ഡൽഹിയിൽ ആര് നേടും വിശ്വാസം?
Mail This Article
ഡൽഹി
ലോക്സഭാ സീറ്റ്: 7
നിലവിലെ അംഗസംഖ്യ: 7 സീറ്റിലും ബിജെപി
വോട്ടെടുപ്പ്: മേയ് 25
മിനി ഇന്ത്യ’ കൈപ്പിടിയിലൊതുക്കിയാൽ കേന്ദ്രത്തിൽ അധികാരത്തിലെത്താമെന്നൊരു വിശ്വാസമുണ്ട്. 1998 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഡൽഹി ആർക്കൊപ്പംനിന്നോ അവരുടെ സർക്കാരാണു രാജ്യം ഭരിച്ചത്. കഴിഞ്ഞ 2 തവണയും ഡൽഹിയിലെ 7 സീറ്റും ബിജെപിക്കു ലഭിച്ചു. 2009ൽ മുഴുവൻ സീറ്റിലും 2004ൽ 6 സീറ്റിലും വിജയം കോൺഗ്രസിനായിരുന്നു.
2019ൽ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി) ത്രികോണ മത്സരത്തിനാണു ഡൽഹി സാക്ഷ്യം വഹിച്ചതെങ്കിൽ ഇക്കുറി രാഷ്ട്രീയസമവാക്യങ്ങൾ മാറി. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ എഎപിയും കോൺഗ്രസും ഒരുമിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലും അടിത്തറ ഒലിച്ചുപോയ കോൺഗ്രസിന് ഡൽഹിയിൽ നില വീണ്ടെടുക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയും പാർട്ടി തലവനുമായ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് തളർത്തിയിട്ടില്ലെന്നു തെളിയിക്കേണ്ട വലിയ ബാധ്യത എഎപിക്കുണ്ട്. മറുഭാഗത്തു ബിജെപിയാകട്ടെ ഏഴിൽ 6 എംപിമാരെയും മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകി; കേന്ദ്രത്തോടുള്ള ഭരണവിരുദ്ധവികാരം നേരിടുകയെന്ന കാരണവുമുണ്ട്.
സുഷമ സ്വരാജിന്റെ മകൾ ബാസുരിയും വിദ്യാർഥിരാഷ്ട്രീയത്തിലൂടെ ദേശീയശ്രദ്ധ നേടിയ കനയ്യ കുമാറും എഎപിയുടെ സ്ഥാപകനേതാവ് സോംനാഥ് ഭാരതിയുമൊക്കെ ഇത്തവണ ഡൽഹിയിൽ ജനവിധി തേടുന്നു.
മുഖം മാറ്റി ബിജെപി
2019ലെ മിന്നുംജയത്തിനു ശേഷവും തൊട്ടടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ബിജെപിക്കു സാധിച്ചിരുന്നില്ല. 2022 ഡിസംബറിൽ ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിലെ പരാജയവും തിരിച്ചടിയായി. ഇതിന്റെയെല്ലാം ഫലം ഡൽഹിയിൽ കണ്ടു. കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള പോര് അതിരൂക്ഷമായി. ലഫ്. ഗവർണറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമെല്ലാം കേന്ദ്രത്തിന്റെ ആയുധങ്ങളായി.
ബിജെപിയുടെ ഡൽഹിയിലെ ആഭ്യന്തര സർവേ ഫലം പല സിറ്റിങ് എംപിമാർക്കും അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിലാണു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയത്. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരി മാത്രമാണു മത്സരരംഗത്തുള്ള സിറ്റിങ് എംപി. പൂർവാഞ്ചൽ വോട്ടുകൾ ആകർഷിക്കാനാകുന്ന തിവാരിക്ക് മികച്ച പകരക്കാരനില്ലാത്തതാണു തുണയായതെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. ‘പല എംപിമാർക്കും താഴെത്തട്ടിൽ ബന്ധങ്ങൾ കുറഞ്ഞു. കേജ്‌രിവാൾ സർക്കാരിന്റെ പ്രവർത്തനമികവും പ്രതികൂലഘടകമായി. ഡൽഹി പാർട്ടിയുടെ അഭിമാനകേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ വിജയം ഉറപ്പാക്കേണ്ടതുണ്ട്’ – പുതിയ സ്ഥാനാർഥികളെ രംഗത്തിറക്കിയതിനെക്കുറിച്ചു മുതിർന്ന ബിജെപി നേതാവ് പറഞ്ഞതിങ്ങനെ.
നിറം വീണ്ടെടുക്കാൻ കോൺഗ്രസ്
ഇന്ത്യാസഖ്യത്തിൽ എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും മത്സരിക്കുന്നു. എഎപിയുമായി കൈകോർത്തതിന്റെ കോലാഹലം കോൺഗ്രസിൽ അവസാനിച്ചിട്ടില്ല. പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻമന്ത്രിയുമായ അർവിന്ദർ സിങ് ലവ്‌ലി ഉൾപ്പെടെയുള്ളവർ രാജിവച്ചു. ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ വേരിളക്കിയവർക്കൊപ്പമാണ് ഇക്കുറി പാർട്ടി കൈകോർത്തിരിക്കുന്നത്.
1998 മുതൽ തുടർച്ചയായ 3 തവണ ഡൽഹിയിൽ അധികാരത്തിലെത്തിയ കോൺഗ്രസിനു കഴിഞ്ഞ രണ്ടുവട്ടമായി നിയമസഭയിൽ പ്രതിനിധികളില്ല. 250 അംഗ ഡൽഹി കോർപറേഷനിൽ 9 കൗൺസിലർമാർ മാത്രമാണു പാർട്ടിക്കുള്ളത്. ഡൽഹിയിൽ നില മെച്ചപ്പെടുത്താൻ സഖ്യം ആവശ്യമാണെന്ന തിരിച്ചറിവിലാണ് എഎപിക്കൊപ്പം നിൽക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
അലഹാബാദിലെ ഗംഗ–യമുന സംഗമം പോലെയാണ് എഎപിയുമായുള്ള സഖ്യമെന്നാണ് ചാന്ദ്നിചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി.അഗർവാൾ പറഞ്ഞത്. ‘2 നദികളുടെയും നിറം വ്യത്യസ്തം. എന്നാൽ, അലഹാബാദിൽ എത്തുമ്പോൾ ഇരുനദികളും ഒരേനിറത്തിൽ ഒന്നായൊഴുകുന്നു. ഇന്ത്യാസഖ്യം അതുപോലെയാണ്’.
പ്രതിരോധത്തിൽ എഎപി
ക്ഷേമപദ്ധതികളിലൂടെ നഗരവാസികളുടെ കയ്യടി നേടിയ എഎപിയെ കടുത്ത പ്രതിരോധത്തിലാക്കിയാണ് മദ്യനയ അഴിമതിക്കേസും അതിനു പിന്നാലെ അറസ്റ്റുകളുമെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻമന്ത്രി സത്യേന്ദർ ജെയിൻ എന്നിവർ ജയിലിലാണ്. മറ്റു പല നേതാക്കൾക്കെതിരെയും കേസുണ്ട്.
ഡൽഹിയിൽ ‘ജയിൽ’ രാഷ്ട്രീയ വാക്കായി മാറിയിരിക്കുന്നു. ജയിലിനു മറുപടി വോട്ടിലൂടെ എന്നതാണ് എഎപിയുടെ മുഖ്യ പ്രചാരണവാക്യങ്ങളിലൊന്ന്. അറസ്റ്റിനെ ന്യായീകരിക്കുന്നതാകുമെന്നതിനാൽ കേജ്‌രിവാളിനുവേണ്ടി ജാമ്യനീക്കവും എഎപി നടത്തിയിട്ടില്ല. മദ്യനയ അഴിമതി വിഷയത്തെ ഡൽഹിജനത എങ്ങനെ വിലയിരുത്തുന്നു എന്നതിനുള്ള ഉത്തരം കൂടിയാകും തിരഞ്ഞെടുപ്പുഫലമെന്ന തിരിച്ചറിവ് എഎപിക്കുണ്ട്. കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ ഉൾപ്പെടെ പ്രചാരണത്തിനിറക്കിയിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. രണ്ടാം നിര നേതാക്കൾക്കും മികവു കാട്ടാനുള്ള അവസരം.
ചൂടുപിടിച്ച് കളം
2019 തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസും എഎപിയും ചേർന്നു നേടിയതിനെക്കാളും കൂടുതലായിരുന്നു ബിജെപിയുടെ വോട്ട്. 7 മണ്ഡലങ്ങളിലും 50 ശതമാനത്തിനു മുകളിൽ സ്വന്തമാക്കി. ഡൽഹിയിൽ ആകെ 56% ആയിരുന്നു ബിജെപി വോട്ടുവിഹിതം. 22.5% വോട്ടു നേടി കോൺഗ്രസ് രണ്ടാമതെത്തി. എന്നാൽ, 2020 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റും നേടി എഎപി അധികാരത്തുടർച്ച സ്വന്തമാക്കി. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിനെ പാർട്ടികൾ വിലയിരുത്തുന്നത്.
വരുംദിവസങ്ങളിൽ ഡൽഹിയിൽ ചൂട് കനക്കുമെന്നാണു കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. കാലാവസ്ഥപോലെത്തന്നെ തലസ്‌ഥാനനഗരത്തിൽ തിരഞ്ഞെടുപ്പങ്കത്തിനും ചൂടുപിടിച്ചു. ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന മേയിൽ 45 ഡിഗ്രിക്കു മുകളിൽ താപനിലയെത്തും. 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡൽഹി എങ്ങനെ വോട്ടു ചെയ്യുമെന്നാണ് ഇനി കാണേണ്ടത്. 2014ൽ 65.1 ശതമാനമായിരുന്നു ഡൽഹിയിലെ പോളിങ് നില; 2019ൽ 60.5 ശതമാനവും. ‘വിശ്വാസ’ങ്ങൾ നയിക്കുന്ന ഡൽഹിയിലെ രാഷ്ട്രീയത്തിൽ ആരു നേട്ടം സ്വന്തമാക്കുമെന്ന് കാത്തിരുന്നു കാണാം.