ADVERTISEMENT

ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മണിപ്പുരിൽ പ്രചാരണത്തിൽ ബിജെപി മുന്നിലാണ്.  ഭരണവിരുദ്ധവികാരം കാര്യങ്ങൾ അനുകൂലമാക്കും എന്നാണ് കോൺഗ്രസ്  ചിന്ത. ആർക്കും ഭൂരിപക്ഷം കിട്ടില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എൻപിപി, എൻപിഎഫ് കക്ഷികളുടെ നിലപാടുകളാകും  നിർണായകം

ഇംഫാൽ∙ കാർഷികവിഭവങ്ങളെ സാക്ഷിയാക്കിയാണു മണിപ്പുരിൽ ശുഭകാര്യങ്ങൾക്കു തുടക്കമിടുന്നത്. പലതരം പച്ചക്കറികളും അരിയും മുളങ്കൂടുകളിൽനിറച്ച് സ്ത്രീകൾ ഘോഷയാത്രയായി സ്ഥാനാർഥിക്കു മുന്നിലെത്തിക്കും. ഈ കൂമ്പാരങ്ങൾക്കു മുൻപിൽനിന്ന് മുതിർന്നവരുടെ അനുഗ്രഹം തേടി സ്ഥാനാർഥികൾ പ്രചാരണം ആരംഭിക്കും. ബിജെപിയായാലും കോൺഗ്രസായാലും ഇടതായാലും ഇതിൽ വ്യത്യാസമില്ല. ആചാരങ്ങളും ഗോത്രാഭിമാനവും ഇടകലർന്ന മണിപ്പുർ രാഷ്ട്രീയത്തിനു തിരഞ്ഞെടുപ്പോടെ ചൂടുപിടിക്കുമ്പോൾ മത്സരഫലം പ്രവചനാതീതമാണ്.

സായുധ കലാപങ്ങളുടെ നാടായിരുന്ന മണിപ്പുർ പൂർണമായും ശാന്തമായിട്ടില്ല. കഴിഞ്ഞയാഴ്ചയാണു സ്ഥാനാർഥിയുടെ പിതാവിനു വെടിയേറ്റത്. രണ്ടുനാൾ മുൻപു നടന്ന ബോംബ് സ്ഫോടനത്തിൽ ഇന്ത്യ - ടിബറ്റൻ ബോർഡർ പൊലീസിലെ രണ്ടു ജവാന്മാർ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. ആർമി കേണലും കുടുംബവും 4 ജവാന്മാരും കൊല്ലപ്പെട്ടത് ഏതാനും മാസങ്ങൾക്കു മുൻപ്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പു സന്ദർശനത്തിൽ ഇംഫാൽ താഴ്‌വരയിൽ ബന്ദ് പ്രഖ്യാപിച്ച തീവ്ര നിലപാടുള്ള സംഘടനകൾ  കൂടുതൽ കലാപങ്ങൾക്ക് ഒരുക്കം കൂട്ടുന്നതായി പൊലീസും പറയുന്നു. 

ബിജെപിക്കു ഭൂരിപക്ഷം കിട്ടുമെന്നാണു മിക്ക തിരഞ്ഞെടുപ്പു സർവേകളും പ്രവചിച്ചതെങ്കിലും, മ്യാൻമറിനോട് അതിർത്തി പങ്കിടുന്ന സംസ്ഥാനത്തു കോൺഗ്രസും പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സർക്കാർ രൂപീകരിച്ചതു ബിജെപിയാണ്. അന്നു ബിജെപിക്കു പിന്തുണ നൽകി സർക്കാരിന്റെ ഭാഗമായ നാഷനൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) ഇത്തവണയും വെവ്വേറെ മത്സരിക്കുകയാണ്.  ജനതാദളും (യു) മത്സരരംഗത്തുള്ളപ്പോൾ അഞ്ചു പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലാണു പല മണ്ഡലങ്ങളിലും. 

വിഭജിക്കപ്പെട്ട് കുന്നും താഴ്‌വരയും

കുന്നുകളും താഴ്‌വരയും എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുകയാണു മണിപ്പുരിൽ ഭൂപ്രകൃതിയും രാഷ്ട്രീയവും. ഭാഷാപരമായും ഗോത്രപരമായും സാംസ്കാരികമായും ഈ വിഭജനമുണ്ട്. താഴ്‌വരകളിൽ അധികവും ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള മെയ്തി വിഭാഗക്കാരാണ്. ഗോത്രവിഭാഗങ്ങളാണു സേനാപതി, ഉക്രുൽ ഉൾപ്പെടെയുള്ള മലയോര ജില്ലകളിലുള്ളത്. വികസനവും സൗകര്യങ്ങളും താഴ്‌വരകൾക്കാണു ലഭിക്കുന്നതെന്ന പരാതി വർഷങ്ങളായി മറ്റു ഗോത്രവിഭാഗങ്ങൾക്കുണ്ട്. കുന്നിൻപ്രദേശമാണു കൂടുതലെങ്കിലും 19 സീറ്റ് മാത്രമാണ് ഇവിടെയുള്ളത്.  ബാക്കി 41 സീറ്റുകൾ താഴ്‌വരകളിലാണ്. നാഗാ, മിസോ ഗോത്രങ്ങൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന കുന്നുകളിലെ സീറ്റുകളിലാണ് എൻപിഎഫും എൻപിഎഫും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ പല പ്രദേശങ്ങളും വിശാല നാഗാലാൻഡിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ്. 

40 സീറ്റ് ബിജെപിക്കു ലഭിക്കുമെന്നും പാർട്ടി ഒറ്റയ്ക്കു സർക്കാർ രൂപീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെടുന്നത്. മിഷൻ 40 പ്ലസ് എന്നതാണു ബിജെപി മുദ്രാവാക്യം. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപറത്തിയാണു ബിജെപി കഴിഞ്ഞ തവണ സർക്കാർ രൂപീകരിച്ചതെന്നും ജനം ബിജെപിയെ പരീക്ഷിച്ചു മടുത്തെന്നും കോൺഗ്രസ് പറയുന്നു. സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്, ആർഎസ്പി, ജനതാദൾ (എസ്) എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസ് രൂപീകരിച്ച പുരോഗമന മതനിരപേക്ഷസഖ്യം സർക്കാർ രൂപീകരിക്കുമെന്നാണു പാർട്ടിയുടെ അവകാശവാദം. സഖ്യകക്ഷികളിൽ മത്സരരംഗത്തുള്ളത് 2 സീറ്റിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള സിപിഐ മാത്രമാണ്. അവർക്കു നൽകിയ ഒരു സീറ്റിൽ കോൺഗ്രസും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.

ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വിഘടനവാദികളുടെ ആക്രമണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. പെൺകുട്ടികൾക്കു സ്കൂട്ടി, സ്ത്രീകൾക്കു പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളുമായാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചാരണരംഗത്ത് അവർ ഏറെ മുന്നിലുമാണ്. എന്നാൽ, ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയങ്ങളിലൊന്നായ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നതു സംബന്ധിച്ചു പ്രകടനപത്രികയിൽ ഒരു പരാമർശവും പാർട്ടി നടത്തിയിട്ടില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മാത്രമല്ല, ഭരണപങ്കാളികളായ എൻപിപി, എൻപിഎഫ് ഉൾപ്പെടെയുള്ള പാർട്ടികളും ഇതു ചർച്ചയാക്കിയിട്ടുണ്ട്.

നാഗാലാൻഡിലെ മോൺ ജില്ലയിൽ 14 ഗ്രാമീണവാസികളെ അസം റൈഫിൾസ് വെടിവച്ചു കൊന്നതിനെത്തുടർന്ന് അഫ്സ്പയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

അഫ്സ്പ പിൻവലിക്കുമെന്നാണു കോൺഗ്രസിന്റെ ഉറപ്പ്. മണിപ്പുരിൽ ബിജെപി സർക്കാർ നടപ്പിലാക്കുന്ന എണ്ണപ്പനക്കൃഷിക്കെതിരെ വ്യാപക പ്രതിഷേധമാണു കോൺഗ്രസ് നടത്തുന്നത്. ഭരണവിരുദ്ധ ശക്തമാണെന്നും അതുകൊണ്ടു തന്നെ ഇത്തവണ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും നേതാക്കൾ പറയുന്നു.

manipur
മുഖ്യമന്ത്രി ബിരേൻ സിങ്, കൊൺറാഡ് സാങ്മ, ഇബോബി സിങ്.

വലിയ സ്വപ്നങ്ങളുമായി ചെറിയ പാർട്ടികൾ

നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) അധ്യക്ഷനായ മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയായിരുന്നു കഴിഞ്ഞ തവണ കിങ്മേക്കർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാകുക എന്ന സ്വപ്നങ്ങളുമായി കരുനീക്കുന്ന എൻപിപി 38 സ്ഥാനാർഥികളെയാണ് നിർത്തിയിട്ടുള്ളത്. ബിരേൻ സിങ് സർക്കാരിൽ ഉപമുഖ്യമന്ത്രിയടക്കം 4 മന്ത്രിമാരും പാർട്ടിക്കുണ്ട്. ഇംഫാൽ വാലിയിൽ വേരോട്ടമുണ്ടാക്കിയ പാർട്ടി ഇത്തവണ രണ്ടക്കം കടക്കുമെന്നാണ്  കൊൺറാഡ് സാങ്മ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണു പാർട്ടി നടത്തുന്നത്. ഒരു വർഷം മുൻപു സർക്കാരിൽനിന്ന് എൻപിപി പിന്മാറിയെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടു തിരിച്ചെത്തിച്ചു. 

കഴിഞ്ഞ തവണ 4 സീറ്റ് നേടി ബിജെപി സർക്കാരിനു പിന്തുണ നൽകിയ എൻപിഎഫ് ഇത്തവണ 10 സീറ്റിലാണു മത്സരിക്കുന്നത്. നാഗാലാൻഡിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത സ്വാധീനം പാർട്ടിക്കുണ്ട്. 

കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുള്ള സിപിഐ,  കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അവർക്കു പരസ്യപിന്തുണയും  എൻപിപിക്കു സാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്കു രഹസ്യ പിന്തുണയും നൽകുന്നു. സംസ്ഥാനത്ത് 1000 മുതൽ 5000 വരെ വോട്ടർമാരുള്ള ഒട്ടേറെ മണ്ഡലങ്ങളുണ്ടെന്നാണു സിപിഐയുടെ അവകാശവാദം.

അട്ടിമറിയുടെ ഞെട്ടൽ മാറാതെ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റുകളാണു ലഭിച്ചത്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനു പകരം ബിജെപിയെയാണു സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. നാലു സീറ്റുകൾ വീതമുള്ള എൻപിപിയുടെയും എൻപിഎഫിന്റെയും പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചു. ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനു പകരം ഏകപക്ഷീയമായി ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നുവെന്നു കോൺഗ്രസ് ആരോപിക്കുന്നു. പക്ഷേ, ദിവസങ്ങൾക്കകം കോൺഗ്രസ് എംഎൽഎമാർ കൂട്ടംകൂട്ടമായി ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് ശോഷിച്ചു.

21 എംഎൽഎമാരുമായി തുടങ്ങിയ ബിജെപിക്ക് ഇപ്പോൾ 28 എംഎൽഎമാരുണ്ട്. 28 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന്റെ അംഗസംഖ്യ 13 ആയി ചുരുങ്ങി. എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നും അയോഗ്യരാക്കപ്പെട്ടതിനെത്തുടർന്നും 9 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയ 11 എംഎൽഎമാർക്കു ബിജെപി ഇത്തവണ സീറ്റ് നൽകിയിട്ടുണ്ട്. മൂന്നു സിറ്റിങ് എംഎൽഎമാർക്കു സീറ്റ് നിഷേധിച്ചു. ഇവർ കോൺഗ്രസിലും ജനതാദളി(യു)ലും ചേർന്നു. 

ബിരേനോടും എതിർപ്പ്; കോൺഗ്രസിന് ഇബോബി

ബിജെപി അധികാരത്തിലെത്തിയാൽ ബിരേൻ സിങ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നു നേതൃത്വം പരോക്ഷമായി സൂചന നൽകിയിട്ടുണ്ടെങ്കിലും കാര്യങ്ങൾ പൂർണമായും അദ്ദേഹത്തിന് അനുകൂലമല്ല. നേതൃമാറ്റം വേണമെന്ന് ഒരു വിഭാഗം നേതാക്കൾ രഹസ്യമായെങ്കിലും ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമുണ്ടാകുകയുള്ളൂവെന്നു ബിരേൻ സിങ് പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബിരേൻ സിങ് കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയത്.

മൂന്നു തവണ മുഖ്യമന്ത്രിയായ എഴുപത്തിമൂന്നുകാരൻ ഒക്രാം ഇബോബി സിങ്ങാണു കോൺഗ്രസിന്റെ നായകൻ. നിലവിൽ പ്രതിപക്ഷ നേതാവായ അദ്ദേഹം കഴിഞ്ഞ 5 വർഷം അത്ര സജീവമായിരുന്നില്ല.  വ്യാജ ഏറ്റുമുട്ടലുകളുടെ പാപഭാരം ഉണ്ടെങ്കിലും മണിപ്പുരിലെ ഏറ്റവും തലയെടുപ്പുള്ള നേതാവ് ഇബോബി സിങ് തന്നെ. 

ത്രിശങ്കു സഭയെന്ന് നിരീക്ഷകർ

20 ലക്ഷം വോട്ടർമാർ മാത്രമേ മണിപ്പുരിലുള്ളു. 25000നും 30000നും ഇടയിലാണു മിക്ക മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം. ജനസംഖ്യയിൽ കൂടുതലുള്ള  സ്ത്രീകളാണു മണിപ്പുരിലെ രാഷ്ട്രീയഗതി നിർണയിക്കുന്നതെന്നു പൊതുവേ പറയാറുണ്ടെങ്കിലും സ്ത്രീ സ്ഥാനാർഥികൾ 6% മാത്രമാണ്. 

അഫ്സ്പ കൂടാതെ ക്രമസമാധാനപാലനം, വികസനം, തൊഴിലില്ലായ്മ, സംസ്കാര സംരക്ഷണം തുടങ്ങിയവയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്. മെയ്തി വിഭാഗക്കാർക്കു പട്ടികവർഗ പദവി വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. 

ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

എൻപിപിയുടെയും എൻപിഎഫിന്റെയും നിലപാടുകളായിരിക്കും നിർണായകം. തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് എൻപിപി അധ്യക്ഷൻ കൊൺറാഡ് സാങ്മ പറയുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കുള്ള കവാടമായ മണിപ്പുരിലെ വിജയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അതിപ്രധാനമാണ്.

English Summary: Manipur Assembly Election: BJP vs Congress

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com