കുരുക്കഴിയാതെ നഴ്സിങ് പ്രവേശനം
Mail This Article
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കുശേഷം ലോകത്ത് ആരോഗ്യമേഖല ശക്തിപ്പെടുകയാണ്. 2030ന് അകം ഒരു കോടി നഴ്സുമാരെ അധികമായി വേണ്ടിവരുമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതു മലയാളി നഴ്സുമാർക്കുമുന്നിൽ ആഗോള സാധ്യതകൾ തുറക്കുകയാണ്. കോവിഡിനുശേഷം, 2022ൽ മാത്രം 25,000 നഴ്സുമാരാണു തൊഴിൽതേടി കേരളത്തിൽനിന്നു വിദേശത്തേക്കു പോയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ നഴ്സ് കുടിയേറ്റം മുൻപുണ്ടായിട്ടില്ല. എന്നാൽ, സാധാരണക്കാരുടെ കുടുംബങ്ങളിൽനിന്നുള്ളവർക്കു നഴ്സിങ് പഠനത്തിനുള്ള അവസരം ഇല്ലാതാക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പരാതി.
മാനേജ്മെന്റ് സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ഇല്ലാതാകുകയും ഓരോ കോളജിലും വെവ്വേറെ അപേക്ഷിക്കേണ്ട സ്ഥിതിയാവുകയും ചെയ്തതോടെ ബിഎസ്‌സി നഴ്സിങ് പ്രവേശനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. അപേക്ഷിക്കാൻ ഇനി വൻ ചെലവുവരുമെന്ന ആശങ്ക എത്രയോ കുടുംബങ്ങളെ നിരാശയിലാക്കുകയാണ്.
സംസ്ഥാനത്ത് ആകെയുള്ള 9355 സീറ്റുകളിൽ 7105 എണ്ണവും സ്വകാര്യമേഖലയിലാണ്; സ്വകാര്യ സീറ്റുകളിൽ 50% മാനേജ്മെന്റിനുള്ളതും. സംസ്ഥാനത്തെ 119 സ്വകാര്യ കോളജുകളിൽ 82 എണ്ണം രണ്ടു മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലാണ്. ഈ അസോസിയേഷനുകൾ അപേക്ഷ ക്ഷണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തിവരികയായിരുന്നു. ഓരോ അസോസിയേഷനും അപേക്ഷാഫീസ് 1,000 രൂപയാണ്. കഴിഞ്ഞവർഷം വരെ 2000 രൂപ അപേക്ഷാഫീസിനു മുടക്കിയാൽ 82 കോളജുകളിൽ എവിടെയെങ്കിലും അവസരമുണ്ടെങ്കിൽ ലഭിക്കുമായിരുന്നു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ ഏകജാലക രീതിയിലായതിനാൽ തലവരിയില്ല.
എന്നാൽ, 2017 മുതൽ ഓരോ അപേക്ഷാഫോമിനും 18% ജിഎസ്ടി കൊടുക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടതാണു പ്രതിസന്ധിയിലേക്കു വാതിൽതുറന്നത്. വൻതുക നികുതി ബാധ്യത വന്നതിനാൽ പ്രവേശനത്തിന് ഇനി ഏകജാലകമില്ലെന്ന് അസോസിയേഷനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാഫീസ് നൽകണം. ഓരോ മാനേജ്മെന്റും സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമ്പോൾ തലവരി ഈടാക്കാനും സാധ്യതയുണ്ട്.
അസോസിയേഷനുകളിൽ അംഗത്വമില്ലാത്ത 37 കോളജുകൾ നിലവിൽ സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്നുണ്ട്. ഇവിടങ്ങളിൽ 7 ലക്ഷം രൂപയ്ക്കു മുകളിലാണു തലവരിയെന്നു ഹൈക്കോടതിയിലെ ഹർജിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടുകയുണ്ടായി. മെറിറ്റ് അട്ടിമറിക്കുന്നതിനൊപ്പം 82 കോളജുകളിൽകൂടി തലവരി മടങ്ങിയെത്താനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുമ്പോൾ മക്കളെ നഴ്സിങ് പഠനത്തിന് അയയ്ക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശങ്കപ്പെടാതിരിക്കാൻവയ്യ.
നഴ്സിങ് പ്രവേശനപരീക്ഷ വേണമെന്നു മൂന്നു വർഷമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഈ വർഷം പ്രവേശനപരീക്ഷ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു സർക്കാർ പിന്മാറുകയായിരുന്നു. പ്രവേശനപരീക്ഷ വേണമെന്നു മാനേജ്മെന്റ് അസോസിയേഷനുകളും വാദിക്കുമ്പോഴാണു സർക്കാർ ഒളിച്ചോടുന്നത്. സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന കോളജുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
മാനേജ്മെന്റ് സീറ്റിലും മെറിറ്റ് മാനദണ്ഡമാക്കണമെന്നാണ് 2001 മുതൽ സിപിഎം നയം. അതേ പാർട്ടി നയിക്കുന്ന സർക്കാർതന്നെ ഇപ്പോൾ മാനേജ്മെന്റ് സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം ഇല്ലാതാക്കുകയാണ്. മാനേജ്മെന്റ് സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം വേണ്ടെന്നുവച്ചതും പ്രവേശനപരീക്ഷയുടെ കാര്യത്തിൽ ഒളിച്ചുകളിക്കുന്നതും കോളജ് പരിശോധനയിൽ നഴ്സിങ് കൗൺസിലിന്റെ പങ്കാളിത്തം പരിമിതപ്പെടുത്തിയതുമൊക്കെ ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്? മാനേജ്മെന്റ് സീറ്റിലും മെറിറ്റ് എന്ന നയത്തിൽനിന്നു സിപിഎം പിന്നാക്കംപോയത് എന്തുകൊണ്ടാണ്? സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾ നടത്തുന്ന നഴ്സിങ് കോളജുകളുണ്ടെന്നത് ഇതോടുചേർത്ത് ഓർമിക്കാം. ജനങ്ങളോടു പ്രതിബദ്ധത പുലർത്തേണ്ട ഭരണസംവിധാനത്തിന് ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ബാധ്യതയുണ്ട്.
ഓഗസ്റ്റ് ഒന്നിനു പ്രവേശനം ആരംഭിക്കണമെന്നും സെപ്റ്റംബർ 30ന് പൂർത്തിയാക്കണമെന്നുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം. നഴ്സിങ് പ്രവേശനം കടുത്ത പ്രതിസന്ധിയിലായ വിവരം ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നുവെന്നതാണ് ഏക പ്രതീക്ഷ. ജിഎസ്ടി പ്രശ്നത്തിനു പരിഹാരം കാണാനും മാനേജ്മെന്റ് സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തുടരാൻ സാഹചര്യം ഒരുക്കാനുമായി മാനേജ്മെന്റ് പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് വ്യാഴാഴ്ച നടത്തുന്ന യോഗം ഫലപ്രാപ്തിയിലെത്തേണ്ടതുണ്ട്.