ഒളിംപിക്സിന് ഒരുങ്ങാം,ഒരേ മനസ്സോടെ
Mail This Article
പാരിസ് ഒളിംപിക്സിന് ഇനി വെറും 98 ദിനങ്ങളാണു ബാക്കി. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ട പ്രതീക്ഷിച്ചുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യ. സ്വദേശത്തും വിദേശത്തുമായി പരിശീലനം നടത്തുന്ന കായികതാരങ്ങൾക്കാവശ്യമായ പിന്തുണ ഒരുക്കേണ്ട ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പക്ഷേ, വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഐഒഎയുടെ തീരുമാനങ്ങൾക്കു ഭരണസമിതിയിൽനിന്നു തന്നെ എതിർപ്പു നേരിടേണ്ടിവരുന്നുവെന്ന് ഇന്നലെ ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഉഷ വ്യക്തമാക്കുന്നുണ്ട്. 15 അംഗ ഭരണസമിതിയിൽ 8 മുൻ കായികതാരങ്ങളുണ്ടെങ്കിലും ഇവരിൽനിന്നുപോലും ഉഷയ്ക്ക് എതിർപ്പു നേരിടേണ്ടിവരുന്നു. ഇന്ത്യൻ കായികചരിത്രത്തിന്റെ യശസ്സുയർത്തിയ അത്‌ലീറ്റുകളിൽ മുൻപന്തിയിലുള്ള പി.ടി.ഉഷയെപ്പോലെ ഒരാൾക്ക് ഇത്തരമൊരു അവസ്ഥ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. 97 വർഷത്തെ ചരിത്രമുള്ള ഐഒഎയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതാ കായികതാരമാണു പി.ടി.ഉഷ. അതിനാൽതന്നെ, കായിക താരങ്ങൾക്ക് അനുകൂലമായി പല തീരുമാനങ്ങളുമെടുക്കാൻ ഉഷയ്ക്കു സാധിച്ചുവെന്നതു മറന്നുകൂടാ.
പല പ്രധാന ചുമതലകളും കായികതാരങ്ങളെ ഏൽപിച്ചതും ഉഷയാണ്. എന്നാൽ, ഇതിനെതിരെയാണ് ഒരുകൂട്ടർ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മറ്റൊന്ന്. 2022 ഡിസംബറിൽ പി.ടി.ഉഷയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലെത്തി ഉടൻ നടത്തേണ്ട കാര്യങ്ങളിലൊന്നായിരുന്നു സിഇഒ നിയമനം. രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) ഇതേക്കുറിച്ചു പലവട്ടം നിർദേശം നൽകിയെങ്കിലും നടപടികൾ വൈകി. കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ ഐഒസി തലവൻ തോമസ് ബാക്കും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഒടുവിൽ, 16 മാസത്തിനു ശേഷം ജനുവരിയിൽ രഘുറാം അയ്യരെ സിഇഒയായി നിയമിച്ചു. എന്നാൽ, ഈ നിയമനത്തെച്ചൊല്ലിയാണ് ഈയിടെ ഐഒഎ എക്സിക്യൂട്ടീവ് കൗൺസിലിൽ എതിർപ്പുയർന്നത്. ഏതാനും ആഴ്ച മുൻപ് വനിതാ ബോക്സിങ് താരം എം.സി. മേരി കോമിനെ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവിയായി (ചെഫ് ഡി മിഷൻ) നിയമിച്ചപ്പോഴും പലരും എതിർപ്പുയർത്തി. ഒടുവിൽ, മേരികോം വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുകയും ചെയ്തു.
പാരിസ് ഒളിംപിക്സിനുള്ള ഒരുക്കം പൂർത്തിയാക്കേണ്ട നേരത്താണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ചെഫ് ഡി മിഷൻ സ്ഥാനത്തേക്കു പുതിയൊരാളെ എത്രയും വേഗം കണ്ടെത്തണം. കായികതാരങ്ങളുടെ യാത്ര, അനുബന്ധ കാര്യങ്ങൾ, പരിശീലന സൗകര്യങ്ങൾ തുടങ്ങിയവ ക്രമീകരിക്കാൻ ഇനി കുറച്ചു സമയമേയുള്ളൂ. ടോക്കിയോ ഒളിംപിക്സിനെക്കാൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന താരങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകേണ്ട സമയത്താണ് ഐഒഎ ഭരണസമിതിയിലെ ആഭ്യന്തര വിഷയങ്ങൾ ഇതിനെല്ലാം വിലങ്ങുതടിയായി നിൽക്കുന്നത്. കായികതാരങ്ങളുടെ പ്രകടനത്തെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് ഇവ വളരാതിരിക്കാൻ എല്ലാവരുടെയും ഇടപെടൽ അനിവാര്യമാണ്. ചെഫ് ഡി മിഷൻപോലുള്ള സുപ്രധാന പദവികളിൽ കായികതാരങ്ങളാണു വരേണ്ടതെന്ന് ഉഷ ‘മനോരമ’ അഭിമുഖത്തിൽ പറയുന്നതു ശ്രദ്ധേയമാണ്.
ഒളിംപിക്സ് ആതിഥേയത്വത്തിനുവേണ്ടി രാജ്യം പരിശ്രമിക്കുന്ന സമയത്തു തികച്ചും പ്രഫഷനലായി ഐഒഎയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകേണ്ടതുണ്ട്. രാജ്യത്തെ പരമോന്നത കായികസംഘടനയുടെ പ്രവർത്തനം ആഭ്യന്തര രാഷ്ട്രീയത്തിൽ കുടുങ്ങി ചർച്ചകളിൽ നിറയേണ്ട ഒന്നല്ല. 29നു നടക്കുന്ന ഐഒഎയുടെ നിർണായക യോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുങ്ങട്ടെ. ഒളിംപിക്സ് ചരിത്രത്തിലെ റെക്കോർഡ് മെഡൽ നേട്ടവുമായി പാരിസിൽനിന്നു മടങ്ങിവരാൻ ഇന്ത്യയുടെ അഭിമാന താരങ്ങൾക്കു സാധിക്കട്ടെ എന്നും ആശംസിക്കാം.