മരംകേറിയാനകൾ മേയുന്ന വാട്സാപ് !
Mail This Article
ആനകൾ നാട്ടിലിറങ്ങിയുണ്ടാക്കുന്ന കുഴപ്പങ്ങളുടെ വാർത്തകൾ വായിച്ചു വായിച്ചിരിക്കുമ്പോഴാണ് വാട്സാപ്പിൽ ഈ പടം വന്നത്. സിസിടിവിയിൽനിന്നുള്ള രാത്രിദൃശ്യമാണ്. ഒരാന മരത്തിനു മുകളിൽ കൂൾ കൂളായി കയറിനിൽക്കുന്നു. താഴെ റോഡിൽക്കൂടി കടന്നുപോകുന്ന വാഹനവും ചിത്രത്തിലുണ്ട്.
ഈ കക്ഷി എങ്ങനെയാണ് ഈ മരത്തിനുമുകളിൽ കയറിപ്പറ്റിയതെന്ന് ഒരുപിടിയും കിട്ടാതെയിരിക്കുമ്പോൾ അടുത്തചിത്രവും വാട്സാപ്പിലെത്തി. കഥാപാത്രം ആന തന്നെ. പക്ഷേ, സിസിടിവി കാഴ്ചയല്ല, സാധാരണ ക്യാമറയിലുള്ളതാണ്. ഇതിലുമുണ്ട് റോഡിലൂടെ കടന്നുപോകുന്ന ഒരു വാഹനം.
ആന മരത്തിൽ കയറുകയോ? അതെങ്ങനെ സംഭവിച്ചെന്ന് അറിയണമല്ലോ. അങ്ങനെ ഇന്റർനെറ്റിൽ തിരയുമ്പോഴാണു കണ്ടെത്തിയത്, ആദ്യത്തെ സിസിടിവി ആന തായ്‌ലൻഡിൽ കുറച്ചുദിവസമായി വൈറലായ കക്ഷിയാണ്. അവിടെനിന്നു കറങ്ങിത്തിരിഞ്ഞാണ് കേരളത്തിലെ വാട്സാപ്പിലിറങ്ങിയത്.
തായ്‌ലൻഡിലുള്ള ഒരു ഫെയ്സ്ബുക് ഗ്രൂപ്പിൽനിന്നാണ് പുറപ്പാട്: ‘എഐ ക്രിയേറ്റീവ്സ് തായ്‌ലൻഡ്’ എന്നാണു ഗ്രൂപ്പിന്റെ പേര്. അതിൽനിന്നു തന്നെ കാര്യം പിടികിട്ടിയിരിക്കുമല്ലോ? ഈ പംക്തിയിൽത്തന്നെ പലവട്ടം ചർച്ച ചെയ്തിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തയാറാക്കിയതാണ് നമ്മളീക്കണ്ട സിസിടിവി ദൃശ്യം. അതായത്, ആന യഥാർഥത്തിൽ മരത്തിൽ കയറിയിട്ടില്ല!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു ചിത്രങ്ങൾ തയാറാക്കുകയും അതു സംബന്ധിച്ചു ചർച്ച നടത്തുകയുമൊക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പാണ് എഐ ക്രിയേറ്റിവ് തായ്‌ലൻഡ്. സിസിടിവി ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്നത് അവരുടെയൊരു ഹോബിയാണ്. മുതല കാറോടിക്കുന്നതിന്റെയും പൂച്ചയും നായയും ചേർന്നു ബൈക്കുസവാരി നടത്തുന്നതിന്റെയുമൊക്കെ രാത്രികാല ‘സിസിടിവി ദൃശ്യങ്ങൾ’ അവിടെ പോയി കണ്ടാസ്വദിക്കാം!
രണ്ടാമത്തെ ചിത്രത്തിലെ കക്ഷിയുടെ ആനത്താര തേടിപ്പോയപ്പോൾ ശ്രീലങ്കയിലാണെത്തിയത്. ചിത്രത്തിന്റെ അടിയിൽത്തന്നെ ശ്രീലങ്കയിലെ യാല നാഷനൽ പാർക്കിൽനിന്നുള്ളതാണു ദൃശ്യമെന്ന് എഴുതിയിട്ടുണ്ട്. ശ്രീലങ്കയിലെ വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. നിറയെ മൃഗങ്ങളുമുണ്ട്. പക്ഷേ, അവരുടെ വെബ്സൈറ്റിലൊന്നും മരത്തിൽ കയറിയ ആനയുടെ ചിത്രം കാണാനില്ല. ഇതുപോലൊരു മരംകേറിയുണ്ടെങ്കിൽ അവരതു പരമാവധി പരസ്യപ്പെടുത്തുമല്ലോ. ശ്രീലങ്കയിലെ ഫാക്ട് ചെക്കിങ് ഏജൻസിയായ ഹാഷ്ടാഗ് ജനറേഷൻ വഴി യാല പാർക്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, അവർ ഇക്കാര്യം കയ്യോടെ നിഷേധിക്കുകയും ചെയ്തു.
ശ്രീലങ്കയിലെതന്നെ പല സമൂഹമാധ്യമ അക്കൗണ്ടുകൾ ഈ ആനയും എഐ നിർമിതമാണെന്നു പറയുന്നുണ്ട്. എഐ ചിത്രങ്ങൾ തിരിച്ചറിയാനുള്ള ആപ്പുകളിൽ പരിശോധിക്കുമ്പോഴും കാര്യം വ്യക്തം. എന്നാൽ, ഇതിന്റെ യഥാർഥ സ്രഷ്ടാക്കളെ കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
പിണറായി കോൺഗ്രസിന് വോട്ടുചോദിച്ചോ ?
നമ്മളൊക്കെ കേരളത്തിൽ ഇന്നലെ വോട്ടു ചെയ്തു. കൃത്രിമ വിഡിയോ, മോർഫ് ചെയ്ത ഫോട്ടോ തുടങ്ങി ഒന്നൊന്നരമാസം നീണ്ട പ്രചാരണകാലത്തു പല വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങൾക്കു കുറവൊന്നുമുണ്ടായിരുന്നില്ല. ഇക്കൂട്ടത്തിൽ, ഒരു വിഡിയോ വളരെ രസകരമായിരുന്നു.
കേരളത്തിൽ, രൂക്ഷമായ പോരാട്ടത്തിലായിരുന്നല്ലോ യുഡിഎഫും എൽഡിഎഫും. എൽഡിഎഫിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫിനെ നയിക്കുന്ന രാഹുൽ ഗാന്ധിക്കു വോട്ടു ചെയ്യണം എന്നു പ്രസംഗിക്കുന്നതാണ് വിഡിയോ ക്ലിപ്. (കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യൂ)
ക്ലിപ്പിൽ മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ:‘ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഇൗ തിരഞ്ഞെടുപ്പിൽ വരാൻ പോകുന്നത്. അപ്പോൾ, ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടിയേതാണോ ആ പാർട്ടിയുടെ നേതാവിനെയാണു മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുക. രാഹുൽ ഗാന്ധിയെ വിളിക്കണമെങ്കിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടിയാകണം. ഇവിടെ മത്സരിക്കുന്ന കോൺഗ്രസുകാരെയെല്ലാം ജയിപ്പിക്കാൻ തയാറാകണം. ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി വിജയിച്ചില്ലെങ്കിലും, രണ്ടു കൂട്ടരും ബിജെപിക്ക് എതിരാണല്ലോ. പ്രധാനമന്ത്രിയായി വരാൻ സാധ്യതയുള്ള, ഗവൺമെന്റ് രൂപീകരിക്കാൻ സാധ്യതയുള്ള കക്ഷിക്കു വിജയം ഉറപ്പാക്കണം.’’
ഇത്ര കടുത്ത മത്സരം നടക്കുമ്പോൾ സ്വന്തം സ്ഥാനാർഥിയെ തോൽപിച്ചും കോൺഗ്രസിനു വോട്ടു ചെയ്യണമെന്നു പിണറായി വിജയൻ പറയാനോ? ഞെട്ടിപ്പോയില്ലേ!
പക്ഷേ, ഇൗ വിഡിയോ ക്ലിപ് കൃത്രിമമല്ല. യഥാർഥത്തിലുള്ള പിണറായിയുടെ പ്രസംഗം തന്നെയാണ്. പക്ഷേ, ഇതു പ്രചരിപ്പിച്ചവർ ഒരു സൂത്രപ്പണി ചെയ്തിട്ടുണ്ട്. പിണറായിയുടെ യഥാർഥ പ്രസംഗത്തിന്റെ വിഡിയോയിൽനിന്ന് ഒരു ഭാഗം മാത്രം മുറിച്ചെടുത്താണു പ്രചരിപ്പിച്ചത്. 2019ൽ കേരളത്തിൽ യുഡിഎഫ് 20ൽ 19 സീറ്റും നേടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയായിരുന്നു പിണറായി തന്റെ പ്രസംഗത്തിൽ.
അന്നത്തെ യുഡിഎഫ് വിജയത്തിന്റെ കാരണം വിശദീകരിക്കുന്ന ഭാഗം മാത്രമേ ക്ലിപ്പിലുള്ളൂ. അതിനു മുൻപും പിൻപും ഉള്ളതില്ല. ഏപ്രിൽ മൂന്നിനു പിണറായി കട്ടപ്പനയിൽ നടത്തിയ പ്രസംഗമാണിത്. മുഴുവൻ പ്രസംഗം യുട്യൂബിൽ കിട്ടും. അതിൽ രൂക്ഷമായി കോൺഗ്രസിനെ വിമർശിക്കുന്നുണ്ട്.