ഒരു കൈ സഹായം തരൂ; റിജോ ജീവിതത്തിലേക്ക് മടങ്ങട്ടെ
Mail This Article
ചെറുതോണി ∙ പാറമടയിൽ ഉണ്ടായ അപകടത്തിൽ അബോധാവസ്ഥയിലായി ഗൃഹനാഥൻ കിടക്കയിലായതോടെ നിസ്സഹായാവസ്ഥയിലായ ഭാര്യയും മൂന്നു പിഞ്ചു കുഞ്ഞുങ്ങളും ഒരുകൈ സഹായത്തിനായി സുമനസ്സുകളെ തേടുന്നു.
എട്ടു മാസം മുൻപു വരെ ഊർജസ്വലനായിരുന്ന യുവാവായിരുന്നു പഴയരിക്കണ്ടം പൊന്നെടുത്താൻ സ്വദേശിയായ പാട്ടത്തിൽ റിജോ(32). മൂന്നു പിഞ്ചുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഏതു ജോലിയും ചെയ്തിരുന്ന കഠിനാധ്വാനി. ഡ്രൈവറായി ജോലി ചെയ്തിരുന്ന റിജോ നാട്ടിൽ പണി ഇല്ലാതായതോടെ മൂവാറ്റുപുഴയ്ക്കു സമീപം മാറാടിയിലുള്ള പാറമടയിൽ ജോലിക്കു കയറി. എന്നാൽ കഴിഞ്ഞ മാർച്ചിൽ പാറമടയിലുണ്ടായ ദുരന്തം ആ യുവാവിന്റെ സ്വപ്നങ്ങൾക്കു മേലെ ഇരുൾ വീഴ്ത്തി. പാറ പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി തെറിച്ചു വന്ന കരിങ്കല്ല് റിജോയുടെ തലയിലാണു പതിച്ചത്. അബോധാവസ്ഥയിലായ റിജോ പിന്നെ ജീവിതത്തിലേക്കു തിരികെ വന്നിട്ടില്ല. രാജഗിരിയിലെ ആശുപത്രിയിലായിരുന്നു ഇക്കാലമത്രയും ചികിത്സ.
അബോധാവസ്ഥയിൽ തുടരുകയാണെങ്കിലും റിജോയുടെ കാലുകൾക്കും കൈകൾക്കും ചലനശേഷിയുണ്ട്. ഇതു ശുഭകരമാണെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. മതിയായ ചികിത്സ ലഭിച്ചാൽ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിനു ഏറെ പണം ആവശ്യമാണ്. ആഴ്ചയിൽ 5000 രൂപയുടെ മരുന്ന് ഇപ്പോൾ തന്നെ റിജോയ്ക്കു വേണമെന്നു ഭാര്യ മെറിൻ പറയുന്നു. സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇതു കണ്ടെത്തുന്നത്. റിജോ ആശുപത്രിയിൽ ആയതോടെ ഇവരുടെ വീട് അറ്റകുറ്റപ്പണികൾ നടത്താനാവാതെ ഇടിഞ്ഞു വീണിരുന്നു. ഇതോടെ ആറും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളും രണ്ടു വയസ്സുള്ള ആൺകുട്ടിയും അടങ്ങുന്ന കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്.
ഫെഡറൽ ബാങ്ക് വണ്ണപ്പുറം ശാഖയിൽ റിജോയുടെ ഭാര്യ മെറിൻ റിജോയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പർ : 13640100163458.
ഐഎഫ്എസ്‌സി: FDRL 0001835)
ഗൂഗിൾ പേ : 7558918527