വെടിനിർത്തൽ ശാശ്വതമാകട്ടെ
Mail This Article
ഈ വിശുദ്ധ റമസാൻ മാസത്തിൽ ഗാസയുടെ ശാന്തിയിലേക്കു വഴിതുറക്കുമെന്ന പ്രത്യാശയിൽ കൈകോർത്തിരിക്കുകയാണു ലോകം. ജീവിക്കാൻ അനുവദിക്കണമെന്നു ഗാസയിലെ ശേഷിക്കുന്ന ജനത ആവശ്യപ്പെടുന്നതു വൈകിയെങ്കിലും രാജ്യാന്തര സമൂഹത്തിന്റെ കാതിലെത്തിയിരിക്കുന്നു. വെടിനിർത്തൽ വൈകുന്ന ഓരോ ദിവസത്തിനും വലിയ വില കൊടുക്കേണ്ടിവരുമെന്ന തിരിച്ചറിവിൽനിന്നാണ്, വ്രതമാസമായ റമസാനിൽ ഗാസയിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കിയിരിക്കുന്നത്. എന്നാൽ, പ്രമേയം പാസാക്കിയിട്ടും ഗാസയിലെ യുദ്ധത്തിനു മാറ്റമുണ്ടാകുന്ന സൂചന ഇപ്പോഴും ഉണ്ടായിട്ടില്ല.
ഇതാദ്യമായാണ് രക്ഷാസമിതി ഗാസയിൽ യുദ്ധം നിർത്താൻ ആവശ്യപ്പെടുന്നതും ലോകമാകെ ഒരുമിച്ച് ഗാസയ്ക്കുവേണ്ടി ശബ്ദമുയർത്തുന്നതും. ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെയാണു പ്രമേയം പാസാക്കാനായത്. ഗാസയിൽ ഇസ്രയേൽ സൈന്യം കൂട്ടക്കൊല തുടരുമ്പോൾ, രക്ഷാസമിതിയിൽ വൻശക്തികൾ നടത്തിവന്ന ‘വീറ്റോകളി’യിൽനിന്നുള്ള വിരാമം കൂടിയായി ഈ പ്രമേയത്തിന്റെ പാസാക്കൽ. രക്ഷാസമിതിയിൽ നേരത്തേ വന്ന മൂന്നു പ്രമേയങ്ങളും യുഎസ് വീറ്റോ ചെയ്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് പിന്തുണച്ച വെടിനിർത്തൽ പ്രമേയം റഷ്യയും ചൈനയും തടഞ്ഞതോടെയാണ് തിങ്കളാഴ്ച പുതിയ പ്രമേയം കൊണ്ടുവന്നത്.
എന്നാൽ, ഗാസയിൽനിന്ന് പിൻവാങ്ങണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറയുന്നു. ഇസ്രയേൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ് നേരത്തേ തള്ളിയിരുന്നു. ഹമാസിന്റെ ആവശ്യങ്ങൾക്കു വഴങ്ങില്ലെന്നും നെതന്യാഹു ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം വീണ്ടും രൂക്ഷമാകുകയും ചെയ്തു.
വംശഹത്യയെന്ന് ആദ്യഘട്ടത്തിൽതന്നെ വിശേഷിപ്പിക്കപ്പെട്ട യുദ്ധം, അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ ആക്രമണപരമ്പരകളിലൂടെ സർവനാശം വിതച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും ഭക്ഷണത്തിനു കാത്തുനിൽക്കുന്നവർക്കും നേരെപോലും വെടിവയ്പു നടത്തി ഇസ്രയേൽ സൈന്യം മുന്നോട്ടുപോകുമ്പോൾ ജീവശ്വാസത്തിനുവേണ്ടി പിടയുകയാണ് ഗാസ. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,414. പരുക്കേറ്റവർ ഏകദേശം 75,000 പേരും.
വിശപ്പിന്റെ മറ്റൊരു പേരുകൂടിയാണിപ്പോൾ ഗാസ. മേയ്മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും വടക്കൻ ഗാസയിൽ പട്ടിണിമരണങ്ങൾ സംഭവിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പുറംലോകവുമായി ബന്ധമറ്റ അവിടെ മൂന്നു ലക്ഷത്തിലേറെ ജനങ്ങളിൽ 2.10 ലക്ഷം പേരും പട്ടിണിമരണത്തിലേക്കു നീങ്ങുകയാണെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിശന്നു കരയുന്ന കുട്ടികൾക്കു നൽകാൻ ചെടികളും മറ്റും പുഴുങ്ങിക്കൊടുക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് അമ്മമാർ. തുടർച്ചയായ ദിനരാത്രങ്ങൾ വിശന്നിരിക്കേണ്ടിവരുന്നവരുടെ അവസ്ഥ നിങ്ങൾക്കു മനസ്സിലാകുമോ എന്ന് ആ അമ്മമാർ ലോകത്തോടു ചോദിക്കുന്നു. ഗാസയിൽ കുഞ്ഞുങ്ങളടക്കം വിശന്നുമരിക്കുമ്പോൾ, ഭക്ഷ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ഈജിപ്ത് അതിർത്തിയിൽ അനുമതി കിട്ടാതെ കാത്തുകിടക്കുന്നതു നടുക്കമുണ്ടാക്കുന്നുവെന്നാണ് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.
ഗാസയിൽ 5 വയസ്സിൽ താഴെയുള്ള 60% കുട്ടികളും കടുത്ത പോഷകാഹാരക്കുറവു നേരിടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞതും ലോകം കേട്ടു. ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയ പലസ്തീൻകാർക്കിടയിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ യുഎൻ സംഘടനകൾ കിണഞ്ഞുശ്രമിക്കുന്നു. പട്ടിണി മൂലം ഇവിടെ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയുടെ മറ്റു ഭാഗങ്ങളിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിക്കൂടിയ റഫയിലെ ദുരിതം സങ്കൽപിക്കാൻ കഴിയുന്നതിലുമപ്പുറമാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
ഇനിയും നരകിക്കാൻ ഗാസയെ വിട്ടുകൊടുക്കരുത്. അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അതു ശാശ്വത യുദ്ധവിരാമമായി മാറുകയും ചെയ്യണമെന്ന യുഎൻ ആവശ്യം യാഥാർഥ്യമാകേണ്ടതുണ്ട്. മുഴുവൻ മനുഷ്യരാശിയുടെയും പേരിൽ, ലോക രാഷ്ട്രങ്ങൾ ആ ദൗത്യത്തിനു മുന്നിട്ടിറങ്ങണം.