ADVERTISEMENT

‘ആരോടു യാത്ര പറയേണ്ടു ഞാൻ

എന്തി– നോടാരോട് യാത്ര പറയേണ്ടു’

എന്ന് ഒ.എൻ.വി. കുറുപ്പ് എഴുതിയതുപോലെ നിഷ്കളങ്കമായിട്ടാവണം ആരോടും മിണ്ടാതെ പിണറായി വിജയൻ വീട്ടുകാരെയും കൂട്ടി നാടുവിട്ടതെന്നു വേണം വിചാരിക്കാൻ. തണുപ്പുതേടി പോയതാണെന്നു ചിലർ പറഞ്ഞുപരത്തുന്നുണ്ട്. ‌വേനൽ‌ക്കാല വസതി പണ്ടേ ചക്രവർത്തിമാരുടെ ശീലമായതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ്. മഞ്ഞുപൊഴിയുന്ന നാടുകൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല. എന്നിട്ടും കേരളത്തിനോളം ചൂടുള്ള സിംഗപ്പൂരും ഇന്തൊനീഷ്യയുമൊക്കെ പിണറായി യാത്രയ്ക്കു തിരഞ്ഞെടുത്തതുതന്നെ നാടിനോടുള്ള സ്നേഹത്തിനു ദൃഷ്ടാന്തമാണ്.

പ്രതിപക്ഷത്തിന്റെ നെഞ്ചത്തടിയും നിലവിളിയും കണ്ടാൽ പിണറായി വിജയൻ ‘പുറപ്പെട്ടു പോയി’ എന്നാണു തോന്നുക. വീട്ടുഭാരം താങ്ങാനാവാതെ ഗൃഹനാഥന്മാരും ഗൃഹനാഥന്റെ അടി താങ്ങാനാവാതെ കുട്ടികളും നാടുവിട്ടുപോകുന്നതു പണ്ടു സാധാരണമായിരുന്നു. ഇതിപ്പൊ അങ്ങനെയൊന്നുമല്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ കടുംപിടിത്തം കാരണം നാട്ടിൽ വിശേഷിച്ചു പണിയൊന്നുമില്ല, ഖജനാവിൽ പണവുമില്ല. പണവും പണിയുമില്ലാത്ത പലരും പണ്ടും സിംഗപ്പൂരിനു പോയി രക്ഷപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കു വിശ്രമം ആവശ്യമാണെന്നും ആറുദിവസം ലോകം സൃഷ്ടിച്ച ദൈവംപോലും ഏഴാംദിവസം വിശ്രമിച്ചെന്നും എ.കെ. ബാലൻ പറയേണ്ടിയിരുന്നില്ല. ദൈവത്തോടു താരതമ്യം ചെയ്തിട്ടായാലും പിണറായിയുടെ കരുത്തു കുറച്ചുകാട്ടിയാൽ ഫാൻസ് ക്ഷമിക്കണമെന്നില്ല.

കൊച്ചിയിൽനിന്നു സിംഗപ്പൂർ വഴി ഇന്തൊനീഷ്യയിലേക്ക് ഏഴു മണിക്കൂർ മതിയെന്നിരിക്കെ ഇരട്ടി സമയമെടുത്ത് ദുബായ് വഴി പോയെന്നാണു മറ്റൊരു പരാതി. ഇത്തിരി സമയമെടുത്തു യാത്രചെയ്യുന്നതാണ് കക്ഷിയുടെ രീതി. സാധാരണ ബസ് പത്തുപതിനാറു മണിക്കൂർകൊണ്ട് കാസർകോട്ടുനിന്നു തിരുവനന്തപുരത്തെത്തുമ്പോൾ അതേ റൂട്ടിൽ നവകേരളബസോടിച്ചെത്താൻ ഒന്നരമാസമെടുത്ത പിണറായിയോടാ കളി.

ഇന്ത്യയുടെ തെക്കേയറ്റത്തെ ഇന്ദിരാ പോയിന്റിൽനിന്നു ‘പിണറായി വിജയാ’ എന്ന് അത്യാവശ്യത്തിനു നീട്ടിവിളിച്ചാൽ കേൾക്കുന്ന ദൂരത്തിലാണ് മുഖ്യമന്ത്രിയെന്ന് എ.കെ.ബാലൻ പറഞ്ഞതു പരീക്ഷിച്ചു നോക്കുമോ എന്നേ പേടിക്കാനുള്ളൂ. 2004ലെ സൂനാമിക്കു ശേഷം ഇന്ദിരാ പോയിന്റ് കാണാനില്ലെന്നാണറിവ്. ദ്വീപു തപ്പിപ്പിടിച്ചു ബാലൻ കയറുകയും നീട്ടിവിളിക്കുകയും ചെയ്യുന്നു എന്നു കരുതുക. ഉറ്റകൂട്ടുകാരന് എന്തോ അപകടം പറ്റിയെന്നു കരുതി ‘വിജയൻ ലച്ചിപ്പോം’ എന്നു പറഞ്ഞു മുഖ്യമന്ത്രി കടലിലേക്ക് എടുത്തുചാടില്ല എന്നാരു കണ്ടു. അതൊന്നും പാടില്ല. സ്വയം തോന്നി മടങ്ങിവരട്ടെ.

ഒന്നു പറഞ്ഞിട്ടു പോകാമായിരുന്നെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയുമെല്ലാം പരിദേവനം. പറയുന്നതു കേട്ടാൽ തോന്നും യാത്രയയ്ക്കാൻ നെടുമ്പാശേരിയിലിലെത്തുമായിരുന്നെന്നും ‘ഇനിയെന്നു കാണും നമ്മൾ...’ എന്നു പാടി കണ്ണീർ പൊഴിക്കുമായിരുന്നെന്നും. നേരത്തേ പറഞ്ഞിരുന്നെങ്കിൽ അന്നേ തുടങ്ങിയേനെ പുക്കാറ്. മുൻപേ പറഞ്ഞു നടത്തിയ നവകേരളയാത്രയുടെ കാലത്ത് എന്തായിരുന്നു പുകില്. ബസിനു മുന്നിൽ എടുത്തുചാട്ടം, കരിങ്കൊടി, ചെരിപ്പേറ്, മുദ്രാവാക്യം... പോക്കണംകേടുകൾ പറഞ്ഞാൽ തീരില്ല.

നവകേരളയാത്രയ്ക്കു മുഖ്യമന്ത്രിയും മന്ത്രിമാരും കൂടും കുടുക്കയുമെടുത്തു പോയതായിരുന്നു മന്ത്രിമന്ദിരങ്ങളിലെ മരപ്പട്ടികളുടെ പുഷ്കലകാലം. ക്ലിഫ് ഹൗസിലെ ബെഡ്റൂമിൽ വരെ കയറി മച്ചിലിരുന്ന് മേശപ്പുറത്തെ ഗ്ലാസിൽ കൃത്യമായി മൂത്രമൊഴിക്കാനുള്ള റിഹേഴ്സൽ പോലും നടത്തിക്കളഞ്ഞു പഹയന്മാർ. ക്ലിഫ്ഹൗസിൽ ആളും അനക്കവും ഇല്ലാതായ സ്ഥിതിക്കു മരപ്പട്ടി വീണ്ടും പൊറുതി തുടങ്ങുമോ എന്നേ പേടിയുള്ളൂ. ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ താൻ അവിടെക്കയറി ഇരിക്കുമെന്നാണ് പണ്ടേ പട്ടികളുടെ വാശി. താനും പട്ടിയാണെന്നാണ് മരപ്പട്ടിയുടെ കടുംപിടിത്തം.

യാത്ര ചെയ്യുന്നവർക്ക് അനുഭവം, അല്ലാത്തവർക്കു ദുരനുഭവം എന്നതായിരുന്നു നവകേരളയാത്രയുടെ വിധി. വിദേശയാത്രയുടെ കാര്യത്തിൽ ജനത്തിന് ആ ദുരിതമൊന്നുമില്ല. മുഖ്യമന്ത്രി സസുഖം വിശ്രമിക്കട്ടെ. വാർധക്യത്തോടടുക്കുമ്പോൾ യാത്ര പോവുക, ഒപ്പം ഭാര്യയും മക്കളും കൊച്ചുമക്കളും ഉണ്ടാവുക ഇതൊക്കെ വാത്സല്യനിധിയായ ഏതു കുടുംബനാഥനും ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല.‘

വരിക സഖീ, 

അരികത്തു ചേർന്നു നിൽക്കൂ,

പഴയൊരു മന്ത്രം സ്മരിക്കാം, അന്യോന്യം ‌

ഊന്നുവടികളായ് നിൽക്കാം, 

ഹാ സഫലമീ യാത്ര’ എന്നാണ് കവി എൻ.എൻ.കക്കാടും പാടിയിട്ടുള്ളത്.

ഓവർ ആക്ടിങ്ങിന്റെ പ്രശ്നം

കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റ് ആയിട്ടിരിക്കാനേ എം.എം.ഹസനോട് എഐസിസി പറഞ്ഞിട്ടുള്ളൂ എന്നാണ് കുറച്ചുകാലമായി ആക്ട് ചെയ്യാതിരുന്ന പ്രസിഡന്റ് കെ.സുധാകരൻ പറയുന്നത്. ഓവ‍ർ ആക്ടിങ് പാടില്ല എന്നർഥം. കസേര ഒഴിഞ്ഞുകൊടുക്കാൻ ഹസൻ വൈകിയത്രേ. തന്നെ സ്ഥാനാർഥിയാക്കി കണ്ണൂരിൽ തളച്ചിട്ടപ്പോൾ ദീർഘശ്വാസം വിട്ട ചിലർ ഹസനെ കസേരയിൽ അമർത്തിപ്പിടിച്ചിരുത്തുകയായിരുന്നെന്നു തോന്നിയാൽ തെറ്റു പറയാനില്ല. ഹസനു കാര്യം നിസ്സാരമാണ്. മുന്നണി കൺവീനർ പദവിക്കു പുറമേയാണ് ആക്ടിങ്. ഒന്നു പോയാൽ മറ്റൊന്ന്. സുധാകരന്റെ കാര്യം അങ്ങനെയല്ല. തിരഞ്ഞെടുപ്പ് എപ്പോഴും കൈവിട്ട കളിയാണ്. റിസ്ക് കൂടുതലാണ്.

യുഡിഎഫിന് എല്ലാ സീറ്റിലും ജയം ഉറപ്പാണെങ്കിലും അതു പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ മേന്മ കൊണ്ടല്ലെന്നും സർക്കാർവിരുദ്ധ വികാരം കൊണ്ടാണെന്നും ‌ഉറപ്പിച്ചുപറഞ്ഞ കോൺഗ്രസിന്റെ സത്യസന്ധതയെ അഭിനന്ദിക്കാതെ വയ്യ. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നു സിപിഎം പരസ്യം കൊടുത്തതുപോലെ ‘പിണറായി ഉണ്ടെങ്കിലേ കെപിസിസി ഉള്ളൂ’ എന്ന നില വന്നിട്ടുണ്ടോ എന്നാണു പേടി. ‘പിണറായി ഈ വീടിന്റെ നാഥൻ’ എന്ന് ഇന്ദിരാഭവനിൽ പടം വയ്ക്കുന്ന നിലവാരത്തിലേക്കു സത്യസന്ധത എത്തുമോ എന്നേ ഇനി നോക്കാനുള്ളൂ. 

തിരഞ്ഞെടുപ്പുഫലം വന്നാലുടൻ സംഘടനാ സംവിധാനം ഉടച്ചുവാർക്കുമെന്നാണു കേൾവി. പിന്നീട് പാർട്ടി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കും. ഉടഞ്ഞുകിടക്കുന്നതുകൊണ്ട് യന്ത്രത്തിന്റെ വാർപ്പു തുടങ്ങാൻ താമസമില്ല. പ്രവർത്തിക്കുമെങ്കിൽ മാത്രം എണ്ണ വാങ്ങിയാൽ മതി.

ശരിക്കും ബ്ലഫ് മാസ്റ്റർ

‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ടിവി പരമ്പരയിലൂടെയാണ് ധർമജൻ ബോൾഗാട്ടി എന്ന നടൻ പ്രസിദ്ധനായത്. ‘ഭോഷ്ക്, വിരട്ടൽ, ഭീഷണി’ എന്നൊക്കെയാണുപോലും ‘ബ്ലഫിങ്ങി’ന് അർഥം. ആ ധർമജനെ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ തോൽപിച്ചാണ് എംഎൽഎയായി കെ.എം.സച്ചിൻദേവിന്റെ രംഗപ്രവേശം. എന്നിട്ടും വാശിതീരാതെ കടുത്ത ബ്ലഫ് മാസ്റ്റർ താനാണെന്നു തെളിയിക്കാൻ ശ്രമമുണ്ടോ എന്നാണ് കെഎസ്ആർടിസി ബസ് തടഞ്ഞുള്ള എംഎൽഎയുടെ ഭോഷ്ക് കാണുന്നവർക്കു സംശയം. ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണു സംഗതി.  

    ബസിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്നും പരാതിയുണ്ട്. അല്ലെങ്കിൽത്തന്നെ ഡ്രൈവിങ്ങിനിടയിലെ പല കയ്യാംഗ്യങ്ങളും അവസരം മാറിയാൽ അശ്ലീലമായി തോന്നുന്നതാണ്. ശ്ലീലവും അശ്ലീലവും തിരിച്ചറിയുന്ന‌ വിദഗ്ധനായ കെ.ബി.ഗണേഷ്കുമാർ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കണമെന്നു കടുംപിടിത്തം പിടിക്കുന്നത് ഇതുകൊണ്ടൊക്കെയല്ലെന്നാരു കണ്ടു? റോഡിൽ ദമ്പതിമാർ മറ്റൊരാളുമായി വഴക്കുണ്ടായാൽ ഒരാൾ ഇണയെ അടക്കിയിരുത്തുന്നതാണ് നാട്ടുനടപ്പ്. ഇവിടെ ‘കൊല്ലുന്ന എംഎൽഎയ്ക്കു തിന്നുന്ന മേയർ’ എന്നായിപ്പോയി. ബസിന്റെ മെമ്മറി കാർഡ് ആരോ അടിച്ചുമാറ്റിയെന്നാണ് അവസാനത്തെ നില. അടിച്ചുപോയത് എംഎൽഎയുടെയും മേയറുടെയും മെമ്മറി ആണെന്നാണ് ജനത്തിനു തോന്നുന്നത്. തങ്ങൾ ഇരിക്കുന്നത് ഏത് ഉന്നത പദവിയിലാണെന്ന മെമ്മറി.

സ്റ്റോപ് പ്രസ്

പിണറായിയിൽ തിളച്ച പാൽ കുടിച്ച ബാലനു പൊള്ളലേറ്റു അങ്കണവാടിയിലാണ്;  എ.കെ. ബാലൻ സേഫ് ആണ്

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com