ADVERTISEMENT

വിപുലമായ പരിഷ്കരണ പ്രതീക്ഷകളെയും സാമ്പത്തിക മാന്ദ്യ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന സന്തുലിത പ്രവൃത്തിയാണു നിർമല സീതാരാമൻ ചെയ്തത്. 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം സംബന്ധിച്ചു ധീരമായി സംസാരിച്ചു. അതേസമയം, സാമ്പത്തിക വർഷത്തിലെ അടുത്ത 9 മാസം മോഹനമായ ഒരുപാടു ബാധ്യതകൾ ഏറ്റെടുക്കുന്നതിനു പകരം പൊതുവായ ചില വാഗ്ദാനങ്ങൾ മാത്രം നൽകാനുള്ള സൂക്ഷ്മതയും പ്രകടിപ്പിച്ചു. 

ഒരുവശത്തു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട, വൻകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കാര്യമായ ചില ഉത്തേജനങ്ങൾ നൽകി. മറുവശത്തു പക്ഷേ പെട്രോൾ, ഡീസൽ സെസും വിവിധ ഉൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവയും ഉയർത്തി നികുതി നടപടികൾ ശക്തമാക്കി. പൊതുതിരഞ്ഞെടുപ്പിനു മുൻപ് പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ കർഷകർക്കുള്ള 6000 രൂപ, 5 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് എന്നീ ക്ഷേമപദ്ധതികൾ സൃഷ്ടിച്ച ബാധ്യതകൾ ധനമന്ത്രിയുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. ഫെബ്രുവരി ഒന്നിന് അരുൺ ജയ്റ്റ്ലിക്കു പകരം ബജറ്റ് അവതരിപ്പിച്ച പിയൂഷ് ഗോയൽ വോട്ട് ലക്ഷ്യമിട്ട് ഒട്ടേറെ ഇളവുകളാണു പ്രഖ്യാപിച്ചത്. അതു സർക്കാരിന്റെ ധന ബാധ്യതകൾ കുത്തനെ ഉയർത്തിയെങ്കിലും വൻഭൂരിപക്ഷം നൽകി എൻഡിഎയെ ഭരണത്തിൽ തുടരാൻ സഹായിച്ചു. 

1991 ൽ മൻമോഹൻ സിങ്ങും 1997 ൽ പി. ചിദംബരവും 2000 ൽ യശ്വന്ത് സിൻഹയും അവതരിച്ച ബജറ്റുകൾ  വൻ പ്രഖ്യാപനങ്ങളുടേതായിരുന്നു. അവ സ്വപ്ന ബജറ്റുകൾ എന്നാണ് അറിയപ്പെട്ടത്. ബജറ്റ് അവതരണവേളയിൽ അവരെപ്പോലെ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനു പകരം രണ്ടാം മോദി സർക്കാരിന്റെ 5 വർഷം വിഭാവന ചെയ്തുള്ള തുടക്കമാണു നിർമല സീതാരാമൻ തിരഞ്ഞെടുത്തത്. ആഭ്യന്തരവും രാജ്യാന്തരവുമായ സാമ്പത്തിക ഘടകങ്ങൾ സാഹസിക നടപടികൾക്കു പ്രേരിപ്പിക്കുന്നതാണ്. പക്ഷേ, സാമ്പത്തികമേഖലയെ കൂടുതൽ ആയാസപ്പെടുത്താതെ സുരക്ഷിത വഴികൾ തേടാനാണു മന്ത്രി തീരുമാനിച്ചത്. 

ബജറ്റിൽ ആദ്യ കാർഷിക, വിദ്യാഭ്യാസ മേഖലകളെ പരാമർശിക്കുന്ന മുൻ ധനമന്ത്രിമാരുടെ പാതയിൽ നിന്നു വ്യതിചലിച്ച് വ്യവസായ, വ്യാപാര മേഖലയിലെ പ്രശ്നങ്ങളിലാണു നിർമല സീതാരാമൻ ഊന്നിയത്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുതൽ സർക്കാരിനെക്കുറിച്ചുള്ള പരാതി ധനശേഷി കൂടുതലുള്ള ഒട്ടേറെ സ്വകാര്യ കമ്പനികൾ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കും വിധം മുതൽമുടക്ക് നടത്തുന്നില്ലെന്നതാണ്. ബാങ്കിങ്, ഓഹരി വിപണി, നികുതിമാർഗങ്ങൾ എന്നിവയിൽ പുതിയ ഇളവുകൾ വാഗ്ദാനം ചെയ്ത് വ്യാപാരിവ്യവസായികളെ കൂടുതൽ നിക്ഷേപത്തിനു ക്ഷണിച്ചു. 

എയർ ഇന്ത്യ അടക്കം പ്രധാന പൊതുമേഖലാ കമ്പനിക‌ൾക്കും തന്ത്രപരമായ സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തിനു അവസരമൊരുക്കിയിട്ടുണ്ട്. കൂടുതൽ പണം ചെലവഴിക്കുന്നതിലൂടെ ധനക്കമ്മി നികത്താനാണ് മന്ത്രി ആവശ്യപ്പെടുന്നത്. കൂടുതൽ വായ്പകൾ നൽകാനായി പൊതുമേഖലാ ബാങ്കുകൾക്കും പണം അനുവദിച്ചിട്ടുണ്ട്. 

വ്യവസായമേഖലയുടെയും വിദേശ നിക്ഷേപകരുടെയും വലിയ ആവശ്യം തൊഴിൽ പരിഷ്കരണമാണ്. തൊഴിൽനിയമങ്ങൾ നാലു ചട്ടങ്ങളായി ലളിതമാക്കാമെന്നു ധനമന്ത്രി വാഗ്ദാനം ചെയ്യുന്നു. പക്ഷേ ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെയും കേന്ദ്ര തൊഴിലാളി സംഘടനകളുടെയും സ്വദേശി ജാഗരൺ മഞ്ചിന്റെയും പിന്തുണ നേടിയെടുക്കുക എന്ന വൻ വെല്ലുവിളിയാണു വ്യവസായ, തൊഴിൽ മന്ത്രിമാരെ കാത്തിരിക്കുന്നത്. 

പൊതുമേഖലാ ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെയും പരിഷ്കരണവും സീതാരാമന്റെ പ്രധാന പരിഗണനയിൽ വന്നു. മൻമോഹൻ സിങ് സർക്കാർ ശ്രമിച്ചു പരാജയപ്പെട്ട മറ്റൊരു വൻ പരിഷ്കരണത്തിനും അവർ പിന്തുണ നൽകി. യുജിസിക്കു പകരമുള്ള  ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ രൂപീകരണമാണത്. 

ഒരു രാജ്യം, ഒരു തിരിച്ചറിയൽ കാർഡ് പദ്ധതിക്ക് സർക്കാർ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണു ധനമന്ത്രി, ആധാർ ഉയർത്തിപ്പിടിച്ചത്. പാൻ കാർഡ് താമസിയാതെ ഇല്ലാതാകുമെന്നും ഇതു സൂചന നൽകുന്നു. 

കഴിഞ്ഞ 5 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയും തുടങ്ങിവച്ച മുഖ്യ പദ്ധതികൾ പൂർത്തിയാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നല്ല സൂചനയാണ്. അടിസ്ഥാന സൗകര്യവികസനം, ഡിജിറ്റൽ പണമിടപാടുകൾ, ഇന്റർനെറ്റ് വ്യാപനം തുടങ്ങിയ മേഖലകളിൽ വെല്ലുവിളികൾ പൂർത്തീകരിക്കാനും ഇതു സഹായിക്കും. 

∙ കൊച്ചിയടക്കമുള്ള 100 സ്മാർട് സിറ്റി പദ്ധതികൾക്കു തുക വർധി‌പ്പിച്ചു. 

∙ കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കുള്ള വിഹിതത്തിൽ വർധ‌ന. 

∙ കാർഷിക സർവകലാശാലകൾക്കാകെ അനുവദിച്ച തുകയുടെ വി‌ഹിതം കേരളത്തിനും. 

∙ കശുവണ്ടി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന് ടോക്കൺ തുക. 

∙ രാജ്യത്തെ ജില്ലാ ആശുപത്രികളും മെഡിക്കൽ കോളജുകളാക്കാനും നില‌വിലുള്ള മെഡിക്കൽ കോളജുകളിലെ പിജി സീറ്റ് വർധനയ്ക്കും സാ‌മ്പത്തിക സഹായം. 

∙ പകർച്ചവ്യാധി പ്രതിരോധത്തിന് രാജ്യമെങ്ങും ലബോറട്ടറികൾ സ‌ജ്ജമാക്കാൻ 80 കോടി 

∙ പുതിയ 5 ഐഐടികളുടെ പദ്ധതിയിൽ പാലക്കാടും നിലനിർത്തി. തുക കഴിഞ്ഞ ബജറ്റിലേതു തന്നെ. 

∙ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ അടക്കം കടമെഴുതി തള്ളുന്നതിനു ടോക്കൺ തുക വച്ചു.

നികുതി വിഹിതത്തിൽ വർധന 1190.16 കോടി

കേരളത്തിനു നടപ്പു സാമ്പത്തിക വർഷം നികുതി വിഹിതത്തിൽ 1190.16 കോടി രൂപ അധികമായി ലഭിക്കും. 2019–20 വർഷം 20,228.33 കോടിയാണ് നികുതിവിഹിതം അനു‌വദിച്ചിരിക്കുന്നത്. മുൻവർഷം 19,038.17 കോടി രൂപയായിരുന്നു. ആകെ നികുതിയുടെ 2.5 %. ഉത്തർപ്രദേശിനാണ് ഏറ്റവുമുയർന്ന നിക‌ുതിവിഹിതം – 17.96 %. കോർപറേഷൻ നികുതി ഇനത്തിൽ 6892.17 കോടി രൂപയും വരുമാന നികുതി ഇനത്തിൽ 5268.67 കോടി രൂപയും ഇ‌ക്കുറി ലഭി‌ക്കും. കേന്ദ്ര ജിഎസ്ടിയിൽ നിന്ന് 5508.49 കോടി രൂപയും കസ്റ്റംസ് തീരുവയായി 1456.10 കോടി രൂപയും കേന്ദ്ര എക്സൈസ് നികുതി ഇനത്തിൽ 1103.08 കോടി രൂപയും ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com