ADVERTISEMENT

'മലയാളത്തിൽ നാളിതുവരെ എന്തുമാത്രം പാട്ടെഴുത്തുകാർ വന്നുപോയി. എല്ലാവരും നല്ല നല്ല പാട്ടുകൾ തന്നിട്ടുണ്ട്. പക്ഷേ എന്നെ സ്വാധീനിച്ചതെന്നു പറയാൻ ഒരാളെ ഉള്ളൂ. എന്നുവച്ചാൽ രോമരോമങ്ങളിൽ വരെ സ്വാധീനിച്ച കാവ്യഗുരു എന്റെ ഭാസ്കരൻ മാഷാണ്. ഞാൻ എഴുതിയ പാട്ടുകൾ മാഷാണ് എഴുതിയിരുന്നെങ്കിൽ അതിനെക്കാൾ പത്തിരട്ടി, പത്തു പോരെടാ നൂറിരട്ടി നന്നാകുമായിരുന്നു. അങ്ങനെപോലും പറയണ്ട, മാഷുണ്ടായിരുന്നെങ്കിൽ ഞാൻ ഈ ഫീൽഡിൽപോലും വരുമോ? ഇല്ലെടാ, സത്യം.'

ആയിരത്തഞ്ഞൂറിലധികം ഗാനങ്ങളിലൂടെ മലയാള ഗാനശാഖയെ സമൃദ്ധമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ ഭാസ്കരൻ മാഷിന്റെ ഗാനപ്പെരുമയെയും അദ്ദേഹം പിൻതലമുറകളിൽ ചെലുത്തിയ പ്രഭാവത്തെയും ഏറ്റവും സത്യസന്ധമായിത്തന്നെ രേഖപ്പെടുത്തുന്നതാണ്. ഇതിനു തുടർച്ചയായി പുത്തഞ്ചേരി മുന്നോട്ടുവച്ച വേറൊരു വിശേഷണംകൂടിയുണ്ട്. 'വയലാർ രാമവർമയുടെ പാട്ടുകൾ കേട്ടാൽ കാൽ തൊട്ടുവന്ദിക്കാനേ തോന്നൂ. പക്ഷേ നമ്മുടെ ഭാസ്കരൻ മാഷിന്റെ പാട്ടു കേൾക്കുമ്പോൾ ഇങ്ങനെ ഇറുക്കെ കെട്ടിപ്പിടിച്ച്‌ കവിളിൽ ഒരുമ്മ കൊടുക്കാൻ തോന്നും.' ഇതു പറഞ്ഞമാത്രയിൽത്തന്നെ പുത്തഞ്ചേരി അടുത്തിരുന്ന ചങ്ങാതിയെ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മവച്ചു കളഞ്ഞു. തട്ടുകടയിൽ കുട്ടി ദോശ കഴിച്ചുകൊണ്ടിരുന്നവർ അതിനെ ലഹരിയുടെ വെറും ഉന്മാദങ്ങളായി കരുതി. ഞാൻ അങ്ങനെ വിചാരിച്ചില്ല. അതിൽ ഒരു  മൗലിക നിരീക്ഷണം ഞാൻ തിരിച്ചറിഞ്ഞു, വയലാറും ഭാസ്കരൻ മാഷും തമ്മിലുള്ള താരതമ്യത്തിനുള്ള സാധ്യതകൾ തുറന്നിട്ടു തന്നു. അതുവഴി മുന്നോട്ടുപോകവേ വയലാർ ഗാനങ്ങളെയും ഭാസ്കരൻ മാഷിന്റെ ഗാനങ്ങളെയും പുതിയ വെളിച്ചത്തിൽ പരിശോധിക്കാനുള്ള സാഹചര്യം എനിക്കു ലഭിച്ചു.

വയലാറും ഭാസ്കരൻ മാഷും തമ്മിൽ മൂന്നു വയസുകളുടെ വ്യത്യസമേയുള്ളു. ഒരേ പ്രത്യയശാസ്ത്രത്തിൽ വിത്തു മുളച്ചവർ. ചുവന്ന പ്രഭാതത്തെ കിനാവുകണ്ട കവി മനസ്സുകൾ. എങ്കിലും സമാനതകളെക്കാൾ അവരിൽ ഞാൻ അനുഭവിക്കുന്നതു വ്യത്യസ്തതയാണ്. വയലാർ എത്രത്തോളം ആശയ തീവ്രതയോടെ പാട്ടുകൾ എഴുതിയോ അത്രയും ഭാവഭംഗിയോടെ ഭാസ്കരൻ മാഷ് ഗാനങ്ങൾ എഴുതി. അവർ സ്വീകരിച്ച ബിംബങ്ങളും പ്രതീകങ്ങളും അലങ്കാരവിതാനങ്ങളും വേറിട്ട മാനസികാവസ്ഥകളെ പ്രതിഫലിപ്പിച്ചു. അതിപരിചിതവും അതീവ ലളിതവുമായ കൽപ്പനകളിൽ ഭാസ്കരൻ മാഷ് അഭിരമിച്ചു. അദ്ദേഹം ഏറ്റവും ലളിതമായി മുല്ല എന്നെഴുതും. പക്ഷേ വനജ്യോത്സന എന്നെഴുതിയാലേ വയലാർ സംതൃപ്തിപ്പെടുകയുള്ളൂ. മരം, കുന്ന്, മഴവില്ല്, വെള്ളരിപ്പൂവ് എന്നൊക്കെ എഴുതാൻ മാഷ് താൽപര്യപ്പെട്ടു. വയലാറാകട്ടെ ദേവദാരു, ഗന്ധമാദനം, ഇന്ദ്രചാപം, ഇന്ദ്രവല്ലരി എന്നൊക്കെ എഴുതുന്നതിൽ സുഖം കണ്ടു. 

ഗാനരചനയിൽ കഥാപാത്രങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിലും സാംസ്കാരിക സവിശേഷതകളിലും വയലാർ ഊന്നൽ നൽകിയപ്പോൾ കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിൽ ഭാസ്കരൻ മാഷ് സവിശേഷമായി ശ്രദ്ധിച്ചു. അവരുടെ സൂക്ഷ്മവ്യക്തിത്വങ്ങളെ പാട്ടിൽ കൊണ്ടുവരാൻ പരിശ്രമിച്ചു വിജയിച്ചു. സാധാരണക്കാരുമായി ബന്ധം സ്ഥാപിക്കാൻപോന്ന തരത്തിലുള്ള പദങ്ങൾ ഉപയോഗിച്ചു ശീലിച്ചു.  ചലച്ചിത്ര ഗാനങ്ങൾ കഥാപാത്രങ്ങളുടെ മാനസിക സ്ഥിതിയുടെ തീവ്രതയും സ്വാഭാവികതയും ഒരുമിച്ചു കൊണ്ടുവരണം എന്ന ചിന്ത നടീനടൻമാരും പ്രയോജനപ്പെടുത്തി. ഇതിനെപ്പറ്റി പ്രേം നസീർ  കൃത്യമായി പറഞ്ഞു- ‘ഭാസ്കരൻ മാഷിന്റെ പാട്ടുകൾ അഭിനയിക്കാൻ എളുപ്പമാണ്. മാഷ് വരികളിൽ എല്ലാം എഴുതി വച്ചിട്ടുണ്ടാവും. ഞാൻ അതുപോലെ കാണിച്ചുകൊടുക്കും. വേറെ യാതൊരു ബുദ്ധിമുട്ടുമില്ല.’ എന്നാൽ ഭാസ്കരൻ മാഷ് പ്രേമഗാനങ്ങളിൽ  കൊണ്ടുവന്ന  ശൃംഗാര സാന്ദ്രതയും വികാരലോലുപതയും അനുഭാവങ്ങളും സഞ്ചാരീഭാവങ്ങളും  നായികമാരിൽ  വളരെ സങ്കോചമുണ്ടാക്കി.  ബാബുക്കയുടെ പ്രണയസംഗീതം അതിനെ പിന്നെയും തീവ്രമാക്കി. വരികളിലെ തരളതകളൊന്നാകെ  മുഖത്തു കൊണ്ടുവരാൻ അഭിനയ വിദുഷി ശാരദയും ക്ലേശിച്ചിരുന്നു.

ഭാസ്കരൻ മാഷ് എഴുതിയ പാട്ടുകളിലെ നായികമാർ പൊതുവേ കുലീനകളും ലജ്ജാവതികളുമാണ്. ഉള്ളിൽ മറഞ്ഞുകിടക്കുന്ന വികാരങ്ങളെ തുറന്നു പ്രകടിപ്പിക്കാൻ അവർക്കു സാധിക്കുന്നില്ല. അവരുടെ പരിമിതികളെ മാഷ് ഗാനസാധ്യതയാക്കി മാറ്റിയെടുക്കുന്നു. നായകനെ സംബോധന ചെയ്യാൻ അവർ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ‘അങ്ങ്’, ‘അവിടുന്ന്’, ‘ഭവാൻ’ തുടങ്ങിയ ഫ്യുഡൽ സ്വഭാവം പുലർത്തുന്ന  പദങ്ങളിലൂടെ നായികമാർ, നായകൻമാരോടുള്ള അതിരുകവിഞ്ഞ ആരാധനാഭാവം പ്രകടിപ്പിക്കുന്നു. ഭാസ്കരൻ മാഷിന്റെ പാട്ടിലെ നായകന്മാരും സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ തികഞ്ഞ ഭവ്യത പുലർത്തുന്നുണ്ട്. സ്നേഹത്തോടൊപ്പം ബഹുമാനവും ഉൾക്കൊള്ളുന്ന വാക്കുകൾ സമാന്തരമായി കവിയുടെ ഉയർന്ന വ്യക്‌തിത്വത്തെയും പ്രകടമാക്കുന്നു.

മലയാള സിനിമാഗാനചരിത്രത്തിൽ ഭാസ്കരൻ മാഷിന്റെ സാന്നിധ്യം ഒരു നിലാത്തിരിപോലെ സൗമ്യമായിരുന്നു. ദൃശ്യാനുഭവത്തോടൊപ്പം  ഭാസ്കരൻ മാഷിന്റെ പാട്ടുകൾ ഒരു ഗന്ധാനുഭവവും ശ്രോതാക്കൾക്കു നൽകി. ഇതിനു വിപരീതമായി പാട്ടുകളിൽ വയലാർ ഒരു പന്തംപോലെ ജ്വലിച്ചുനിന്നു. അദ്ദേഹം എഴുതിയ ഗാനങ്ങൾ വർണാനുഭവങ്ങളുടെയും സംയോഗമായി. പാട്ടുകളിൽ സ്ത്രൈണസൗന്ദര്യത്തെ ആവിഷ്കരിക്കാൻ  ഭാസ്കരൻ മാഷ് മോഹിച്ചു. പൗരുഷഭാവം വയലാർ ഗാനങ്ങൾക്കു വിശേഷാൽ ഗാംഭീര്യം കൊടുത്തു. നാട്ടുശീലുകളിൽ മെനഞ്ഞെടുത്തവയാണ് ഭാസ്കരൻ മാഷിന്റെ പാട്ടുകൾ. അവയുടെ അനുപമമായ ശാലീനത ആരുടെയും ശ്രദ്ധയിൽ വരും. എന്നാൽ ആസ്വാദനത്തെ തടസപ്പെടുത്തുന്നില്ലെങ്കിലും വരികളിൽ നിരന്തരം കടന്നുവരുന്ന അഭിജാതമുദ്രകൾ വയലാർ ഗാനങ്ങളെ പലപ്പോഴും കവിതയുടെ തലത്തിലേക്കു കൊണ്ടുപോകുന്നു. ഭാസ്കരൻ മാഷിന്റെ  പദ പരിമിതി ഗാനവിമർശകർ ചൂണ്ടിക്കാണിക്കുമ്പോൾത്തന്നെ വാക്കുകളെ ധൂർത്തടിച്ചു ജീവിച്ച  വയലാറിനെയും പാട്ടുപ്രേമികൾ കാണാതിരിക്കുന്നില്ല. 

ഭാസ്കരൻ മാഷ് എന്നും സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കാൻ  ആഗ്രഹിച്ചു. വയലാർ ജീവിതാന്ത്യംവരെ യാഥാർഥ്യങ്ങളിൽ ജീവിച്ചുകൊണ്ടിരുന്നു. തെളിഞ്ഞ പുഴപോലെ സ്വച്ഛവും ശാന്തവുമാണ് മാഷിന്റെ പാട്ടുകൾ. വയലാർ ഗാനങ്ങളാകട്ടെ സമുദ്രംപോലെ അഗാധവും പ്രക്ഷുബ്ധവുമാണ്. ഭാസ്കരൻ മാഷിന്റെ ഗാനങ്ങളെ വികാരപ്രധാനമായ ഹിന്ദുസ്താനി സംഗീതവുമായി താരതമ്യപ്പെടുത്തിയാൽ  വയലാർ ഗാനങ്ങൾ കർണാടക സംഗീതമാണ്. ഭാസ്കരൻ മാഷിൽ വിഷാദഭംഗികൾക്കു വലിയ പ്രാധാന്യമുണ്ട്. വയലാർ ശുഭചിന്തകൾ കൊണ്ടുനടക്കുന്ന ഗാനകൃത്താണ്. ഭാസ്കരൻ മാഷിലെ വികാരമൂർച്ഛ വയലാറിൽ ബൗദ്ധികതയായി പരിവർത്തനപ്പെടുന്നു. ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ ലളിതസുന്ദരമാണെങ്കിൽ വയലാർ ഗാനങ്ങൾ പൊതുവേ ഗഹനസങ്കീർണമായി അനുഭവപ്പെടുന്നു. ഭാസ്കരൻ മാഷിനെ ഗാനത്തിലെ മിഴ്സാ ഗാലിബ് എന്നു വിശേഷിപ്പിച്ചാൽ വയലാർ രാമവർമയ്ക്കു ചേരുന്നത് ഗാനസാഹിത്യത്തിലെ കാളിദാസൻ എന്ന വിശേഷണമാണ്. ആദ്യത്തെയാൾ  സമ്പൂർണമായും കാൽപനികതയെ പ്രതിനിധീകരിക്കുന്നു. മറ്റയാൾ എഴുത്തിലെ ക്ലാസിക് പ്രവണതകളെ നിലനിർത്തുന്നു. തോമസ് ലോവെൽ ബെഡോസ്, ജോർജ് മെരെഡെത് എന്നിവർ ഭാസ്കരൻ മാഷുമായി താരതമപ്പെടുത്താൻ കഴിയുന്ന പടിഞ്ഞാറൻ കവികളാണ്. അതേസമയം വയലാറിൽ ഞാൻ തിരിച്ചറിയുന്നത് ജോൺ കീറ്റ്സ്, പി.ബി.ഷെല്ലി എന്നിവരുടെ സ്വാധീനതകളാണ്. ബോളിവുഡിലെ താരപദവി നേടിയ ഗാനരചയിതാക്കളായ ഫൈസ് അഹമ്മദ് ഫൈസി, മജ്‌റൂഹ് സുൽത്താൻപുരി എന്നിവരുമായി ഭാസ്കരൻ മാഷ് ചേർന്നുപോകുമ്പോൾ ശൈലേന്ദ്ര, സഹീർ ലുധിയാനവി എന്നിവർ വയലാറുമായി സൗഹൃദപ്പെട്ടുനിൽക്കുന്നു.

ഭാസ്കരൻ മാഷിന്റെ ഗാനപദ്ധതിയുമായി യോജിച്ചിണങ്ങുന്ന ഗാനരചയിതാക്കൾ പാശ്ചാത്യ സിനിമകളിലുമുണ്ട്. പോൾ വില്യംസ്, ജോണി മെഴ്‌സർ, ജിമ്മി വെബ് എന്നിവരെ ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുന്നു. കൂടാതെ പാഴ്‌സി സാഹിത്യത്തിലെ വിരാട് പ്രതിഭകളായ ജലാലുദ്ദീൻ റൂമി, സാദി ഷീറാസി, ഹാഫിസ് ഷീറാസി എന്നിവരുമായും മാഷിന്റെ സർഗാത്മക ജീവിതം വലിയൊരളവിൽ  കടപ്പെട്ടിരിക്കുന്നതായും  എനിക്കു  തോന്നിയിട്ടുണ്ട്. സത്യത്തിൽ  ഈ തോന്നൽ ഉൾപ്പെടെ മുകളിൽ അവതരിപ്പിച്ച താരതമ്യങ്ങളത്രയും വ്യക്തിപരമാണെന്നും രാസപരീക്ഷണങ്ങളിലൂടെ ഇവയുടെ കൃത്യത കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നുകൂടി വിനയപുരസ്സരം സൂചിപ്പിച്ചുകൊണ്ട്, നൂറാം ജന്മദിനത്തിൽ പ്രിയപ്പെട്ട ഭാസ്കരൻ മാഷിന് സ്നേഹാദരവുകൾ അർപ്പിച്ചുകൊള്ളട്ടെ.

(ലേഖകൻ മഹാരാജാസ് കോളജിലെ പ്രഫസറും ചലച്ചിത്ര ഗാനരചയിതാവുമാണ്.)

English Summary:

Memories of legend P. Bhaskaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com