിരമിക്കാൻ സന്നദ്ധത അറിയിക്കും വരെ അവിടെ തുടർന്നു.
അപ്പച്ചൻ മരിച്ച സമയത്ത് ആശുപത്രിയിൽനിന്നു മൃതദേഹം വിട്ടുകിട്ടാൻ ബിൽ അടയ്ക്കാനായി പണമില്ലാതെ ഓടിയപ്പോൾ 800 രൂപ തന്നു സഹായിച്ചതു പി.ഭാസ്കരൻ മാഷാണ്. മത്തായി 16 രൂപ തന്ന പോലെ ഒന്നും തിരികെ പ്രതീക്ഷിക്കാതെയാണ് മാഷും ആ പണം തന്നത്. ആ രണ്ടു കടങ്ങളും ജീവിതത്തിലെ വലിയ കടപ്പാടുകളാണ്. അപ്പച്ചന്റെ അനുഭവം പ്രതിഫലം കൃത്യമായി വാങ്ങണമെന്ന് എന്നെ പഠിപ്പിക്കുന്നതായിരുന്നു. സമ്പാദിച്ചതൊന്നും അനാവശ്യമായി ചെലവഴിച്ചിട്ടുമില്ല. പ്രതിഫലം വാങ്ങാതെ സ്ഥിരമായി പാടുന്ന സംഗീത വേദികളുമുണ്ട്. പാടുമ്പോൾ മനഃസംതൃപ്തിയാണു പ്രധാനം.
∙ പാടിയ പാട്ട് സിനിമയിൽ നിന്ന് ഒഴിവാക്കുന്നതു പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
പാട്ട് റിക്കോർഡ് ചെയ്ത ശേഷം സിനിമ തന്നെ ഇറങ്ങാതിരുന്നിട്ടുണ്ട്. ഞാൻ ഏറ്റവും കഷ്ടപ്പെട്ടു പഠിച്ച് ഏറെ ബുദ്ധിമുട്ടി പാടിയതാണ് ഹിന്ദിയിലെ ‘ടാൻസൻ’ എന്ന ചിത്രത്തിലെ ‘ഷഡജനെ പായാ ഏ വർധൻ....’ എന്നു തുടങ്ങുന്ന 13 മിനിറ്റോളം നീളുന്ന ഏറ്റവും പ്രിയപ്പെട്ട ഗാനം. അതുൾപ്പെടെ രവീന്ദ്ര ജെയിൻ ഒരുക്കിയ ആ സിനിമയിലെ 9 പാട്ടുകളും എന്നെക്കൊണ്ടാണു പാടിച്ചത്. പക്ഷേ, ആ സിനിമ തന്നെ പുറത്തിറങ്ങിയില്ലെന്നത് എക്കാലത്തെയും വലിയ സങ്കടമാണ്. പാട്ടുകൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ടാകും. സമീപ കാലത്ത് ഇറങ്ങിയ ‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയിൽ ഞാൻ പാടിയ പാട്ട് ഉൾപ്പെടുത്തിയിട്ടില്ലെന്നു കേട്ടു. അതിലൊന്നും വിഷമിക്കാറില്ല. നമ്മുടെ ജോലി 100% ആത്മാർഥതയോടെ ചെയ്തു കഴിഞ്ഞാൽ പിന്നെയെല്ലാം ആ പാട്ടിന്റെ വിധിയാണ്.
തുടക്ക കാലത്ത് ഉദയഭാനുച്ചേട്ടൻ പാടാൻ നിശ്ചയിച്ചിരുന്ന ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനം അദ്ദേഹത്തിനു സുഖമില്ലാതെ വന്നപ്പോഴാണ് അപ്രതീക്ഷിതമായി എനിക്കു പാടാനുള്ള നിയോഗം വന്നത്. മടിച്ചു നിന്ന എന്നെ ഉദയഭാനുച്ചേട്ടൻ തന്നെ നിർബന്ധിച്ചാണു പാടിച്ചത്. അതു വലിയ ഹിറ്റായി. ഓരോ പാട്ടിനും ആരു പാടണമെന്ന് ഒരു വിധിയുണ്ടെന്നു മനസ്സിലായത് അന്നാണ്. പിൽക്കാലത്ത് മകൻ വിജയ്ക്കും ആ പാട്ടു പാടാൻ അവസരം വന്നു.
∙ ഇത്രയും കാലത്തിനിടെ എത്ര പാട്ടുകൾ പാടിയിട്ടുണ്ടാവും?
ഞാനൊരു കണക്കുമെടുത്തിട്ടില്ല. മാധ്യമങ്ങളും പാട്ടുകളെക്കുറിച്ചു ഗവേഷണം നടത്തുന്നവരുമൊക്കെയാണ് കണക്കുകൾ പറയുന്നത്. പാട്ടു വേഗം പഠിച്ചു പാടാനാകും എന്നതാണ് എനിക്കു കിട്ടിയൊരു അനുഗ്രഹം. തിരിഞ്ഞു നോക്കുമ്പോൾ ഇത്രയൊക്കെ കഴിഞ്ഞല്ലോ എന്ന് അതിശയം തോന്നും. പക്ഷേ, അപ്പോഴും വിശാലമായ സംഗീതത്തിന്റെ ചെറിയൊരു ഭാഗം പോലും പഠിക്കാനായില്ലല്ലോ എന്ന സങ്കടവും വരും. അത്രയ്ക്കു വിശാലവും ആഴമേറിയതുമാണ് കർണാടക സംഗീതം. ഒരായുസ്സുകൊണ്ടൊന്നും പഠിച്ചു തീരില്ല.
തിരക്കേറിയ കാലത്തൊക്കെ അഞ്ചും പത്തും പാട്ടുകളൊക്കെ ദിവസവും റിക്കോർഡ് ചെയ്തിട്ടുണ്ട്. ഒരു ദിവസം 11 പാട്ടുകൾ പാടിയത് ഓർമയുണ്ട്. ചെന്നൈയിലെ നാലോ അഞ്ചോ സ്റ്റുഡിയോകളിലായിരുന്നു. പല ഭാഷകളിലുള്ള പാട്ടുകളാണ്. എല്ലാം നേരത്തേ പഠിച്ചിരുന്നു. സ്റ്റുഡിയോയിൽനിന്നു സ്റ്റുഡിയോകളിലേക്കു പാഞ്ഞായിരുന്നു റിക്കോർഡിങ്. അന്നൊക്കെ പാട്ടും പശ്ചാത്തല സംഗീതവും ഒറ്റ ട്രാക്കിലാണ് റിക്കോർഡ് ചെയ്യുന്നത്. ഒരാൾ തെറ്റിച്ചാൽ പോലും വീണ്ടും പാടേണ്ടി വരും. രാത്രി ‘നീല ജലാശയത്തിൽ’ എന്ന ഗാനമാണ് അന്ന് ഒടുവിൽ പാടിയത്. ഇപ്പോൾ റിക്കോർഡിങ് സാങ്കേതിക വിദ്യയൊക്കെ മാറി. എവിടെ നിന്നും പാടി അയയ്ക്കാമെന്നായി. ഒരു പാട്ടിലെ ഒരു വരിയോ വാക്കോ ഹമ്മിങ്ങോ മാത്രമായി പോലും മാറ്റിപ്പാടി മിക്സ് ചെയ്യാം. സംഗീത സംവിധായകനിൽനിന്നു നേരിട്ടു കേട്ടു പഠിച്ച് ഓർക്കസ്ട്രയ്ക്കൊപ്പം റിഹേഴ്സൽ ചെയ്തു റിക്കോർഡ് ചെയ്യുന്ന കൂട്ടായ്മയുടെ രീതിയൊക്കെ ഓർമ മാത്രമായി.
∙ പുതിയ റിക്കോർഡിങ് സാങ്കേതിക വിദ്യ പാട്ടുകളെ എങ്ങനെ മാറ്റി?
ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഒരു ദോഷവുമില്ല. നല്ല ഔട്പുട്ട് തന്നെ ലഭിക്കും. സൗകര്യം പോലെ മുറിച്ചു പാടാം. നന്നായി മിക്സ് ചെയ്തെടുത്താൽ മതി. വടക്കുംനാഥനിലെ ‘ഗംഗേ...’ എന്ന ഗാനത്തിന്റെ തുടക്കത്തിൽ 18 സെക്കൻഡോളം ഒറ്റശ്വാസത്തിൽ നീട്ടിപ്പാടുന്നതും ഇത്തരത്തിൽ മിക്സ് ചെയ്തു നീട്ടിയെടുത്തതാണ്. കേൾക്കുമ്പോൾ അതു മനസ്സിലാവില്ല. അതാണു സാങ്കേതിക വിദ്യയുടെ ഗുണം. എന്തിനു വേണ്ടി അതു ചെയ്തു എന്നതാണു പ്രസക്തം. ഇത്രയും നീട്ടേണ്ടതുണ്ടോയെന്നു ഞാൻ രവീന്ദ്രനോടു ചോദിച്ചിരുന്നു. ഗംഗ ഹിമാലയത്തിൽ നിന്നു നീണ്ടു പ്രവഹിക്കുകയല്ലേ അപ്പോൾ ആലാപനവും അതുപോലെ വേണമെന്നായിരുന്നു മറുപടി. അതിലൊരു യുക്തി എനിക്കും തോന്നി. കേൾക്കാനും സുഖമാണല്ലോ. അമേരിക്കയിൽ ഫ്ലോറിഡയിലെ സ്റ്റുഡിയോയിലാണതു പാടിയതും മിക്സ് ചെയ്തതും. ‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...’ എന്ന രവീന്ദ്രന്റെ തന്നെ പാട്ടിന്റെ പല്ലവിയും ചരണവും ഇതുപോലെ പലതായി പാടി മിക്സ് ചെയ്തതാണ്. പിന്നീടു ഗാനമേളകളിൽ ശ്വാസംപിടിച്ച് അതു പാടാറുമുണ്ട്. പക്ഷേ, സാങ്കേതിക വിദ്യ ഉപയോഗിക്കാനറിയില്ലെങ്കിൽ പാട്ടു മോശമാകും. ശബ്ദത്തിലുൾപ്പെടെ കൃത്രിമത്വം കാണിക്കാം. അത്തരം അനുഭവങ്ങളുമുണ്ട്.
പുതിയ സാങ്കേതികവിദ്യ വന്നതോടെ എവിടെയും സ്റ്റുഡിയോ സെറ്റ് ചെയ്തു റിക്കോർഡ് ചെയ്ത് അയയ്ക്കാമെന്നായി. ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ...’ എന്ന പാട്ടൊക്കെ അമേരിക്കയിൽ ഒരു ബന്ധുവിന്റെ വീട്ടിലെ മുറിയിൽ സ്റ്റുഡിയോ ഒരുക്കി പാടിയതാണ്. പാട്ടുബുക്കിനു പകരം ലാപ്ടോപും ടാബുമെല്ലാം ഉപയോഗിക്കുന്നതും സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഉള്ളതു കൊണ്ടാണ്.
∙ മഹാരഥൻമാരായ എഴുത്തുകാരും സംഗീത സംവിധായകരും ഉൾപ്പെട്ട ക്ലാസിക്കൽ യുഗത്തിൽ നിന്നു സിനിമാഗാനങ്ങളിൽ വന്നിരിക്കുന്ന മാറ്റത്തെ എങ്ങനെ കാണുന്നു?
മാറ്റങ്ങൾ സ്വാഭാവികമാണ്. എല്ലാ ഭാഷകളിലുമുണ്ട്. അതിന് ആരെയും കുറ്റപ്പെടുത്താനാവില്ല. ഓരോ കാലഘട്ടവും ആവശ്യപ്പെടുന്നതാണ് ഉണ്ടാകുന്നത്. മിടുക്കരായ സംഗീത സംവിധായകരും എഴുത്തുകാരും ഗായകരുമെല്ലാം ഈ തലമുറയിലുമുണ്ട്. പക്ഷേ, മുൻപ് ഉണ്ടായിരുന്നതു പോലെ സിനിമയിൽ സംഗീതത്തിന് എത്രത്തോളം പ്രാധാന്യം ലഭിക്കുന്നു എന്നതൊരു ഘടകമാണ്.
ട്രെൻഡ് എന്നു പറയുന്ന പല പാട്ടുകളും എത്രകാലം നിലനിൽക്കുന്നുണ്ട്? നല്ല പാട്ടിനു കാലഭേദമില്ല. അതു എല്ലാക്കാലവും ആസ്വാദക മനസ്സുകളെ ആകർഷിക്കുന്നതാകും. ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും ബാബുരാജും അർജുനൻ മാഷും രവീന്ദ്രനും ജോൺസണും ഭാസ്കരൻ മാഷും വയലാറും ഒഎൻവി സാറും ശ്രീകുമാരൻ തമ്പിയുമെല്ലാം ഏറ്റവും മികച്ച പാട്ടുകളൊരുക്കിയ കാലത്ത് അതിലേറെയും പാടാൻ അവസരം ലഭിച്ചു എന്നതാണ് എന്റെ അനുഗ്രഹം.
∙ ഇടയ്ക്കു ചലച്ചിത്ര ഗാന രംഗത്തു നിന്നു പിൻവാങ്ങാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയുമെല്ലാം സംഗീത സംവിധാന രംഗത്തു നിന്നു പിൻവലിഞ്ഞ കാലത്താണു ഞാനും അത്തരം തീരുമാനം എടുത്തത്. അന്നേരം വന്ന പുതിയ പാട്ടുകളൊന്നും മനസ്സിനു തൃപ്തി തരുന്നതുമായിരുന്നില്ല. അപ്പോഴാണ് രവീന്ദ്രൻ ഹിസ് ഹൈനസ് അബ്ദുള്ളയിലെ പാട്ടുകൾ തയാറാക്കി സമീപിക്കുന്നത്. ഞാൻ ഒഴിയാൻ നോക്കിയതാണ്. ട്യൂൺ കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ പാടേണ്ടെന്നായി രവി. പ്രമദ വനം വീണ്ടും... എന്ന പാട്ടിന്റെ ട്രാക്ക് കേട്ടതും മനസ്സ് നിറഞ്ഞു. എന്റെ രണ്ടാം വരവിനു കാരണമായത് ആ പാട്ടാണ്.
∙ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ഹിന്ദി സിനിമാസംഗീതത്തിൽ കുറെക്കാലം കൂടി സജീവമായി തുടരാമായിരുന്നില്ലേ?
പലരും പ്രചരിപ്പിക്കും പോലെ എന്നെ ആരും ഹിന്ദി സിനിമയിൽ നിന്നു ഭീഷണിപ്പെടുത്തി ഓടിച്ചതൊന്നുമല്ല. എന്റെ തിരക്കായിരുന്നു പ്രശ്നം. അന്നു ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു റിക്കോർഡിങ്. തിരുവനന്തപുരത്തു തരംഗിണി സ്റ്റുഡിയോ തുടങ്ങിയതുമായി ബന്ധപ്പെട്ടും തിരക്കേറെ. എനിക്ക് ഇഷ്ടമുള്ളതു പോലത്തെ ഒട്ടേറെ പാട്ടുകൾ പാടാൻ ഇവിടെത്തന്നെ അവസരമേറെയായിരുന്നു. അതിനിടെ ബോംബെയിൽ പോയുള്ള റിക്കോർഡിങ് ബുദ്ധിമുട്ടായപ്പോൾ പല പാട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ അത്രയേറെ സ്നേഹിച്ചിരുന്ന രവീന്ദ്ര ജെയിൻ മാത്രമാണ് കാത്തിരുന്ന് എന്നെക്കൊണ്ടു പല പാട്ടുകളും പാടിച്ചത്. അതിലൊന്നും നഷ്ടബോധമില്ല.
∙ പല ഭാഷകളിലായി എത്രയോ സംഗീത സംവിധായകരുടെ പാട്ടുകൾ പാടിയിട്ടുള്ളതിൽ ആർക്കൊപ്പമാണ് ഏറ്റവും ആസ്വദിച്ചത്?
സഹോദരനെപ്പോലെ പ്രിയപ്പെട്ട രവീന്ദ്രനാണ് എന്നെ ഏറ്റവും വിശ്വസിച്ചു സ്വാതന്ത്ര്യം തന്ന സംഗീത സംവിധായകൻ. ഒരു പാട്ടിന്റെ സംഗീതത്തിനു രൂപരേഖ ഒരുക്കിത്തന്നിട്ട് അതുമായി എന്നെ പറക്കാൻ അനുവദിക്കുകയായിരുന്നു രവി. അതൊരു വിശ്വാസമാണ്. ഭൂരിഭാഗം സംഗീത സംവിധായകരും ഈ സ്വാതന്ത്ര്യം തരില്ല. അവർ ഒരുക്കിയതു പോലെ തന്നെ പാടണമെന്ന നിർബന്ധ ബുദ്ധിയുള്ളവരാണ്. അതു മാനിക്കുന്നയാളാണ് ഞാൻ. ഏറ്റവും പുതിയ സംഗീത സംവിധായകരായാലും അവർ മനസ്സിൽ ആഗ്രഹിക്കും പോലെ പാടുകയാണ് എന്റെ ജോലി. പിന്നീടു വേദികളിൽ പാടുമ്പോഴും എന്റേതായി പുതിയ സംഗതികളൊന്നും പാട്ടുകളിൽ ചേർക്കാറുമില്ല. നേരെ മറിച്ചു ചെയ്യുന്നവരുമുണ്ടാകും. കൂടുതൽപേർക്കും റിക്കോർഡിലുള്ളതു പോലെ കേൾക്കുന്നതാണ് ഇഷ്ടം.
∙ വാശിയും ദേഷ്യവും പിടിപ്പിക്കുമ്പോഴാണ് ദാസേട്ടൻ നന്നായി പാടുകയെന്നു പറഞ്ഞിട്ടുള്ളതും രവീന്ദ്രനാണ്.
ചിലപ്പോഴൊക്കെ വാശി എന്റെ ജീവിതത്തിൽ നിമിത്തമായിട്ടുണ്ട്. ‘മാപ്പിളയ്ക്കെന്തു സംഗീതം’ എന്നു പുച്ഛത്തോടെ ചോദിച്ച അധ്യാപകൻ മനസ്സിൽ സൃഷ്ടിച്ച വാശിയാണ് ആ പ്രായത്തിൽ എങ്ങനെയും സംഗീതം വശത്താക്കാൻ പ്രേരണയായത്. ആകാശവാണിയിലെ ഓഡിഷനിൽ തഴയപ്പെട്ടതും അങ്ങനെയൊരു വാശി പ്രചോദനം ആയിട്ടുണ്ട്. ചില പാട്ടുകളുടെ റിക്കോർഡിങ് സമയത്തും ഇതു സംഭവിച്ചിട്ടുണ്ട്. ‘ഹരിമുരളീരവം...’ ചെന്നൈയിൽ എസ്പിബിയുടെ സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്യുന്നതിനു മുന്നോടിയായി രവീന്ദ്രൻ അതു പഠിപ്പിച്ചു കൊണ്ടിരിക്കെ സിനിമാ രംഗത്തു തന്നെ പ്രവർത്തിക്കുന്ന ഒരാൾ അടുത്തു വന്നിരുന്നു. രവി പാട്ടു പറഞ്ഞു തരുന്നതിനിടയിൽ ഇടപെട്ട് എന്നെ ഉച്ചാരണം പഠിപ്പിക്കാനും തിരുത്തിക്കാനുമെല്ലാം ശ്രമിച്ചുകൊണ്ടിരുന്നു. അതു വല്ലാത്ത അലോസരമായപ്പോൾ രവിയോടു തുറന്നു പറഞ്ഞ് ഞാൻ സ്റ്റുഡിയോയിൽ നിന്നിറങ്ങി വീട്ടിലേക്കു പോയി. പിന്നാലെ രവിയും വന്നു. അയാളെ അവിടെ നിന്നു പറഞ്ഞു വിട്ടെന്ന് അറിയിച്ച ശേഷമാണ് തിരികെ സ്റ്റുഡിയോയിലെത്തി പാടിയത്. പാടാൻ മൈക്കിനു മുന്നിൽ നിൽക്കുമ്പോഴും ആ ദേഷ്യം മനസ്സിൽ നിന്നു പോയിരുന്നില്ല. പക്ഷേ, പാട്ട് വേഗം നന്നായി റിക്കോർഡ് ചെയ്തു.
∙ ഈ പ്രായത്തിലും സംഗീതത്തിനായുള്ള ചിട്ടകൾ എന്തൊക്കെയാണ്?
പാട്ടു പഠനവും പരിശീലനവും മുടക്കാറില്ല. ദൈവം തന്നൊരു ശബ്ദത്തെ കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കുന്നു. ആഹാര കാര്യത്തിലാണ് പ്രത്യേക ശ്രദ്ധ. കുറെ വർഷങ്ങളായി പൂർണ വെജിറ്റേറിയനാണ്. ഡോ.പീറ്റർ അഡാമോ എഴുതിയ ‘ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്’ എന്ന പുസ്തകമാണ് ആഹാര കാര്യത്തിൽ വലിയ വഴികാട്ടിയായത്. ഓരോ രക്തഗ്രൂപ്പുള്ളവർക്കും ഇണങ്ങുന്ന ഭക്ഷണങ്ങളെക്കുറിച്ചാണ് അതിൽ പറയുന്നത്. അതു വായിക്കും മുൻപും എനിക്ക് ആഹാര ചിട്ടകളുണ്ടായിരുന്നെങ്കിലും പിന്നീടതു കൂടുതൽ ശാസ്ത്രീയമായി. ശരീരം തണുപ്പിക്കുന്നതും അസിഡിറ്റി ഉണ്ടാക്കുന്നതും അധികം എണ്ണ ചേരുന്നതുമായ ആഹാരങ്ങളൊക്കെ ഒഴിവാക്കുന്നു.
∙ എല്ലാവരും യേശുദാസിന്റെ പാട്ടുകൾ പാടി നടക്കുന്നു. യേശുദാസ് പാടി നടന്നിട്ടുള്ളത് ആരുടെ പാട്ടുകളാണ്?
ചെറുപ്പത്തിൽ മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ആരാധന. അദ്ദേഹത്തെപ്പോലെ പാടണമെന്നായിരുന്നു അക്കാലത്ത് എല്ലാവരുടെയും ആഗ്രഹം. ‘ഓ ദുനിയാ കേ രഹ്‌വാലേ’ അടക്കം ഏറെ പാടിയിട്ടുള്ളതും അദ്ദേഹത്തിന്റെ പാട്ടുകളാണ്. സിനിമയിൽ പാടിത്തുടങ്ങിയ ശേഷം മറ്റാരെങ്കിലും പാടിയ ഏതെങ്കിലും പാട്ട് എനിക്കു കിട്ടിയില്ലല്ലോ എന്ന് ഒരിക്കലും വിഷമം തോന്നിയിട്ടില്ല. ഞാൻ ആഗ്രഹിച്ച പോലത്തെ പാട്ടുകൾ യഥേഷ്ടം എന്നെത്തേടി വന്നു.
∙ നല്ല പാട്ടുകൾ പാടുന്നതാണോ കച്ചേരിയാണോ കൂടുതൽ തൃപ്തി തരുന്നത്?
കച്ചേരിയിൽ വിട്ടുവീഴ്ചകൾക്കും റീടേക്കുകൾക്കുമൊന്നും സ്ഥാനമില്ലല്ലോ. ലൈവ് ആയാണു പാടുന്നത്. ആസ്വാദകരുടെ പ്രതികരണം ഉടനടി ലഭിക്കും. മനോധർമം അനുസരിച്ചു സ്വാതന്ത്ര്യത്തോടെ പാടാം. പക്ഷേ, കൈവിട്ടു പോകാതെ ചിട്ട സൂക്ഷിക്കുകയും വേണം. ഗുരുവായ ചെമ്പൈ സ്വാമിക്കൊപ്പം ചെയ്ത കച്ചേരികളിൽ നിന്നാണ് ഞാൻ എന്റെ ചിട്ടകളും രൂപപ്പെടുത്തിയത്.
∙ മതേതരമായ ഒരു ആത്മീയ കാഴ്ചപ്പാടും ജീവിതവും രൂപപ്പെട്ടതെങ്ങനെയാണ്?
അപ്പച്ചന്റെ സ്വാധീനം തന്നെയാണു കാരണം. നാടക നടനും ഗായകനുമൊക്കെയായ അദ്ദേഹം മിശിഹാ ചരിത്രം കളിച്ചു കഴിഞ്ഞ് ഓച്ചിറ പരബ്രഹ്മോദയ നടന സഭയിലേക്കാണു പോയത്. വേലക്കാരൻ എന്ന സിനിമയ്ക്കു വേണ്ടി ശബരിമലയിൽ പോകേണ്ടി വന്നപ്പോൾ അപ്പച്ചൻ വെറുതെ പോവുകയായിരുന്നില്ല. അവിടത്തെ വിശ്വാസം അനുസരിച്ചു വ്രതമെടുത്താണ് പോയത്. വിഭാഗീയ ചിന്തയില്ലാതെ എല്ലാ വിശ്വാസങ്ങളെയും മാനിക്കണമെന്ന തത്വവും വിശാലമായൊരു വിശ്വാസ കാഴ്ചപ്പാടുമെല്ലാം ചെറുപ്പത്തിലേ എനിക്കുണ്ടാകുന്നതും അങ്ങനെയാണ്. ഒരു നിയോഗം പോലെ ആദ്യം പാടിയ വരികളും അത്തരത്തിലുള്ളതായി.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണു ക്രിസ്തു പറഞ്ഞത്. അതു ക്രിസ്ത്യാനി മാത്രമാകണമെന്നു പറഞ്ഞിട്ടില്ല. അതാണ് എനിക്കു പാഠം. ക്രിസ്തു മതത്തിൽ ജനിച്ചു വളർന്നെങ്കിലും എല്ലാ വിശ്വാസങ്ങളെയും മാനിക്കാനും ആദരിക്കാനുമാണു ഞാൻ പഠിച്ചത്. ശബരിമലയിലും മൂകാംബികയിലും പതിവായി പോയിത്തുടങ്ങിയത് അവിടെ മതവും ജാതിയും വർഗവും നോക്കിയല്ല പ്രവേശനമെന്നതു കൊണ്ടാണ്. വിശ്വാസിയായ ആർക്കും പോകാം. ഗുരുവായൂരിൽ എന്നെ പ്രവേശിപ്പിക്കണമെന്നു പലരും ആവശ്യപ്പെട്ടപ്പോഴും മതജാതി ഭേദമില്ലാതെ വിശ്വാസികളായ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന കാലത്ത് അവരിലൊരാളായി എനിക്കും കയറിയാൽ മതിയെന്നായിരുന്നു എന്റെ നിലപാട്.
ശബരിമലയിൽ ഭഗവാനെ ഉണർത്തുന്ന സുപ്രഭാതവും ഉറക്കുന്ന ഹരിവരാസനവും ആലപിക്കാൻ കഴിഞ്ഞത് അയ്യപ്പ നിയോഗമല്ലെങ്കിൽ മറ്റെന്താണ്? 11–12 വയസ്സുള്ളപ്പോൾ പശ്ചിമ കൊച്ചി ചുള്ളിക്കലിലെ ഒരു അമ്പലത്തിൽ ഉത്സവത്തിനാണ് ഞാൻ ആദ്യമായി കച്ചേരി പാടുന്നത്. അമ്പലക്കമ്മിറ്റിയിലുള്ള അപ്പച്ചന്റെ കൂട്ടുകാരും ഗുരു കുഞ്ഞൻവേലു ആശാനുമൊക്കെ മുൻകയ്യെടുത്താണ് ആ അവസരം ഒരുക്കിത്തന്നത്. അതുകൊണ്ടൊന്നും ഒരു ദൈവവും എന്നോടു കോപിച്ചിട്ടില്ല. അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടേയുള്ളൂ. ഈ പ്രായത്തിലും പഠിക്കാനും പാടാനുമെല്ലാം കഴിയുന്നതും ആ അനുഗ്രഹവും ഗുരുകടാക്ഷവും കൊണ്ടാണ്.
തുടക്കകാലത്ത് യേശുദാസ് എന്ന പേര് പ്രശ്നമാവുമെന്നതിനാൽ മാറ്റണമെന്നു ചിലരൊക്കെ പറഞ്ഞപ്പോഴും അതു മാറ്റാതെ കിട്ടുന്ന പാട്ടുകൾ മതിയെന്ന് അപ്പച്ചൻ ഉറച്ച നിലപാട് എടുത്തു. അക്ഷരശുദ്ധി വേണമെന്നതായിരുന്നു അപ്പച്ചന്റെ മറ്റൊരു നിർബന്ധം. ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയിലും ക്ലബിലും അംഗമാകരുതെന്നതും അപ്പച്ചന്റെ ഉപദേശമായിരുന്നു. അതും ഞാൻ പാലിച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനവുമൊക്കെയായി പല പാർട്ടിക്കാരും സമീപിച്ചിട്ടുണ്ട്. പക്ഷേ, എന്റെ വഴി സംഗീതം മാത്രമാണ്.
∙ ഇത്രയും വലിയ ജീവിതാനുഭവങ്ങളിൽ അറിയപ്പെടാത്തവയുമേറെയുണ്ടാവുമല്ലോ? ആത്മകഥ എഴുതുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
പലരും സമീപിക്കുന്നുണ്ട്. ഞാൻ കാര്യമായ താൽപര്യമെടുക്കാത്തതാണ്. അതിനു വലിയ അധ്വാനം വേണ്ടിവരും. അങ്ങനെയൊരു പുസ്തകം ഇറങ്ങിയാൽ അതൊരു നുണപ്പുസ്തകമാകരുതെന്ന നിർബന്ധവുമുണ്ട്. വിഷമിപ്പിക്കുന്ന സത്യങ്ങൾ പറയേണ്ടി വരും. അതു ചിലർക്കെങ്കിലും വിഷമമാകും. അതുകൊണ്ടൊക്കെയാണ് ഒഴിഞ്ഞുമാറുന്നത്. പിന്നെ എന്നെക്കുറിച്ചു ഞാൻ തന്നെ പറയേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുമുണ്ട്.
∙ വിമർശനങ്ങളും വിവാദങ്ങളും ഉയരുമ്പോൾ പലതിനോടും പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണല്ലോ പതിവ്. അതൊക്കെ വിഷമിപ്പിക്കാറുണ്ടോ?
പ്രതികരിച്ചിട്ടും കാര്യമില്ലാത്തതു കൊണ്ടാണ്. വിവാദമുണ്ടാക്കുന്നവർക്ക് അതു തുടരണമെന്നാണു താൽപര്യം. തീരണമെന്നല്ല. ചിലതൊക്കെ വ്യക്തമാക്കാമെന്നു വച്ചാൽ അതുമായി ബന്ധപ്പെട്ട പലരും ജീവിച്ചിരിക്കുന്നുമില്ല. കുറ്റങ്ങൾ മാത്രം കണ്ടെത്തി ജീവിക്കുന്നവർക്കു ഞാൻ കാരണം എന്തെങ്കിലും ഗുണം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ. അവർക്കു മറുപടി പറയാൻ എനിക്കു താൽപര്യവും സമയവുമില്ല. എന്റെ ജീവിതം സംഗീതത്തിനു സമർപ്പിക്കപ്പെട്ടതാണ്. അതിനു പോലും സമയം തികയുന്നില്ല. പിന്നെ അതിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾക്കായി സമയം നീക്കിവയ്ക്കേണ്ടതില്ലല്ലോ. എനിക്ക് എന്റെ വഴി. എന്റെ സംഗീതവുമായി ഞാനീ വഴി പൊയ്ക്കോട്ടെ.