കരിയറിന്റെ തുടക്കത്തിലെ ദുരന്തം, ഒപ്പമുണ്ടായിരുന്നവരുടെ മരണം; മാർക്കോസ് ഇന്നും വേദനിക്കുന്നു, ആ ഫെബ്രുവരിയെ ഓർത്ത്!
Mail This Article
2024ലെ ആദ്യ രണ്ടു മാസങ്ങൾ കടന്നുപോകുമ്പോൾ, മധുരിതമായ രണ്ടു സന്തോഷങ്ങളാണ് ഗായകൻ കെ.ജി.മാർക്കോസിനെ തേടിയെത്തിയത്. ജനുവരിയിലിറങ്ങിയ എബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലൂടെ ‘പൂമാനമേ’ എന്ന ഗാനം പുതിയ രൂപത്തിൽ പ്രേക്ഷകർക്കു മുൻപിലെത്തിയപ്പോൾ, നിറക്കൂട്ടിൽ മാർക്കോസിന്റെ ശബ്ദത്തിലിറങ്ങിയ ഗാനവും ഓർമ പുതുക്കി. പഴയ ഗാനം പുതിയ തലമുറ റീലുകളിൽ ട്രെൻഡിങ്ങായി ഓടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കെ.ജി.മാർക്കോസിനെ തേടി പ്രേമലുവിന്റെ ടീമെത്തുന്നത്. അങ്ങനെ, ന്യൂജെൻ വൈബുള്ള കിടുക്കാച്ചി പാട്ടുമായി പ്രേമലുവിലൂടെ കെ.ജി.മാർക്കോസിന് ഒരു റീ–എൻട്രി!
സത്യത്തിൽ ‘പൂമാനമേ’ എന്ന ഗാനം ഹിറ്റായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗാനമേള വേദികളിൽ ആഘോഷിക്കുന്നതിനിടയിലാണ് വലിയൊരു ദുരന്തം റോഡപകടത്തിന്റെ രൂപത്തിൽ ഗായകന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. 1986 ഫെബ്രുവരി 17ന് സംഭവിച്ച ആ റോഡപകടം മാർക്കോസിന്റെ കരിയറിനെ തന്നെ മാറ്റി മാറിച്ചു. 38 വർഷങ്ങൾക്കിപ്പുറം ആ സംഭവത്തിന്റെ ഓർമകളുമായി ഗായകൻ കെ.ജി.മാർക്കോസ് മനോരമ ഓൺലൈൻ മ്യൂസിക് ടെയ്‍ൽസിൽ.
1986 ഫെബ്രുവരി 17ന് സംഭവിച്ചത്
അതൊരു ദുഃഖകരമായ സംഭവമാണ്. നല്ലൊരു ബാനറിന്റെ കീഴിൽ, പുതുമയുള്ള കഥ അവതരിപ്പിക്കപ്പെട്ട നിറക്കൂട്ട് എന്ന സിനിമയിൽ ഞാൻ പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോൾ വലിയൊരു പ്രതീക്ഷയായിരുന്നു. ആ സമയത്ത് ഞാൻ സിനിമയിൽ വന്നിട്ട് നാലഞ്ചു വർഷമേ ആയിരുന്നുള്ളൂ. ആ പാട്ടിലൂടെ മുൻപോട്ടുള്ള വഴി തുറന്നു കിട്ടുകയാണല്ലോ എന്നൊക്കെ വിചാരിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. പൂമാനമേ എന്ന പാട്ട് ഹിറ്റായി നിൽക്കുന്ന സമയത്താണ് ഞാൻ ഗാനമേളയ്ക്കായി അബുദാബിയിലേക്കു പോകുന്നത്. എനിക്കൊപ്പം കോട്ടയത്തു നിന്ന് ലീന ജേക്കബ് എന്ന ഗായികയും അവരുടെ അമ്മയും ഉണ്ടായിരുന്നു. അവിടെ ചെന്ന് ആദ്യ ഗാനമേള വിജയകരമായി പൂർത്തിയാക്കി രണ്ടാമത്തെ പരിപാടിക്കായി ഞങ്ങൾ അൽഎയ്നിലേക്കു പോകുംവഴിയാണ് അപകടം ഉണ്ടാകുന്നത്. അതൊരു ഫെബ്രുവരി 17 ആയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ അടുത്തുള്ള പോസ്റ്റിൽ തട്ടി കരണം മറിഞ്ഞു തകർന്നു. ലീനയുടെ അമ്മയും പരിപാടിയുടെ സംഘാടകരിലൊരാളായ രാജു നസ്രത്തും ആ അപകടത്തിൽ മരിച്ചു. തലനാരിഴയ്ക്കാണ് ഞാനുൾപ്പടെ മൂന്നുപേർ രക്ഷപെട്ടത്. മൂന്നു മാസം അൽഎയ്നിലെ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. നാട്ടിൽ വന്നിട്ടും അഞ്ചാറു മാസം കിടപ്പിലായിരുന്നു. സിനിമയിൽ നിന്ന് ഞാനങ്ങനെ അകന്നു പോയി.
സിനിമയിൽ 5 വർഷത്തെ ഇടവേള
അന്നത്തെ സിനിമാ റെക്കോർഡിങ് ഒക്കെ മദ്രാസിൽ ആണല്ലോ. എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി. ആരെങ്കിലും ഒരാൾ എന്നോടൊപ്പം എല്ലാ കാര്യങ്ങൾക്കും വേണമായിരുന്നു. അപകടത്തിൽ വലതുപാദം ഒടിഞ്ഞു തിരിഞ്ഞുപോയിരുന്നു. ഇച്ഛാനുസരണം കാൽ ചലിപ്പിക്കാൻ മാസങ്ങളെടുത്തു. വലതു തുടയിലെ എല്ല് മുട്ടിനു മുകളിൽവച്ച് മുറിഞ്ഞതിനൊപ്പം താഴേക്കുള്ള രക്തക്കുഴലും മുറിഞ്ഞിരുന്നു. ഇടതു തോളെല്ല് ഒടിഞ്ഞു. ഇടതു കൈയിലും പരുക്കുണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ഡോർ തുറന്ന് പുറത്തേക്കു തെറിച്ചില്ലായിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു. പതിയെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. ആദ്യമൊക്കെ ഇരുന്നാണ് പാടിയിരുന്നത്. പക്ഷേ, സിനിമയിൽ സജീവമാകാൻ പിന്നെയും 5 വർഷമെടുത്തു.
മന്ത്രിക്കൊച്ചമ്മയിലൂടെ തിരിച്ചുവരവ്
1991ൽ ഇറങ്ങിയ ഗോഡ്ഫാദറിലാണ് പിന്നീട് എനിക്കൊരു ഹിറ്റ് ലഭിക്കുന്നത്. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന ഗാനം വലിയ ഹിറ്റായി. സിദ്ദീഖ്–ലാലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആ ചിത്രത്തിൽ പാടിയതിനു പിന്നിലും ഒരു കഥയുണ്ട്. എനിക്ക് സിദ്ദീഖ്–ലാലിനെ മുൻപരിചയമുണ്ട്. ഞാൻ ഗാനമേള അവതരിപ്പിക്കാൻ പോകുമ്പോൾ മിമിക്രിയുമായി ഇവർ രണ്ടുപേരും ഉണ്ടാകും. അങ്ങനെ പല വേദികളിൽ കണ്ടു പരിചയം ഉണ്ട്. പിന്നീട് അവർ സിനിമയിലെത്തി. അവരുടെ സിനിമകൾ സൂപ്പർ ഹിറ്റായി. അപകടത്തിനു ശേഷം നല്ല അവസരങ്ങളൊന്നും കിട്ടാതിരുന്ന സമയത്താണ് ഒരിക്കൽ ഞാൻ ഇവരെ കാണുന്നത്. പുതിയ പടത്തിൽ പരിഗണിക്കണമെന്ന് സൗഹൃദസംഭാഷണത്തിനിടെ സൂചിപ്പിച്ചു. ഗോഡ്ഫാദറിലെ പാട്ടു വന്നപ്പോൾ അവർ എന്നെ ഓർത്തു വിളിച്ചു. റെക്കോർഡിങ്ങിന് എത്താൻ ആവശ്യപ്പെട്ട് വിളിച്ചപ്പോഴാണ് രസം. ആ ദിവസം തന്നെ എനിക്കൊരു ഗാനമേളയുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ, ‘അടുത്ത പടത്തിൽ നോക്കാം’ എന്നായി അവർ. അവസാനം ഞാൻ ഒരു റിസ്ക് എടുത്തു. രാവിലെ മദ്രാസിൽ പോയി ഈ പാട്ട് പാടി ഉച്ചനേരത്തെ ഫ്ലൈറ്റിൽ കോയമ്പത്തൂരിലെത്തി, കാറിൽ ഗാനമേള നടക്കുന്ന സ്ഥലത്തേക്കു പാഞ്ഞു. അർദ്ധരാത്രി 12 മണിക്കാണ് പരിപാടി. അഞ്ചു മിനിറ്റ് വൈകിയെങ്കിലും ഞാൻ പരിപാടിക്കെത്തി. അങ്ങനെ പാടിയ പാട്ടാണ് മന്ത്രിക്കൊച്ചമ്മ. ടെൻഷനടിച്ചു പാടിയ പാട്ടാണെങ്കിലും കുറെ രസമുള്ള ഭാവങ്ങൾ ആ പാട്ടിൽ കൊടുക്കാൻ സാധിച്ചു.
ജോൺസൺ മാഷ് നൽകിയ ആദ്യ അവസരം
ഞാൻ ജോൺസൺ മാഷിന്റെ നേതൃത്വത്തിലുള്ള ഗാനമേളയിൽ രണ്ടു മൂന്നു വട്ടം പാടിയിട്ടുണ്ട്. പ്രോഗ്രാമിന്റെ സമയത്താണ് അദ്ദേഹം വരിക. റിഹേഴ്സൽ സമയത്തൊന്നും കണ്ടിട്ടില്ല. പ്രോഗ്രാം കണ്ടക്ട് ചെയ്ത് അദ്ദേഹം പോകും. അങ്ങനെ കണ്ടു പരിചയം ഉണ്ട്. എഴുപതുകളുടെ അവസാനത്തിലാണ് ഇതെല്ലാം നടക്കുന്നത്. അതിനു ശേഷം കാണുന്നത് നിറക്കൂട്ടിനു വേണ്ടി വോയ്സ് ടെസ്റ്റ് ചെയ്യാൻ സെഞ്ച്വറി കൊച്ചുമോൻ സാറിന്റെ കൂടെ മദ്രാസിൽ പോയപ്പോഴാണ്. ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ഞാൻ ആദ്യമായാണ് പാടുന്നത്. അന്ന് അദ്ദേഹം എന്നെക്കൊണ്ട് രണ്ടു മൂന്നു തരം പാട്ടുകൾ പാടിപ്പിച്ചു നോക്കിയിട്ട് വിട്ടു. ഒന്നും പറഞ്ഞില്ല. പിന്നീട്, കൊച്ചുമോൻ സർ ആണ് എന്റെ ശബ്ദം മാഷിന് ഓക്കെ ആണെന്നു പറഞ്ഞത്. അങ്ങനെയാണ് പൂമാനമേ എന്ന പാട്ട് എനിക്ക് കിട്ടുന്നത്. എന്നാൽ മാഷിനൊഴികെ മറ്റാർക്കും എന്നോട് അനുകൂലമായ സമീപനം ആയിരുന്നില്ല. സെഞ്ച്വറി ഫിലിംസുമായി ബന്ധമുള്ള ഒരാൾ പറഞ്ഞത്, ‘ആ ഡോക്ടറുടെ മകൻ വരും. പാടിച്ചു നോക്ക്... കൊള്ളാമെങ്കിൽ പാടിക്ക്... അല്ലെങ്കിൽ പറഞ്ഞു വിട്,’ എന്നായിരുന്നു. ഇക്കാര്യം മാഷ് തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ, മാഷ് നിർബന്ധം പറഞ്ഞു, ഈ പാട്ട് മാർക്കോസ് തന്നെ പാടിയാൽ മതിയെന്ന്! അങ്ങനെയാണ് ഞാൻ ആ പാട്ട് പാടുന്നത്.
പ്രേമലു സിനിമയിലേക്ക്
ചുരുങ്ങിയത് 10 വർഷമെങ്കിലും ആയിക്കാണും ഞാനൊരു സിനിമയിൽ പാടിയിട്ട്! മോഹൻസിതാരയുടെ സംഗീതത്തിൽ 1948 കാലം പറഞ്ഞത് എന്ന സിനിമയ്ക്ക് വേണ്ടിയിട്ടാണ് ഞാൻ അവസാനമായി പാടിയത്. സിനിമ ഇഷ്ടമാണെങ്കിലും അതിനു വേണ്ടി അന്നും മരിച്ചിട്ടില്ല, ഇന്നുമില്ല. കാലം മാറി. പുതിയ തലമുറയ്ക്ക് എന്നെപ്പോലെ ഉള്ളവരുടെ ശബ്ദം ഇഷ്ടമാകുമോ എന്നൊക്കെയുള്ള ചിന്ത എന്റെ മനസ്സിലും ഉണ്ടായി. അങ്ങനെയിരിക്കുമ്പോഴാണ് മദ്രാസിലെ എന്റെ പഴയ സുഹൃത്ത് കെ.ഡി.വിൻസന്റ് എന്നെ വിളിക്കുന്നത്. ‘ഒരു സിനിമയുണ്ട് പാടണം. ന്യൂജൻ സിനിമയാണ്’, എന്നു പറഞ്ഞു. ആദ്യം എനിക്കൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, എന്നെ മനസ്സിൽ കണ്ടാണ് അവർ പാട്ടു തയാറാക്കിയതെന്നു പറഞ്ഞപ്പോൾ കൗതുകം തോന്നി. അങ്ങനെ പാട്ട് അയയ്ക്കാൻ പറഞ്ഞു. വരികൾ വായിച്ചപ്പോൾ എന്നെക്കൊണ്ട് ആ ശൈലിയിൽ പാടാൻ പറ്റുമോ എന്നു സംശയിച്ചു. അപ്പോഴാണ് ശ്യാം പുഷ്കരൻ വിളിക്കുന്നത്. അദ്ദേഹം എന്നെ ധൈര്യപ്പെടുത്തി. അദ്ദേഹം വീട്ടിൽ വന്നു. എന്റെ ഫോട്ടോയും വിഡിയോയും എടുത്തു. പ്രമോയിൽ ഉപയോഗിക്കാൻ ആണെന്നു പറഞ്ഞു. പിന്നീട് സ്റ്റുഡിയോയിൽ പോയി പാടി. വിഷ്ണു വിജയ് ചെന്നൈയിൽ ആയിരുന്നു. കൊച്ചിയിലാണ് പാടി റെക്കോർഡ് ചെയ്തത്. സുഹൈൽ കോയ ഉണ്ടായിരുന്നു കൂടെ. പാടിക്കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, അടിപൊളി! എങ്കിലും ഈ പാട്ട് സിനിമയിൽ ഉണ്ടാവുമെന്ന് കരുതിയില്ല. എന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച്, പാട്ട് സിനിമയിൽ വരികയും ചെറുപ്പക്കാർ അത് ഏറ്റെടുക്കുകയും ചെയ്തു.
ഈ സ്നേഹം അതിശയിപ്പിക്കുന്നു
ഈ സ്നേഹവും പിന്തുണയും സ്വീകാര്യതയും അതിശയപ്പിക്കുന്നതാണ്. ചെറുപ്പക്കാർ എന്റെ പാട്ട് ഏറ്റെടുത്തതിൽ വലിയ സന്തോഷം. തെല്ലങ്കാന ബൊമ്മലു എന്ന പാട്ടിനു നെഗറ്റീവ് കമന്റുകൾ ഇല്ല. എല്ലാവരും അഭിനന്ദിക്കുകയാണ്. അതിന്റെ ഒരു പോസിറ്റീവ് എനർജിയിലാണ് ഞാനിപ്പോൾ. ഈ അറുപത്തിയഞ്ചാം വയസിലും അത്യാവശ്യം നല്ല റേഞ്ചിൽ പാടാനൊക്കെ സാധിക്കുന്നുണ്ട്. അതു വലിയൊരു ദൈവാധീനമാണ്. എന്നെ ഇഷ്ടപ്പെടുന്നുവരുടെയും എന്റെ ശ്രോതാക്കളുടെയും പ്രാർഥനയെന്നേ ഞാൻ അതിനെ പറയൂ. കാരണം, ഒരാളെപ്പറ്റി നന്മ വിചാരിച്ചാൽ അതൊരു പ്രാർഥനയാണ്. അതു നമ്മളറിയാതെ നമ്മിലേക്കു വരും. അതായിരിക്കാം ഈ ഊർജത്തിനു പിന്നിലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.