ADVERTISEMENT

ജീവൻ പണയംവച്ച്, രാത്രിയിലെ കൊടുംതണുപ്പിലും പകൽനേരത്തെ തീച്ചൂടിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന നൂറു കണക്കിനു രക്ഷാപ്രവർത്തകരുടെ ആത്മാർഥതയെ മാനിച്ചുകെ‍ാണ്ടുതന്നെ ചോദിക്കാതെ വയ്യ: സിൽക്യാര തുരങ്കത്തിൽ 41 തെ‍ാഴിലാളികൾ കുടുങ്ങിയിട്ട് 16 ദിവസമായിട്ടും രക്ഷയുടെ പ്രകാശം ഇനിയുമുദിക്കാത്തത് എന്തുകെ‍ാണ്ടാണ്? തുടർച്ചയായി തടസ്സങ്ങൾ ഉണ്ടാകുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെയുള്ള തൊഴിലാളികളുടെ കാത്തിരിപ്പിന്റെ വില അധികൃതർ വേണ്ടവിധം മനസ്സിലാക്കുന്നില്ലെന്നാണോ? 

രക്ഷാദൗത്യം നീങ്ങുന്നത് ഒച്ചിഴയും വേഗത്തിലാണെന്നാണു പരാതി. ദേശീയ ദുരന്തനിവാരണ സേനയും മറ്റ് ഏജൻസികളും സമർപ്പിതരായി പ്രവർത്തിക്കുമ്പോഴും ദൗത്യത്തിൽ ഏകോപനമില്ലായ്മ പ്രകടമാകുമ്പോൾ അധികൃതരുടെ ഭാഗത്ത് അലംഭാവമെന്ന ആക്ഷേപത്തിനു കൂടുതൽ മുഴക്കമുണ്ടാവുന്നു; സർക്കാർസംവിധാനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തബോധവും ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യ കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനം ഈ രാജ്യം ഇതുവരെ നേടിയ സാങ്കേതികബലത്തിന്റെ കഠിനപരീക്ഷ കൂടിയാണ്. ലോകത്തു ലഭ്യമായ ആധുനിക രക്ഷായന്ത്രങ്ങളെല്ലാം ഉപയോഗിച്ചും ഏതു മാർഗത്തിലൂടെയും പരമാവധി വേഗത്തിൽ നാം തെ‍ാഴിലാളികളെ പുറത്തെത്തിച്ചേതീരൂ. 

രക്ഷാവഴി തുറക്കുംവരെ ഇച്ഛാശക്തിയോടെ തളരാതെയിരിക്കുമെന്നു പറയുന്ന തെ‍ാഴിലാളികളും ആ ശുഭമുഹൂർത്തത്തിനുവേണ്ടി രക്ഷാപ്രവർത്തനങ്ങളിൽ കൈകോർത്തുമുന്നേറുന്നവരുമാണ് ഇപ്പോൾ ഈ രാജ്യത്തിന്റെ പോരാളികൾ. തെ‍ാഴിലാളികളെ പുറത്തെത്തിക്കാൻ അടിയന്തര സ്വഭാവത്തോടെയുള്ള നീക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന പരാതി അതീവഗൗരവമുള്ളതാണ്. ദൗത്യം വിജയിപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിലും അലംഭാവം പ്രകടം.

നടപടികളെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണെന്നു കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ആവർത്തിക്കുമ്പോഴും തുരങ്കമുഖത്തു സംഭവിക്കുന്നതെന്താണ്? ഓരോ തവണയും അവർ അപകടസ്ഥലം സന്ദർശിക്കുമ്പോൾ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരിലൊരാൾ സന്ദർശിച്ചപ്പോൾ പ്രവർത്തനം നിർത്തിയത് ഒന്നര മണിക്കൂറോളമാണ്. വിഐപികൾ തുരങ്കത്തിൽ കയറുമ്പോൾ വെൽഡിങ് അടക്കമുള്ളവ നിർത്തുന്നത് അപലപനീയമാണ്. ഈ കഠിനദൗത്യത്തിൽ പാഴായിപ്പോവുന്ന ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചിലരെങ്കിലും മനസ്സിലാക്കാതെപോകുന്നതു നിർഭാഗ്യകരമാണ്. 

അനിശ്ചിതത്വത്തിന്റെ ഇരുട്ടിൽ രക്ഷാകരങ്ങൾ സ്വപ്നം കാണുന്നവരുടെ മനസ്സു കാണാൻപറ്റുമെങ്കിൽ ഇത്തരം കെട്ടുകാഴ്ചകൾ ആവർത്തിക്കാതിരിക്കുക. മന്ത്രിസന്ദർശനത്തെക്കാൾ എത്രയോ വിലയുണ്ട്, അതിനകത്തുള്ള ഓരോ തെ‍ാഴിലാളിയും നിസ്സഹായതയോടെ നേരിടുന്ന ഓരോ നിമിഷത്തിനും. ഇങ്ങനെ ആഘോഷസന്ദർശനങ്ങൾ നടത്തിവരുന്നവരിൽ ഉൾപ്പെട്ട ഒരു വിഐപിയാണ് ആ തുരങ്കത്തിനുള്ളിൽ രണ്ടാഴ്ചയിലേറെയായി കുടുങ്ങിക്കിടക്കുന്നതെങ്കിൽ ഇങ്ങനെയായിരിക്കുമോ രക്ഷാദൗത്യത്തിന്റെ വേഗവും സർക്കാർസംവിധാനങ്ങളുടെ മനോഭാവവും പ്രവർത്തനശൈലിയും ? 

തുരങ്കത്തിനു പുറത്ത് പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി ദിവസങ്ങളായി കാത്തിരിക്കുന്നവരെ കാണാതെ, ഈ രാജ്യത്തെ കോടിക്കണക്കിനുപേരുടെ മനസ്സിൽനിന്ന് ഉയരുന്ന പ്രാർഥനകൾ കേൾക്കാതെ അനൗചിത്യ പ്രസ്താവനകൾ ഉണ്ടാവുന്നതും നിർഭാഗ്യകരമാണ്. തെ‍ാഴിലാളികളുടെ സുരക്ഷയാണു പ്രധാനമെന്നും ക്രിസ്മസ് ആകുമ്പോൾ അവർ സുരക്ഷിതമായി വീടുകളിലെത്തുമെന്നും ദൗത്യത്തിന്റെ ഭാഗമായ ഓസ്ട്രേലിയൻ തുരങ്ക നിർമാണ വിദഗ്ധൻ ആർനോൾഡ് ഡിക്സ് പറഞ്ഞത് ഇതിനുദാഹരണമാണ്. ക്രിസ്മസിന് ഇനിയും ഒരുമാസത്തോളമുണ്ട്. അതുവരെ തൊഴിലാളികൾ തുരങ്കത്തിൽ കഴിയണോ എന്നത് ഒരു വെറുംചോദ്യമല്ല. 

പാവം തെ‍ാഴിലാളികളെ പുറത്തെത്തിക്കുന്നതിലുള്ള മെല്ലെപ്പോക്ക് ഒരു കാരണവശാലും തുടരാൻ പാടില്ലാത്തതാണ്. ആദ്യ ദിവസങ്ങളിലെ ഏകോപനത്തിൽ പാളിച്ചകൾ പ്രകടമായതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മേൽനോട്ടം ഏറ്റെടുത്തതു രക്ഷാദൗത്യത്തെ കൂടുതൽ സജീവമാക്കേണ്ടതുണ്ട്.  ദൗത്യത്തിന്റെ ഭാഗമാകാൻ കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയർ ഗ്രൂപ്പ് സ്ഥലത്തെത്തിയതു പ്രതീക്ഷ തരുന്നു. 

ഉത്തരാഖണ്ഡിലെ പരിസ്ഥിതിലോല മേഖല എന്ന സങ്കീർണസാഹചര്യത്തെ അതീവകരുതലോടെ കൈകാര്യം ചെയ്ത്, ആ തുരങ്കത്തെ എത്രയുംവേഗം നാം ജയിച്ചേതീരൂ. 41 പേരും ഒരു പോറലുമേൽക്കാതെ പുറത്തുവരുന്ന ആ നിമിഷമാവും രാജ്യചരിത്രത്തിലെ ഏറ്റവും ധന്യമുഹൂർത്തങ്ങളിലെ‍ാന്ന്. അതു വൈകിക്കൂടാ.

English Summary:

Silkyara tunnel rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com