ADVERTISEMENT

ഭാരതം മാത്രമല്ല, ലോകവും കണ്ടിട്ടില്ല, ഇതുപോലൊരു  മനുഷ്യനെ.
നൂറ്റിയൻപതു വർഷമായിട്ടും
ഓർമകൊണ്ടു വഴിവെളിച്ചം തൂകുന്നൊരാൾ.
കാലം കാത്തുവച്ച ദർശനം.
നമുക്കൊപ്പമെന്നുമുള്ള മഹനീയത.

മഹാത്മാ ഗാന്ധിയോളം ദീപ്തമായ ഒരു വെളിച്ചവും നാം കണ്ടിട്ടില്ല. അത്രയും മുഴക്കമുള്ള മൊഴിയും അത്രയും കൃത്യതയുള്ള വഴിയും കണ്ടിട്ടില്ല. അത്രയും തെളിമയും എളിമയുമുള്ളൊരു ജീവിതവും തീർച്ചയും മൂർച്ചയുമുള്ളൊരു ദർശനവും നാം ഇതുവരെ അനുഭവിച്ചിട്ടുമില്ല. എല്ലാ വിശേഷണപദങ്ങളെയും ഗാന്ധിജി ചെറുതാക്കുന്നു. അതുകൊണ്ടാണ്, ഇവിടെ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്നു വരുംതലമുറ അദ്ഭുതപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പ്രഖ്യാപിച്ചത്. 

നമുക്കു ഗാന്ധിജി ഒരു വ്യക്തിയല്ല, കടലാഴമുള്ള ജന്മവും കാലം കവരാത്ത ഓർമപ്പെടുത്തലുമാണ്. മഹാത്മാ ഗാന്ധിയുടെ ജീവിതവും മരണവുമാണ് ആത്മബലത്തിലേക്കും സഹനപാഠങ്ങളിലേക്കും നമ്മുടെ രാജ്യത്തെ കൊണ്ടുപോയത്; ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാവേണ്ട  ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയും നിർവചിച്ചത്. 

ലളിതമാണു ഗാന്ധിയൻ ദർശനം; അർഥഗാംഭീര്യമുള്ളതും. എന്നും കാലത്തിന് അഭിമുഖമായി നിൽക്കാനുള്ള ആത്മവിശ്വാസമാണു സ്വന്തം രാജ്യത്തിന് അദ്ദേഹം നൽകിയത്. ഇന്ത്യൻ രാഷ്‌ട്രീയവ്യവസ്‌ഥയെ ജനാധിപത്യത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുക്കാൻ മഹാത്മജി പരിശ്രമിച്ചു. ദരിദ്രനാരായണർ എന്ന വിശേഷണം നൽകി, പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനെക്കുറിച്ച് എന്നും ചിന്തിച്ചു. ഭാരതം ജീവിക്കുന്നതു ഗ്രാമങ്ങളിലാണെന്നു വിശ്വസിച്ചു.

ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ സ്വാതന്ത്യ്രസമരത്തിൽ പങ്കാളികളാക്കാൻ കഴിഞ്ഞുവെന്നതായിരുന്നു ഗാന്ധിജിയുടെ ഏറ്റവും വലിയ വിജയം. ഭാരതത്തിന്റെ മോചനത്തിനായി അദ്ദേഹം ആവിഷ്‌കരിച്ച തന്ത്രങ്ങൾ ഒരിടത്തും പരീക്ഷിച്ചു വിജയസാധ്യത നിർണയിച്ചവയായിരുന്നില്ല. ഗാന്ധിജി പ്രായോഗികമാക്കിയ അഹിംസാമാർഗം ചരിത്രഗതിയെത്തന്നെ തിരിച്ചുവെന്നതിനു കാലം സാക്ഷ്യം പറയും. അദ്ദേഹം പരീക്ഷിച്ചു വിജയിപ്പിച്ച സത്യഗ്രഹം, അസമത്വത്തിനും വിവേചനത്തിനും പാരതന്ത്യ്രത്തിനുമെതിരെ ലോകം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സഫലമായ  സമരമാർഗമായി മാറുകയും ചെയ്തു.

സംഘർഷലഘൂകരണം, നിരായുധീകരണം, ദാരിദ്ര്യനിർമാർജനം തുടങ്ങി ലോകം ഇന്നു തേടുന്ന ലക്ഷ്യങ്ങളിലേക്കൊക്കെയും ഗാന്ധിയൻ ആശയങ്ങൾ വഴിതുറക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ കാലഹരണപ്പെട്ടതാണെന്നു വാദിക്കുന്നവരുമുണ്ടാകാം. എന്നാൽ, സ്വാതന്ത്യ്രസമരത്തിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിക്കുകയും ഉപ്പുസത്യഗ്രഹം പോലുള്ള ആശയങ്ങളിലൂടെ സാധാരണക്കാരെപ്പോലും ആ പോരാട്ടത്തിൽ ഒന്നിപ്പിക്കുകയും ധർമത്തിന്റെ പാത കാട്ടിത്തരികയും ചെയ്‌ത ഗാന്ധിജി പുതിയ ലോകത്തിന്റെയും ആത്മീയ ഗുരു തന്നെയെന്നതിന് ആ പൂർണജീവിതവും ഇന്നും സൗവർണദ്യുതിയോടെ നിലനിൽക്കുന്ന ഓർമയുംതന്നെ അടയാളം.  

അവിരാമമായ സത്യാന്വേഷണങ്ങളുടേതായിരുന്നു ആ ജീവിതം. വിവിധ മതങ്ങൾ തോളോടു തോൾ ചേർന്നു കഴിയുന്ന രാജ്യമാണു തന്റെ സ്വപ്നത്തിലെ ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സ്‌ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് ഗാന്ധിയൻ സ്വപ്നത്തിലുള്ളത്. പരിസരവും ജീവിതവും മനസ്സും മലിനമല്ലാത്തവരുടെ ഇന്ത്യ; രാഷ്ട്രീയവും അധികാരവും സർക്കാരും സാധാരണക്കാർക്കു വേണ്ടിയുള്ള ഇന്ത്യ. 

മാനവികതയിലും മൂല്യങ്ങളിലും വിശ്വാസമർപ്പിച്ച ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും പ്രായോഗികതലത്തിൽ എല്ലാവരും സ്വീകരിച്ചിരുന്നുവെങ്കിൽ കലാപങ്ങൾ ആവർത്തിക്കപ്പെടുമായിരുന്നില്ല, അഴിമതിയും അക്രമവും പെരുകുമായിരുന്നില്ല, കപട രാഷ്‌ട്രീയക്കാരെക്കൊണ്ടു രാജ്യം പൊറുതിമുട്ടുമായിരുന്നില്ല.

ഗാന്ധിജി ദൂരെയല്ലെന്നും നമ്മുടെ മനസ്സരികെത്തന്നെയുണ്ടെന്നും വീണ്ടും ഓർമിപ്പിക്കുകയാണ് സ്മൃതിസുഗന്ധമുള്ള ഈ ജന്മദിനം. ആ സാന്നിധ്യം അനുഭവിക്കാൻ നാം സർവാത്മനാ സജ്ജരാകണമെന്നുമാത്രം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com