ADVERTISEMENT

നമ്മുടെയെല്ലാം പ്രാർഥനയ്ക്കും പ്രതീക്ഷയ്ക്കും കാത്തിരിപ്പിനും ഫലശ്രുതി നൽകി ആ ശുഭവാർത്തകൾ ഒരുമിച്ചെത്തിയിരിക്കുകയാണ്. എന്തെ‍ാരു ആശ്വാസം! ഒരു സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തിയ 21 മണിക്കൂറുകൾക്കെ‍ാടുവിൽ അബിഗേൽ എന്ന ആറു വയസ്സുകാരിയെ തിരിച്ചുകിട്ടിയിരിക്കുന്നു. ഉത്തരകാശി സിൽക്യാര തുരങ്കത്തിനുള്ളിൽ പതിനേഴു ദിവസമായി കുടുങ്ങിയ 41 തെ‍ാഴിലാളികൾക്കാകട്ടെ, രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്കു മടക്കം.

തിങ്കളാഴ്ച വൈകിട്ട് കെ‍ാല്ലം ഓയൂർ ഓട്ടുമല ഗ്രാമത്തെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ തട്ടിക്കെ‍ാണ്ടുപോകൽ കേരളത്തിന്റെ മുഴുവൻ വിങ്ങലായി മാറുകയുണ്ടായി. ആദ്യഘട്ടത്തിൽ മെല്ലെപ്പോക്കിലായിരുന്ന പെ‍ാലീസ് പിന്നീട് സജീവമായതും നാട്ടുകാരും മാധ്യമങ്ങളും തിരച്ചിലിൽ കൈകോർത്തതും ഈ സംഭവത്തെ ശുഭാന്ത്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ, െപ‍ാലീസിന്റെ കയ്യിൽ ഇത്രയും സാങ്കേതിക സംവിധാനങ്ങളുണ്ടായിട്ടും കുട്ടിയെ കണ്ടെത്താൻ ഇത്രയും വൈകിയതെന്തിന്, റോഡ് നീളെ ക്യാമറകൾ വച്ചിട്ടും ഇക്കാര്യത്തിൽ പ്രയോജനമില്ലാതെപോയതെന്തുകെ‍‍ാണ്ട് തുടങ്ങിയ ചോദ്യങ്ങൾ ഗൗരവമുള്ളതാണ്. അബിഗേലിനെ തിരഞ്ഞ് പെ‍ാലീസ് നാടാകെ വലവിരിച്ചു എന്നു പറയുമ്പോൾതന്നെയാണ് കെ‍ാല്ലം നഗരമധ്യത്തിൽ, ക്രൈംബ്രാഞ്ച് ഓഫിസിന്റെ  വിളിപ്പാടകലെ ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത് എന്നതും അമ്പരപ്പിക്കുന്നു. 

ആദ്യഘട്ടത്തിലുണ്ടായ പെ‍ാലീസ് അനാസ്ഥ അപലപനീയമാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമറിഞ്ഞ് ഒന്നര മണിക്കൂറോളം വൈകിയാണ് പൊലീസ് ഉണർന്നതുതന്നെ. കുട്ടിയുമായി പ്രതികൾക്കു സുരക്ഷിതവഴികളും താവളവും തേടാൻ ഈ സമയം ധാരാളമായിരുന്നു. സംഭവം അറിഞ്ഞയുടൻ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറുന്നതുൾപ്പെടെയുള്ള കരുതൽനടപടികൾ സ്വീകരിക്കുന്നതും വൈകി. ടിവി ചാനലുകൾ ലൈവ് സംപ്രേഷണം തുടങ്ങിയ ശേഷമാണു വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടെന്നോണം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അബിഗേലിന്റെ വീട്ടിലെത്തുന്നത്. സിസി ടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പൊലീസിനു ലഭ്യമാകുന്നതാകട്ടെ രാത്രിയിലും.

അബിഗേൽ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആ അടിസ്ഥാന ചോദ്യം ബാക്കിയാവുന്നുമുണ്ട്: നമ്മുടെ കുട്ടികൾ ഇവിടെ എത്രമാത്രം സുരക്ഷിതരാണ്? സംസ്ഥാനത്തു കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നതു വലിയ ആശങ്ക നൽകുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ കാണാതായ അറുപതോളം കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷിതാക്കളും സമൂഹവും പൊലീസും ചേർന്ന് കുട്ടികളുടെ സുരക്ഷയ്ക്കു ജാഗ്രതയുടെ പുതിയ മതിൽ പണിയേണ്ടതുണ്ട്. അബിഗേലിനെ തട്ടിക്കെ‍ാണ്ടുപോയ കേസിലെ പ്രതികളെ പിടികൂടി, അത്യധികം ഗുരുതരമായ ഈ കുറ്റകൃത്യത്തിന്റെ ചുരുളുകളെല്ലാം എത്രയുംവേഗം അഴിക്കേണ്ടത് നാടിന്റെയാകെ ആവശ്യമാണെന്നതു പെ‍ാലീസ് മറന്നുകൂടാ. 

tunnel-rescue-final-uttarakhand-1
സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടന്ന തൊഴിലാളികൾ പുറത്തെത്തിയപ്പോൾ.

നമുക്ക് എല്ലാക്കാലത്തും പ്രചോദനമേകാൻ, ഏതിരുട്ടിന്റെയും അറ്റത്തു വെളിച്ചമുണ്ടെന്നു ശുഭാപ്തിവിശ്വാസം പകരാൻ അതിജീവനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും മഹാഗാഥയാണ് സിൽക്യാര തുരങ്കത്തിനുള്ളിലും പുറത്തുമായി പിറന്നത്. അഭിനന്ദനം ഇവർക്കുള്ളതാണ്: പതറാതെ, മനോബലത്തിന്റെ ഗംഭീര സന്ദേശമെഴുതിയ തെ‍‍ാഴിലാളികൾക്കും അപ്രതീക്ഷിത തിരിച്ചടികളിലെ‍‍ാന്നും ഉലയാതെ നിശ്ചയദാർഢ്യത്തോടെ ഏകമനസ്സായി പ്രവർത്തിച്ചു വിജയം കണ്ട രക്ഷാപ്രവർത്തകർക്കും. 

ജീവിതത്തിന്റെ വെളിച്ചത്തിലേക്കെത്തുന്ന തെ‍ാഴിലാളികളെ സ്വീകരിക്കാൻ കുടുംബാംഗങ്ങളടക്കം പുറത്തു കാത്തുനിൽക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ‍ാക്കെയും നേരിട്ടത് അപ്രതീക്ഷിത തിരിച്ചടികളാണ്. ഓരോ തടസ്സമുണ്ടായപ്പോഴും ആ തെ‍ാഴിലാളികൾ കൈകോർത്തുനിന്നു. പതറരുതെന്ന് സ്വയവും ഒപ്പമുള്ളവരോടും പറഞ്ഞു. അവസാനവാതിൽവരെ എത്തിയെങ്കിലും രക്ഷാമാർഗം തൊഴിലാളികളിൽ നിന്നകന്നുപോകുന്നുവോ എന്ന ആശങ്ക പിന്നീട് ഉയർന്നിരുന്നു. എന്നിട്ടും അവരുടെ മനസ്സിടിഞ്ഞില്ല. ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുനൂറോളം വിദഗ്ധരും റെയിൽവേ –ഊർജ മന്ത്രാലയങ്ങളിലെ എൻജിനീയർമാരും തുരങ്കങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിൽ പ്രാവീണ്യമുള്ളവരുമെ‍ാക്കെ പങ്കുചേർന്ന രക്ഷാദൗത്യമാണ് ഇന്നലെ വിജയം കണ്ടത്.

രക്ഷാപ്രവർത്തകരുടെ നിശ്ചയദാർഢ്യത്തിന്റെയും തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ മനോബലത്തിന്റെയും ജീവനപാഠങ്ങൾ നമ്മുടെ രാജ്യത്തിന് എന്നും ഓർത്തുവയ്ക്കാനുള്ളതാണ്.

English Summary:

Editorial about Abigail and Silkyara tunnel release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com