കൊപ്ര സംഭരണം പാളിക്കൂടാ
Mail This Article
കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, കൊപ്ര സംഭരണത്തിനു നാഷനൽ അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) തയാറായിട്ടും കേരളം സജീവ നടപടികളാരംഭിക്കാത്തത് നിരുത്തരവാദിത്തം വിളിച്ചുപറയുന്നു. ഇതുകൊണ്ടുണ്ടാവുന്ന നഷ്ടം സർക്കാരിനല്ല, കേരകർഷകർക്കു മാത്രമാണെന്നു സർക്കാർ ഓർക്കുന്നില്ലെങ്കിലും കർഷകർക്കതു വ്യക്തമായി അറിയാം.
പ്രതികൂല സാഹചര്യങ്ങളോടു പൊരുതി കൃഷിചെയ്തു വിളവെടുത്ത്, വിൽപന കഴിയുമ്പോൾ കേരകർഷകരുടെ കണക്കുപുസ്തകത്തിൽ ശേഷിക്കുന്നതു നഷ്ടം മാത്രമാണെന്നു സർക്കാർ ഇപ്പോഴും തിരിച്ചറിയാത്തതു നിർഭാഗ്യകരംതന്നെ. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നിൽക്കണ്ട് സംഭരണം തടസ്സപ്പെടാതിരിക്കാൻ തമിഴ്നാട് പ്രത്യേക ഉത്തരവിറക്കിയിട്ടും നമ്മുടെ സംസ്ഥാനം കണ്ണു തുറന്നിട്ടില്ല.
കൊപ്ര സംഭരണത്തിന്റെ കാര്യത്തിൽ സംസ്ഥാനം പതിവായി കാണിച്ചുപോരുന്ന ഉദാസീനതയിൽ കർഷകരോടുള്ള ദ്രോഹം തെളിയുന്നു. 3 മാസം വൈകിയാണ് കേരളം കഴിഞ്ഞവർഷം കൊപ്ര സംഭരണത്തിലേക്കു കടന്നതുതന്നെ. അതുകൊണ്ടുതന്നെ, സെപ്റ്റംബർ 9 മുതൽ ഡിസംബർ 24 വരെ മാത്രമാണ് ഇവിടെ സംഭരണം നടന്നത്. സംഭരണം വേണ്ടവിധം നടക്കാത്തതുകൊണ്ട് സംസ്ഥാനത്തെ നാളികേര കർഷകർക്കു താങ്ങുവിലയുടെ ആനുകൂല്യം കാര്യമായി ലഭിച്ചിട്ടുമില്ല.
കേരളത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ), മാർക്കറ്റ് ഫെഡ്, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ എന്നീ ഏജൻസികൾക്കാണ് സംഭരണത്തിന് അവകാശമുള്ളത്. ഇതിൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ അവസാനനിമിഷം സംഭരണത്തിൽനിന്നു പിന്മാറുകയും ചെയ്തു.
കേരളത്തിലെ കർഷകരിൽനിന്ന് 50,000 ടൺ കൊപ്ര സംഭരിക്കാമെന്നിരിക്കെ വെറും 1200 ടൺ മാത്രമായിരുന്നു കഴിഞ്ഞ വർഷം സംഭരിക്കാനായത്. ആ സാഹചര്യത്തിൽ, 50,000 ടൺ കൈമാറുംവരെ സംഭരണം തുടരാൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് അഭ്യർഥിക്കുകയുണ്ടായി. താങ്ങുവിലയെക്കാൾ താഴെയാണ് കേരളത്തിൽ പലയിടത്തും നാളികേരവിലയെന്നും സീസൺ തെറ്റി പെയ്ത മഴ കേരളത്തിൽ നാളികേരത്തിന്റെ ഉൽപാദനത്തിൽ കാര്യമായ വ്യതിയാനമുണ്ടാക്കിയെന്നും നാളികേരം കൊപ്രയാക്കി മാറ്റുന്നതിൽ ഇതു തടസ്സം സൃഷ്ടിച്ചെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. സംഭരണം മാർച്ച് 31 വരെ നീട്ടിയാൽ ഉയർന്ന നാളികേര ഉൽപാദന സീസണിൽ കേരളത്തിലെ കർഷകർക്കു മെച്ചപ്പെട്ട വില കിട്ടുമെന്നും അറിയിച്ചുവെങ്കിലും കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.
ഇങ്ങനെയൊരു രീതി പതിവായി തുടരുന്നതിനാൽ കേരളത്തിലെ നാളികേര കർഷകർക്കു സംഭരണത്തിന്റെ ഗുണം ലഭിക്കുന്നില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇതു പരിഹരിക്കാൻ നടപടികളെടുക്കുന്നുമില്ല. കേരളത്തിൽ ഉയർന്ന നാളികേര ഉൽപാദനം ഡിസംബർ മുതൽ മേയ് വരെയാണെങ്കിലും ഈ സീസണിൽ താങ്ങുവില നൽകി കൊപ്ര സംഭരിക്കാൻ ആരുമില്ലെന്നതിനാൽ കിട്ടിയ വിലയ്ക്കു പൊതുവിപണിയിൽ വിറ്റു നഷ്ടം സഹിക്കുകയാണു കർഷകർ.
ഇത്തവണ സംഭവിച്ചതു പരിശോധിക്കുമ്പോൾ കേരളത്തിന്റെ അനാസ്ഥയും തമിഴ്നാടിന്റെ സമയോചിത ഇടപെടലും വ്യക്തമാകും. താങ്ങുവില നിശ്ചയിച്ച് നാഫെഡ് ഓരോ സംസ്ഥാനത്തുനിന്നും സംഭരണത്തിന്റെ രൂപരേഖ തേടുകയാണ് ആദ്യ നടപടി. ജനുവരിയിൽത്തന്നെ നാഫെഡിൽനിന്ന് എല്ലാ സംസ്ഥാനങ്ങളിലേക്കും ഇതുസംബന്ധിച്ച കത്തു വന്നിട്ടുണ്ട്. തമിഴ്നാട് ജനുവരിയിൽത്തന്നെ മറുപടി നൽകി. ഏപ്രിൽ ഒന്നിനുതന്നെ തമിഴ്നാട്ടിൽ സംഭരണം ആരംഭിക്കാനാകുംവിധം അവർ പിറ്റേന്നുതന്നെ നടപടികളുമാരംഭിച്ചു. അതേസമയം കേരളത്തിൽനിന്നു മറുപടി പോയതുതന്നെ 3 മാസം വൈകി 2 ദിവസം മുൻപു മാത്രമാണ്. ഇനി നാഫെഡിൽനിന്നു മറുപടി ലഭിക്കാൻ 3 മാസമെങ്കിലുമെടുക്കും. അപ്പോഴേക്കും നമ്മുടെ നാളികേര ഉൽപാദനസീസൺ നല്ലൊരു ഘട്ടം പിന്നിട്ടിരിക്കും.
കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ 50,000 ടൺ സംഭരിച്ച തമിഴ്നാട് വീണ്ടും 30,000 ടൺ സംഭരിക്കാൻ കേന്ദ്രാനുമതി നേടിയെടുത്തു. അതും കർഷകരിൽനിന്നു സംഭരിക്കുകയും ചെയ്തു. അയൽസംസ്ഥാനത്തിന് ആവുന്നതു നമുക്കാവാതെപോവുന്നത് നിരുത്തരവാദിത്തംകൊണ്ടും ആത്മാർഥതയില്ലാത്തതുംകൊണ്ടും മാത്രമല്ലേ?
കടുത്ത പ്രതിസന്ധിയിലാണു കേരളത്തിലെ കേര കർഷകർ. മണ്ണിനോടും കാലാവസ്ഥയോടും മല്ലടിച്ചു വിളവെടുക്കുന്ന കർഷകർക്ക് ഒപ്പം നിൽക്കാനുള്ള ബാധ്യത സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കുമുണ്ട്. ചോദ്യങ്ങളുയരുമ്പോൾ പറഞ്ഞുനിൽക്കാൻ മാത്രമുള്ള പദ്ധതികൾകൊണ്ടു കാര്യമില്ല. കേരകർഷകരുടെ കണ്ണീരൊപ്പാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾക്കു സർക്കാർ സന്നദ്ധമായേ തീരൂ. കൊപ്ര സംഭരണം ഇനിയെങ്കിലും പാഴായിക്കൂടാ. കൂടുതൽ നഷ്ടത്തിലേക്കും നിരാശയിലേക്കും നമ്മുടെ കർഷകർ കൂപ്പുകുത്താതിരിക്കാൻ അടിയന്തരനടപടികൾ ഉണ്ടാവുകതന്നെ വേണം.