ആ സങ്കടമരണം ഓർമിപ്പിക്കുന്നത്
Mail This Article
ഒടുവിൽ രതീഷ് യാത്രയായിരിക്കുന്നു. ഹൃദയവും കരുണയുമില്ലാത്ത വ്യവസ്‌ഥിതിക്കു മുന്നിൽ തോറ്റുപോയൊരാൾ. മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കുശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത രതീഷ് എന്നിട്ടും ജീവനൊടുക്കിയത് നിസ്സഹായതയുടെ സങ്കടകഥ ബാക്കിവച്ചാണ്.
ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് എന്തുമാകാമെന്ന പൊലീസ് മനോഭാവത്തിന്റെ ഏറ്റവും അപലപനീയമായ ഉദാഹരണങ്ങളിലൊന്നാണ് കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രതീഷിന്റെ ജീവിതവും മരണവും. അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ 2014 സെപ്റ്റംബറിൽ നടന്ന മോഷണക്കേസിൽ പ്രതിയെന്നാരോപിച്ചാണ് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് പിടികൂടിയത്. ദേഹത്തു മുളക് അരച്ചു തേച്ചെന്നും ബോധം കെടുന്നതുവരെ തല്ലിയെന്നും ആഹാരവും വെള്ളവും കൊടുക്കാതെ തളർത്തിയെന്നും ചെയ്യാത്ത കുറ്റം സമ്മതിച്ച് ഒപ്പിട്ടു കൊടുത്തതോടെയാണു പീഡനം നിർത്തിയതെന്നും രതീഷ് പറഞ്ഞിട്ടുണ്ട്.
തട്ടിക്കൂട്ടിയ തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രതീഷിനു മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നു. 2020ൽ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും അയാൾ വെളിപ്പെടുത്തി. ഇതോടെയായിരുന്നു രതീഷിന്റെ മോചനം.
കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ ഇതിനിടെ പൊലീസ് സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം ആ കുടുംബത്തെ തളർത്തി. മോഷണക്കേസിൽ പ്രതിയായശേഷം രതീഷിനു കൃത്യമായ ജോലി കിട്ടിയതുമില്ല. മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകളുടെ നോവിന്റെയും സാമ്പത്തിക– മാനസിക തകർച്ചയുടെയും പശ്ചാത്തലത്തിലാണു രതീഷ് ജീവിതം അവസാനിപ്പിച്ചത്. പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു.
ചോദിക്കാതെവയ്യ: കള്ളക്കേസിൽ കുടുക്കി, ഒരു പാവം മനുഷ്യന്റെ ജീവിതം താറുമാറാക്കിയപ്പോൾ പൊലീസ് എന്താണു നേടിയത്? കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണവും മറ്റും ചടങ്ങുപോലെ തുടരുന്നുണ്ട്. രതീഷ് കോടതിയിൽ നൽകിയ കേസും തീർപ്പായിട്ടില്ല. കേസ് കൊടുത്തയാൾ ഇപ്പോഴീ ഭൂമിയിൽ ഇല്ലെന്നുമാത്രം. മനുഷ്യത്വം തരിമ്പുപോലുമില്ലാതെ ഒരാളുടെ ജീവിതത്തിൽ ഇടപെട്ട്, അയാളെയും കുടുംബത്തെയും തിരിച്ചുപിടിക്കാനാവാത്തവിധം തകർത്തുകളയുകയായിരുന്നു പൊലീസ്. അതുകൊണ്ടുതന്നെ, ഈ സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണവും നടപടിയുമാണു സമൂഹം പ്രതീക്ഷിക്കുന്നത്.
ഉയർന്ന സാക്ഷരതയും മനുഷ്യാവകാശ അവബോധവും പറഞ്ഞ് അഭിമാനിക്കുന്ന കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നു എന്നതാണ് അദ്ഭുതം. നീതിപീഠങ്ങളും മനുഷ്യാവകാശ കമ്മിഷനും ഒട്ടേറെ സംഘടനകളുമെല്ലാം കാവൽക്കാരായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുമ്പോൾ തന്നെ, ഒൗദ്യോഗിക സ്ഥാനങ്ങളിലുള്ള കുറച്ചുപേർക്കെങ്കിലും മാനുഷികതയും മനുഷ്യാവകാശബോധവും തൊട്ടുതീണ്ടിയിട്ടില്ലെന്നു തെളിയിക്കുന്നതാണ് രതീഷിന്റെ ദുരന്തകഥ. കുറ്റബോധത്തോടെ, പശ്ചാത്താപത്തോടെ, ഹൃദയവിലാപത്തോടെ നമുക്ക് എന്നും ഓർത്തുവയ്ക്കാനുള്ളതാണ് ഇക്കഥ. ഏതു സാഹചര്യത്തിലും ആവർത്തിക്കരുതാത്തതുമാണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നുപറയുന്ന നീതിന്യായവ്യവസ്ഥയുടെ തുലാസിൽ എവിടെയാണു രതീഷിന്റെ സ്ഥാനം? രതീഷും കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും മനുഷ്യാവകാശലംഘനത്തിനും ആരാണു സമാധാനം പറയുക? ആ നിരപരാധിയുടെ കുടുംബത്തിനു സാന്ത്വനമേകാൻ നമ്മുടെ വ്യവസ്ഥിതിക്കും ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നു മറക്കരുത്. ഇക്കാര്യത്തിലുണ്ടാവേണ്ട നീതി വൈകാനും പാടില്ല.