ADVERTISEMENT

സംസ്ഥാനത്തെ 94 ലക്ഷത്തിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റേഷൻ വിതരണരംഗം ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. മാർച്ചിലെ റേഷൻ വിഹിതം വാങ്ങുന്നതിൽ ഒന്നേകാൽ ലക്ഷത്തോളം കാർഡ് ഉടമകളുടെ കുറവുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 78 ലക്ഷത്തിലേറെ കാർഡ് ഉടമകൾ റേഷൻ വാങ്ങിയപ്പോൾ മാർച്ചിൽ ഇത് 77 ലക്ഷത്തിലേക്കു താണു. വിതരണരംഗത്തെ കല്ലുകടിയാണിതിനു കാരണം. 

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാറു കാരണം റേഷൻവിതരണം പലവട്ടം മാർച്ചിൽ തടസ്സപ്പെട്ടു. സാധനങ്ങൾ കൃത്യസമയത്തു ഗോഡൗണുകളിൽനിന്നു കടകളിലെത്തിക്കാൻ താമസമുണ്ടായി. മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ ആദ്യവാരത്തിലേക്കു നീട്ടിയെങ്കിലും സാങ്കേതികതടസ്സം തുടർന്നു. 

ഇ പോസ് സംവിധാനം പ്രവർത്തിക്കുന്നത് ആധാർ കാർഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെർവർ മൂന്നു വർഷത്തിലേറെയായി പല സാങ്കേതികതടസ്സങ്ങളും നേരിടുന്നു. സംസ്ഥാന ഐടി മിഷന്റെ കീഴിലാണിത്. പകരം മറ്റൊരു സെർവർ സ്ഥാപിക്കാൻ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം തീരുമാനിച്ചിട്ട് ഒരു വർഷമായി. ഇതിനായി ആധാറിന്റെ ചുമതലയുള്ള യുഐഡിഎഐക്ക് ലൈസൻസ് ഫീസായി 3.54 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കാൻ മാത്രം ഒരുവർഷം വേണ്ടിവന്നു. ഇ പോസ് സംവിധാനത്തിന്റെ സാങ്കേതിക പരിപാലനക്കരാർ പുതുക്കാനുള്ള ഇ ടെൻ‍ഡർ നടപടികൾ ഒരുവർഷമായി പൂർത്തിയായിട്ടുമില്ല. 

ഏകദേശം 1.54 കോടി വരുന്ന മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ഇ പോസ് സംവിധാനത്തിലൂടെ തിടുക്കത്തിൽ നടപ്പാക്കാൻ ശ്രമിച്ചതും മാർച്ച് മാസത്തെ റേഷൻ വിതരണത്തെ ബാധിച്ചു. നിലവിൽ കേരളത്തിലെ 94 ലക്ഷം റേഷൻ കാർഡുകളിലെ അംഗങ്ങൾ അവരുടെ ആധാർവിവരങ്ങൾ ബന്ധിപ്പിച്ചവരാണ്. എന്നാൽ, സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്ന മുൻഗണനാ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ മസ്റ്ററിങ് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതു തിരഞ്ഞെടുപ്പിനു കഷ്ടിച്ചു രണ്ടു മാസം മുൻപാണ്. ഈ നടപടി ആരംഭിച്ചപ്പോഴേക്കും മാർച്ച് ആയി; ഇ പോസ് സംവിധാനത്തിലെ പ്രശ്നങ്ങൾ വിലങ്ങുതടിയുമായി. മാർച്ച് 31 ആയിരുന്നു കേന്ദ്രം നിശ്ചയിച്ച സമയപരിധിയെങ്കിലും തിരഞ്ഞെടുപ്പുകാലമായതിനാൽ കേരളം കൂടുതൽ സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനു കേന്ദ്രം മറുപടി നൽകിയിട്ടില്ല.

ഭക്ഷ്യപൊതുവിതരണ വകുപ്പിനു കീഴിലുള്ള ഗോഡൗണുകളിൽനിന്നു റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്നതിൽ കാലതാമസമുണ്ട്. ട്രാൻസ്പോർട്ട് കരാറുകാർക്കുള്ള കുടിശികയുടെ പേരിൽ അവരുടെ ഭാഗത്തുനിന്നു മെല്ലെപ്പോക്കുണ്ടായി. റേഷൻ വ്യാപാരികളുടെ വേതനത്തിലും കാര്യമായ കുടിശികയുണ്ട്. മുൻഗണനാ കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കേന്ദ്രം നൽകുമെങ്കിലും വിതരണച്ചെലവിന്റെ ഭൂരിഭാഗവും കേരളമാണു വഹിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വേതനവും മറ്റും നൽകാൻ വൈകുന്നത്. ജനങ്ങളുടെ അടിസ്ഥാനാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വിതരണച്ചെലവിനുള്ള പണം വൈകിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എന്തു പ്രതിസന്ധിയുടെ പേരിലാണെങ്കിലും സർക്കാരിനു കൈ കഴുകാനാകില്ല. 

പോഷകസമ്പുഷ്ടമാക്കിയ അരിയാണ് (ഫോർട്ടിഫൈഡ് റൈസ്) ഇപ്പോൾ റേഷനായി കേന്ദ്രം നൽകുന്നതെങ്കിലും സമ്പുഷ്ടീകരിക്കാത്ത അരി കേരളത്തിലെ ഗോഡൗണുകളിലും കടകളിലും കെട്ടിക്കിടക്കുന്നുണ്ട്. നിശ്ചിതസമയത്ത് ഈ സാധാരണ അരി വിതരണം ചെയ്യാൻ നി‍ർദേശം നൽകുന്നതിൽ അധികൃതർക്കു വീഴ്ചയുണ്ടായി. റേഷൻ മണ്ണെണ്ണയുടെ വിതരണകാര്യത്തിലും വീഴ്ച സംഭവിച്ചു. കൃത്യസമയത്ത് സ്റ്റോക്ക് ഏറ്റെടുത്തു വിതരണം ചെയ്യാത്തതിനാൽ 11.64 ലക്ഷം ലീറ്റർ വിഹിതമാണ് കേന്ദ്രം ഈ വർഷം കുറച്ചത്. 

കേരളത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള കേന്ദ്ര നിർദേശങ്ങളും റേഷൻ വിതരണത്തിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഓരോ മാസത്തെയും ഭക്ഷ്യധാന്യവിഹിതം അതതുമാസം തന്നെ വിതരണം ചെയ്തുതീർക്കണമെന്ന നിർദേശം കേരളത്തിൽ പ്രായോഗികമല്ല. ഉത്സവകാലത്തും മറ്റും കൂടുതൽ അരി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളീയർ. കേരളത്തിലെ നെല്ലു സംഭരിച്ച് റേഷൻ അരിയായി മാറ്റുമ്പോൾ അതിനുള്ള പ്രതിഫലം നൽകുന്നതിൽ കേന്ദ്ര സർക്കാർ വരുത്തിയ കുടിശികയും ഈ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോയെ സാമ്പത്തികപ്രതിസന്ധിയിലാഴ്ത്തി. 5 വർഷമായുള്ള കുടിശികയിൽ 852.29 കോടി രൂപ ഈയിടെയാണ് കേന്ദ്രം അനുവദിച്ചത്. ഇനിയും 756.25 കോടി രൂപ ലഭിക്കാനുണ്ട്. 

റേഷൻ വിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിലും സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരിനും വരുന്ന പിഴവുകൾ ആവർത്തിച്ചുകൂടാ. കേരളത്തിനു പണം അനുവദിക്കുന്നതിലെ സാങ്കേതികക്കുരുക്കുകൾ അഴിച്ച് കാലതാമസം ഒഴിവാക്കാൻ കേന്ദ്രവും തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com