ADVERTISEMENT

ഒട്ടേറെ സംഗീത ശാഖകളെ ഒരു കുടക്കീഴിൽ അണിനിരത്തി പാട്ടിന്റെ മാസ്മരിക ലോകം തീർക്കുന്ന ഒരു സങ്കര സംഗീതമാണ് കെ–പോപ്പ്. 1990കളിൽ ദക്ഷിണകൊറിയയിലാണ് കൊറിയൻ ജനപ്രിയ സംഗീതം അഥവാ കെ–പോപ്പ് ജന്മം കൊണ്ടത്. പാട്ടിനൊപ്പമുള്ള ചടുലമായ നൃത്തച്ചുവടുകളും ലളിതവും ഒറ്റക്കേൾവിയിൽ ആസ്വദിക്കാൻ പറ്റുന്ന വരികളും ആ സംഗീതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. കെ–പോപ്പ് സംഗീതത്തിനു പ്രചാരമേറിയതോടെ ആ രംഗത്ത് നിന്നും പുത്തൻ പ്രതിഭകളെ കണ്ടെത്താനും അവർക്കു പരിശീലനങ്ങളും അവസരങ്ങളും  നൽകാനുമായി കൊറിയയിൽ നിരവധി സ്റ്റുഡിയോകളും ഉയർന്നു വന്നു. അതിലൂടെ സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് നിരവധി ബാൻഡുകളും രൂപമെടുത്തു. രാജ്യാന്തര തലത്തിൽ കെ–പോപ്പ് ഒരു തരംഗമായി മാറിയതോടെ സംഗീത പഠനത്തിനു പ്രാധാന്യം ഉറപ്പാക്കി, താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ദക്ഷിണകൊറിയൻ സർക്കാർ കടുത്ത മത്സരങ്ങളും ഒഡീഷനുകളും നടത്തി. തിരഞ്ഞെടുക്കപ്പെടുന്ന10- 12 വയസ്സ് പ്രായമുള്ള കുട്ടികൾക്കു പൊതുസമൂഹവുമായി എങ്ങനെ ഇടപെടണം എന്നതടക്കമുള്ള ക്ലാസ്സുകളും സർക്കാർ നൽകി. ബാൻഡുകളുടെ വളർച്ച കൊറിയൻ സർക്കാരിനെയും വളർത്തി എന്നു തന്നെ പറയാം. എന്നാൽ അന്നാട്ടിലെ നിയമമനുസരിച്ച്  18നും 25നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ യുവാക്കൾ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണം. ബാൻഡ് പരിശീലനം പൂർത്തിയാക്കി, അറിയപ്പെട്ടു തുടങ്ങുന്ന കുട്ടികൾക്കും നിയമത്തിൽ നിന്നും ഇളവുകൾ ലഭിച്ചിരുന്നില്ല. നിർബന്ധിത സൈനിക സേവനത്തിനു വിധേയരാകുന്നതോടെ പല കുട്ടികളും സംഗീതം ഉപേക്ഷിച്ച് കെ പോപ്പിൽ നിന്നും വിട്ടു പോവുകയും ചെയ്തു. ബിടിഎസ്, ബ്ലാക്പിങ്ക്, എക്സോ, ട്വൈസ്, റെ‍ഡ്‌വെൽവെറ്റ് തുടങ്ങിയവയാണ് പ്രസിദ്ധമായ കെ–പോപ് ഗ്രൂപ്പുകള്‍.

ബിടിഎസ്, ബ്ലാക്പിങ്ക് Image Credit: Instagram: BTS, Blackpink
ബിടിഎസ്, ബ്ലാക്പിങ്ക് Image Credit: Instagram: BTS, Blackpink

∙ ചെറുപ്പക്കാരുടെ ബിടിഎസ് 
 

കെ–പോപ്പ് സംഗീത സപര്യയിലൂടെ ലോകമെമ്പാടും അറിയപ്പെട്ട ഒരു ബാൻഡ് ആണ് ബിടിഎസ്. തുടക്കം മുതൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവരാണ് ഈ ഏഴംഗ സംഘം. ഗാനരചയിതാവും മ്യൂസിക് പ്രൊഡ്യൂസറുമായ ബാങ് സി ഹുക്കിന്റെ ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റാണ് 2010ൽ ബിടിഎസ് രൂപീകരിച്ചത്. ആര്‍എം (കിം നാം ജൂൺ), ജംഗൂക് (ജോൺ ജംഗൂക്), ജെ–ഹോപ് (ജങ് ഹൊസോക്), ജിൻ (കിം സോക് ജിൻ), വി (കിം തേഹ്യോങ്), സുഗ (മിൻ യൂൻഗി), ജിമിൻ (പാര്‍ക് ജിമിൻ) എന്നിവരാണു സംഘാംഗങ്ങൾ. സംഗീത വ്യവസായത്തിൽത്തന്നെ വഴിത്തിരിവ് ഉണ്ടാക്കിയ അവർ ബാങ്ടൺ ബോയ്സ് എന്നും ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്സ്, ബിയോണ്ട് ദ് സീൻ എന്നുമൊക്കെ അറിയപ്പെട്ടു. 2013ലാണ് ബിടിഎസ് സംഗീതലോകത്ത് അരങ്ങേറിയത്. സംഘത്തിന്റെ ആദ്യ ആൽബം കൊറിയൻ യുവാക്കൾ നേരിടുന്ന സാമൂഹിക സമ്മർദങ്ങളെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു. അത് ജനങ്ങൾ ഏറ്റെടുത്തില്ല എന്നു മാത്രമല്ല, അധികകാലം മുന്നേറില്ല എന്നു വിധിയെഴുതുകയും ചെയ്തു. എന്നാൽ കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും വിമർശനസ്വരങ്ങളെ കയ്യടികളാക്കി മാറ്റി അവർ മെല്ലെ വളർന്നു. 

‘പ്രൂഫ്’ എന്ന സംഗീത ആൽബത്തിൽ ബിടിഎസ് അംഗങ്ങൾ
‘പ്രൂഫ്’ എന്ന സംഗീത ആൽബത്തിൽ ബിടിഎസ് അംഗങ്ങൾ

∙ ബിടിഎസ് മാജിക്ക് 

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട യുവജനതയുടെ മുമ്പിലേക്കാണ് പ്രതീക്ഷ നൽകുന്ന വരികളുമായി ബിടിഎസ് എത്തുന്നത്. തുടക്കം മുതൽ വളരെ ഗൗരവമുള്ള വിഷയങ്ങളാണ് അവർ തങ്ങളുടെ സംഗീതത്തിലൂടെ ലോകത്തോടു സംവദിച്ചത്. മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ അവർ തങ്ങളുടെ ഗാനങ്ങളിൽ ഉൾപ്പെടുത്തി. പ്രശസ്ത മനശാസ്ത്രജ്ഞൻ കാൾ യുംഗിന്റെ സിദ്ധാന്തങ്ങളും ബിടിഎസ് ഗാനങ്ങളിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു.

∙ ബിടിഎസ് യാത്ര 

'നോ മോർ ഡ്രീം' എന്ന ഗാനത്തോടെ തങ്ങളുടെ ജൈത്ര യാത്ര ആരംഭിച്ച ബിടിഎസ് വളരെ പെട്ടെന്നു തന്നെ കെ–പോപ്പ് ലോകത്ത് നിരവധി ആരാധകരേയും സമ്പാദിച്ചു. ഒപ്പം ഒട്ടേറെ പുരസ്കാരങ്ങളും വാരിക്കൂട്ടി. 'ഡാർക്ക് ആൻഡ് വൈൽഡ്' (2014), 'ദ് മോസ്‌റ്റ് ബ്യൂട്ടിഫുൾ മൊമന്റ് ഇൻ ലൈഫ് പാർട് 2' (2015), 'യങ് ഫോർ എവർ' (2016) എന്നിവ വൻ ഹിറ്റായതോടെ ബിടിഎസിന്റെ പാട്ടുകൾക്കായി ലോകം കാത്തിരിക്കാൻ തുടങ്ങി. 2016ൽ പുറത്തിറങ്ങിയ 'വിങ്സ്' എന്ന ആൽബം പ്രശസ്‌ത അമേരിക്കൻ സംഗീതമാസികയായ 'ബിൽബോർഡി'ന്റെ ലിസ്റ്റിൽ 26 ാം സ്ഥാനത്തെത്തിയതോടെ ലോകമെമ്പാടുമുള്ള കെ–പോപ്പ് ആരാധകരുടെ മനസ്സിൽ ബിടിഎസ് തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു. പുത്തൻ ഗാനങ്ങൾക്കായി കാത്തിരിക്കുന്ന ഒരു ജനതയെയും സംഗീത ലോകത്ത് അവർ സൃഷ്ടിച്ചു. ലോകത്തെ മുഴുവൻ ഒരു സംഗീതച്ചരടിൽ കോർത്തുകെട്ടിയ സംഘമായി ബിടിഎസ് മാറിയതോടെ 18ാം വയസ്സിലെ നിർബന്ധിത സൈനിക സേവനം എന്ന കൊറിയൻ നിയമത്തിൽ ഇളവ് നേടി മുന്നോട്ടു പോകാനും അവർക്കു സാധിച്ചു.

ബിടിഎസ് ബാൻഡ് അംഗങ്ങൾ
ബിടിഎസ് ബാൻഡ് അംഗങ്ങൾ

∙ പുരസ്കാരനിറവിൽ

ബിൽ ബോർഡ് മ്യൂസിക് അവാർഡ്സിലെ മികച്ച സോഷ്യൽ ആർട്ടിസ്റ്റ് പുരസ്കാരം 2017ൽ ലഭിച്ചതോടെ ഈ അവാർഡ് നേടുന്ന ആദ്യ കൊറിയൻ ബാൻഡ് ആയി ബിടിഎസ് മാറി. 2017ൽ അമേരിക്കൻ മ്യൂസിക് അവാർഡ്സിലും ബിടിഎസ് തങ്ങളുടെ സ്ഥാനം ഉറപ്പാക്കി. 2018 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയ്ക്കു മുന്നിൽ സംസാരിക്കുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പായും ബിടിഎസ് മാറി. 2018 ൽ ടൈം മാഗസിൻ ബിടിഎസിനെ കവർ ചിത്രമായി അവതരിപ്പിക്കുകയും തുടർന്ന് 2020ലെ 'എന്റർടൈനർ ഓഫ് ദ് ഇയർ' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. 

2020 ഓഗസ്റ്റിൽ ബിടിഎസിന്റെ ആദ്യ ഇംഗ്ലിഷ് ഗാനം ഡൈനാമൈറ്റ് പുറത്തിറങ്ങി. റിലീസ് ചെയ്ത മിനിറ്റുകൾക്കകം കോടികൾ വ്യൂവർഷിപ്പ് നേടിയ വിഡിയോ ആയി അത് മാറുകയും ചെയ്തു. 2021 ലെ 'ബട്ടർ' എന്ന ഗാനമാകട്ടെ റിലീസ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ഒരു കോടി കാഴ്ചക്കാരെയാണ് നേടിയത്. മികച്ച ബാൻഡ് പെർഫോമർ വിഭാഗത്തിലുള്ള ഗ്രാമി പുരസ്കാരത്തിനും ബിടിഎസ് ശുപാർശ ചെയ്യപ്പെട്ടു. 2021 ലെ അമേരിക്കൻ മ്യൂസിക് അവാർഡ്സിലെ പരമോന്നത ബഹുമതിയായ 'ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ' എന്ന പുരസ്കാരം കരസ്ഥമാക്കിയ ആദ്യ കൊറിയൻ ബാൻഡും ബിടിഎസ് ആണ്. 

∙ പോപ്പുലർ ബിടിഎസ്

തങ്ങളുടെ കാഴ്ചപ്പാടുകളെ സംഗീതത്തിലൂടെ അവതരിപ്പിച്ച ബിടിഎസ്, ആസ്വദിക്കാൻ മാത്രമുള്ളതല്ല സംഗീതം എന്ന വലിയ സന്ദേശം കൂടിയാണ് ലോകത്തിനു നൽകിയത്. എങ്കിലും മറ്റു കൊറിയൻ ബാൻഡുകളെ അപേക്ഷിച്ച് ബിടിഎസ് എന്തു കൊണ്ട് ഇത്ര പോപ്പുലർ ആയി എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു, സോഷ്യൽ മീഡിയ! തങ്ങളുടെ ആരാധകരുമായി സംഘാംഗങ്ങൾ നിരന്തരമായി സമ്പർക്കം പുലർത്തി. അതിനായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും അവർ ഉപയോഗപ്പെടുത്തി. കോവിഡ് കാലവും അവർക്ക് അനുകൂലമായി മാറി എന്നു പറയാം. സംഗീതതത്തിലൂടെയും സംവാദത്തിലൂെടയും പ്രായഭേദമില്ലാതെ എല്ലാവരെയും ആരാധകരാക്കി മാറ്റാൻ ബിടിഎസിനു സാധിച്ചു. 

bts4
ബിടിഎസ് Image Credit: Instagram/bts

∙ വേർപിരിയൽ പ്രഖ്യാപനം

സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുന്നുവെന്ന 2022ലെ ബിടിഎസിന്റെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു. കാരണങ്ങളൊന്നുമില്ലാതെ എന്തിനാണ് അവർ തങ്ങളുടെ ബാൻഡിൽ നിന്നും പിരിഞ്ഞു പോകുന്നത് എന്ന സംശയത്തിനുമത് വഴിയൊരുക്കി. പിന്നീട്, സൈനിക സേവനം ആണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാംഗങ്ങൾ തന്നെ വ്യക്തമാക്കി. നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി 2025 ൽ തിരികെയെത്തുമെന്നും പാട്ടുമായി വീണ്ടും ലോകവേദികൾ കീഴടക്കുമെന്നുമുള്ള ബിടിഎസിന്റെ വാഗ്ദാനം ഹൃദയം കൊണ്ട് സ്വീകരിച്ച് സംഘത്തിന്റെ മടങ്ങിവരവിനു വേണ്ടി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 

∙ ബിടിഎസ് ആർമി

2013ൽ ആരംഭിച്ച ബിടിഎസ് ബാൻഡിന്റെ 'ആർമി' (A.R.M.Y) എന്ന ആരാധകസംഘം ബാൻഡിനോളം തന്നെ ശ്രദ്ധ നേടി. മിക്കവാറും രാജ്യങ്ങളിൽ ഈ 'ആർമി'ക്ക് ശാഖകളുമുണ്ട്. 'ബിടിഎസ്' തീം ആ യി വരുന്ന കീചെയിനും ബാഗുകളും മൊബൈൽ ഫോൺ കവറുകളുമൊക്കെ 'ആർമി' വിതരണം ചെയ്യുന്നു. 

bts-2
ബിടിഎസ് Image Credit: Instagram/bts

∙ സംഘാംഗങ്ങൾ

ജിൻ (കിം സോക് ജിൻ)

തികച്ചും അപ്രതീക്ഷിതമായിരുന്നു ജിന്നിന്റെ ബിടിഎസ്എൻട്രി. മാധ്യമപ്രവർത്തകനാകാൻ മോഹിച്ച വിദ്യാർഥിയായിരുന്നു ജിൻ. തനിക്കു ലഭിച്ച കെ–പോപ്പ് ബാൻഡിലേക്കുള്ള ക്ഷണം നിരസിച്ച് പഠനത്തിനു വേണ്ടി പോയപ്പോൾ അയാൾ ഒരിക്കലും കരുതി കാണില്ല ബിടിഎസ് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. ഒഡീഷനിൽ പങ്കെടുത്ത് ഏഴംഗസംഘത്തിൽ ഒരുവനായതോടെ ജിന്നിന്റെ ജീവിതം അടിമുടി മാറി.

പാര്‍ക് ജിമിൻ (ജിമിൻ)

തന്റെ അധ്യാപികയുടെ നിർബന്ധപ്രകാരമാണ് ജിമിൻ ബിഗ് ഹിറ്റിന്റെ ഓഡിഷനിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതോടെ പാട്ട് തന്നെയാണ് തന്റെ വഴിയെന്നുറപ്പിച്ചു. പാട്ടിനൊപ്പം ജിമിന്റെ ആഭരണ ശേഖരവും ശ്രദ്ധ നേടി. ഇന്ന് ബിടിഎസ് ആർമിയിലെ ഒരു ട്രെൻഡ് സെറ്റർ ആണ് ജിമിൻ. 

bts5
ബിടിഎസ് Image Credit: Instagram/bts

ജംഗൂക് (ജോൺ ജം ഗൂക്)

അത്‌ലറ്റിക്സ്, പെർഫോമിങ് ആർട്സ്, കംപോസിങ്, വിഡിയോഗ്രഫി തുടങ്ങി എല്ലാ മേഖലകളിലും സ്റ്റാർ ആണ് ജംഗൂക്. ബിടിഎസിലെ ഓൾ‌റൗണ്ടർ. സമർഥനായ വിദ്യാർഥി. പാട്ടിലും നൃത്തത്തിലും പ്രതിഭ. വിശേഷണങ്ങൾ ഏറെയുള്ള ജംഗൂക്കിന് വലിയ ആരാധകവൃന്ദവുമുണ്ട്. 

ആര്‍എം (കിം നാം ജൂൺ)

ദക്ഷിണ കൊറിയൻ റാപ്പറും ഗാനരചയിതാവും റെക്കോർഡ് പ്രൊഡ്യൂസറുമാണ് ആര്‍എം. ആർഎമ്മിന്റെ ഗാനം, നാസ തങ്ങളുടെ ചാന്ദ്രദൗത്യത്തിനായി തിരഞ്ഞെടുത്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യം കൊറിയക്കാരനായി ആര്‍എം മാറി. 

ജെ–ഹോപ് (ജങ് ഹൊസോക്)

ഗ്ലോബൽ സൈബർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിങ്ങിലും വിനോദത്തിലും ബിരുദം നേടിയ ജെ–ഹോപ് ഗാനരചയിതാവുകൂടിയാണ്.

bts-1
ബിടിഎസ് Image Credit: Instagram/bts

വി (കിം തേഹ്യോങ്)

ഏറ്റവും മികച്ച വസ്ത്രധാരണമുള്ള കെ–പോപ്പ് താരമാണ് വി. പ്രമുഖ ഫ്രഞ്ച് ഫാഷൻ മാഗസിനായ എൽ ഒഫീഷ്യൽ വിയെ സ്റ്റാർ ആയി പ്രഖ്യാപിച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു.

സുഗ (മിൻ യൂൻഗി)

ബിടിഎസിൽ എത്തിയതോടെ തലവര മാറിയ സുഗ ഇന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായകനാണ്. സുഗയ്ക്ക് ആരാധകരും ഏറെയുണ്ട്. 

English Summary:

K-Pop and Korean culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com