കാൻസറിന്റെ പിടിയിൽ യുവാവ്; കുടുംബം പട്ടിണിയിൽ
Mail This Article
ആലപ്പുഴ ∙ മത്സ്യക്കച്ചവടം നടത്തി കുടുംബം പോറ്റിയിരുന്ന യുവാവ് കാൻസറിന്റെ പിടിയിലായതോടെ ദുരിതത്തിലായി ആറംഗ കുടുംബം. ആലപ്പുഴ പഴവീട് കൊച്ചുപാലപ്പറമ്പ് വീട്ടിൽ കെ.എം. മഹേഷ്കുമാർ ആണ് വായിലെ അർബുദത്തിനു ചികിത്സയ്ക്കും കുടുംബച്ചെലവിനും നിവൃത്തിയില്ലാതെ നട്ടംതിരിയുന്നത്. 3 മാസങ്ങൾക്കു മുൻപാണ് മഹേഷിന് കാൻസർ സ്ഥിരീകരിച്ചത്. വായിൽ തൊലി പോകുന്നതും ഛർദിയുമായിരുന്നു ലക്ഷണങ്ങൾ. രക്തം ഛർദിച്ചതോടെ നടത്തിയ ടെസ്റ്റുകൾക്കൊടുവിൽ കാൻസർ ആണെന്നു കണ്ടെത്തി.
പലരിൽനിന്നു കടം വാങ്ങിയാണ് തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടങ്ങിയത്. 30 റേഡിയേഷനും 30 കീമോയും ചെയ്യണമെന്നാണു ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ആഴ്ചയിൽ 5 ദിവസമാണു ചികിത്സ. ഇടയ്ക്കു വീട്ടിലേക്കു പോകാൻ പോലും കഴിയാത്ത വിധത്തിൽ ക്ഷീണിതനായതിനാൽ തിരുവനന്തപുരത്തു തന്നെയാണു താമസം. ഭാര്യ ബിജി ഒപ്പം നിൽക്കേണ്ടതിനാൽ കുടുംബം പട്ടിണിയിലാണ്. രണ്ടിലും നാലിലും പഠിക്കുന്ന കുട്ടികൾ മഹേഷിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. അവരാകട്ടെ പലവിധ രോഗങ്ങളിൽ വലയുന്നവരുമാണ്.
ഇന്ത്യൻ ബാങ്ക് ആലപ്പുഴ ശാഖയിൽ മഹേഷിന്റെ പേരിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 6125000948
IFSC : IDIB000A012
Gpay: 9895580227