ഇല്ല ഇല്ല മരിച്ചിട്ടില്ല !
Mail This Article
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ തലമുതിർന്ന നേതാവാണ് ടി.ആർ.ബാലു. ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്റെ ആത്മകഥ ചെന്നൈയിൽ പ്രകാശനം ചെയ്യപ്പെട്ടു. ചടങ്ങിൽ ഡിഎംകെയുടെ സ്ഥാപകനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എം.കരുണാനിധി പങ്കെടുത്തിരുന്നു. അദ്ദേഹം എട്ടു മിനിറ്റ് നീണ്ട പ്രസംഗവും നടത്തി. ടി.ആർ. ബാലുവിനെയും തന്റെ മകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെയും അദ്ദേഹം മതിയാവോളം അഭിനന്ദിച്ചു. എന്താ ഇതിലിപ്പോ ഇത്ര പറയാൻ എന്നല്ലേ? ഈ കരുണാനിധി 2018ൽ മരിച്ചു പോയതാണല്ലോ എന്ന ഓർമ വരുമ്പോഴാണ് കുഴപ്പം!
ഈ ലോകത്തില്ലാത്ത കരുണാനിധി ഇതിനു മുൻപും പാർട്ടിയുടെ ചില പരിപാടികളിൽ ‘നേരിട്ടു’ പങ്കെടുത്തിട്ടുണ്ട്, വലിയ സ്ക്രീനിൽ തന്റെ ട്രേഡ് മാർക്കുകളായ കറുത്ത കണ്ണടയും മഞ്ഞ ഷാളുമൊക്കെയണിഞ്ഞ്.
കരുണാനിധിക്കു ‘തിരിച്ചു’വരാമെങ്കിൽ അദ്ദേഹത്തിന്റെ മുഖ്യഎതിരാളിയായിരുന്ന ‘അമ്മ’ ജയലളിതയ്ക്കു വരാതിരിക്കാൻ കഴിയുമോ? ഫെബ്രുവരി 24നു ജയലളിതയുടെ പിറന്നാൾ ദിനത്തിൽ അവരുടെ പാർട്ടിയായ അണ്ണാ ഡിഎംകെ പുറത്തിറക്കിയത് ‘അമ്മ’യുടെ ശബ്ദസന്ദേശമാണ്. 2016ൽ അന്തരിച്ച ജയലളിതയുടെ ഓഡിയോ സന്ദേശം തുടങ്ങുന്നത്, ‘വണക്കം, ഞാൻ ഉങ്കളുടെ ജയലളിത പേശറേൻ’ എന്നു പറഞ്ഞുകൊണ്ടാണ്. ഈ സംസാരം സാധ്യമാക്കിയ സാങ്കേതികവിദ്യയ്ക്കു പ്രത്യേകം നന്ദി പറയുന്നുണ്ട് ജയലളിത സന്ദേശത്തിൽ.
മരിച്ചുപോയ ഈ നേതാക്കളുടെ രൂപവും ശബ്ദവുമെല്ലാം പുനഃസൃഷ്ടിക്കുന്ന ആ സാങ്കേതികവിദ്യ എന്താണെന്നു നമുക്കെല്ലാം ഇപ്പോഴറിയാം. ഫാൻസി ഡ്രസും മിമിക്രിയും ചേർന്നുള്ള പഴയ പരിപാടിയല്ല; ഇതു നിർമിതബുദ്ധി എന്നു മലയാളത്തിൽ വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന എഐ സാങ്കേതികവിദ്യയാണ്.
ഇപ്പറഞ്ഞ രണ്ടുദാഹരണങ്ങളും മരിച്ചുപോയവരുടെ കാര്യമാണ്. എന്നാൽ, ജീവിച്ചിരിക്കുന്നവരും ഈ വിദ്യ ആവോളം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈയിടെ നടന്ന പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ, ജയിലിൽ കഴിയുന്ന നേതാവ് ഇമ്രാൻ ഖാൻ രാജ്യമാകെ ‘പ്രചാരണം നടത്തിയത്’ തന്റെ എഐ അവതാരത്തിലൂടെയായിരുന്നു. ഇമ്രാൻ ജയിലിൽനിന്നു കുറിപ്പുകൾ നൽകും. അവ ആധാരമാക്കി പാർട്ടിക്കാർ എഐ ശബ്ദ, വിഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കും. മൺമറഞ്ഞുപോയവരും ജീവിച്ചിരിക്കുന്നവരുമായ ആരുടെയും ദൃശ്യങ്ങളും ശബ്ദവും ഇത്തരത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്നതാണ് നിർമിതബുദ്ധിയുടെ സാധ്യത; ഭീഷണിയും അതുതന്നെ.
കരുണാനിധി വിഡിയോയും ജയലളിത ഓഡിയോ ക്ലിപ്പും ഇമ്രാൻ പ്രചാരണവുമൊക്കെ വ്യാജം എന്നു ലേബൽ ചെയ്യാൻ കഴിയുമോ? ഇല്ലെന്നു പറയാം; കാരണം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചതാണ് അവയെന്നു പരസ്യമാക്കിയാണ് പാർട്ടികൾ അതു പുറത്തുവിട്ടത്. സാങ്കേതികവിദ്യയെ കൗതുകകരമായി പ്രയോജനപ്പെടുത്താനുള്ള ശ്രമമായി അതിനെ കാണാവുന്നതേയുള്ളൂ.
എന്നാൽ, ഇനി പറയുന്ന ചില ഉദാഹരണങ്ങൾ പരിശോധിച്ചു നോക്കൂ:
∙ മൂന്നു മാസം മുൻപു നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോളിളക്കമുണ്ടാക്കിയ ഒരു വിഡിയോ ക്ലിപ്പുണ്ട്. അന്നു മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ, തന്റെ പാർട്ടി ഭരണത്തിലേക്കു തിരിച്ചുവരുമോയെന്ന സംശയം പങ്കുവയ്ക്കുകയാണു വിഡിയോയിൽ. എഐ വോയ്സ് ക്ലോണിങ് എന്ന ടൂൾ ഉപയോഗിച്ചു നിർമിച്ചതായിരുന്നു ഈ വിഡിയോ.
∙ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽത്തന്നെ പുറത്തുവന്ന മറ്റൊരു വിഡിയോയിൽ, അമിതാഭ് ബച്ചൻ തന്റെ പ്രശസ്തമായ 'കോൻ ബനേഗ ക്രോർപതി' ഷോയിൽ ചോദിക്കുന്ന ഒരു ചോദ്യം ഇങ്ങനെയാണ്: ‘വ്യാജ വാഗ്ദാനങ്ങളുടെ പേരിൽ അറിയപ്പെടുന്ന മന്ത്രി ആരാണ്?’ ചോദ്യത്തിനു ശിവരാജ് സിങ് ചൗഹാൻ എന്ന ശരിയുത്തരം നൽകുന്ന മത്സരാർഥിയുടെ വിഷ്വൽ സംസ്ഥാനത്തു വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതും എഐ സൃഷ്ടിയായിരുന്നു.
∙ അമേരിക്കയിൽ ഡോണൾഡ് ട്രംപ്, ആഫ്രിക്കൻ വോട്ടർമാരോടു ചിരിച്ചും കളിച്ചും ഇടപെടുന്ന ഒട്ടേറെ വ്യാജചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുത്തവർഗക്കാരായ വോട്ടർമാർ പൊതുവേ ട്രംപിന്റെ എതിരാളിയായ ജോ ബൈഡനെ പിന്തുണയ്ക്കുന്നുവെന്ന സർവേകൾക്കിടെയാണ് ട്രംപിനെ അവരുടെ പ്രിയപ്പെട്ട ആളായി ചിത്രീകരിക്കുന്ന എഐ ചിത്രങ്ങൾ പ്രചരിക്കുന്നത്.
ഇത്തരത്തിൽ എഐ രാഷ്ട്രീയക്കളികളുടെ ഒട്ടേറെ ഉദാഹരണങ്ങൾ ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും കിട്ടാനുണ്ട്. വ്യാജമെന്ന് ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്തവിധം സൃഷ്ടിക്കാൻ കഴിയുന്നുവെന്നതാണ് എഐയുടെ പ്രത്യേകത.
ഇങ്ങനെ നിർമിക്കുന്ന വിഡിയോകളെ ഡീപ് ഫെയ്ക് എന്നു വിളിക്കും. ആ വാക്കിൽത്തന്നെ അവയുടെ ആഴം വ്യക്തം.
2024 ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വർഷമാണ്. അൻപതോളം ലോകരാജ്യങ്ങളിലാണു തിരഞ്ഞെടുപ്പ്. അതിൽ ഏറ്റവും വലുത് ഇന്ത്യയിലും അമേരിക്കയിലുമാണ്. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും നിർമിതബുദ്ധി ഉഗ്രപ്രഹരശേഷിയുള്ള ആയുധമായി പ്രയോഗിക്കപ്പെടുമെന്ന ഭയം ലോകമെങ്ങുമുള്ള നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.
കൺകണ്ടതും പൊയ്, ഇനി കാണപ്പോവതും പൊയ് എന്നു സിനിമാ ഡയലോഗിൽ പറയുന്നതുപോലെ, ഈ തിരഞ്ഞെടുപ്പുകാലത്ത് എന്തെല്ലാം പൊയ്ക്കാഴ്ചകളും ശബ്ദങ്ങളും നമ്മുടെ മുന്നിലെത്തുമെന്നു പറയുക വയ്യ!