ADVERTISEMENT

അരുണാചൽപ്രദേശിലെ സീറോ താഴ്‌വാരത്തെ മൂന്നു മലയാളികളുടെ ‘ആത്മഹത്യ’കളുടെ മറവിൽ നാലാമതൊരാളുണ്ടോ? കുറ്റകൃത്യത്തിലേക്കു നയിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പരിശോധന ഈ കേസ് ആവശ്യപ്പെടുന്നുണ്ടോ? സമൂഹത്തിനു ഭീഷണിയാവുന്ന അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നിയമനിർമാണത്തിനു കേരള നിയമസഭ അമാന്തിക്കുന്നത് എന്തുകൊണ്ട്?

അരുണാചൽ പൊലീസും കേരളാ പൊലീസും തിരയുന്ന നിർണായക തെളിവുകളിലേക്ക് അന്വേഷണസംഘത്തെ നയിക്കുന്ന ചില ഫൊറൻസിക് നിഗമനങ്ങൾ ഇവയാണ്:  മൂവരുടെയും മരണകാരണം ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണ്; വലതുകൈ ഉപയോഗിച്ചുണ്ടാക്കിയവയാണെല്ലാം.

നാലു സാധ്യതകളാണു പൊലീസ് പരിശോധിക്കുന്നത്. മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത അജ്ഞാതകാരണത്താലുള്ള കൂട്ട ആത്മഹത്യ, മരിച്ചയാളുകളുടെ സമ്മതത്തോടെ മറ്റൊരാൾ ചെയ്ത കൊലപാതകം, അന്ധവിശ്വാസത്തിൽ അകപ്പെട്ടുണ്ടായ വിഭ്രാന്തിമൂലമുള്ള ആത്മാഹുതി, പണമോ സ്വത്തോ തട്ടിയെടുക്കാനുള്ള തന്ത്രപരമായ കൊലപാതകം.

ആഭിചാരം, ഇന്റർനെറ്റ് അധോലോകമായ ഡാർക്‌വെബ്, ഗൂഢ സൈബർ കൾട്ട് കൂട്ടായ്മകൾ, മനക്കരുത്തില്ലാത്തവരെ കബളിപ്പിച്ചു പണവും സ്വത്തും തട്ടുന്ന ക്രിമിനൽ സംഘങ്ങൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമാനസ്വഭാവമുള്ള അഞ്ചു കേസ് കൂടി പൊലീസ് പരിശോധിക്കുന്നു.

∙ 2017 ഏപ്രിലിൽ തിരുവനന്തപുരം നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും യുവാവ് കൊലപ്പെടുത്തിയ കേസ്.
∙ 2018 ഫെബ്രുവരിയിൽ തിരുവനന്തപുരം ശാസ്തമംഗലത്തു ദമ്പതികളും മകളും ദുരൂഹസാഹചര്യത്തിൽ ആത്മഹത്യചെയ്ത കേസ്.
∙ 2019 മേയിൽ നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസ്.
∙ 2022 ഒക്ടോബറിൽ പുറത്തറിഞ്ഞ, പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിക്കേസ്
∙ 2024 മാർച്ചിൽ പുറത്തറിഞ്ഞ, മാന്ത്രിക നോവലിസ്റ്റിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന ഇരട്ടക്കൊലക്കേസ്.

‘മഹാമാന്ത്രികം’ എന്ന ഓൺലൈൻ നോവലെഴുതിയ പി.ആർ.നിതീഷാണു കട്ടപ്പന കേസിലെ മുഖ്യപ്രതി. സ്വന്തം കുഞ്ഞിനെയും ഭാര്യാപിതാവിനെയും കൊന്നു കുഴിച്ചിട്ടെന്നാണു കേസ്. 2021ൽ കൊല്ലപ്പെട്ട ഭാര്യാപിതാവിന്റെ ശരീരഭാഗങ്ങൾ പൊലീസ്  കണ്ടെത്തി. 2014 കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഈ കേസുകളിലെ ഇരകളിലും പ്രതികളിലും മിക്കവരും വലിയ സ്വത്തിന്റെ ഉടമകളും വിദ്യാസമ്പന്നരുമാണ്. പൊലീസ് അന്വേഷണം അസാധ്യമായ പരലോക പ്രവേശനം, പ്രേതസംഭാഷണം തുടങ്ങിയവയെക്കുറിച്ചാണു പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. 

പുണ്യപുരുഷന്മാരുടെയും മരിച്ചുപോയ മാതാപിതാക്കളുടെയും ആത്മാക്കളോടു സംസാരിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് ചെന്നൈ സ്വദേശി ഗൗതം ശിവഗാമിയുടെ രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് പൊലീസ് 2023ൽ അറസ്റ്റ് ചെയ്തതു മലയാളിയായ സുബ്രഹ്മണ്യനെയാണ്. ആഭിചാരകർമങ്ങളുടെ മറവിൽ നാലു വർഷംകൊണ്ടാണു തുക തട്ടിയെടുത്തത്.ശക്തമായ ആഭിചാര– അന്ധവിശ്വാസ ചൂഷണ വിരുദ്ധനിയമം കേരളത്തിൽ ആവശ്യമാണെന്നു തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം. ആലത്തൂർ എംഎൽഎ സിപിഎമ്മിലെ കെ.ഡി.പ്രസേനൻ 2021ൽ അവതരിപ്പിച്ച അന്ധവിശ്വാസ–അനാചാര നിർമാർജന ബിൽ നിയമസഭ ചർച്ച ചെയ്തതാണ്. പലതവണ മന്ത്രിസഭയും ചർച്ചചെയ്തു; ഈ നിയമം ഇപ്പോൾ ആവശ്യമില്ലെന്നായിരുന്നു വിലയിരുത്തൽ. 

അന്ധവിശ്വാസ–അനാചാര നിർമാർജന നിയമം സംബന്ധിച്ച് രണ്ടു കരടുനിർദേശങ്ങളാണ് 2014ൽ സംസ്ഥാന സർക്കാരിനു ലഭിച്ചത്. ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷനും അന്നത്തെ ഇന്റലിജൻസ് മേധാവി റിട്ട. ഡിജിപി എ.ഹേമചന്ദ്രനുമാണു നിർദേശങ്ങൾ സമർപ്പിച്ചത്. 

ആധുനിക മനഃശാസ്ത്രജ്ഞർ കപടശാസ്ത്രമെന്നു വിശേഷിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ (പ്രാണസഞ്ചാരം, സൂക്ഷ്മസഞ്ചാരം) എന്ന സൈബർ കെണിയിൽ അകപ്പെടുന്നവരാണ് ഭ്രമകൽപനകളിലൂടെ സഞ്ചരിച്ച് കൊലപാതകങ്ങളും ആത്മഹത്യയും ചെയ്യുന്നത്. 

കഥകളിൽ പരാമർശിക്കുന്ന ‘പരകായപ്രവേശം’, ‘കൂടുവിട്ടു കൂടുമാറ്റം’ തുടങ്ങിയവ മനുഷ്യസാധ്യമാണെന്നു വിശ്വസിപ്പിച്ചാണു പലരെയും ഇത്തരം കെണികളിൽ ചാടിക്കുന്നത്. 

താളംതെറ്റിയ ചിന്തകളിൽ തളയ്ക്കപ്പെട്ടു വർഷങ്ങളോളം വീട്ടിൽ അടച്ചുപൂട്ടി കഴിയുന്ന ഇത്തരക്കാർ മാതാപിതാക്കൾ, ജീവിതപങ്കാളികൾ, മക്കൾ, ദുർബലരായ വീട്ടുജോലിക്കാർ തുടങ്ങിയവരെയാണു പരീക്ഷണവസ്തുക്കളാക്കുന്നത്. അവരെ പീഡിപ്പിച്ചതും കൊലപ്പെടുത്തിയതും അമാനുഷിക ശക്തി ലഭിക്കാൻ സഹായിച്ചെന്നു വിശ്വസിക്കുന്ന മിഥ്യാബോധത്തിലാണു പലരും പ്രാണസഞ്ചാരം നടത്താനുള്ള ശ്രമത്തിൽ ആത്മഹത്യയ്ക്കും ഒരുങ്ങുന്നത്. ഇതിന് ഇരകളാകുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകളും സാമ്പത്തികസ്ഥിതിയും വളരെ സ്വാഭാവികമെന്നു തോന്നുന്ന പെരുമാറ്റവും മൂലം ഒരുപരിധിവരെ ഇവരുടെ മാനസിക പ്രശ്നങ്ങൾ പുറത്തറിയില്ല. കോവിഡ്കാലത്തു രൂപപ്പെട്ട ‘വർക് ഫ്രം ഹോം’ തൊഴിൽരീതിയും ഇവർക്കു സഹായകരമാണ്. പഠനവും തൊഴിലും ഉപേക്ഷിച്ചു പ്രാണസഞ്ചാര പരീക്ഷണങ്ങൾ നടത്തുന്നവർ ബന്ധുക്കളെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ‘വ്യാജ വർക് ഫ്രം ഹോം’ മറയാക്കുന്നുണ്ട്. 

വഴിയൊരുക്കിയത് എന്ത്? 
∙ ഡോ.സി.ജെ.ജോൺ, മാനസികാരോഗ്യ വിദഗ്ധൻ

അരുണാചൽ സംഭവത്തെ അന്ധവിശ്വാസത്തിലൂന്നിയ കുറ്റകൃത്യമായി മാത്രം കാണരുത്. ഇതിനു വഴിയൊരുക്കിയ മാനസികനിലയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കണം. മിഥ്യാധാരണകൾക്കു വളംവയ്ക്കുന്ന ‘ഡെല്യൂഷനൽ ഡിസോഡർ’ കൂട്ടത്തിലൊരാൾക്കുണ്ടെങ്കിൽ അയാൾക്കു സ്വാധീനിക്കാൻ കഴിയുന്ന ആളുകളും അയാൾ വഴികാണിക്കുന്ന മറ്റൊരു ലോകത്തേക്ക് അയാളെ പിന്തുടരും.

ചിലപ്പോൾ ഇത്തരം സഞ്ചാരങ്ങൾ വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ലോകത്തിലൂടെയാവാം. മറ്റു ചിലപ്പോൾ കുറ്റകൃത്യങ്ങളിലേക്കും കടക്കാം.  ഒരു പ്രേരണയുടെ പേരിൽ പരസ്പര ഉടമ്പടിയിലേർപ്പെട്ട് ഒന്നിൽ കൂടുതൽപേർ ആത്മഹത്യ ചെയ്യുമ്പോൾ അതിനു പ്രേരണ നൽകുന്ന ഒരാളുണ്ടാവും. അയാളെ നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും കഴിഞ്ഞാൽ എല്ലാവരെയും രക്ഷിക്കാം. 

ഡോ.സി.ജെ.ജോൺ
ഡോ.സി.ജെ.ജോൺ
English Summary:

Writeup about Superstitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com