വൃക്ക മാറ്റി വയ്ക്കാൻ അദീത് കൃഷ്ണയ്ക്ക് സുമനസ്സുകൾ കനിയണം
Mail This Article
തൃശൂർ ∙ അദീത് കൃഷ്ണ പത്താം ക്ലാസിലാണ്. ഒറ്റ ദിവസമേ ക്ലാസിൽ പോകാനായുള്ളു. ആദ്യദിവസം സ്കൂളിൽ പോയി വന്നപ്പോൾ പനി പിടിച്ചു, പിന്നെ അണുബാധ ഭയന്ന് സ്കൂളിൽ വിട്ടില്ല. സ്കൂളിൽ പോകണമെന്നാണ് ആഗ്രഹം. അതിന് വൃക്ക മാറ്റി വയ്ക്കണം. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ തുക കണ്ടെത്താൻ സുമനസ്സുകൾ കനിയണം.
അയ്യന്തോൾ പുതൂർക്കര മാമ്പുള്ളി ഹരിദാസൻ– ശാരിക ദമ്പതികളുടെ നാലു മക്കളിൽ മൂത്തവനായ അദീത് കൃഷ്ണയ്ക്ക് നാലാം വയസ്സിൽ തന്നെ രോഗം സ്ഥിരീകരിച്ചു. ഏതാനും വർഷങ്ങളായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയ്ക്ക് അസുഖം മൂർച്ഛിച്ചപ്പോൾ ഡയാലിസിസ് ആരംഭിക്കേണ്ടി വന്നു. ഇപ്പോൾ ആഴ്ചയിൽ 2 ദിവസം ഡയാലിസിസിനു പോകണം.
ജീവൻ നിലനിർത്താൻ ഉടൻ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് 35 ലക്ഷം രൂപ വേണ്ടി വരും. ശാരീരികമായി വൈകല്യമുള്ള ഹരിദാസ് മുച്ചക്ര വണ്ടിയിൽ ലോട്ടറി വിൽപന നടത്തിയാണു വരുമാനം കണ്ടെത്തുന്നത്. കടുത്ത പ്രമേഹ രോഗിയുമാണ്. ശാരികയ്ക്ക് ജനിതക പ്രശ്നങ്ങളുമുണ്ട്. ഇരുവർക്കും വൃക്ക ദാനം ചെയ്യാനാവാത്തതിനാൽ പുറമേ നിന്ന് വൃക്കദാതാവിനെ കണ്ടെത്തേണ്ടതുണ്ട്. അദീതിനു പുറമേ 3 പെൺമക്കളാണ് ഈ ദമ്പതികൾക്ക്. വാടക നൽകാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. ഇതിനിടെ വേണം ചികിത്സയ്ക്കും മരുന്നുകൾക്കുമുള്ള പണം കണ്ടെത്താനും വീട്ടുചെലവുകൾ നടത്താനും.
നാട്ടുകാർ മുൻകയ്യെടുത്ത് എംപിയും മേയറും എംഎൽഎയും മുഖ്യരക്ഷാധികാരികളായും കൗൺസിലർ ഉൾപ്പെടെയുള്ളവർ രക്ഷാധികാരികളായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. രതീശൻ വാരണംകുടത്ത് (പ്രസി.), കെ.വി.അജയഘോഷ് (സെക്രട്ടറി) എന്നിവരാണു ഭാരവാഹികൾ. ചികിത്സാ സഹായത്തിനായി അയ്യന്തോൾ കനറാ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Canara Bank, Ayyanthole, Thrissur
A/C No: 110060698520
IFSC: CNRB0006757
സമിതി പ്രസിഡന്റിന്റെ ഫോൺ: 9846257419