ADVERTISEMENT

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം എ‍ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതിനകം അറസ്റ്റ് ചെയ്ത പ്രതിപക്ഷനേതാക്കൾ കുറച്ചെ‍ാന്നുമല്ല. പെ‍ാതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ, നേതാക്കളെ വേട്ടയാടിയും മറ്റും പ്രതിപക്ഷത്തെ തളർത്താനാണു സർക്കാരിന്റെ നീക്കമെന്ന ആരോപണമാകട്ടെ അതീവഗൗരവമുള്ളതും. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പല നടപടികളും ജനാധിപത്യവിരുദ്ധമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, മുതിർന്ന ആംആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിനു സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിനു പ്രാധാന്യമേറെയാണ്.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കഴിഞ്ഞവർഷം ഒക്ടോബർ നാലിനാണു സഞ്ജയ് സിങ് അറസ്റ്റിലായത്. ‘6 മാസമായി നിങ്ങളുടെ കസ്റ്റഡിയിലാണ്. പണം വാങ്ങിയെന്നു തെളിയിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടുമില്ല’ എന്ന് ഇ.ഡിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചത്. വിചാരണ നീളുന്നുവെന്ന കാരണം പറഞ്ഞ് പ്രതികളെ അനന്തകാലം തടവിലിടാൻ ഇ.ഡിക്കു കഴിയില്ലെന്നു സുപ്രീം കോടതി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ദീർഘകാലമായി ജയിലിലിട്ടിരിക്കുന്നതും വിചാരണ നടക്കുന്നില്ലെന്നതും പരിഗണിച്ച് കോടതിക്കു ജാമ്യം അനുവദിക്കാവുന്നതേയുള്ളൂ എന്നും അപ്പോൾ പറയുകയുണ്ടായി.

സഞ്ജയ് സിങ്ങിന്റെ വീട്ടിലെത്തി വ്യവസായി ദിനേശ് അറോറയുടെ ജോലിക്കാരൻ 2 കോടി രൂപ നൽകിയെന്നായിരുന്നു ഇ.ഡിയുടെ വാദം. ഒരാൾ കൈക്കൂലി വാങ്ങുക മാത്രമാണെങ്കിൽ കള്ളപ്പണം തടയൽ നിയമം (പിഎംഎൽഎ) ബാധകമാകുമോ എന്നു കോടതി ചോദിച്ചപ്പോൾ ഇല്ലെന്നും ആദായനികുതി നിയമമേ ബാധകമാകൂവെന്നും സഞ്ജയ് സിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ‘പണം എവിടെയെന്നു നിങ്ങൾ കണ്ടെത്തിയിട്ടില്ല. പിഎംഎൽഎ നിയമപ്രകാരം ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് ഓർക്കുക. അതു വിചാരണഘട്ടത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം’ എന്ന്, ജാമ്യാനുമതിയോടെ‍ാപ്പം ജഡ്ജി സഞ്ജീവ് ഖന്ന ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

പൊതുതിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചതോടെ സർക്കാരിനുൾപ്പെടെ ബാധകമാകുന്ന പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എന്നാൽ, പ്രതിപക്ഷത്തെ പരമാവധി ഒതുക്കുന്ന രീതിയിലാണ് ഈ സമയത്തും മോദി സർക്കാരിന്റെ നടപടികളെന്നു വിലയിരുത്താൻ പ്രയാസമില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അന്വേഷണ ഏജൻസികളുടെ ഉത്സാഹം കൂടിയെന്നു കരുതണം. ആദായനികുതി വകുപ്പിൽനിന്ന് കോൺഗ്രസ്  ഒന്നിനു പിറകെ ഒന്നായി നേരിട്ട നടപടികൾത്തന്നെ ഉദാഹരണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന രാജ്യാന്തര പഠനങ്ങളിലൊന്നിൽ പറയുന്നു: ‘ഭരണപക്ഷം പ്രതിപക്ഷത്തെ രാഷ്ട്രീയ എതിരാളി എന്നതിനു പകരം ശത്രുവെന്ന രീതിയിൽ കാണുന്നു’. സർക്കാരിന്റെയും ബിജെപിയുടെയും പല നടപടികളും ഈ വിലയിരുത്തൽ ശരിയെന്നു കരുതാൻ പ്രേരിപ്പിക്കുന്നവയാണ്.

തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമെന്ന് ഉറപ്പാക്കേണ്ടതു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷത്തിനു ശ്വാസം വിടാൻ സാധിക്കാത്ത സാഹചര്യമാണു സൃഷ്ടിക്കപ്പെടുന്നതെങ്കിൽ തിരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിപൂർവകവുമാകും? തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു തങ്ങളുടെ നേതാക്കളെ ഇ.ഡി, സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്നും അവയ്ക്കു നിയന്ത്രണമേർപ്പെടുത്തണമെന്നും പ്രതിപക്ഷകക്ഷികൾ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പു നടത്തുന്നതിന് ഏജൻസികളുടെ നടപടി തടസ്സം സൃഷ്ടിക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ വാദം.

ഈ ആവശ്യത്തിന്റെ അടിയന്തരസ്വഭാവം തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതനടപടികൾ എടുക്കേണ്ടത് പ്രതിപക്ഷത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ ആവശ്യമാണ്. പ്രതിപക്ഷമില്ലെങ്കിൽ പിന്നെന്തു ജനാധിപത്യം?

English Summary:

Editorial about imprisonment of Sanjay Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com