ടിപ്പർ വിറ്റ് ചികിത്സിച്ചിട്ടും മടങ്ങി വരാൻ കഴിയാതെ ജയപ്രസാദ്; സുമനസുകൾ കനിയണം
Mail This Article
ടിപ്പർ ഡ്രൈവറായ യുവാവിന് സ്ട്രോക്ക് വന്ന് തളർന്നതോടെ ആശ്രയം നഷ്ടപ്പെട്ട് ഒരു കുടുംബം. ആകെയുണ്ടായിരുന്ന സമ്പാദ്യമായ ടിപ്പറും വിറ്റ് ചികിത്സ നടത്തിയെങ്കിലും ജയപ്രസാദിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കഴിയുന്നില്ല. ചികിത്സാചെലവുകൾക്കായി ദയാനിധികളുടെ മുൻപിൽ കൈനീട്ടുകയാണ് ഈ കുടുംബം.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇടുക്കി നെടുങ്കണ്ടം കല്ലൂർ വീട്ടിൽ എസ്. ജയപ്രസാദിന് (46) സ്ട്രോക്ക് ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളജിൽ സർജറി നടത്തിയെങ്കിലും ഇടതുവശം പൂർണമായി തളർന്നു. ഇപ്പോൾ ഒരു വർഷമായി തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ ചികിത്സ നടത്തുകയാണ്.
അച്ഛനും അമ്മയും ഭാര്യയും ആറിലും ഏഴിലും പഠിക്കുന്ന കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണു നഷ്ടപ്പെട്ടത്. രോഗികളായ അച്ഛനും അമ്മയ്ക്കും മരുന്നിനായി വലിയൊരു തുക ഓരോ മാസവും വേണ്ടിവരുന്നുണ്ട്. ജയപ്രസാദിന് ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കേണ്ടി വന്നതോടെ മാതാപിതാക്കളുടെ ചികിത്സ മുടങ്ങിയ നിലയിലാണ്. പട്ടയമില്ലാത്ത ചെറിയ കൃഷിഭൂമി മാത്രമാണ് ആകെയുള്ള സമ്പാദ്യം. നല്ലൊരു വീടെന്ന സ്വപ്നവും സാക്ഷാത്ക്കരിക്കാനായില്ല.
ജയപ്രസാദിന്റെ ചികിത്സയ്ക്കായി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ രക്ഷാധികാരിയായി സഹായനിധി രൂപീകരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 0678053000001624
ഐഎഫ്എസ് കോഡ്: SIBL0000678
ഗൂഗിൾ പേ: 9961170971