ADVERTISEMENT

ക്രൂസ് കപ്പൽ സീസണിൽ കൊച്ചിയിലെത്തുന്ന അവസാനത്തെ കപ്പലുകളിലൊന്നായ റിവിയേറയിൽനിന്നു പുറത്തിറങ്ങിയ 6 അമേരിക്കക്കാരെ നാടുകാണിക്കാൻ പോയതാണ് ഗൈഡ്. എഴുപതുകളിലെത്തിയ 3 ദമ്പതികളാണ്. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയുള്ള ടൂറിൽ വാഹനത്തിൽനിന്നു പുറത്തിറങ്ങിയതു തണൽ നോക്കി മാത്രം. ചൂടു കാരണം അവർക്കു ലഞ്ച് വേണ്ട; വെള്ളവും ഡയറ്റ് കോക്കും മതി! തണലുനോക്കി ചില പള്ളികളും മറ്റും കാണിച്ചു. ബാക്കി വന്ന സമയത്തു ബോട്ടിൽ കയറ്റി കായലിലൊന്നു കറക്കാമെന്നു കരുതി. കായലിൽ കാറ്റുണ്ട്, പക്ഷേ കറുത്ത വെള്ളം. കുപ്പികളും ചെരിപ്പും മാലിന്യവും ഒഴുകി വരുന്നു. കടലിൽ ചൂടു കൂടിയതുകൊണ്ടാകാം ചത്തടിഞ്ഞ ഡോൾഫിനുകൾ...

വിദേശ–ആഭ്യന്തര വ്യത്യാസമില്ലാതെ സഞ്ചാരികളുടെ ചൂടു ജീവിതത്തിൽ നിന്നൊരേടാണിത്. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളിൽ 60 ശതമാനത്തിലേറെ മുതിർന്നപൗരരാണ്. സഹിക്കാനാകാത്ത ചൂടിൽ അവരെങ്ങനെ പുറത്തിറങ്ങി നാടുകാണും? മിക്കവരും മുറിക്കുള്ളിൽ എസി ഇട്ടിരിക്കുന്നു. ഫലമോ, ടൂറിസത്തിൽനിന്നുള്ള വരുമാനം എല്ലാ വിഭാഗക്കാർക്കും നഷ്ടം.

ടാക്സികളിൽ വരുന്നവരും ടൂറിസ്റ്റ് ബസുകളിൽ വരുന്ന വലിയ ഗ്രൂപ്പുകളും പുറത്തിറങ്ങാതെ വാഹനത്തിൽത്തന്നെ. വെള്ളക്കുപ്പികൾ പാക്കേജിന്റെ ഭാഗമായാണു കൊടുക്കുന്നത്. ഇപ്പോൾ സാധാരണ കൊടുക്കുന്നതിന്റെ പലമടങ്ങു കരുതണം. പുറത്തിറങ്ങിയാലുടൻ വെള്ളം ചോദിക്കും. കോട്ടയിലും കൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും കയറ്റിയാൽ 10 മിനിറ്റിനകം ഉരുകാൻ തുടങ്ങും. ഉടൻ തിരിച്ചുവാഹനത്തിൽ കയറാൻ തിരക്കുകൂട്ടും.

റസ്റ്ററന്റുകളിൽ ആളു കുറഞ്ഞതിനു പുറമേ മറ്റുരീതിയിലും ‘ചൂടേൽക്കുന്നു’. പച്ചക്കറി വരവു കുറഞ്ഞു, വില കയറി. മീൻ ലഭ്യത കുറഞ്ഞ് ഇരട്ടിവിലയയായി. കോഴിക്കും വില കൂടി. 30% എങ്കിലും ഇടിവാണു ഭക്ഷണ വിൽപനയിൽ.

മൂന്നാറിലും വയനാട്ടും തണുപ്പ് കുറഞ്ഞു

നാട്ടിലെ ചൂടു സഹിക്കാതെയാണു ജനം ഹൈറേഞ്ച് കേന്ദ്രങ്ങളിലെത്തുന്നത്. പ്രകൃതിഭംഗിയും തണുപ്പുമാണ് ആകർഷണം. അതിൽ തണുപ്പ് ഇല്ലാതായി. തണുത്തു വിറച്ചിരുന്ന മൂന്നാറിലെ പല ഇടങ്ങളിലും ഹോട്ടലുകളിൽ ഫാനും എസിയും വയ്ക്കുകയാണ്. പകൽ ചൂടും സന്ധ്യകഴിഞ്ഞു നേരിയ തണുപ്പും എന്നതാണുസ്ഥിതി. തേക്കടിയിൽ ഗൈഡിനോടൊപ്പം പ്രഭാത നടത്തവും സ്ഥലം കാണിക്കലുമുണ്ട്. മുൻപു രാവിലെ കാപ്പികുടി കഴിഞ്ഞു നടക്കാൻ പോയിരുന്നത് ഇപ്പോൾ ആറരയ്ക്കേ ഇറങ്ങും. 10 മണിക്കു മുൻപു തിരിച്ചുകയറും.

വയനാട്ടിലേക്കു തണുപ്പുതേടി വരുന്ന സഞ്ചാരികൾക്കു കുറവില്ല. പക്ഷേ, വരുന്നവർ നിരാശരാകുന്നു. ഫാൻ ഇടാതെ പറ്റില്ല. മിക്ക ഹോട്ടലുകളിലും എസിയുണ്ട്. മൈസൂരു–ഊട്ടി–വയനാട് ഒരു ടൂറിസം സർക്കീറ്റാണ്. ഊട്ടിയിലേക്കു വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതു വയനാടിനെ ബാധിച്ചു. 

മൂന്നാറിലേക്കും മറ്റും പോകുന്ന വഴിയിലുള്ള വെള്ളച്ചാട്ടങ്ങൾ കൗതുകങ്ങളായിരുന്നു. വെള്ളമില്ലാത്തതിനാൽ ഇപ്പോൾ ഇത്തരം കേന്ദ്രങ്ങളിൽ ആളില്ല. ചിലയിടങ്ങളിലേക്കു പ്രവേശനംതന്നെ നിർത്തി. പരിസരത്തുള്ള റിസോർട്ടുകളും ഹോട്ടലുകളും വിജനം.

ഹൗസ് ബോട്ടിലും വേണം എസി

കായലിൽ കാറ്റുകൊണ്ടും കാഴ്ചകണ്ടും കറങ്ങാനാണു ഹൗസ്ബോട്ടുകൾ. കാറ്റില്ലാത്തതും തിളയ്ക്കുന്ന വെയിലും കാരണം സഞ്ചാരികൾ ബോട്ടിലെ എസി മുറിയിൽ ഒതുങ്ങിക്കൂടുകയാണ് ഇപ്പോൾ. മഴയില്ലാതെ ഒഴുക്കുനിലച്ചതിനാൽ, കായൽ–കനാൽ ടൂറിസം കേന്ദ്രങ്ങളിലെല്ലാം പോള അടിഞ്ഞു വെള്ളം കറുത്തു. ചൂടത്തു കുളവാഴ വേഗം പെരുകുന്നു. ഹൗസ്ബോട്ട് കേന്ദ്രീകരിച്ചുള്ള കായൽടൂറിസം മേഖലയിൽ വൻ ഇടിവാണ് ഈവർഷം. മുൻവർഷത്തെ അപേക്ഷിച്ച് 30% ബുക്കിങ് കുറവ്. സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് ആലപ്പുഴ, കുമരകം മേഖലയിലെ റിസോർട്ടുകളെയും ഹോട്ടലുകളെയും ബാധിച്ചു. കായലോരത്തും കടലോരത്തും വൈകിട്ടു ജനം കാറ്റുകൊള്ളാൻ കൂട്ടമായെത്തുന്നതാണ് ഏക ആശ്വാസം.

ഉരുകുന്ന ഇക്കോടൂറിസം

കാടകം കാണിക്കാനാണ് ഇക്കോ ടൂറിസം. പുറത്തു തന്നെ അന്തരീക്ഷഈർപ്പം കടുത്തിരിക്കുമ്പോൾ കാട്ടിനകത്തു കയറിയാൽ എന്താകും സ്ഥിതി! പ്രകൃതിഭംഗിക്കു പകരം കരി‍ഞ്ഞുണങ്ങിയ കാടു കാണണം. സ്കൂൾ പരീക്ഷകൾ കഴിഞ്ഞതോടെ കൊല്ലം തെന്മല ഇക്കോ ടൂറിസം മേഖലയിൽ സഞ്ചാരികൾ വരുന്നുണ്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറവാണ്. വയനാട്ടിൽ കുറുവ ഇക്കോടൂറിസം കേന്ദ്രത്തിലെ വാച്ചർ കാട്ടാനയുടെ കുത്തേറ്റു മരിച്ചതോടെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചു. വരൾച്ച കാരണം തോൽപ്പെട്ടി, മുത്തങ്ങ ട്രെക്കിങ് കേന്ദ്രങ്ങളും അടച്ചിട്ടു. കണ്ണൂരിലെ കൊട്ടിയൂർ പാലുകാച്ചി മലയും അടച്ചു. ചൂടു കാരണം വെള്ളവും തീറ്റയും തേടി വന്യമൃഗങ്ങൾ ഇറങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ടാണു ട്രെക്കിങ് പാത അടച്ചത്. 

30%

ഹൗസ്ബോട്ട് കേന്ദ്രീകരിച്ചുള്ള  കായൽടൂറിസം മേഖലയിൽ വൻ ഇടിവാണ് ഈവർഷം. മുൻവർഷത്തെ അപേക്ഷിച്ച് 30% ബുക്കിങ് കുറവ്. 

ആഭ്യന്തര സഞ്ചാരികൾ ആശ്വാസം, പ്രതീക്ഷ

ഇക്കുറി ചൂടും തിരഞ്ഞെടുപ്പും കാരണം എല്ലായിടത്തും ഏപ്രിലിൽ ടൂറിസം വരുമാനം മോശമായിരുന്നു. ഹോട്ടലുകളിലെ ‘ഒക്യുപൻസി റേറ്റ്’ 50% വരെ താഴ്ന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും മറ്റും സഞ്ചാരികൾ എത്തിത്തുടങ്ങിയത് ആശ്വാസമാണ്. കമ്പനികളിൽ മികച്ച പ്രവർത്തനം നടത്തിയവർക്ക് ഏപ്രിലിൽ ഇൻസെന്റീവ് ലഭിക്കുമെന്നതിനാൽ മേയിൽ സഞ്ചാരികളുടെ എണ്ണം പൊതുവേകൂടാറുണ്ട്. അങ്ങനെ വരുന്നവർ ഹോട്ടലുകൾ നിറയ്ക്കുമെന്നാണ് ഇനിയുള്ള പ്രതീക്ഷ.

നാളെ: ചൂടുയർത്തുന്ന ആരോഗ്യഭീഷണി 

English Summary:

Setback for tourism sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com