സുഹൃത്തിന്റെ പിതാവിന് കരൾ പകുത്തു നൽകി, പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ: സഹായം തേടി യുവാവ്
Mail This Article
തിരുവനന്തപുരം ∙ സുഹൃത്തിന്റെ പിതാവിന് കരൾ പകുത്തു നൽകിയ യുവാവ് ശസ്ത്രക്രിയയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതമനുഭവിക്കുകയാണ്. ശസ്ത്രക്രിയയ്ക്കു പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ തിരുവനന്തപുരം സ്വദേശിയായ കെ.രഞ്ജുവാണ് ചികിത്സച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്നത്.
2020 ജൂലൈയിലാണ് സുഹൃത്തിന്റെ അച്ഛനു രഞ്ജുവിന്റെ കരൾ ദാനം ചെയ്തത്. പിന്നാലെ പക്ഷാഘാതം വന്ന് കഴുത്തിന് താഴേക്ക് ചലനമറ്റു കിടപ്പിലായി. ആദ്യത്തെ ആശുപത്രി ബിൽ സുഹൃത്ത് അടച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെയും ഫോൺ വിളിച്ചാൽ എടുക്കാതെയുമായി. സഹോദരിയുടെ സമ്പാദ്യവും സുമനസ്സുകളുടെ സഹായവുമെല്ലാമായി ഒരു കോടിയോളം രൂപ ഇതിനകം ചികിത്സകൾക്കുമായി ചെലവായി. നിലവിൽ ചികിത്സകർക്കു ഇടപ്പള്ളിയിൽ താമസിക്കുകയാണ്.
മൂക്കിലൂടെ ട്യൂബിട്ടാണ് രഞ്ജുവിനു ഭക്ഷണം നൽകുന്നത്. ഒരു ദിവസത്തെ കുപ്പിക്കും മരുന്നിനും ഫിസിയോതെറപ്പിക്കുമെല്ലാമായി ഒരു ദിവസം 5000 രൂപ ചെലവാകുമെന്നു സഹോദരി പറയുന്നു. പണമില്ലാത്തതിനാൽ ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി എന്നിവയെല്ലാം മുടങ്ങിയിട്ടുണ്ട്. രഞ്ജുവിനു പരിചരണം നൽകേണ്ടതിനാൽ സഹോദരി രശ്മിക്കു ജോലിക്കും പോകാനാകുന്നില്ല. അതിനാൽ സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഇരുവരും. സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ ആർ.രശ്മിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ ആർ.രശ്മി
∙ സൗത്ത് ഇന്ത്യൻ ബാങ്ക്, ആറ്റിങ്ങൽ ശാഖ
∙ അക്കൗണ്ട് നമ്പർ: 0114053000109508
∙ Gpay 9544390122