ADVERTISEMENT

കാത്തുകാത്തിരുന്ന് ഗായകൻ ഷഹബാസ് അമനോടൊപ്പം പാടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ശ്രുതി ശിവദാസ് എന്ന ഗായിക. പാളയം പിസി എന്ന സിനിമയിൽ രാഹുൽ മാധവും നിയ ശങ്കരത്തിലും അഭിനയിച്ച ‘മേലെ വാനം’ എന്ന ഗാനമാണ് ശ്രുതിയും ഷഹബാസ് അമനും ചേർന്നാലപിച്ചത്. ഒരിക്കൽ ഷഹബാസ് അമൻ ഈണം പകർന്ന പാട്ട് പാടാൻ അവസരം ലഭിച്ചിട്ട് പാടാൻ കഴിയാതെ പോയ സങ്കടം ഇപ്പോൾ മാറിയെന്ന് ശ്രുതി പറയുന്നു. എം.ജയചന്ദ്രൻ, ജേക്സ് ബിജോയ്, കൈലാസ് മേനോൻ, രാഹുൽ രാജ് തുടങ്ങി മലയാളത്തിലെ മുൻനിര സംഗീതസംവിധായകരുടെയെല്ലാം ഈണത്തിൽ ശ്രുതി പാട്ടുകൾ പാടിയിട്ടുണ്ട്. പുത്തൻ പാട്ടുവിശേഷങ്ങളുമായി ശ്രുതി ശിവദാസ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

അങ്ങനെ ആ ആഗ്രഹം സാധിച്ചു

ഷഹബാസ് അമൻ സാറിനോടൊപ്പം ഒരു പാട്ടുപാടണമെന്നത് വലിയ ആഗ്രഹമായിരുന്നു. കുറച്ചു നാൾ മുൻപ് അദ്ദേഹം ഈണം പകർന്ന ഒരു പാട്ട് പാടാൻ എന്നെ വിളിച്ചിരുന്നു. എന്നാൽ പിന്നീട് ആ അവസരം നഷ്ടമായി. അന്ന് വലിയ വിഷമം തോന്നിയിരുന്നു.  ഇപ്പോൾ ആ ആഗ്രഹം കൂടി സഫലമായിരിക്കുകയാണ്. പാളയം പിസി എന്ന സിനിമയിൽ സാദിഖ് പന്തല്ലൂർ ഈണം പകർന്ന പാട്ടാണ് ഞങ്ങൾ ഇരുവരും ചേർന്ന് ആലപിച്ചത്. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന സിനിമയാണ് പാളയം പിസി. ഷഹബാസ് സർ പാടിക്കഴിഞ്ഞതിനു ശേഷമാണ് എന്നെ പാടാൻ വിളിച്ചത്. പാട്ട് കേട്ടപ്പോൾ എനിക്ക് ഒരുപാടിഷ്ടമായി. ‘മേലേ വാനം’ എന്നത് ഒരു പ്രണയഗാനമാണ്. പാട്ട് കേട്ടിട്ട് ഒരുപാടുപേർ പ്രശംസയറിയിക്കാൻ വിളിക്കുന്നുണ്ട്. മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ സന്തോഷം. 

അന്ന് നഷ്‌ടമായ അവസരം 

2020 ൽ ആണ് ഷഹബാസ് സാറിന്റെ പാട്ട് പാടാൻ എനിക്ക് ആദ്യ അവസരം ലഭിച്ചത്. ഞാൻ ആർക്കിടെക്റ്റ് ആണ്. ജോലിയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന സമയത്താണ് പാടാന്‍ വേണ്ടി അദ്ദേഹം എന്നെ വിളിച്ചത്. ഒരു പുതിയ ശബ്ദം തിരയുകയായിരുന്നു ഷഹബാസ് സർ. സൗണ്ട് എൻജിനീയർ ആണ് എന്റെ പേര് നിർദേശിച്ചത്. എത്ര കഷ്ടപ്പാട് സഹിച്ചായാലും എറണാകുളത്ത് വന്നു പാടണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഞാൻ ഇത്രയൂം ദൂരം യാത്രചെയ്തു വന്നു പാടിയിട്ട് ഓക്കേ ആയില്ലെങ്കിൽ എനിക്ക് വിഷമം ആകില്ലേ എന്ന് ഷഹബാസ് സർ ചോദിച്ചു. അങ്ങനെ ആ അവസരം എനിക്ക് നഷ്ടപ്പെട്ടു. അന്ന് ഞാൻ തിരിച്ചറിഞ്ഞു, അവസരങ്ങൾ ലഭിക്കണമെങ്കിൽ എറണാകുളത്തു തന്നെ താമസിക്കണമെന്ന്. അങ്ങനെ ഞാൻ ജോലി ഉപേക്ഷിച്ച് എറണാകുളത്തേക്കു താമസം മാറ്റി. അന്നത്തെ ആ തീരുമാനമാണ് ഇന്ന് എന്നെ ഒരു മുഴുവൻ സമയ ഗായികയാക്കി മാറ്റിയത്. ഷഹബാസ് സാറിന്റെ പാട്ട് അന്ന് നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ അദ്ദേഹത്തോടൊപ്പം പാടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. വലിയൊരു സ്വപ്നം സഫലമായി എന്നു പറയാനാണ് എനിക്കിഷ്ടം. 

ലോക്ഡൗണിൽ റീൽസിലൂടെ വീണ്ടും 

ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ഞാൻ പാടുമായിരുന്നു. അച്ഛനും അമ്മയുമൊക്കെ വലിയ സപ്പോർട്ട് ആണ് തന്നിരുന്നത്. ഞാൻ പഠിച്ചതും വളർന്നതും ഖത്തറിൽ ആണ്. അവിടെയുള്ള മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിക്കുമായിരുന്നു. നാട്ടിൽ വന്നു കോളജിൽ ചേർന്നപ്പോൾ പാടാനുള്ള അവസരങ്ങൾ കുറഞ്ഞു. കോളജിൽ അവസാനവർഷം ആയപ്പോഴാണ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതിൽ അവസാന 15 മത്സരാർഥികളിൽ ഒരാളായി. അതിനു ശേഷം ജോലിക്ക് ജോയിൻ ചെയ്തു. ലോക്ഡൗൺ ആയപ്പോൾ റീൽസ് ഒക്കെ ഒരുപാടു പ്രചാരത്തിലായല്ലോ? അപ്പോഴാണ് ഞാൻ വീണ്ടും പാടാൻ തുടങ്ങിയത്. എന്റെ കുറേ റീൽ വിഡിയോകൾ കണ്ട് നിരവധി പേർ മികച്ച അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. 

മലയാളത്തിലെ മികച്ച സംഗീതജ്ഞരോടൊപ്പം 

കൈലാസ് മേനോൻ സർ ആണ് എന്നെ ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി പാടാൻ വിളിച്ചത്. അദേഹത്തിന് വേണ്ടി കൊത്ത്, വാശി എന്നീ രണ്ടു സിനിമകളിൽ പാടി. ഇതിനിടയിൽ അഡാർ ലവ് എന്ന സിനിമയിലും പാടി. സ്റ്റീഫൻ ദേവസ്സി നടത്തിയ കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റിയുടെ ചാരിറ്റി ഇവന്റിൽ ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു. അതിന്റെ ജഡ്ജ് എം.ജയചന്ദ്രൻ സർ ആയിരുന്നു. എന്റെ പാട്ട് ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം കുർബാനി എന്ന സിനിമയിൽ പാടാൻ അവസരം തന്നു. അത് കഴിഞ്ഞ നവംബറിൽ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസനോടൊപ്പമാണ് ആ പാട്ട് പാടിയത്. ജേക്സ് ബിജോയ് സാറിന് വേണ്ടിയും ശങ്കർ ശർമ എന്ന സംഗീതസംവിധായകനു വേണ്ടിയും പാടിയിട്ടുണ്ട്. മലയാളത്തിലെ മികച്ച സംഗീതസംവിധായകർ എന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ട്.

പാട്ട് പഠനം ചെറുപ്പം മുതൽ

ചെറുപ്പം മുതൽ പാട്ട് പഠിച്ചിട്ടുണ്ട്. ചിത്ര ചേച്ചിയുടെ (കെ.എസ്.ചിത്ര) കസിൻ ആയ ജയലക്ഷ്മി ടീച്ചർ ആണ് എന്റെ ആദ്യ ഗുരു. ഖത്തറിലെ കലാഭവൻ, പുഷ്‌പാവതി ടീച്ചറുടെ മ്യൂസിക് ക്ലാസ് എന്നിവിടങ്ങളിലൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്. തൃശൂരിലുള്ള മാങ്ങാട് നടേശൻ എന്ന മാഷിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. റിയാലിറ്റി ഷോയിൽ വന്നതിനു ശേഷമാണ് ഞാൻ ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങിയത്. നികിത എന്ന ടീച്ചറാണ് എന്നെ പഠിപ്പിച്ചത്.  ഇപ്പോൾ ഉസ്താദ് ഫയാസ് ഖാൻ സാറിന്റെ കീഴിലാണ് പഠനം. 

കുടുംബം 

അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് എനിക്കുള്ളത്. തൃശൂർ ആണ് സ്വദേശം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എന്റെ വിവാഹം. ഭർത്താവ് ദുബായിൽ ആണ്. എല്ലാ പിന്തുണയും നൽകി കുടുംബം എന്റെ സംഗീതജീവിതത്തിനൊപ്പം നിൽക്കുന്നുണ്ട്. 

പുതിയ പ്രോജക്ടുകൾ 

നാരായണിയുടെ മൂന്ന് ആൺമക്കൾ എന്ന സിനിമയിൽ രാഹുൽ രാജിന് വേണ്ടി അടുത്തിടെ ഒരു പാട്ട് പാടി. എന്റെ ആദ്യ സോളോ ഗാനമാണത്. ആ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നു. ഞാൻ ഒരു ഇൻഡിപെൻഡന്റ് സോങ്ങിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. ജോലി വിട്ട് ഇപ്പോൾ പൂർണമായും സംഗീതത്തിനു വേണ്ടി മാറ്റി വച്ചിരിക്കുകയാണ് ജീവിതം. ഇനിയും സംഗീതം തന്നെ പിന്തുടരാനാണ് താല്‍പര്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com