ജീവനെടുത്ത അനാസ്ഥക്കുരുക്ക്
Mail This Article
റോഡിൽ കെട്ടിയ സുരക്ഷാവടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടർ യാത്രികൻ മരിച്ചതു കേരളത്തെ ഞെട്ടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുപോകുന്ന എംജി റോഡിലേക്കുള്ള വാഹനഗതാഗതം തടയാനായുള്ള വടമാണ് യുവാവിന്റെ ജീവനെടുത്തത്. കേബിളിൽ കുരുങ്ങി അപകടങ്ങൾ പതിവായി നടക്കുന്ന കൊച്ചി നഗരത്തിൽ, പൊലീസൊരുക്കിയ സുരക്ഷാസംവിധാനത്തിൽ കുരുങ്ങിയുള്ള ഈ ദാരുണമരണം ഉയർത്തുന്ന ചോദ്യങ്ങൾ ഗൗരവമുള്ളതാണ്.
വടത്തിനു പകരം റോഡിൽ ബാരിക്കേഡാണു വച്ചിരുന്നതെങ്കിൽ മനോജ് ഉണ്ണി എന്ന യുവാവിന് ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലായിരുന്നെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായി കാണാൻ കഴിയാത്തവിധമുള്ള പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞതെന്നും സ്ഥലത്തു വെളിച്ചമില്ലായിരുന്നെന്നുമാണ് അവരുടെ ആരോപണം. വലിയ തിരക്കുള്ള നഗരമേഖലയാണിത്. സുരക്ഷയുടെ ഭാഗമായാണെങ്കിൽപോലും ഇത്രയും പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ വടം വലിച്ചുകെട്ടുമെന്നു യാത്രക്കാർ പ്രതീക്ഷിക്കില്ല. ഇത്തരമൊരു പ്രധാന റോഡ് അടച്ചിടുമ്പോൾ ആവശ്യമായ മുന്നറിയിപ്പു ബോർഡുകളും ഉണ്ടായിരുന്നില്ല.
വടം ഉപയോഗിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നതുകൊണ്ട് പലപ്പോഴും ഇതു സുരക്ഷയ്ക്കായി ഉപയോഗിക്കാറില്ലെന്നതു മറ്റൊരു വസ്തുത. ഒരു പ്രത്യേക സ്ഥലം അടയാളപ്പെടുത്താനും മറ്റും ‘പൊലീസ് ലൈൻ’ ആയി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചരടുകളുണ്ട്. ബലം പ്രയോഗിച്ചാൽ എളുപ്പത്തിൽ പൊട്ടുന്ന ഇത്തരം ‘പൊലീസ് ലൈൻ’ ആയിരുന്നെങ്കിൽ യുവാവിനു ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്നു ചിലർ പറയുന്നു.
എന്നാൽ, പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കുകയാണ്. കയർ കെട്ടിയതിന് 5 മീറ്റർ മുൻപിലായി 3 പൊലീസുകാരെ നിർത്തിയിരുന്നു. മനോജ് അമിതവേഗത്തിലാണു വന്നതെന്നും നിർത്താൻ ആവശ്യപ്പെട്ടിട്ടും മുന്നോട്ടുപോയതാണ് അപകടത്തിനു കാരണമായതെന്നുമാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ പറയുന്നത്. വിവിഐപികൾക്കു നേരെയുള്ള ആക്രമണങ്ങൾ തടയാനുള്ള പതിവു പ്രോട്ടോക്കോൾ അനുസരിച്ചാണ് റോഡ് തടഞ്ഞിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഏതു സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്തം പൊലീസിന്റെ മുന്നിലുണ്ടാവണമെന്നതിൽ സംശയമില്ല. 2018 ഓഗസ്റ്റിൽ, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൊലീസ് റോഡിനു കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചത് ഇപ്പോഴും നാടിന്റെ ഓർമയിലുണ്ട്. മുൻകൂട്ടി അറിയിക്കാതെയുള്ള പൊലീസ് നടപടിയാണ് ആ ദാരുണ അപകടത്തിനു വഴിവച്ചത്. എന്നാൽ, ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നായിരുന്നു ട്രാഫിക് പൊലീസിന്റെ നിലപാട്.
നിയമസഭാ നടപടി റിപ്പോർട്ട് ചെയ്യാൻ ഇരുചക്രവാഹനത്തിൽപോയ പത്രപ്രവർത്തകൻ എസ്. അനിൽ രാധാകൃഷ്ണന് 2012ൽ ഉണ്ടായ അപകടം ഇതോടു ചേർത്ത് ഓർമിക്കാവുന്നതാണ്. ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് റോഡിനു കുറുകെ കെട്ടിയിരുന്ന കയർ അനിലിന്റെ കഴുത്തിൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് ദീർഘനാളത്തെ ചികിത്സ വേണ്ടിവന്നു. ഈ സംഭവം മലയാള മനോരമ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ, കയറോ അതുപോലുള്ള ചരടുകളോ റോഡിനു കുറുകെ കെട്ടരുതെന്നു നിർദേശിക്കുകയുണ്ടായി.
അപകടഭീഷണിയുടെ മുന്നറിയിപ്പു നൽകുന്നൊരു ബോർഡ് റോഡിൽ സ്ഥാപിച്ചിരുന്നെങ്കിൽ എത്രയോപേർ ഇന്നും നമുക്കൊപ്പം ഉണ്ടാവുമായിരുന്നു. റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനു കൽപിക്കേണ്ട വില സർക്കാർസംവിധാനങ്ങൾ മറക്കുന്നതുകൊണ്ടാണ് ഒട്ടേറെ ജീവിതങ്ങൾ വഴിയിൽ പൊലിഞ്ഞുപോകുന്നത്. അധികൃതർക്കു സമൂഹത്തോടും സഹജീവികളോടും അൽപമെങ്കിലും ശ്രദ്ധയും കരുതലും ഉണ്ടായിരുന്നെങ്കിൽ എന്നു നാം ആലോചിച്ചുപോകുന്ന സംഭവങ്ങളാണു പലതും. രക്ഷാമുൻകരുതൽ നടപടികൾക്കുള്ള പ്രോട്ടോക്കോൾ വിദേശരാജ്യങ്ങളിൽ കൃത്യമായി പാലിക്കപ്പെടാറുണ്ട്; ലംഘിക്കപ്പെട്ടാൽ മാതൃകാപരമായ നടപടികളെടുക്കാറുമുണ്ട്.
അധികൃതരുടെ നിരുത്തരവാദിത്തത്തിനു വിലയായി ജീവൻ നൽകേണ്ടിവരുന്ന സംഭവങ്ങൾ മറക്കാനുള്ളതല്ല; ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ളതാണ്.