വനിതാമന്ത്രി ആർക്കൊപ്പം?
Mail This Article
ഒരു കൊടുംക്രൂരത അതിന്റെ തുടർച്ചയായി ഉണ്ടാവുന്ന പകപോക്കൽകൂടിയാകുമ്പോൾ അങ്ങേയറ്റം മനുഷ്യത്വരഹിതമായി മാറുന്നതിന്റെ മറ്റൊരു തെളിവുകൂടി തരികയാണ് സംസ്ഥാന സർക്കാരും കോഴിക്കോട് മെഡിക്കൽ കോളജും. സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ തിരികെ കോഴിക്കോട്ട് ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സാങ്കേതികതടസ്സം പറഞ്ഞും പുതിയ കാരണങ്ങളുന്നയിച്ചും നടപ്പാക്കാതിരിക്കുന്നതു നിയമവ്യവസ്ഥയോടുള്ള പരസ്യവെല്ലുവിളിയായിവേണം കാണാൻ. നീതിയോടൊപ്പം എന്നും നിൽക്കേണ്ട ഭരണകൂടം അതു ചെയ്യാതിരിക്കുന്നതുമാത്രമല്ല, അതിജീവിതയോടു ചേർന്നുനിൽക്കുന്ന നഴ്സിങ് ഓഫിസറെ തോൽപിക്കാൻ കച്ചകെട്ടിയിറങ്ങിയതുകൂടി കാണുകയാണു കേരളം.
പീഡിപ്പിക്കപ്പെട്ട യുവതിക്കു സത്യം പറഞ്ഞുകൊണ്ടു പിന്തുണ നൽകിയ പി.ബി.അനിതയുടെ ഭാഗത്ത് ജോലിസംബന്ധമായ വീഴ്ചയുണ്ടെന്ന് അന്വേഷണ റിപ്പോർട്ടുള്ളതായി മന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞപ്പോൾ പകപോക്കലിന്റെ സർക്കാർധാർഷ്്ട്യം തന്നെയാണു തെളിയുന്നത്. അതിന്റെ ഭാഗമായുള്ള നടപടികളാണ് സ്വീകരിച്ചതെന്നുകൂടി പറയുമ്പോൾ അനിതയെ മാത്രമല്ല, കരുണയോടും നീതിയോടുമൊപ്പം നിലകൊള്ളുന്ന എല്ലാ നഴ്സുമാരെയും മന്ത്രി ചെറുതാക്കുകയല്ലേ?
ഇതുകേട്ട്, തനിക്കു പറ്റിയ വീഴ്ച എന്തെന്നു മന്ത്രി വ്യക്തമാക്കണമെന്ന് അനിത പറഞ്ഞതിനു മുഴക്കമേറെയുണ്ട്. എന്തുണ്ടായാലും, ഏതു സാഹചര്യത്തിലും പ്രതികരിക്കരുതെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്? ലൈംഗികമായി പീഡിപ്പിക്കപ്പെട്ടയാളോട് ഒരു നഴ്സ് അനുകൂല നിലപാട് എടുക്കേണ്ടെന്നും അങ്ങനെയൊരു ക്രൂരത കണ്ടില്ലെന്നു നടിക്കണമെന്നുമാണ് അധികൃതർ വിചാരിക്കുന്നതെങ്കിൽ ആ നിലപാടിലെ ജനവിരുദ്ധത ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെ.
മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴിമാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതർക്ക് അനിത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് 5 പേരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റിയെങ്കിലും അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്നു സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്തു.
ഇടുക്കിയിലേക്കു സ്ഥലംമാറ്റിയ അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ലെന്നായിരുന്നു സർക്കാർവാദം. തുടർന്നു ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ഏപ്രിൽ ഒന്നിന് ഒഴിവുവരുമെന്നും അനിതയെ പ്രവേശിപ്പിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതുപ്രകാരമാണ് അനിതയെ ഏപ്രിൽ ഒന്നിനു തിരികെ പ്രവേശിപ്പിക്കണമെന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. മാർച്ച് ഒന്നിനു പുറപ്പെടുവിച്ച ഈ ഉത്തരവുമായി കഴിഞ്ഞ അഞ്ചു ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. അനിതയെ തിരികെ കോഴിക്കോട്ട് ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവു പുനഃപരിശോധിക്കാൻ, ഇതുവരെ കോടതിയിൽ പറയാതിരുന്ന മേൽനോട്ടച്ചുമതലയിൽ പിഴവ് എന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഇതിലും ഒരു വനിതയെ തോൽപിക്കാനുള്ള വാശിയാണു തെളിയുന്നത്.
പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷം വേദന സഹിച്ചുജീവിച്ച കെ.കെ.ഹർഷിനയുടെ പരാതിയും പ്രതിഷേധവും അവഗണിച്ച്, നെട്ടോട്ടമോടിച്ച സർക്കാർ സംവിധാനങ്ങളെയും ഇതോടു ചേർത്തുവയ്ക്കാം. അതേ സർക്കാർ മെഡിക്കൽ കോളജിലാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. കഠിനവും ക്രൂരവുമായ അതിക്രമം നേരിട്ട താൻ നീതി തേടിയിറങ്ങിയപ്പോൾ സർക്കാർസംവിധാനങ്ങൾ എങ്ങനെയൊക്കെ കഷ്ടപ്പെടുത്തിയെന്ന് ആ അതിജീവിത തുറന്നുപറഞ്ഞിട്ടുണ്ട്. ‘അതിക്രമത്തിനെതിരെ പരാതിപ്പെട്ടാൽ ഇതാണവസ്ഥയെങ്കിൽ ഇനി ആരെങ്കിലും പരാതിപ്പെടാൻ വരുമോ’ എന്ന് ആ വനിത ചോദിച്ചിട്ടുണ്ട്. അതുകേട്ട്, നീതിബോധമുള്ള മലയാളിമനസ്സ് പൊള്ളിയിട്ടുമുണ്ട്.
ഇപ്പോഴിതാ ആ വനിതയ്ക്കൊപ്പം നിലയുറപ്പിച്ച നഴ്സിനോടുള്ള പകപോക്കലും നാം കാണുന്നു. സ്ത്രീക്കൊപ്പമെന്ന് എപ്പോഴും ആണയിടുന്നൊരു സർക്കാരിന്റെ മേൽനോട്ടത്തിലാണ് ഈ പ്രതികാര നടപടികളെന്നതു നിർഭാഗ്യകരംതന്നെ. ഏറ്റവും നിന്ദ്യമായ ശാരീരിക അതിക്രമം നേരിട്ട അതിജീവിതയ്ക്കൊപ്പം െഎക്യദാർഢ്യത്തോടെ നിൽക്കുന്നൊരു നഴ്സ് പകപോക്കലും സമ്മർദവും അപമാനവും അനുഭവിക്കേണ്ടിവരുന്നതാണോ സ്ത്രീപക്ഷ കേരളത്തിന്റെ മുഖമുദ്ര? അപമാനിക്കപ്പെടുന്നവരെ പിന്തുണയ്ക്കാനും ചേർത്തുപിടിക്കാനും ഇങ്ങനെ ചിലർ ഉള്ളതുകൊണ്ടുകൂടിയാണ് ഈ ലോകം വാസയോഗ്യമാകുന്നതെന്ന് എന്നാണ് ഈ ‘ജനകീയ’ സർക്കാർ മനസ്സിലാക്കുക?