ADVERTISEMENT

അതിവേഗ മാറ്റങ്ങളുടെ നഗരസ്വഭാവമുണ്ടെങ്കിലും എറണാകുളത്തിന്റെ രാഷ്ട്രീയ മനസ്സ് അത്രയ്ക്കൊന്നും മാറിയിട്ടില്ലെന്നാണ് തുടർച്ചയായ യുഡിഎഫ് വിജയങ്ങൾ നൽകുന്ന സൂചന. എങ്കിലും, ഇടതിന്റെ വിജയരാശി തീരമണ്ഡലത്തിന്റെ ആകാശത്തെ ചുവപ്പിച്ചിട്ടുണ്ട്; ഒന്നും രണ്ടുമല്ല, അഞ്ചുതവണ. അതിൽ രണ്ടും ഉപതിരഞ്ഞെടുപ്പായിരുന്നു. ബാക്കി 13 തവണയും ജയം യുഡിഎഫിനായിരുന്നു. എറണാകുളത്ത് എൽഡിഎഫിന്റെ അതേ സംഘടനാസംവിധാനം യുഡിഎഫിനുമുണ്ടുതാനും. 

ഇടതുപക്ഷത്ത് സെബാസ്റ്റ്യൻ പോളിന്റെ മൂന്നു ജയങ്ങളും സേവ്യർ അറയ്ക്കലിന്റെ ഒരു ജയവും സ്വതന്ത്ര വേഷത്തിലായിരുന്നു. എന്നാൽ, അതിനൊക്കെ മുൻപേ വി.വിശ്വനാഥമേനോൻ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച കഥയും സിപിഎമ്മിന് ഓർമിപ്പിക്കാനുണ്ട്. 

തെക്ക് ചെല്ലാനം മുതൽ വടക്ക് മൂത്തകുന്നം വരെ കടലോരം ചേർന്നുകിടക്കുന്ന മണ്ഡലത്തിനു തീരദേശ പ്രാരബ്ധങ്ങളുടെ കഥകളേറെ പറയാനുണ്ട്. മറുവശത്ത്, കൊച്ചി നഗരത്തിലും തൃക്കാക്കരയിലും കളമശേരിയിലുമൊക്കെ തിളങ്ങുന്ന വികസനത്തിന്റെ വെള്ളിവെളിച്ചം മെട്രോ കയറി തൃപ്പൂണിത്തുറ വരെയെത്തുന്നു. ഇങ്ങനെ പലതരം ഉൾപ്പിരിവുകളുണ്ടെങ്കിലും എറണാകുളത്തിന് ഏറക്കുറെ ഒറ്റ രാഷ്ട്രീയ നിറമാണ്. 

സിറ്റിങ് എംപി ഹൈബി ഇൗഡനെതിരെ എൽഡിഎഫ് കൊണ്ടുവന്ന ‘സർപ്രൈസ്’ സ്ഥാനാർഥിയാണ് അധ്യാപക യൂണിയൻ നേതാവ് കെ.എസ്.ഷൈൻ. 2009ൽ എസ്എഫ്ഐ നേതാവ് സിന്ധു ജോയ് സിറ്റിങ് എംപി കെ.വി.തോമസിനെ വിറപ്പിച്ചുവിട്ട ചരിത്രം എറണാകുളത്തിനുണ്ട്. ഡോ. കെ.എസ്.രാധാകൃഷ്ണൻ എൽഡിഎയ്ക്കുവേണ്ടി മത്സരത്തിനിറങ്ങാൻ അൽപം വൈകി. 

ഹൈബിക്കു വോട്ടർമാരും മണ്ഡലവും ചിരപരിചിതം. ചൂണ്ടിക്കാട്ടാൻ ഒട്ടേറെ വികസനപദ്ധതികളുമുണ്ട്. ഷൈനിന്റെ പ്രചാരണം കണ്ടാൽ പുതുമുഖമാണെന്നു തോന്നില്ല. ബിജെപി പ്രചാരണവും ടോപ് ഗിയറിൽ. മത്സരം കൊഴുപ്പിക്കാൻ ട്വന്റി20 എന്ന നവരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ആന്റണി ജൂഡിയുണ്ട്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.രാജീവിനെതിരെ ഹൈബി ഈഡൻ നേടിയ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലെ റെക്കോർഡാണ്. പിതാവ് ജോർജ് ഈഡനെയാണ് ഇക്കാര്യത്തിൽ ഹൈബി പിന്നിലാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോൾ 2004ൽ ജയിച്ചതും മോശമല്ലാത്ത ഭൂരിപക്ഷത്തിനാണ്, 70,099 വോട്ടിന്.

ചെല്ലാനം കടപ്പുറത്ത് ടെട്രാപോഡ് നിരത്തി ഉയർത്തിയ കടൽഭിത്തി എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കടലേറ്റഭീഷണി ചെറുക്കുന്ന ആ ഭിത്തി തീരമാകെ നിറഞ്ഞിട്ടില്ലല്ലോ എന്ന് യുഡിഎഫ്.  തീരപരിപാലന നിയമത്തിലെ കടുത്ത വ്യവസ്ഥകൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ മൂന്നു മുന്നണികളും മാറിമാറി ഉയർത്തുന്നുണ്ട്. ചുറ്റിലും കാണുന്ന വികസനം ആരുടെ നേട്ടമെന്നതും ഇനി എന്തൊക്കെ വേണമെന്നതും പ്രചാരണം കൊഴുപ്പിക്കുന്നു. പൗരത്വ നിയമം, ഏക സിവിൽകോഡ് എന്നിവയും സജീവ ചർച്ചയാണ്. 

ഹൈബി ഇൗഡൻ
ഹൈബി ഇൗഡൻ

ഹൈബി ഇൗഡൻ കോൺഗ്രസ് 

∙ സിറ്റിങ് എംപി; 2011ലും 2016ലും എറണാകുളം എംഎൽഎ

∙ എൻഎസ്‌യു മുൻ ദേശീയ പ്രസിഡന്റ്

∙ എറണാകുളം എംപിയും എംഎൽഎയുമായിരുന്ന ജോർജ് ഇൗഡന്റെ മകൻ. 

അനുകൂലം

∙ മണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല സ്വഭാവം

∙ ചെറുപ്പം, മികച്ച പാർലമെന്ററി പ്രവർത്തനം

പ്രതികൂലം

∙ എൽഡിഎഫിന്റെ മികച്ച പ്രവർത്തനം


∙ വനിതാ സ്ഥാനാർഥിവഴി എൽഡിഎഫ് ലക്ഷ്യമിടുന്ന സ്ത്രീവോട്ടുകൾ 


കെ.ജെ.ഷൈൻ
കെ.ജെ.ഷൈൻ

കെ.ജെ.ഷൈൻ  സിപിഎം

∙ സിപിഎം അധ്യാപകസംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗം

∙ പറവൂർ നഗരസഭയിലേക്കു തുടർച്ചയായി 3 ജയം

∙ സിപിഎം പറവൂർ ടൗൺ ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം

അനുകൂലം

∙ ഇടതുമുന്നണി സംവിധാനത്തിലെ ഒത്തൊരുമയും മികച്ച പ്രവർത്തനവും

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനം

പ്രതികൂലം

∙ യുഡിഎഫിനു പരമ്പരാഗതമായുള്ള മേൽക്കൈ

∙ വലിയ തിരഞ്ഞെടുപ്പിലെ ആദ്യമത്സരം


ഡോ. കെ.എസ്.രാധാകൃഷ്ണൻ
ഡോ. കെ.എസ്.രാധാകൃഷ്ണൻ

ഡോ. കെ.എസ്.രാധാകൃഷ്ണൻ ബിജെപി

∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

∙ കാലടി സർവകലാശാല മുൻ വി.സി; പിഎസ്‌സി മുൻ ചെയർമാൻ

∙ എഴുത്തുകാരനും പ്രഭാഷകനും 

അനുകൂലം

∙ പൊതുരംഗത്തെ പതിറ്റാണ്ടുകളായുള്ള സാന്നിധ്യം

∙ ശിഷ്യരുടെയും സുഹൃത്തുക്കളുടെയും വിപുലമായ നിര

പ്രതികൂലം

∙ എൻഡിഎയ്ക്കു മണ്ഡലത്തിലെ സ്വാധീനക്കുറവ്

∙ കേന്ദ്ര സർക്കാരിനെതിരായ പ്രചാരണം

2024  ⏩ ആകെ വോട്ടർമാർ: 13,24,097   ⏩പുരുഷന്മാർ: 6,40,662  ⏩സ്ത്രീകൾ: 6,83,370  ⏩ട്രാൻസ്ജെൻഡർ: 15  ⏩കന്നിവോട്ടർമാർ:12,117

English Summary:

Ernakulam constituency election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com