ചുറ്റിലും ചതിവല
Mail This Article
944 ദിവസം: 8,586.71 കോടി രൂപ! 2021 ഏപ്രിൽ 1 മുതൽ 2023 ഒക്ടോബർ 31 വരെ രാജ്യമാകെ സൈബർ തട്ടിപ്പുകാർ കൊയ്ത തുകയാണിത്. പാർലമെന്റിൽ രണ്ടു മാസം മുൻപ് ഐടി സ്ഥിരസമിതി വച്ച റിപ്പോർട്ടിലെ ഈ കണക്കനുസരിച്ചാണെങ്കിൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യയാകെ പ്രതിദിനം നഷ്ടപ്പെടുന്നത് ഏകദേശം 9 കോടിയിലേറെ രൂപ. ഇതേ കാലയളവിൽ നഷ്ടമായ മൊത്തം തുകയിൽ 880 കോടിയിലേറെ രൂപ തട്ടിപ്പുകാരിലെത്താതെ തടഞ്ഞെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്.
സൈബർ തട്ടിപ്പിലൂടെ അപഹരിക്കുന്ന തുക പല അക്കൗണ്ടുകളിലൂടെ കൈമറിഞ്ഞാണ് തട്ടിപ്പുകാരിലേക്ക് എത്തുന്നത്. തട്ടിപ്പുണ്ടായി അതിവേഗം പരാതിപ്പെട്ടാൽ ഈ കൈമാറ്റം ഇടയ്ക്കുവച്ചു തടയാൻ കഴിഞ്ഞേക്കും. ലീൻ മാർക്ക് ചെയ്യുക എന്നാണ് ഇതറിയപ്പെടുന്നത്. ലീൻ മാർക്ക് ചെയ്ത തുക തട്ടിപ്പുശൃംഖലയിലെ ആർക്കും പിൻവലിക്കാനാകില്ല. എന്നുകരുതി ഇത് യഥാർഥ ഉടമയിലേക്കു തിരിച്ചുപോകണമെന്നില്ല. ഈ തുക ഉടമയ്ക്കു മടക്കിനൽകുന്നതിൽ നിയമപരമായ ഒട്ടേറെ കടമ്പകളുണ്ട്.
ഇതെല്ലാം മറികടന്ന് ഇരകൾക്കു തിരിച്ചുകിട്ടിയ തുക എത്രയെന്നു കേൾക്കുമ്പോഴാണ് ശരിക്കും ഞെട്ടുക, വെറും 4.15 കോടി രൂപ! ആകെ നഷ്ടപ്പെട്ട തുകയിൽ തടഞ്ഞുവയ്ക്കാനായത് 10% മാത്രം. ഉടമകൾക്കു തിരികെക്കിട്ടിയത് വെറും 0.04% മാത്രവും! സൈബർ തട്ടിപ്പിനിരയായാൽ പണം തിരിച്ചുകിട്ടാനുള്ള സാധ്യത എത്രത്തോളമാണെന്നറിയാൻ ഈ കണക്ക് ധാരാളം. അത്ര വിദഗ്ധമായാണ് തട്ടിപ്പുകാർ പണം അവരുടെ കൈകളിലെത്തിക്കുന്നത്.
വർഷം നഷ്ടമായ ആകെത്തുക തടഞ്ഞിട്ടത്(ലീൻ) ഇരകൾക്ക് തിരിച്ചുകിട്ടിയത്
2021 547 കോടി 36.4 കോടി 0
2022 2,294 കോടി 169 കോടി 57.86 ലക്ഷം
2023 5,744 കോടി 674 കോടി 3.57 ലക്ഷം
ആകെ 8,586 കോടി 880 കോടി 4.15 കോടി
എഐ വോയ്സ് ക്ലോൺ
നോയിഡയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരൻ കഴിഞ്ഞ ജനുവരിയിൽ പതിനെട്ടു വയസ്സുകാരനായ മകനെ പരീക്ഷയ്ക്കുവിട്ട് മടങ്ങുംവഴിയാണ് അജ്ഞാത നമ്പറിൽനിന്നു വിളിയെത്തിയത്. മകനെ സ്ത്രീപീഡന സംഘത്തിനൊപ്പം പിടികൂടിയെന്നായിരുന്നു സന്ദേശം. വിളിച്ചയാൾ പൊലീസുകാരനെന്നു പരിചയപ്പെടുത്തി. 30,000 രൂപ പേയ്ടിഎം വഴി അയച്ചാൽ വിടാമെന്നായിരുന്നു ഓഫർ. അടുത്ത മിനിറ്റിൽ കരഞ്ഞുകൊണ്ടുള്ള മകന്റെ ശബ്ദം കേട്ടു: ‘‘പപ്പാ, എങ്ങനെയെങ്കിലും പൈസ കൊടുക്കൂ. അവർ ശരിക്കുമുള്ള പൊലീസാണ്, എന്നെ രക്ഷിക്കൂ’’. മകന്റെ അതേ ശബ്ദം! 30,000 രൂപ അയച്ചതോടെ കൂടുതൽ പണം വേണമെന്നായി. സംശയമായതോടെ മകനെത്തേടി പരീക്ഷാകേന്ദ്രത്തിൽ ചെന്നു. പൊലീസിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മകൻ പരീക്ഷാഹാളിൽ തന്നെയുണ്ട്!
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ബന്ധുക്കളുടെ അതേ ശബ്ദത്തിൽ ഓഡിയോ ജനറേറ്റ് ചെയ്താണ് ഈ തട്ടിപ്പു നടക്കുന്നത്. ഇത്തരം കോളുകൾ ലഭിച്ചവരിൽ 83 ശതമാനത്തിനും പണം നഷ്ടമായെന്നു മെക്കഫി കമ്പനി കഴിഞ്ഞവർഷം നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
ശ്രദ്ധിക്കാൻ: സമാന കോളുകൾ വന്നാൽ പണമയയ്ക്കുന്നതിനു പകരം അതിൽ ഉൾപ്പെട്ട വ്യക്തി സുരക്ഷിതനാണെന്ന് ഉറപ്പാക്കുക, പൊലീസ് സഹായം തേടുക.
ക്യുആർ കോഡ് തട്ടിപ്പ്
വ്യാപാരികളാണ് പ്രധാനമായും ഇരയാവുന്നത്. യുപിഐ കമ്പനിയിൽനിന്നു കടയിൽ ക്യുആർ കോഡ് പതിക്കാനെന്ന മട്ടിൽ തട്ടിപ്പുകാരെത്തും. ക്യുആർ കോഡ് ബന്ധിപ്പിക്കാൻ വ്യാപാരിയുടെ ആധാർ, കെവൈസി രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം വാങ്ങും. കോൺഫിഗർ ചെയ്യാനെന്ന മട്ടിൽ വ്യാപാരിയുടെ ഫോണും വാങ്ങും. യഥാർഥത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ഏതെങ്കിലും ഇൻസ്റ്റന്റ് ഓൺലൈൻ വായ്പ ആപ് ആയിരിക്കും. വ്യാപാരിയുടെ കെവൈസി വിവരങ്ങൾ ഉപയോഗിച്ചു വായ്പയ്ക്ക് അപേക്ഷ നൽകും. 10 മിനിറ്റിനകം വായ്പ ആപ്പിലെത്തും. ഈ തുക തട്ടിപ്പുകാരൻ അയാളുടെ ഫോണിലേക്കു മാറ്റും. ഒടിപി അടക്കമുള്ള മെസേജുകൾ ഡിലീറ്റ് ചെയ്യും. ഒരു മാസം കഴിഞ്ഞ് തിരിച്ചടവ് ആവശ്യപ്പെട്ട് വായ്പ കമ്പനി വിളിക്കുമ്പോഴായിരിക്കും തട്ടിപ്പിനിരയായ കാര്യം വ്യാപാരി അറിയുക.
ശ്രദ്ധിക്കാൻ: ഫോൺ അപരിചിതർക്കു നൽകുമ്പോൾ അവരതിൽ എന്തുചെയ്യുന്നുവെന്നു കൃത്യമായി നിരീക്ഷിക്കുക.
വ്യാജ സ്റ്റോക് നിക്ഷേപം
ഓഹരിനിക്ഷേപത്തിലൂടെ വൻലാഭമുണ്ടാക്കാമെന്ന പരസ്യത്തിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ആകർഷിക്കുന്നത്. ആദ്യം കുറച്ചുദിവസം സ്റ്റോക് നിക്ഷേപം സംബന്ധിച്ച പരിശീലനം. തുടർന്ന് ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ചെറിയ സ്റ്റോക്കുകൾ വാങ്ങാനും നിർദേശിക്കും. യഥാർഥത്തിൽ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതു വ്യാജ ആപ്പാണ്. ലാഭം കുതിച്ചുകയറുന്നതായുള്ള തട്ടിപ്പു ഗ്രാഫും കാണും. ഇതുകണ്ട് നിങ്ങൾ കൂടുതൽ പണം നിക്ഷേപിക്കും. ഏതെങ്കിലും ഘട്ടത്തിൽ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ 20% കമ്മിഷനും 30% ആദായനികുതിയും ഈടാക്കുമെന്നു പറയും. ബാക്കി പണം ആവശ്യപ്പെടുന്നതോടെ ആപ്പിൽ നിങ്ങളുടെ ലോഗിൻ റദ്ദാകും. ഏതെങ്കിലും സർക്കാർ ഏജൻസിയുടെ ഉത്തരവുപ്രകാരമാണ് നടപടിയെന്നും പറയും. ഇതോടെ പണം പൂർണമായും തട്ടിപ്പുകാരന്റെ കയ്യിലാകും. പ്രമുഖ ബ്രാൻഡുകളുടെ പേരിലും വ്യാജ നിക്ഷേപ തട്ടിപ്പുകൾ നടക്കുന്നുണ്ട്.
കംബോഡിയയിലേക്ക് പായേണ്ട
കംബോഡിയയിൽ ജോലിയെന്ന മോഹനവാഗ്ദാനം കേട്ടു പായരുതെന്നു കഴിഞ്ഞദിവസം കൂടി കേന്ദ്ര വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. ഡേറ്റ എൻട്രി, കംപ്യൂട്ടർ ഓപ്പറേറ്റർ ജോലികൾ വാഗ്ദാനം ചെയ്തു കംബോഡിയയിലേക്കു കടത്തി തടവിലാക്കുകയും സൈബർ തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്കായി ജോലി ചെയ്യിപ്പിക്കുകയുമാണു രീതി. മലയാളികളടക്കം നൂറുകണക്കിനാളുകളാണ് കംബോഡിയയിൽ കുടുങ്ങിയത്. ചിലരാകട്ടെ ഭാഗ്യം കൊണ്ടുമാത്രം തിരികെയെത്തി.
എന്തുചെയ്യണം?
തട്ടിപ്പുകോളുകളും മെസേജുകളും ‘ചക്ഷു’ എന്ന പ്ലാറ്റ്ഫോമിലൂടെ കേന്ദ്രത്തെ അറിയിക്കാം: sancharsaathi.gov.in/sfc. ജോലി വാഗ്ദാനം, ലോട്ടറി, കെവൈസി അപ്‍ഡേഷൻ, വ്യാജ നിക്ഷേപ പദ്ധതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാൻ മാത്രമേ ഇതുപയോഗിക്കാവൂ.
തട്ടിപ്പിലൂടെ പണമോ മറ്റോ നഷ്ടമായാൽ cybercrime.gov.in എന്ന പോർട്ടൽ വഴിയോ 1930 എന്ന ടോൾഫ്രീ നമ്പറിലൂടെയോ പരാതിപ്പെടണം.
‘വ്യാജ കസ്റ്റമർ കെയറിലേക്ക് സ്വാഗതം’
ഫോൺ കേടായെന്നു കരുതുക. കമ്പനിയുടെ കസ്റ്റമർ കെയർ നമ്പർ ഗൂഗിളിലോ സമൂഹമാധ്യമങ്ങളിലോ തിരയുക സ്വാഭാവികം. വിളിക്കുന്നത് യഥാർഥ കസ്റ്റമർ കെയറിലേക്കാണെന്ന് എന്താണുറപ്പ്? വ്യാജ കസ്റ്റമർ കെയർ നമ്പറുകളുമായി ബന്ധപ്പെട്ടു കഴിഞ്ഞവർഷം രാജ്യത്തു നാൽപതിനായിരത്തിലേറെ പരാതികളാണ് റജിസ്റ്റർ ചെയ്തത്. പേയ്ടിഎമ്മിന്റെ പേരിലുള്ള വ്യാജ കസ്റ്റമർ കെയർ നമ്പറുകൾവഴി നൂറുകണക്കിനാളുകളെ കഴിഞ്ഞവർഷം തട്ടിപ്പിൽ വീഴ്ത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പേയ്ടിഎം ഇടപാടു സംബന്ധിച്ചു പരാതി ഉന്നയിക്കുന്നവരെയാണ് തട്ടിപ്പുസംഘം ലക്ഷ്യം വച്ചത്. പേയ്ടിഎമ്മിലെ ഒരു ഇടപാടു മുടങ്ങിയെന്നു പറഞ്ഞ് ട്വീറ്റ് ചെയ്താൽ പേയ്ടിഎമ്മിന്റെ ഔദ്യോഗിക പേജിൽ നിന്നു മറുപടി ലഭിക്കും. ഇതിനു പകരം പേയ്ടിഎമ്മിന്റെ വ്യാജ പ്രൊഫൈലുകളാണ് മറുപടി നൽകിയത്. പേയ്ടിഎം എന്ന കീവേഡ് സെർച്ച് ചെയ്താണ് ഇത്തരം പരാതി പോസ്റ്റുകൾ തട്ടിപ്പുകാർ കണ്ടുപിടിച്ചത്. മറുപടിയിൽ കസ്റ്റമർ കെയറിലേക്കു വിളിക്കാൻ ആവശ്യപ്പെട്ട് ഒരു മൊബൈൽ നമ്പറുമുണ്ടാകും.
ഇതിൽ വിളിക്കുമ്പോൾ, പരാതി പരിഹരിക്കാനെന്ന മട്ടിൽ ഫോണിലേക്ക് ഒടിപി വരും. വെരിഫിക്കേഷനായി ഈ നമ്പർ പങ്കുവയ്ക്കാനും ആവശ്യപ്പെടും. ഇതു ചെയ്യുന്നതോടെ നിങ്ങളുടെ പേയ്ടിഎം അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. അവരുടെ ഫോണിൽ നിങ്ങളുടെ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യാനുള്ള ഒടിപിയാണ് നിങ്ങളിൽനിന്ന് ആവശ്യപ്പെട്ടത്.
ശ്രദ്ധിക്കാൻ: ഗൂഗിളിലും മറ്റും കസ്റ്റമർ കെയർ നമ്പറിനായി തിരയുമ്പോൾ ഔദ്യോഗിക സൈറ്റുകളിൽനിന്നു മാത്രം നമ്പർ എടുക്കുക. സമൂഹമാധ്യമങ്ങളിൽ പരാതിപ്പെടുമ്പോൾ ബന്ധപ്പെട്ട കമ്പനിയുടെ ഔദ്യോഗിക ഐഡിയിൽ നിന്നാണോ മറുപടി വരുന്നതെന്ന് ഉറപ്പാക്കുക. പരാതിക്കൊപ്പം മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുത്താതിരിക്കുക.