ADVERTISEMENT

വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലെ ‘ജീവിതഗാഥകളെ’ ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പിന്നണി പാടിയ കെ.എസ്.ചിത്രയ്ക്കും സ്ട്രിങ്സ് വായിച്ച ബുഡാപെസ്റ്റ് ഓർക്കസ്ട്രയ്ക്കൊപ്പമുള്ള റെക്കോർഡിങ് സെഷന്റെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. റെക്കോർഡിങ് സെഷൻ കാണുമ്പോൾ 'രോമാഞ്ചം' തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. അത്രയും ബൃഹത്തായ ഓർക്കസ്ട്രയാണ് ഈ ഗാനത്തിനു വേണ്ടി അണിനിരന്നത്. 

അമ‍ൃത് രാംനാഥാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയത്. ‘ജീവിതഗാഥകളെ’ എന്ന ഗാനത്തിനു വരികളെഴുതിയത് വൈശാഖ് സുഗുണൻ ആണ്. കെ.എസ്.ചിത്ര, ശ്രീവൽസൻ.ജെ.മേനോൻ, മിഥുൻ ജയരാജ്, അമൃത് രാംനാഥ് എന്നിവർ ചേർന്നാണു സിനിമയിൽ ഈ ട്രാക്ക് ആലപിച്ചത്. വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ റെക്കോർഡിങ് സെഷൻ ഈ ഗാനത്തിന്റേതായിരുന്നുവെന്ന് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ അമൃത് രാംനാഥ് പറഞ്ഞിരുന്നു. "ബുദ്ധിമുട്ടേറിയ പാട്ടെന്നു പറയുന്നതിനെക്കാൾ വെല്ലുവിളി ഉയർത്തിയ ട്രാക്കെന്നു വിളിക്കാനാണ് എനിക്ക് ഇഷ്ടം," സംഗീതസംവിധായകൻ അമൃത് രാംനാഥ് പറയുന്നു. 
 

"ജീവിതഗാഥകളെ എന്ന പാട്ടിന്റേത് അൽപം നീണ്ട പ്രക്രിയ ആയിരുന്നു. സിനിമയിൽ വലിയ പ്രധാന്യമുള്ള പാട്ടാണ് ഇത്. നിറയെ ലെയറുകളുണ്ട് ഈ പാട്ടിന്. ക്ലാസിക്കൽ ഫ്ലേവറിലുള്ള മെലഡിയാണ്. അത് ആരു പാടും എന്ന ചോദ്യം വന്നപ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരുപോലെ വന്നത് ചിത്ര ചേച്ചിയുടെ പേരാണ്. ഈ പാട്ടിന്റെ സ്ട്രിങ്സ് റെക്കോർഡ് ചെയ്തത് സൂം കോൾ വഴിയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റ് ഓർക്കസ്ട്രയാണ് സ്ട്രിങ്സ് വായിച്ചത്. 40 പേർ ചേർന്നായിരുന്നു ആ സെഷൻ. വർഷങ്ങൾക്കു ശേഷം എന്ന സിനിമയ്ക്കു വേണ്ടി ചെയ്തവയിൽ ഏറ്റവും ബൃഹത്തും സമയമെടുത്തു ചെയ്തതും ഈ ട്രാക്കാണ്," അമൃത് രാംനാഥ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

"ചിത്രചേച്ചി അതുല്യയായ ഒരു ഗായികയാണ്. അവർക്കൊപ്പം ഈ ഗാനത്തിന്റെ റോക്കോർഡിങ് സെഷനിൽ ഇരുന്നപ്പോൾ മനസ്സിലായി, അവരെ എന്തുകൊണ്ടാണ് ഇതിഹാസ ഗായികയെന്നു വിളിക്കുന്നതെന്ന്! ഈ പാട്ട് മനോഹരമാക്കുന്നതിനു വേണ്ടി എന്തു ചെയ്യാനും അവർ തയാറായിരുന്നു. എന്തു മാറ്റം വേണമെങ്കിലും പറഞ്ഞോളൂ, ചെയ്യാം എന്നാണ് ചേച്ചി പറഞ്ഞത്. എത്ര ടേക്ക് പോവാനും ചേച്ചി റെഡി ആയിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപു പാടി തുടങ്ങിയ, അത്രയും സീനിയറായ ഒരു ഗായിക ഒരു പാട്ടിനു വേണ്ടി അത്രയും ചെയ്യാൻ തയാറായത് എനിക്ക് ഏറെ പ്രചോദനം നൽകിയ അനുഭവമായിരുന്നു. ഇപ്പോഴത്തെ കാലത്ത് ഇതുപോലുള്ള മെലഡി അപൂർവമായേ സംഭവിക്കാറുള്ളൂ എന്നാണ് റെക്കോർഡിങ് കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞത്. അതു കേട്ടപ്പോൾ ഉള്ളിലൊരു സന്തോഷം തോന്നി. എത്രയോ പാട്ടുകൾ പാടിയിട്ടുള്ള ഗായികയാണ്. അവർക്ക് ഇഷ്ടപ്പെട്ടെന്നു കേട്ടപ്പോൾ മനസ്സിനൊരു തൃപ്തി തോന്നി," അമൃത് പറഞ്ഞു. 

English Summary:

Jeevithagaadhakale song Making Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com