വാചകമേള
Mail This Article
എൻ.എം.പിയേഴ്സൺ: സിപിഎമ്മിന്റെ ഉൾപാർട്ടി സംവിധാനം തകരാറിലാവുകയും പാർട്ടിക്കകത്തു ചോദ്യങ്ങൾ ചോദിക്കുന്ന ശീലം നഷ്ടപ്പെടുകയും വിമർശനമോ സ്വയം വിമർശനമോ നടക്കാതെ വരികയും ചെയ്തിരിക്കുന്നു. ആന്തരികമായി സിപിഎമ്മിനു സ്വയംനവീകരണ പ്രക്രിയ സാധ്യമല്ലാതായി. കേരളത്തിന്റെ പൊതുബോധം ആർജവത്തോടുകൂടി തിരുത്താൻ ശ്രമിക്കുന്നതുകൊണ്ട് ഒരുപരിധിവരെ സിപിഎമ്മിനു ബാലൻസ് ചെയ്യാൻ ശ്രമിക്കേണ്ടിവരുന്നുണ്ട്.
വൈശാഖൻ: എഴുത്തു വേണോ കഴുത്തു വേണോ എന്നു ചോദിച്ചാൽ എഴുത്തു വേണമെന്നു പറയാനുള്ള ആർജവം എഴുത്തുകാർ കാണിക്കണം. മനുഷ്യനു സമാധാനമായി കഴിയാനുള്ള അവസ്ഥയാണു വേണ്ടത്. അതെല്ലാവരുടെയും ഉത്തരവാദിത്തവുമാണ്.
കെ.വേണു: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഹിന്ദി ബെൽറ്റിന്റെയും സ്വാധീനത്തെ തകർക്കാവുന്ന രീതിയിൽ കേന്ദ്രീകൃതമായ രാഷ്ട്രീയമുന്നേറ്റം ഉയർന്നുവരാത്തതാണ് ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഗാന്ധിജി വളമിട്ട മതസൗഹാർദ സന്ദേശവും ഇന്ത്യയുടെ ബഹുസ്വരതയും ഇപ്പോഴും ഏറക്കുറെ നിലനിൽക്കുന്നതിനാൽ പൂർണമായി നിരാശരാകേണ്ടതില്ല. ആര് അധികാരത്തിലെത്തിയാലും അവയൊന്നും പൂർണമായി തകർക്കാനാവില്ല.
എം.മുകുന്ദൻ: കേരളത്തിൽ എഴുത്തുകാർ കൂടുതലും ഇടതുപക്ഷത്താണെങ്കിലും അവരുടെ എഴുത്ത് ഇടതുപക്ഷത്തിന്റെകൂടെയല്ല. എഴുത്താണ് ഇടതുപക്ഷത്തു നിൽക്കേണ്ടത്. എഴുത്തുകാരൻ വലതുപക്ഷത്തേക്കുപോയാലും പ്രശ്നമില്ല.
പി.ഡി.ടി.ആചാരി: കേസിൽ വിചാരണ നടക്കാതെ കേജ്‌രിവാളിന്റെ നിരപരാധിത്വം എങ്ങനെ കോടതിക്കു ബോധ്യപ്പെടും? നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടാതെ ഇത്തരം കേസുകളിൽ ജാമ്യം നൽകാനുള്ള റിസ്‌ക്കിനു ജഡ്ജിമാർ നിൽക്കില്ല. യഥാർഥത്തിൽ പിഎംഎൽ നിയമം ഒരിക്കലും ഭരണതലത്തിലെ അഴിമതിക്കേസുകളിൽ ഉപയോഗിക്കാൻ പാടില്ല. കാരണം നാളെ, കേസുകൾ തെളിയിക്കപ്പെടാതെ പോയെന്നു കരുതുക. അത്രയും കാലം ജാമ്യമില്ലാതെ ജയിലിൽ കിടക്കേണ്ടിവന്ന സാഹചര്യം അതീവഗുരുതരമാണ്.
ബ്ലെസി: ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നത് പത്മരാജൻ സാറിനെയാണ്. സാർ എപ്പോഴും പറയാറുള്ളത് നമുക്കു പറയാനുള്ള വിഷയം ഏറ്റവും പുതുമയോടുകൂടി പറയുക എന്നാണ്. അതുകൊണ്ടു സിനിമയുടെ വലിയൊരു ഗ്രാമർ പഠിച്ച വലിയൊരു ടെക്നിഷ്യൻ ആവണമെന്നില്ല, പക്ഷേ, ഏറ്റവും ഫ്രഷായിട്ടു പറയുക എന്നതാണു വേണ്ടത്.
വിജയ് യേശുദാസ്: അപ്പയുടെ ചില പാട്ടുകളൊക്കെ കേട്ട് പ്രേമിക്കാൻ തോന്നിയിട്ടുണ്ട്. ‘മഴൈവരുത്’, ‘കല്യാണ തേൻനിലാ’ പോലെയുള്ള പാട്ടുകൾ. പക്ഷേ, അപ്പയുടെ പാട്ടിട്ട് കാമുകിയെ പ്രണയിച്ചാൽ അപ്പ അവിടെനിന്നൊക്കെ നോക്കുന്നപോലെ തോന്നും.
റഫീക്ക് അഹമ്മദ്: എ.ആർ.റഹ്മാൻ ഈണമിട്ട പാട്ടിന് ‘റഹ്‌മാൻ’ എന്ന വാക്ക് വന്നതു തികച്ചും യാദൃച്ഛികമാണ്. ആ പാട്ടിലെ ‘അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ പെയ്യണുണ്ടേ’ മുതലുള്ള വരികളാണ് ഞാനെഴുതിയത്. ‘പെരിയോനേ റഹ്മാനെ’ എന്ന ആദ്യത്തെ ഒരു വരി എ.ആർ.റഹ്‌മാൻ കൂട്ടിച്ചേർത്താണ്. അതു കോംപസിഷന്റെ ആവശ്യത്തിന് അദ്ദേഹം ചേർക്കുകയായിരുന്നു. മ്യൂസിക് ചെയ്യുന്നവർക്ക് അറിയാമല്ലോ ഒരു പാട്ട് എങ്ങനെ വരണമെന്നുള്ളത്. ആ പാട്ടിന് അങ്ങനെയൊരു തുടക്കം ആവശ്യമുള്ളതുകൊണ്ട് അത് അദ്ദേഹം ചേർത്തതാണ്.
എ.ആർ.റഹ്മാൻ: മലയാളത്തിലേക്കു തിരിച്ചുവരുമ്പോൾ വീട്ടിലേക്കു വരുന്ന അനുഭവമാണ്. അച്ഛനിൽനിന്ന് (ആർ.കെ.ശേഖർ) പകർന്നുകിട്ടിയ മലയാളത്തിന്റെ ഇശലുകൾ ഇന്നും മനസ്സിലുണ്ട്.
ജയമോഹൻ: ബിജെപി ആർക്കെങ്കിലും കാശയച്ചു കൊടുക്കണമെങ്കിൽ അത് എം.എ.ബേബിയെപ്പോലുള്ളവർക്കാണ്. ദിവസവും 10 പേരെയെങ്കിലും അദ്ദേഹം ബിജെപിയുടെ കൂടാരത്തിലേക്കു കയറ്റുന്നുവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.