ADVERTISEMENT

സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആന്റോ ജോസ് പെരേരയും ആബി ട്രീസ പോളും ചേർന്നു സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സ് എന്ന സിനിമയിലെ ‘നാം ചേർന്ന വഴികളിൽ’ എന്ന ഗാനമാണ് ഇപ്പോൾ റീലുകളിൽ നിറയുന്നത്. നടൻ ബാബുരാജ്, നടി രമ്യ സുവി എന്നിവർ ചേർന്നഭിനയിച്ച ഗൃഹാതുരതയുണർത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ജൂഡിത്ത് ആനും ചേർന്നാണ്. ജൂഡിത്ത് മലയാളികൾക്കു പുതുമുഖഗായികയല്ല. കക്ഷി അമ്മിണിപ്പിള്ള മുതൽ നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിക്കുകയും ഡബ്ബിങ് മേഖലയിൽ സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. ‘നാം ചേർന്ന വഴികളിൽ’ എന്ന പാട്ട് ശ്രേയ ഘോഷാലിനു വേണ്ടി ട്രാക്ക് പാടാൻ പോയതാണ് ജൂഡിത്ത്. ഗായികയുടെ പാട്ട് ഇഷ്ടപ്പെട്ട വിജയ് യേശുദാസ്, പാട്ടിലെ പെൺസ്വരമായി ജൂഡിത്ത് തന്നെ മതിയെന്ന നിർദേശം മുന്നോട്ടു വയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ അവസരം ജൂഡിത്ത് ഹൃദയപൂർവം സ്വീകരിച്ചു. പാട്ടുവിശേഷം ജൂഡിത്ത് ആൻ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

രാശിയുള്ള തുടക്കം

കൈലാസ് മേനോൻ ആണ് ‘നാം ചേർന്ന വഴികളിൽ’ എന്ന പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ ഒരു പാട്ട് പാടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കൈലാസ് ഏട്ടന്റെ പാട്ട് പാടുന്നവർ പിന്നീട് ഹിറ്റ് ആകും എന്ന് പലരും പറയാറുണ്ട് അങ്ങനെ തന്നെ വരട്ടെ എന്നാണ് എന്റെ പ്രാർഥന. 

judit2
ജൂഡിത്ത് ആൻ, കൈലാസ് മേനോനൊപ്പം ജൂഡിത്ത് ആൻ

പാട്ട് പരീക്ഷയ്ക്കു നൂറിൽ നൂറ്

ഞാൻ ഇപ്പോൾ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് പാട്ട് പഠിച്ചു തുടങ്ങിയത്. ചെറുപ്പം മുതൽ പാടാൻ ഇഷ്ടമാണെങ്കിലും പഠിക്കാൻ പോയിരുന്നില്ല. എട്ടു വയസ്സ് മുതൽ പള്ളി ക്വയറിൽ പാടുമായിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ പള്ളിയിലെ ഫാദർ ആണ് എന്നെ പിയാനോയും പാട്ടുമൊക്കെ പരിശീലിപ്പിച്ചിരുന്നത്. ട്രിനിറ്റി ഗ്രേഡ് എക്സാംസ് ആണ് ഇപ്പോൾ ചെയ്യുന്നത്. കർണാട്ടിക് പഠിക്കുന്നുണ്ട്. ആദ്യമായി സംഗീതം പഠിച്ചതു ബിന്നി കൃഷ്ണകുമാർ മാഡത്തിന്റെ അടുത്തുനിന്നാണ്. അൽഫോൻസ് ജോസഫ് സർ ആണ് വെസ്റ്റേൺ പഠിപ്പിച്ചത്. കഴിഞ്ഞ ട്രിനിറ്റി വെസ്റ്റേൺ ക്ലാസ്സിക്കൽ എക്‌സാമിൽ നൂറിൽ നൂറു മാർക്കും വാങ്ങിയിരുന്നു. അത് അപൂർവനേട്ടമായി കരുതുന്നു. 

പൊന്നിയിൻ സെൽവനിലെ വാനതി 

പാട്ടിനൊപ്പം ഡബ്ബിങ്ങും ചെയ്യുന്നുണ്ട്. ഒടുവിൽ ചെയ്തത് എബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലെ എസ്ഐ ദിവ്യ എന്ന കഥാപാത്രത്തിനു വേണ്ടിയാണ്. ആന്റണി, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ശബ്ദം കൊടുത്തു. സാറ്റർഡേ നൈറ്റിലെ ഡബ്ബിങ് ഡയറക്ടറും ഞാനായിരുന്നു. പൊന്നിയിൻ സെൽവൻ മലയാളം പതിപ്പിൽ ശോഭിത ധൂലിപാലയുടെ വാനതിക്കു വേണ്ടി ശബ്ദം കൊടുത്തിരുന്നു.

judit3
ജൂഡിത്ത് ആൻ, വിജയ് യേശുദാസിനൊപ്പം ജൂഡിത്ത് ആൻ

വെറുതെ പോയി നോക്കി, ഒടുവിൽ പാടി

ഡിഗ്രിക്കു പഠിക്കുമ്പോഴാണ് ചെന്നൈയിൽ ബിന്നി കൃഷ്ണകുമാർ മാമിന്റെ അടുത്ത് പാട്ട് പഠിക്കാൻ പോയത്. മാമിന്റെ വീടിനടുത്ത് ഒരു സ്റ്റുഡിയോ ഉണ്ട്. മാം പറഞ്ഞു ആ സ്റ്റുഡിയോയിൽ ഒന്നു പോയി നോക്കൂ, അവിടെ സിനിമയുടെ വർക്ക് ഒക്കെ നടക്കാറുണ്ട് എന്ന്. അങ്ങനെ ഞാൻ അവിടെ പോയി. ‘പത്ത് കൽപനകൾ’ എന്ന സിനിമയുടെ വർക്ക് ആണ് ആ സമയത്ത് അവിടെ നടന്നുകൊണ്ടിരുന്നത്. ആ സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ പാടാൻ അവസരം ലഭിച്ചു. ഞാൻ പാടിയത് അവർക്ക് ഇഷ്ടപ്പെടുകയും അവർ അത് ഒരു പാട്ട് ആക്കുകയും ചെയ്‌തു. അതായിരുന്നു സിനിമയിലെ എന്റെ ഹരിശ്രീ. പിന്നീട് ഞാൻ എറണാകുളത്ത് വന്ന് താമസം തുടങ്ങിയപ്പോഴാണ് കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. പിന്നെ ബ്രദേഴ്‌സ് ഡേ, താരം തീർത്ത കൂടാരം എന്നീ സിനിമകളിലും പാടി.

ശ്രേയ ഘോഷാലിനു പകരം ഞാൻ

ലിറ്റിൽ ഹാർട്സ് എന്ന സിനിമയിലെ ‘നാം ചേർന്ന വഴികളിൽ’ എന്ന പാട്ടിന്റെ ട്രാക്ക് പാടാനാണ് കൈലാസ് മേനോൻ എന്നെ വിളിച്ചത്. വിജയ്‌ യേശുദാസും ശ്രേയ ഘോഷാലും ചേർന്നാണ് ഈ പാട്ട് പാടുന്നതെന്ന് കൈലാസേട്ടൻ എന്നോടു പറഞ്ഞിരുന്നു. ജൂഡിത്ത് പ്രതീക്ഷയൊന്നും വയ്ക്കരുതെന്നും അദ്ദേഹം മുൻകൂട്ടി പറഞ്ഞു. ട്രാക്ക് പാടിയിട്ട് ഞാൻ പോയി. വിജയ് ചേട്ടന്റെ ഭാഗം റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ പറഞ്ഞത്രേ ഈ പാട്ടിന് ഏറ്റവും യോജിക്കുന്ന ശബ്ദം തന്നെയാണ് എന്റേതെന്ന്. അതുപോലെ തന്നെ സിനിമയുടെ നിർമാതാവ് സാന്ദ്ര തോമസ് പാട്ട് കേട്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും ഈ ഗായിക തന്നെ മതിയെന്നും പറഞ്ഞു.  കൈലാസ് ഏട്ടനും ഞാൻ പാടിയത് ഇഷ്ടമായി. അങ്ങനെയാണ് എന്റെ പാട്ട് തന്നെ സിനിമയിലെത്തിയത്. പാട്ടിനെക്കറിച്ചു മികച്ച പ്രതികരണം അറിയിച്ച് വിജയ് യേശുദാസും സാന്ദ്ര മാമും മെസേജ് അയച്ചിരുന്നു. ഞാൻ ട്രാക്ക് പാടിയ പതിപ്പ് തന്നെയാണ് അവർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം കൈലാസ് ഏട്ടൻ എന്നെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തിയിട്ട് സർപ്രൈസ് ആയിട്ടാണ് അക്കാര്യം എന്നെ അറിയിച്ചത്. ഒരുപാട് സന്തോഷം തോന്നുന്നു. 

ഗൃഹാതുരത ഉണർത്തുന്ന സന്തോഷം 

‘നാം ചേർന്ന വഴികൾ’ക്കു മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിലെ പെൺസ്വരത്തെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മേസേജുകൾ തനിക്കു വന്നെന്ന് കൈലാസേട്ടൻ പറഞ്ഞു. ഗൃഹാതുരതയുണർത്തുന്ന പാട്ടാണിതെന്ന് ആസ്വാദകർ പ്രതികരിക്കുന്നു. ഞാൻ പാടിയ പാട്ട് മറ്റുള്ളവർ മൂളി നടക്കുന്നതു കാണുമ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. 

English Summary:

Interview with singer Judith Ann on Naam Chernna Vazhikalil song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com