കൊടുംചൂടിൽ തളർന്ന് ക്ഷീരമേഖല
Mail This Article
കടുത്ത ചൂടിൽ പശുക്കളും എരുമകളും പിടഞ്ഞുചാവുമ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുകയാണ് ക്ഷീരകർഷകർ. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 497 കറവപ്പശുക്കൾ സൂര്യാഘാതമേറ്റു ചത്തെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കൊല്ലം ജില്ലയിൽ മാത്രം 105 പശുക്കൾ ചത്തു; ആലപ്പുഴയിൽ നാൽപത്തിയേഴും. മേയ് നാലു വരെയുള്ള കണക്കുപ്രകാരം കോഴിക്കോട്ട് 26 പശുക്കളും മൂന്ന് എരുമകളും ചത്തു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും ഒട്ടേറെ പശുക്കൾ ചത്തുവീണു. 11 ആടുകൾ, 5 ആട്ടിൻകുട്ടികൾ, 12 പന്നികൾ, 228 കോഴികൾ എന്നിവയും മൂന്നു മാസത്തിനിടെ ചത്തതായാണ് കണക്കുകൾ.
കേരളത്തിലെ ഉയർന്ന ചൂടും വർധിച്ച ആപേക്ഷിക ഈർപ്പവും കന്നുകാലികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു മൃഗസംരക്ഷണമേഖലയിലെ വിദഗ്ധർ പറയുന്നു. അവയ്ക്കു ജീവശാസ്ത്രപരമായ മാറ്റങ്ങളുണ്ടാകും. താപസമ്മർദത്തിൽനിന്നു രക്ഷപ്പെടാൻ വേനൽക്കാലത്ത് കന്നുകാലികൾ കൂടുതൽ കിതയ്ക്കും, തീറ്റ കുറയ്ക്കും. വെള്ളം കൂടുതലായി കുടിക്കുകയും ചെയ്യും. ഇതുമൂലം പാൽ ഉൽപാദനം കുറയും, വളർച്ച മുരടിക്കും, രോഗപ്രതിരോധശേഷി കുറയും. കറവപ്പശുക്കളിൽ അകിടുവീക്കത്തിനുള്ള സാധ്യത വർധിക്കും. വന്ധ്യതാപ്രശ്നങ്ങളും കൂടും. പ്രത്യേക പരിചരണം ലഭിക്കാതെവന്നാൽ പശുക്കളുടെ ഗർഭം അലസിപ്പോകാനുള്ള സാധ്യതകളുമുണ്ട്. പശുക്കളുടെ ജീവൻ നിലനിർത്താൻ വേനൽക്കാല പരിചരണം കൂടിയേ തീരൂ.
തളർച്ച, പനി, ഉയർന്ന ശ്വാസോച്ഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം, ഉമിനീർ ഒഴുകൽ, നുരയും പതയും, പൊള്ളിയ പാടുകൾ എന്നിവയാണ് പശുക്കളിലെ പ്രധാന സൂര്യാഘാത ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റാൽ ഉടൻ പശുക്കളെ നന്നായി നനയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. സൂര്യാഘാതം മൂലം മരണം സംഭവിച്ചാൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
പാലുൽപാദനം താഴോട്ട്
രാജ്യത്തെ ഏറ്റവും വലിയ ക്ഷീരസഹകരണ പ്രസ്ഥാനമായ മിൽമയും ഉഷ്ണതരംഗത്തിൽ പ്രതിസന്ധിയിലാണ്. പാലുൽപാദനം ഗണ്യമായി കുറഞ്ഞു. മൂന്നു മാസത്തിനിടെ മിൽമയുടെ മലബാർ മേഖലാ യൂണിയനിൽ പ്രതിദിന പാൽസംഭരണത്തിൽ 1.21 ലക്ഷം ലീറ്ററിന്റെ കുറവാണുണ്ടായത്. കൊച്ചി മേഖലാ യൂണിയനിൽ 60,000 ലീറ്ററും തിരുവനന്തപുരം മേഖലാ യൂണിയനിൽ 75,000 ലീറ്ററും കുറഞ്ഞു.
മാർഗനിർദേശങ്ങൾ കൊള്ളാം; പക്ഷേ...
ചൂടുകാലത്തു ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മൃഗസംരക്ഷണവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തൊഴുത്തുകളിൽ 24 മണിക്കൂറും ഫാൻ പ്രവർത്തിപ്പിക്കുക, ദിവസവും 100 ലീറ്റർ വെള്ളം പശുക്കൾക്കു നൽകുക, തീറ്റയായി പരമാവധി പച്ചപ്പുല്ല് കൊടുക്കുക, ദിവസം മൂന്നു പ്രാവശ്യമെങ്കിലും കുളിപ്പിക്കുക എന്നിവയാണ് പ്രധാനപ്പെട്ടത്.
ദഹനത്തിനു സമയമെടുക്കുന്നതിനാൽ വൈക്കോൽ രാത്രിയിൽ മാത്രമേ കൊടുക്കാവൂ, ഖരരൂപത്തിലുള്ള ആഹാരം രാവിലെയും വൈകിട്ടും മാത്രം കൊടുക്കുക, ധാതുലവണ മിശ്രിതം, വൈറ്റമിനുകൾ, പ്രോബയോട്ടിക്‌സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തുക, തൊഴുത്തിൽ നല്ല വായുസഞ്ചാരം ലഭ്യമാക്കുക, തൊഴുത്തിന്റെ മേൽക്കൂരയുടെ ഉയരം കൂട്ടുക, ഭിത്തിയുടെ ഉയരം കുറയ്ക്കുക, മേൽക്കൂരയിൽ കോവയ്ക്ക, പാഷൻ ഫ്രൂട്ട് ചെടികൾ പടർത്തുകയോ വൈക്കോൽ വിരിക്കുകയോ ചെയ്യുക തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്. എന്നാൽ, ഇവയിൽ എത്രയെണ്ണം കർഷകർക്കു പാലിക്കാൻ കഴിയും എന്നതു സംശയമാണ്.
വെള്ളമെവിടെ, പുല്ലെവിടെ ?
കിണറുകൾ മിക്കതും വറ്റി, പുഴകളിലും വെള്ളമില്ല. മനുഷ്യർക്കു കുടിക്കാൻപോലും വെള്ളം ഇല്ലാത്ത അവസ്ഥ. ഈ സ്ഥിതിയിൽ പശുക്കൾക്കു ദിവസവും 100 ലീറ്റർ വെള്ളം കൊടുക്കുകയെന്നതും മൂന്നുനേരം കുളിപ്പിക്കുക എന്നതും കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതനുസരിച്ച് ഒരു കറവപ്പശുവിനു ദിവസം ശരാശരി 250 ലീറ്റർ വെള്ളം വേണം. മിൽമയുടെ സബ്സിഡിയോടെ മലബാർ മേഖലയിൽ ഒട്ടുമിക്ക തൊഴുത്തുകളിലും ഫാനുകളും കുടിവെള്ളത്തിനു ഡ്രിപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ, ക്ഷീരകർഷകർക്കു കാർഷിക വൈദ്യുതി കണക്‌ഷൻ നൽകുന്നില്ലെന്ന് കോഴിക്കോട് നെല്ലിപ്പൊയിൽ ക്ഷീരസംഘം പ്രസിഡന്റ് വിൻസന്റ് വടക്കേമുറി പരാതിപ്പെടുന്നു.
അഞ്ചു പശുക്കളുള്ള കർഷകനു തൊഴുത്തിൽ ഫാൻ, ഡ്രിപ് സംവിധാനം തുടങ്ങിയവ ഒരുക്കാൻ രണ്ടുലക്ഷത്തോളം രൂപ ചെലവുവരും. ചൂടുകൂടിയതിനാൽ വീടുകളിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഇതിനിടെ തൊഴുത്തുകളിൽ 24 മണിക്കൂർ ഫാൻ പ്രവർത്തിപ്പിക്കണം, വെള്ളമെത്തിക്കാൻ പമ്പുസെറ്റുകൾ പ്രവർത്തിപ്പിക്കണം. ജൂണിലെ വൈദ്യുതി ബിൽ ക്ഷീരകർഷകരെ ഷോക്കേൽപിക്കുമോ എന്ന പേടിയുണ്ടെന്നും വിൻസന്റ് വടക്കേമുറി പറയുന്നു.
പശുക്കൾക്കു പച്ചപ്പുല്ല് കൊടുക്കണമെന്നാണു മൃഗസംരക്ഷണവകുപ്പ് നിർദേശിച്ചിട്ടുള്ളത്. മലയോര മേഖലയിലടക്കം വേനലിൽ പുല്ല് കരിഞ്ഞുണങ്ങി. കുട്ടനാട്ടിൽ പൊരിവെയിലത്ത് പുല്ലരിയാൻ പോകുന്നവർക്കു സൂര്യാതപം ഏൽക്കുന്നതു പതിവായി. മലബാർ മേഖലാ യൂണിയനിലെ സംഘങ്ങളിൽ പശുക്കൾക്കു പുല്ലിനു പകരം കൊടുക്കാൻ കിലോയ്ക്ക് 4 രൂപ 80 പൈസ നിരക്കിൽ ചോളത്തണ്ട് എത്തിക്കുന്നുണ്ട്.
ദിവസവും വേണ്ട വെള്ളം പശുവിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുമെന്നും വിൻസന്റ് പറഞ്ഞു. ഹൈ ബ്രീഡ് പശുവിനു കൂടുതൽ വെള്ളം വേണം. കർണാടകയിൽനിന്നും മറ്റുമാണ് പശുക്കളെ കൊണ്ടുവരുന്നത്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഈ പശുക്കൾക്കു താങ്ങാനാവാത്തതാണ് സൂര്യാഘാതത്തിനും രോഗബാധകൾക്കും കാരണമെന്നു ക്ഷീരകർഷകർ പറയുന്നു.
100 ലീറ്റർ കണക്ക്
ദിവസവും 100 ലീറ്റർ വെള്ളം കുടിക്കാൻ പശുക്കൾക്കു കഴിയില്ലെന്നു വിദഗ്ധർ. പശുവിനെ കുളിപ്പിക്കുന്നതിനും മറ്റുമായി ആകെ വേണ്ട വെള്ളത്തിന്റെ അളവാണ് 100 ലീറ്റർ എന്നു കണക്കാക്കിയിട്ടുള്ളത്. ധാരാളം പുല്ല് തിന്നുന്ന പശുവിനു ദിവസം 40 മുതൽ 60 ലീറ്റർ വരെ വെള്ളം മതിയാകും. 30 കിലോഗ്രാം പുല്ലാണു ദിവസവും കൊടുക്കാറ്. തീറ്റപ്പുല്ലിൽ 70 മുതൽ 80% വരെ വെള്ളമുണ്ട്. വേനൽക്കാലത്തു വൈക്കോലോ ഉണക്കപ്പുല്ലോ ഉണങ്ങിയ ഇലകളോ കൊടുക്കുമ്പോൾ പശുവിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവു കുറയും. ഇൗ സാഹചര്യത്തിൽ വെള്ളം നൽകണം. 40 മുതൽ 60 ലീറ്റർ വെള്ളം ഒറ്റയടിക്കു നൽകരുത്.
തിളച്ച പാലുപോലെ പൊള്ളുന്നു, പരിപാലനച്ചെലവ്
ചൂടുകൂടിയതോടെ പാൽ ഉൽപാദനം കുറഞ്ഞ് കർഷകരുടെ വരുമാനം ഇടിഞ്ഞെന്നു യുവ ക്ഷീരകർഷക പുരസ്കാര ജേതാവ് കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി ടി.രജീഷ്. പശുക്കൾക്കു രോഗം ബാധിക്കുന്നതും കർഷകരെ വലയ്ക്കുന്നു. സാധാരണ ഒരു പശുവിൽനിന്നു ദിവസവും ശരാശരി 20 ലീറ്ററിലേറെ പാൽ ലഭിക്കും. വേനലാകുമ്പോൾ അതു പകുതിയാകും. ഗുണമേന്മയുള്ള പാലിനു ലീറ്ററിനു ശരാശരി 48 രൂപയാണു മിൽമയിൽനിന്നു ലഭിക്കുക. വേനൽക്കാലത്തു ഗുണമേന്മ കുറയും; വിലയും.
ഒരു വർഷത്തിനിടെ കാലിത്തീറ്റ വില 500 രൂപയിലേറെ വർധിച്ചു. അതിന് ആനുപാതികമായി പാൽ വില കൂടിയിട്ടില്ല. കാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. വർഷംതോറും പ്രീമിയം തുക കൂടുന്നുമുണ്ട്. അതിനാൽ കാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ പലരും മടിക്കുന്നു. അതും വലിയ നഷ്ടത്തിനു കാരണമാകുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ഹീറ്റ് ആക്‌ഷൻ പ്ലാൻ
സൂര്യാഘാത പ്രതിസന്ധി നേരിടാൻ സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളും സജ്ജം. ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ശേഖരിച്ചു. ‘ഹീറ്റ് ആക്‌ഷൻ പ്ലാൻ’ എന്ന രൂപത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മൃഗാശുപത്രികളിൽ മൃഗങ്ങൾക്കും ഉടമകൾക്കും കുടിവെള്ളം ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്. താപനില നിശ്ചിതപരിധിക്കു മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്എംഎസ് വഴി കർഷകർക്കു മുന്നറിയിപ്പു നൽകും. സംസ്ഥാനത്തെ 5 ലക്ഷത്തിൽപരം കർഷക ഭവനങ്ങളുടെ ലൊക്കേഷനുകൾ ഉൾപ്പെടുത്തി മാപ്പ് തയാറാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരത്തിനും കടമ്പകൾ
പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് നഷ്ടപരിഹാരം; ഒരു കറവപ്പശുവിന് 16,400 രൂപ. അപേക്ഷ പരിശോധിച്ചു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റാണു തീരുമാനമെടുക്കുക. ഇതുവരെ തുക വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. സൂര്യാഘാതത്താൽ ഉണ്ടാവുന്ന കന്നുകാലിമരണം സംബന്ധിച്ച് മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പുകൾ രണ്ടു ദിവസത്തിനുള്ളിൽ കണക്കുകൾ ശേഖരിക്കണമെന്ന് അവലോകനയോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർദേശിച്ചിട്ടുണ്ട്.
പ്രതികരണങ്ങൾ
∙ അജിതൻ വെട്ടിയാട്ടിൽ, തൃശൂർ കൊടകര മറ്റത്തൂരിലെ ക്ഷീരകർഷകൻ
പശുക്കളുടെ കിതപ്പ് കൂടി. സാധാരണ ഒരു പശുവിന് 10 മുതൽ 12 ലീറ്റർ വരെ പാൽ ലഭിച്ചിരുന്നു. ഇപ്പോൾ 5 മുതൽ 7 ലീറ്റർ വരെയായി കുറഞ്ഞു. ചെറുതും വലുതുമായി 20 പശുക്കളാണുള്ളത്. വേനൽ കനത്തതോടെ വൈക്കോലിനും പുല്ലിനും വലിയ ക്ഷാമമാണ്. നേരത്തേ തന്നെ തൊഴുത്ത് ഉയർത്തി നിർമിച്ച്, ഓടു മേഞ്ഞതു മാത്രമാണ് ആശ്വാസം. അതിനാൽ പശുക്കളെ നേരിട്ടു ചൂടു ബാധിച്ചിട്ടില്ല. എങ്കിലും തൊഴുത്തിനു പുറത്തേക്ക് ഇറക്കാറില്ല. ജലക്ഷാമമുണ്ടെങ്കിലും പശുക്കളെ ദിവസം മൂന്നു പ്രാവശ്യം കുളിപ്പിക്കുന്നുണ്ട്.
∙ ഷാജി കുഴിമുള്ളോരത്ത്, വയനാട് മാടപ്പള്ളിക്കുന്നിലെ ക്ഷീരകർഷകൻ
കൊടുംവരൾച്ച കർണാടകാതിർത്തിയോടു ചേർന്നുള്ള മാടപ്പള്ളിക്കുന്നിലെ ഞാനടക്കമുള്ള ക്ഷീരകർഷകരുടെ വരുമാനം ഇല്ലാതാക്കി. 8 പശുക്കളെ വളർത്തുന്ന എനിക്കു പ്രതിദിനം 150 ലീറ്ററോളം പാൽ ലഭിച്ചിരുന്നു. വേനലായതോടെ അത് 60 ലീറ്ററായി. 2 ഏക്കറിലെ പുൽക്കൃഷി മുഴുവൻ കരിഞ്ഞു. ഇപ്പോൾ ചോളത്തണ്ട് വിലയ്ക്കു വാങ്ങുന്നു. ചൂടേറിയതോടെ പശുക്കൾക്കു പല ആരോഗ്യപ്രശ്നങ്ങളും പ്രകടമായി. നഷ്ടം നികത്താൻ കർഷകരെ സർക്കാർ സഹായിക്കണം. കാലിത്തീറ്റ, പിണ്ണാക്ക് തുടങ്ങിയവ ന്യായവിലയ്ക്കു ലഭ്യമാക്കണം.
∙ ഡോ. ജസ്റ്റിൻ ഡേവിസ്, അസോഷ്യേറ്റ് പ്രഫസർ, കേരള വെറ്ററിനറി സർവകലാശാലാ ഡയറക്ടറേറ്റ് ഓഫ് ഒൻട്രപ്രനർഷിപ് വിഭാഗം
ചൂടുമൂലം പ്രതിരോധശേഷി കുറയുന്നതിനാൽ വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും ഡോക്ടറുടെ നിർദേശപ്രകാരം നൽകണം. കന്നുകാലികൾ, പ്രത്യേകിച്ച് കറവപ്പശുക്കൾ രാവിലെ 11 മുതൽ വൈകിട്ടു 3 വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കരുത്. ഭിത്തിയിലോ സ്റ്റാൻഡുകളിലോ ഫാനുകൾ ഉറപ്പിച്ച് പ്രവർത്തിപ്പിക്കുന്നതു വായുസഞ്ചാരത്തിനു വളരെ ഫലപ്രദമാണ്. പശു കിതയ്ക്കാൻ തുടങ്ങുകയാണെങ്കിൽ ഉടൻ ശരീരം നനയ്ക്കുകയും വെള്ളത്തിൽ ഐസ് കട്ടകളിട്ടു തണുപ്പിക്കുകയും വേണം.
നാളെ: കരിയുന്ന കൃഷി
റിപ്പോർട്ടുകൾ: സാക്കിർ ഹുസൈൻ, സി.കെ.ശിവാനന്ദൻ, രമേഷ് എഴുത്തച്ഛൻ, എസ്.വി.രാജേഷ്, റോബിൻ ടി.വർഗീസ്, ഷിന്റോ ജോസഫ്,
വി.മിത്രൻ, സുബിൻ മാത്യു തോമസ്.