ADVERTISEMENT

കോവിഡ് രൂക്ഷമായിരുന്ന സമയം... വീട്ടിലിരുന്ന് ബോറടിച്ചു ഭ്രാന്ത് ആയപ്പോൾ, രണ്ടും കൽപ്പിച്ച് കാസർകോടു നിന്ന് കൊച്ചിയിലേക്ക് സൗണ്ട് എൻജിനീയർ സായ് പ്രകാശ് വണ്ടി കയറി. ഒരു വിധത്തിൽ യാത്ര ചെയ്യാനുള്ള പാസ് ഒക്കെ സംഘടിപ്പിച്ചാണ് യാത്ര. പക്ഷേ, അപ്പോഴൊന്നും എന്തെങ്കിലും വർക്കിനു വേണ്ടി ആരും വിളിച്ചിരുന്നില്ല. എങ്കിലും, ജോലി ചെയ്തിരുന്ന മൈ സ്റ്റുഡിയോയിൽ സായ് പ്രകാശ് വെറുതെ ചെന്നിരിക്കും. ഒരാഴ്ച കഴിഞ്ഞപ്പോൾ സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ വിളി മൈ സ്റ്റുഡിയോയിലെത്തി. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന്റെ പണികൾക്കായിട്ടായിരുന്നു ജയചന്ദ്രൻ വിളിച്ചത്. രാത്രിയും പകലും ഒറ്റയ്ക്കിരുന്നു ചെയ്ത ആ സൗണ്ട് ട്രാക്കുകൾ പിന്നീട് അംഗീകാരങ്ങളുടെ ആശ്ളേഷം അറിഞ്ഞു. അതൊരു വല്ലാത്ത ഫീലായിരുന്നുവെന്ന് സായ് പ്രകാശ് പറയും. ഔസേപ്പച്ചൻ, എം.ജയചന്ദ്രൻ, ഗോപി സുന്ദർ തുടങ്ങി ഇൻഡസ്ട്രിയിലെ സീനിയേഴ്സ് മുതൽ നവാഗതർക്കൊപ്പം വരെ പ്രവർത്തിച്ചിട്ടുണ്ട് സായ്. കൊച്ചിയിലെ മൈ സ്റ്റുഡിയോയിലെ സായിയുടെ പത്തു വർഷങ്ങൾ മലയാളം മ്യൂസിക് ഇൻഡസ്ട്രിയുടെ മാറ്റങ്ങളുടെ കൂടെ കാലമാണ്. സംഗീത വിശേഷങ്ങളുമായി സൗണ്ട് എൻജിനീയർ സായ് പ്രകാശ് മനോരമ ഓൺലൈനിൽ.  

മൈ സ്റ്റുഡിയോയിലെ തുടക്കം

2013ലാണ് ഞാൻ സൗണ്ട് എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കുന്നത്. ഒരു മ്യൂസിഷ്യൻ കൂടി ആയതുകൊണ്ട് ഏതെങ്കിലും മ്യൂസിക് സ്റ്റുഡിയോയിൽ കയറണം എന്നായിരുന്നു ആഗ്രഹം. അത്തരമൊരു അവസരത്തിനായി പത്തു മാസത്തോളം എനിക്കു കാത്തിരിക്കേണ്ടി വന്നു. ആയിടയ്ക്കാണ് രഞ്ജിത് മേലേപ്പാട്ടും വിഷ്ണു വേണുനാഥും മുരളികൃഷ്ണയും ചേർന്ന് കൊച്ചിയിൽ മൈ സ്റ്റുഡിയോ ആരംഭിക്കുന്നത്. മൈ സ്റ്റുഡിയോ തുടങ്ങി ആറു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ അതിന്റെ ഭാഗമാകുന്നത്. രഞ്ജിത്തേട്ടന്റെ സിനിമയുടെ (പേർഷ്യക്കാരൻ) വർക്ക് നടക്കുകയായിരുന്നു അപ്പോൾ. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ഞാൻ കയറുന്നത്. പിന്നീട്, മൈ സ്റ്റുഡിയോയിലെ ചീഫ് മിക്സിങ് എൻജിനീയറായിരുന്ന ഹരിശങ്കറിൽ നിന്നു ശബ്ദമിശ്രണത്തിന്റെ പ്രാവർത്തിക പാഠം പഠിച്ചെടുത്തു. റെക്കോർഡിങ് എൻജിനീയറിൽ നിന്നും മിക്സിങ് എൻജിനീയറിലേക്കുള്ള വളർച്ചയിൽ ഹരിശങ്കറിന്റെ നിർദേശങ്ങളും അനുഭവപാഠങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്.   

ആദ്യത്തെ റെക്കോർഡിങ്

ഗോപി സുന്ദറിന്റെ വർക്കുകൾ മൈ സ്റ്റുഡിയോയിലായിരുന്നു ചെയ്തുകൊണ്ടിരുന്നത്. റെക്കോർഡിങ് കൈകാര്യം ചെയ്തിരുന്ന ഹരിശങ്കർ എന്ന സീനിയർ സൗണ്ട് എൻജിനീയർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഗോപി സുന്ദറിന്റെ ഒരു റെക്കോർഡിങ് വന്നത്. അതു ചെയ്യേണ്ട ഉത്തരവാദിത്തം അങ്ങനെ എന്നിലേക്കെത്തി. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിന്റെ പണികൾക്കാണ് അന്ന് ഗോപി സുന്ദർ അവിടെയെത്തിയത്. അന്നത്തെ ആ സൗഹൃദം ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളുടെ മിക്സിങ് ഇപ്പോഴും ഞാനാണ് ചെയ്യുന്നത്. കടകൻ, തുണ്ട്, ഫാമിലി സ്റ്റാർ എന്നിവയാണ് അദ്ദേഹത്തിനൊപ്പം ചെയ്ത ഏറ്റവും പുതിയ വർക്കുകൾ. കുമ്പളങ്ങി നൈറ്റ്സിലാണ് സുഷിൻ ശ്യാമിനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. അദ്ദേഹത്തിന്റെ റെക്കോർഡിങ്ങുകളാണ് കൂടുതലും ചെയ്തിട്ടുള്ളത്. രാഹുൽ രാജ്, രഞ്ജിൻ രാജ്, സച്ചിൻ വാരിയർ, ഷാൻ റഹ്മാൻ, ഷഹബാസ് അമൻ, മെജോ ജോസഫ്, സുമേഷ് പരമേശ്വർ, സ്റ്റീഫൻ ദേവസി, സിത്താര കൃഷ്ണകുമാർ, റെക്സ് വിജയൻ, അരുൺ മുരളീധരൻ, രാഹുൽ സുബ്രഹ്മണ്യം, ശങ്കർ ശർമ തുടങ്ങി നിരവധി പേർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 

പുരസ്കാര തിളക്കത്തിൽ

ജോസഫിലെ 'പൂമുത്തോളെ' എന്ന ഗാനത്തിലൂടെ വിജയ് യേശുദാസ് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടിയത് മറക്കാനാവാത്ത നിമിഷമാണ്. ആ പാട്ട് റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യം എനിക്കായിരുന്നു. അതുപോലെ മായാനദിയിലെ 'മിഴിയിൽ നിന്നും' എന്ന പാട്ട്. റെക്സ് വിജയന്റെ സംഗീതത്തിൽ ഷഹബാസ് അമൻ പാടിയ ആ ഗാനത്തിന്റെ റെക്കോർഡിങ് എൻജിനീയർ ഞാനായിരുന്നു. അതുപോലെ പ്രിയപ്പെട്ട നിമിഷമാണ് സൂഫിയും സുജാതയും സിനിമയുടെ പശ്ചാത്തല സംഗീതത്തിന് എം.ജയചന്ദ്രൻ സാറിന് സംസ്ഥാന പുരസ്കാരം ലഭിച്ചത്. കാരണം, പശ്ചാത്തലസംഗീതത്തിന്റെ ശബ്ദമിശ്രണം ചെയ്തത് ഞാനായിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം അക്കാര്യം വിളിച്ചറിയിച്ചത്. ഏറെ സംതൃപ്തിയുള്ള വർക്കായിരുന്നു അതെന്ന് അദ്ദേഹം പറയുകയും ചെയ്തു. 

ഭാഷ അറിയാമെങ്കിൽ രണ്ടുണ്ട് കാര്യം

തബല ചെറുപ്പം മുതൽ പരിശീലിച്ചിട്ടുണ്ട്. എന്റെ പപ്പ പാടും. ആർടിസ്റ്റ് എന്ന രീതിയിൽ വിജയകരമായൊരു കരിയർ സാധ്യമാണോ എന്നൊരു സംശയം സ്കൂൾ സമയത്ത് തോന്നിയിരുന്നു. അങ്ങനെയാണ്, സാങ്കേതികമായി എന്തെങ്കിലും പഠിക്കാമെന്ന ആശയം ഉടലെടുത്തതും സൗണ്ട് എൻജിനീയറിങ് ചെയ്തതും. കാസർകോഡ് ആയതുകൊണ്ട് കന്നഡ മീഡിയമായിരുന്നു സ്കൂളിൽ. വീട്ടിൽ സംസാരിക്കുന്നത് മലയാളം ആണെങ്കിലും എനിക്ക് മലയാളം വായിക്കാൻ അറിയില്ല. പല ഭാഷകളുമായുള്ള പരിചയം റെക്കോർഡിങ് സമയത്ത് ഉപകരിക്കാറുണ്ട്. കന്നഡ, തെലുങ്ക് സിനിമകളുടെ വർക്കുകൾ വരുമ്പോൾ പ്രത്യേകിച്ചും. പാട്ടുകൾ പാടുന്നത് മലയാളി ഗായകരാണെങ്കിൽ ഉച്ചാരണം പറഞ്ഞുകൊടുക്കാനൊക്കെ കഴിയാറുണ്ട്. 

കൊച്ചി പുതിയ മ്യൂസിക് ഹബ്

കൊച്ചി ഇപ്പോൾ ഒരു സ്റ്റുഡിയോ ഹബ് ആയി മാറിക്കഴിഞ്ഞു. 2010നു ശേഷം കൊച്ചിയിൽ ധാരാളം സ്റ്റുഡിയോസ് വന്നു. മുൻപ് ചെന്നൈയിലായിരുന്നു സൗണ്ട് മിക്സിങ്ങും മാസ്റ്ററിങ്ങുമെല്ലാം ചെയ്തിരുന്നത്. ഇപ്പോൾ ഭൂരിഭാഗം മലയാളം പടങ്ങളും കൊച്ചിയിൽ തന്നെയാണ് ചെയ്യുന്നത്. ഒരു റെക്കോർഡിങ്ങിനു വേണ്ടി ചെന്നൈയിലേക്കു പോകുന്ന പതിവ് ഇപ്പോഴില്ല. മൈ സ്റ്റുഡിയോ തുടങ്ങിയിട്ട് 10 വർഷമായി. ഈ കാലയളവിൽ ഇൻഡസ്ട്രിയിൽ ഒരു വിശ്വാസ്യത നേടാൻ മൈ സ്റ്റുഡിയോയ്ക്കു സാധിച്ചിട്ടുണ്ട്. ഏതു പാട്ടിന്റെ റെക്കോർഡിങ് ആണെങ്കിലും ഒരേ ഗൗരവത്തോടും താൽപര്യത്തോടുമാണ് ചെയ്യുന്നത്. ചെറിയ വർക്ക്, വലിയ വർക്ക് എന്നൊന്നില്ല. ഏതാണെങ്കിലും ട്രാക്കിന്റെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാറില്ല. സിനിമയോ ആൽബമോ കവർ സോങ്ങോ ഏതുമാകട്ടെ, സംഗീതമാണല്ലോ എല്ലാം. അതു ഭംഗിയാക്കുക എന്നതിലാണ് ശ്രദ്ധ. 

ജയ് ഗണേശ് തിയറ്ററിൽ

ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശാണ് ഏറ്റവും പുതിയ വർക്ക്. ശങ്കർ ശർമ സംഗീതം ചെയ്തിരിക്കുന്ന ഗാനങ്ങളുടെ ശബ്ദമിശ്രണം ചെയ്യാൻ കഴിഞ്ഞു. നല്ല പ്രതികരണമാണ് ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും ലഭിക്കുന്നത്. ശങ്കർ ശർമയുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്. ശങ്കർ കംപോസ് ചെയ്യുമ്പോൾ തന്നെ ഈണങ്ങൾ പങ്കുവയ്ക്കാറുണ്ട്. അഭിപ്രായം തേടാറുമുണ്ട്. കഴിഞ്ഞ ഓണത്തിന് ഒരു മ്യൂസിക് വിഡിയോയ്ക്കു വേണ്ടി സംഗീതം ചെയ്തിരുന്നു. ഭദ്ര രജിൻ, നാരായണി ഗോപൻ, ഗായത്രി രാജീവ് എന്നിവർ ആലപിച്ച ഗാനവും നന്നായി സ്വീകരിക്കപ്പെട്ടു.   

 

കേൾവിയാണ് പ്രധാനം

മുൻപൊക്കെ ഒരു മ്യൂസിക് ഡയറക്ടർ ഒരു സൗണ്ട് എൻജിനീയർക്കൊപ്പം മാത്രമായിരുന്നു വർക്ക് ചെയ്തിരുന്നത്. ആ ടീം അങ്ങനെ തുടർന്നു പോകും. ഇപ്പോൾ അങ്ങനെയല്ല, പല സൗണ്ട് എൻജിനീയേഴ്സുമായി വർക്ക് ചെയ്യാൻ സംഗീതസംവിധായകരും താൽപര്യം കാണിക്കാറുണ്ട്. അതനുസരിച്ച് സൗണ്ട് എൻജിനീയേഴ്സും അപ്ഡേറ്റഡ് ആകണമെന്നു മാത്രം. അല്ലെങ്കിൽ ഫീൽഡ് ഔട്ട് ആകും. കേൾവിയാണ് പ്രധാനം. എത്ര സൂക്ഷ്മമായി കേൾക്കാൻ കഴിയുന്നോ, അത്രത്തോളം സമഗ്രമായി അതു മനസ്സിലാക്കാൻ കഴിയും. 

English Summary:

Interview with sound engineer Sai Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com