ADVERTISEMENT

വർക്കല ∙ ദുർഗയ്ക്കിത് പത്താംക്ലാസ് പരീക്ഷയ്ക്കു പഠിക്കേണ്ട നേരമാണ്. ആ പരീക്ഷ ജയിച്ചുവന്നാലും വീടുംകിടപ്പാടവും പോകുമോയെന്നതാണ് ആധി. ആരെങ്കിലും സഹായത്തിന്റെ ഒരു കൈ നീട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. അതുണ്ടായില്ലെങ്കിൽ പത്താംക്ലാസിൽ ‘ഫുൾ എ പ്ലസ്’ നേടിയിട്ടും വീട്ടിലെ പ്രയാസങ്ങളോടു പിടിച്ചുനിൽക്കാതെ ജീവിതമുപേക്ഷിച്ചുപോയ ജ്യേഷ്ഠന്റെ വഴിയിലേക്ക് അമ്മയേയും കൂട്ടി പോകേണ്ടി വരും ഈ മകൾക്ക്.

വർക്കല ചെറുന്നിയൂർ തെറ്റിക്കുളത്ത് ചരുവിള വീട്ടിൽ ദുർഗ ഞെക്കാട് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ഏകാശ്രയമായ അമ്മ സൂര്യ(38) ഹൃദ്രോഗിയാണ്. പഠിക്കാൻ മിടുമിടുക്കനായിരുന്നെങ്കിലും തന്നെ ബാധിച്ച വൃക്കരോഗത്തിന്റെ വിഷാദവും വീട്ടുകാരുടെ ദൈന്യതയും കണ്ട് മനംനൊന്ത് സഹോദരൻ സുരാജ് 2021–ൽ ആത്മഹത്യ ചെയ്തതു മുതലാണ് ഇവരുടെ ജീവിതദുരിതം തുടങ്ങുന്നത്. സുരാജിന്റെ ചികിത്സയ്ക്കു വേണ്ടി അച്ഛൻ രാജുകുമാർ ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ ബാധ്യതയായപ്പോൾ അച്ഛനും ആത്മഹത്യയിൽ അഭയം കണ്ടു. ഹൃദയശസ്ത്രക്രിയ ചെയ്തിട്ടുള്ള സൂര്യയ്ക്ക് മകളുടെ പഠനചെലവു പോലും കണ്ടെത്താൻ കഴിയാതിരിക്കെയാണ് ആകെയുള്ള സ്ഥലത്തിന് ജപ്തിനോട്ടിസ് എത്തിയത്. 9.28 ലക്ഷം രൂപയുടെ ബാധ്യത തീർത്തില്ലെങ്കിൽ ഉടൻ ജപ്തിയിലേക്ക് കടക്കേണ്ടി വരുമെന്ന് ബാങ്ക് വ്യക്തമാക്കി കഴിഞ്ഞു.

SSLC-mark
പത്താംക്ലാസിൽ ഫുൾ എ പ്ലസ് നേടിയ സുരാജിന്റെ മാർക്ക് ലിസ്റ്റ്

രണ്ടു പശുക്കളും കൃഷിയുമായി നല്ല നിലയിൽ ജീവിച്ചുവരുന്നതിനിടെയാണ് മകന്റെയും ഭാര്യയുടെയും അസുഖം ഇവരുടെ ജീവിതം കീഴ്മേൽമറിച്ചത്. ഇതിനെടുത്ത വായ്പ ആദ്യം മുടക്കം കൂടാതെ അടച്ചെങ്കിലും കോവിഡും മറ്റും പ്രതിസന്ധി കടുപ്പിച്ചു. രാജുകുമാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റും സഹായിച്ചതു കൊണ്ട് വടശ്ശേരിക്കോണത്ത് ചെറിയ ചായക്കട തുടങ്ങിയതു വഴി കിട്ടുന്ന ചെറുവരുമാനം മാത്രമാണ് ഇപ്പോൾ ഇവരുടെ ഏകാശ്രയം. നല്ലകാലത്ത് രാജ്കുമാർ ചെറിയ സമ്പാദ്യം ചേർത്തുണ്ടാക്കിയ നല്ലൊരു വീടും ആറരസെന്റ് സ്ഥലവുമാണ് വായ്പയ്ക്കായി ഈടുവച്ചത്. ബാധ്യത തീർക്കാൻ കഴിയാതെ ജപ്തിനടപടി നേരിടേണ്ടി വന്നാൽ സഹോദരന്റെയും അച്ഛന്റെയും വഴി സ്വീകരിക്കേണ്ടി വരുമോയെന്ന ആശങ്കയോടെ ദുർഗ ഇക്കുറി പത്താംക്ലാസ് പരീക്ഷയ്ക്കൊരുങ്ങുന്നു. ഏതു ചെറുസഹായവും ഇവർക്ക് ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്. 

അമ്മ സൂര്യയുടെ ഫോൺ നമ്പറും ഗൂഗിൾ പേ നമ്പറും: 8848958578.
എസ്ബിഐയിലെ സൂര്യയുടെ അക്കൗണ്ട് നമ്പർ: 67133272727,
IFSC: SBIN0070347
(അക്കൗണ്ട് നെയിം: SURYA).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com