സുമനസ്സുകളുടെ സഹായം തേടി മനോജിന്റെ കുടുംബം
Mail This Article
കോട്ടയം ∙ അപ്രതീക്ഷിതമായി കടന്നെത്തിയ ദുരിതം. മനോജിന്റെ കുടുംബത്തിന് കരകയറാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരു. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന വാകത്താനം മുള്ളൻമടയ്ക്കൽ എം.കെ.മനോജിന്റെ (43) ജീവിതത്തിന്റെ ഓട്ടത്തിനിടയിലേക്കാണ് അപ്രതീക്ഷതമായി ട്യൂമർ കടന്നെത്തുന്നത്. ദിവസ വരുമാനം കൊണ്ട് ഭാര്യയും രണ്ട് പെൺകുട്ടികളുമായി സന്തോഷകരമായ കുടുംബ ജീവിതത്തിൽ. സങ്കടത്തിന്റെ തീരാനോവായി മാറി രോഗം. 9 മാസം മുൻപ് ഡ്രൈവിങ്ങിനിടെ ബോധക്ഷയം വന്നതാണ് തുടക്കം. ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് തലയിൽ ട്യൂമർ ബാധിച്ചെന്ന് അറിയുന്നത്. രോഗത്തിന്റെ തീവ്രത കാരണം രണ്ട് കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. തുടർച്ചായായുള്ള കീമോ ശരീരത്തെ തളർത്തി.
ആഹാരം കഴിക്കാൻ സാധിക്കുന്നില്ല. സോഡിയം അളവ് താഴ്ന്നു പോകുന്നതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇപ്പോൾ മനോജ്. വാകത്താനം പള്ളിക്കുന്നിലെ ഒറ്റ മുറി വാടക വീട്ടിലാണ് കുടുംബവുമായി താമസം. 5 മാസമായി വാടക നൽകാൻ കഴിയുന്നില്ല. വീട്ടുടമയുടെ കാരുണ്യം കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡ്, മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ ചികിത്സയ്ക്കും മരുന്നിനുമായി ഒരു മാസം 50000 രൂപയോളം ചെലവു വരുന്നു. പണമില്ലാത്തതിനാൽ ആശുപത്രിയിലേക്കുള്ള യാത്ര പോലും മുടങ്ങുന്നു. ഭാര്യ ലിജിലി പരിചരണത്തിനായി മുഴുവൻ സമയം കൂടെ വേണ്ടതിനാൽ ജോലിക്കു പോകാൻ കഴിയില്ല. പ്ലസ്ടുവിലും ഏഴാം ക്ലാസിലും പഠിക്കുന്ന പെൺമക്കളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന സ്ഥിതിയിലാണ്. സുമനസുകളുടെ കാരുണ്യം ലഭിച്ചാൽ മാത്രമേ മനോജിന് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കു.
ഗൂഗിൾ പേ നമ്പർ : 9567047173
ഫോൺ : 9567047173
ബാങ്ക് അക്കൗണ്ട്
കേരള ഗ്രാമീൺ ബാങ്ക് വാകത്താനം ശാഖ
അക്കൗണ്ട് നമ്പർ : 40614101054099
ഐഎഫ്എസ്എസി കോഡ് : KLGB0040614