35 കീമോതെറപ്പി: ജീവിതത്തിലേക്ക് തിരികെവരാൻ സഹായം തേടി അഭിനാഥ്
Mail This Article
കറ്റാനം ∙ മറ്റുള്ള കുട്ടികളെ പോലെ സ്കൂളിൽ പോകാനും കൂട്ടുകാരോടൊത്ത് കളിക്കാനും കുഞ്ഞ് അഭിനാഥിനും അതിയായ ആഗ്രഹമുണ്ട്. എന്നാൽ തന്നെ ബാധിച്ച കാൻസർ രോഗം ഈ ആഗ്രഹങ്ങളെല്ലാം തല്ലിക്കെടുത്തിയിരിക്കുകയാണ്. ഭരണിക്കാവ് അഭിനാഥ് (8) ആണ് അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന കാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സുമനസ്സുകളുടെ കരുണ ഉണ്ടെങ്കിൽ മാത്രമേ അഭിനാഥിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുകയുള്ളു. മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ രോഗം ഭേദമാക്കാൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു.
തുടർന്ന് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതി കണ്ടെത്തിയ തുക വിനിയോഗിച്ച് 8 മാസങ്ങൾക്ക് മുൻപ് അഭിനാഥിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാണ്. നിർഭാഗ്യവശാൽ ഒരു മാസം കഴിഞ്ഞപ്പോൾ ശരീരം ഇതിനെ തിരസ്കരിച്ചത് പ്രതീക്ഷകളെ അസ്ഥാനത്താക്കി. ഇനിയുള്ള ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 40 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരും. എന്നാൽ ഓട്ടോ ഡ്രൈവറായ പിതാവ് എബിസുധനും വീട്ടമ്മയായ മാതാവ് മിട്ടുവിനും ഈ തുക ചിന്തിക്കുന്നതിനും അപ്പുറമാണ്. ആകെ ഉള്ള 4 സെന്റും കിടപ്പാടവും ഇപ്പോൾ ജപ്തി ഭീഷണിയിലുമാണ്.
കഴിഞ്ഞ 10 മാസക്കാലമായി ചികിത്സ തേടുന്ന എറണാകുളത്തെ ആശുപത്രിക്ക് സമീപം വാടകയ്ക്ക് ഒരു വീടെടുത്ത് കഴിയുകയാണ് ഇവർ. നിത്യവൃത്തിക്കായി എബി അവിടെ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു. ഇതിനകം 35 കീമോതെറപ്പി ചെയ്ത് കഴിഞ്ഞു. വേദന തിന്ന് കഴിയുന്ന തങ്ങളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കരുണ വറ്റാത്ത നല്ല മനസ്സുള്ളവർ കനിയും എന്ന പ്രതീക്ഷയിലാണ് ഇവർ. അഭിനാഥിന്റെ ചികിത്സ ആവശ്യത്തിനായി പിതാവ് എബി സുധന്റെ പേരിൽ കാത്തലിക് സിറിയൻ ബാങ്ക് കറ്റാനം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 003307862257190001
ഐഎഫ്എസ് കോഡ്: സിഎസ്ബികെ0000033
ഗൂഗിൾ പേ നമ്പർ: 9037756780, 9037756781