വാചകമേള
Mail This Article
ഏഴു വയസ്സുള്ള കുട്ടിയെ എനിക്കു തന്നാൽ അവനെ ഞാൻ ആരുമാക്കിത്തീർക്കുമെന്നാണ് ഹിറ്റ്ലർ പറഞ്ഞത്. നന്മ പോലെ തിന്മയും വളരുമെന്നാണ് ഈ വാചകം അർഥമാക്കുന്നത്. നന്മയെക്കാൾ തിന്മ വളരുന്ന സാഹചര്യമാണ് ചുറ്റുമെന്നു പറയാതെ വയ്യ. വെറുപ്പും വിദ്വേഷവും പടരുകയാണ്.
മോഹൻലാൽ
ബ്രാഹ്മണ്യത്തിൽ അഹങ്കരിക്കുന്നതുപോലെ തന്നെ തെറ്റാണ് ഒരാളെ കുത്താൻവേണ്ടി അതു വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. വിമർശനം വരുന്നത് ഏതു സാഹചര്യത്തിലാണെന്നു തിരിച്ചറിയാനാകും; അതനുസരിച്ചുള്ള മറുപടിയേ കൊടുക്കാറുള്ളൂ.
മേതിൽ ദേവിക
പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്; അലോപ്പതി ഡോക്ടർമാർ ആയുർവേദത്തിനും സിദ്ധവൈദ്യത്തിനും യുനാനിക്കുമൊക്കെ എതിരാണെന്ന്. ഒരു എതിരുമില്ല. കാരണം ഒരുപാടു മരുന്നുകൾ വന്നിരിക്കുന്നതു നാട്ടറിവുകളിൽ നിന്നാണെന്ന് അലോപ്പതിക്കാർക്കു നന്നായറിയാം. ഞവരക്കിഴി, ധാര എന്നീ ചികിത്സാരീതികൾക്കു മെഡിസിനൽ വാല്യു ഉണ്ട്. അതു പുറത്തുകൊണ്ടുവരേണ്ടത് ആയുർവേദ ചികിത്സകർ തന്നെയാണ്. അല്ലാതെ അലോപ്പതി ഡോക്ടർമാർ ഒന്നും ഇതു പഠിക്കാൻ പോകുന്നില്ല.
ഡോ. എം.വി.പിള്ള
മലയാളികൾക്കു കൃത്യമായ രാഷ്ട്രീയബോധം ഉണ്ട്. ആരോടു ചോദിച്ചാലും അവരുടെ ഉള്ളിൽ അത്തരം അഭിപ്രായങ്ങൾ കൃത്യമായിട്ടുണ്ടാകും. എന്റെ നിലപാടുകളെയൊക്കെ കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു മാധ്യമം എന്ന നിലയിൽ കലയെ ഉപയോഗിക്കുന്നു എന്നു വേണമെങ്കിൽ പറയാം.
സിത്താര കൃഷ്ണകുമാർ
പുതിയകാലത്തു സിനിമയുണ്ടാക്കൽ എളുപ്പമുള്ള കാര്യമാണെന്നു ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്. നല്ല പ്രൊഡക്‌ഷൻസ് ഉണ്ടാവുന്നതിനൊപ്പം അതിലൂടെ കുറെപ്പേർ ഊർന്നു താഴേക്കു പോകുന്നുമുണ്ട്. കോവിഡിനുശേഷം ഒരുപാടു പേർ എഴുത്തുകാരാണ്. ഡിജിറ്റൽ വന്നതോടെ ഇതെളുപ്പമായി എന്ന തോന്നലിലോ ഇതിൽനിന്നു കിട്ടുന്ന പേരിലോ അവർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ മുഴുവൻ കുഴപ്പങ്ങളും പുതിയ സിനിമയ്ക്കുണ്ട്.
ഉണ്ണി.ആർ
വായനക്കാരൻ പല ഘട്ടത്തിലും എഴുത്തുകാരനെക്കാൾ ഉയർന്നുനിൽക്കുന്നയാളാണ്. ഒരുപാടു രചനകൾ വായിച്ചിട്ടുള്ളയാളായിരിക്കും. അങ്ങനെയൊരാൾക്കു മുന്നിലേക്കു പുതിയൊരു നോവൽ കൊടുക്കുമ്പോൾ അയാളെ മുഷിപ്പിക്കാതിരിക്കാനുള്ള സാമാന്യധാരണ എഴുത്തുകാരനുണ്ടായിരിക്കണം.
ഇ.സന്തോഷ്കുമാർ