ADVERTISEMENT

ന്യൂഡൽഹി∙ ‘ജബ് തക് സൂരജ് ചാന്ദ് രഹേഗാ...റാവത്ത് ജീ തേരാ നാം രഹേഗാ...’ സൂര്യൻ ശോഭിക്കുവോളം കാലം, റാവത്തിന്റെ പേര് നിലകൊള്ളുമെന്നു മുഷ്ടി ചുരുട്ടി ജനക്കൂട്ടം ഒരേ താളത്തിൽ അലറി. ഡൽഹി കാമരാജ് മാർഗിലെ ഒൗദ്യോഗിക വസതിയിൽ അന്ത്യയാത്രയ്ക്കൊരുങ്ങി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് നിശ്ചലനായി കിടന്നു. ഡൽഹിയുടെ എല്ലാ വഴികളും ഇന്നലെ റാവത്തിലേക്കൊഴുകി. 

റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരങ്ങളടങ്ങിയ പേടകങ്ങളിൽ ജനം സ്നേഹപ്പൂക്കൾ അർപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ജനറലിനെ അവസാനമായി കാണാൻ അവിടേക്കെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സേന പാടുപെട്ടു. ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികളിൽ അവർ റാവത്തിന് അന്ത്യഭിവാദ്യമർപ്പിച്ചു. 

സേനയിൽ ചേർന്ന നാൾ റാവത്ത് ഭാഗമാവുകയും പിന്നീടു നയിക്കുകയും ചെയ്ത ഗൂർഖ റൈഫിൾസ് 5/11 യൂണിറ്റ് തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ അന്ത്യയാത്രയിലെ ചടങ്ങുകൾക്കു മേൽനോട്ടം വഹിച്ചു. കര, നാവിക, വ്യോമ സേനാ മേധാവികളുടെ നേതൃത്വത്തിൽ 3 സേനകളിലെയും ഉദ്യോഗസ്ഥർ അണമുറിയാതെ വസതിയിലേക്കെത്തി. വാർന്നൊഴുകിയ കണ്ണുകളോടെ മധുലികയുടെ അമ്മ ജ്യോതി പ്രഭ സിങ് തളർന്നിരുന്നു. റാവത്തിന്റെ മക്കളായ കൃതികയും തരിണിയും മാതാപിതാക്കളുടെ പേടകങ്ങൾക്കു സമീപം നിശ്ശബ്ദമിരുന്നു.

rawat-body-1248
ബിപിൻ റാവത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ബ്രാർ സ്ക്വയറിലേക്കു പോകുന്നു, ചിത്രം∙ ജെ. സുരേഷ്

3 സേനകളുടെയും സംഗീത ബാൻഡിന്റെ അകമ്പടിയിൽ 2.14നു റാവത്തും മധുലികയും 9 കിലോമീറ്റർ അകലെയുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര ആരംഭിച്ചു. റാവത്തിന്റെ ശരീരം തുറന്ന വാഹനത്തിലും മധുലികയുടേത് പിന്നിലുള്ള സേനാ ട്രക്കിലും നീങ്ങി. പൂക്കൾ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിനൊപ്പം ജനക്കൂട്ടം നടന്നു. പലരും കണ്ണീർവാർത്തു. മുന്നിലും പിന്നിലുമായി സേനാ വാഹനങ്ങൾ അണിനിരന്നു. 1985ൽ ജീവിതത്തിൽ ഒന്നിച്ച റാവത്തും മധുലികയും മരണത്തിലും ഒരുമിച്ചായിരുന്നു; ബ്രാർ സ്ക്വയറിൽ അവർക്കായി  സേന ഒരു ചിതയൊരുക്കി. അതിലുയർന്ന അഗ്നിനാളങ്ങളിൽ പ്രിയതമയെ ചേർത്തുപിടിച്ചു റാവത്ത് മടങ്ങി.

ബ്രാർ സ്ക്വയർ ശ്മശാനം

സൈനികർക്കായുള്ള ശ്മശാനം. ഡൽഹി കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്നു. 2 ലോക യുദ്ധങ്ങളിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സേനാംഗങ്ങൾ ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണു ശ്മശാനം പരിപാലിക്കുന്നത്. 

അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

ന്യൂഡൽഹി∙  ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക, ബ്രിഗേഡിയർ ജെ.എസ്.ലിഡ്ഡർ എന്നിവർക്കും ആദരാഞ്ജലി അർപ്പിക്കാനെത്തിയതു പ്രമുഖരുടെ നീണ്ടനിര. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, എസ്. ജയശങ്കർ, മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബാനന്ദ സോനോവാൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ (ഡൽഹി), യോഗി ആദിത്യനാഥ് (യുപി), പുഷ്കർ സിങ് ധാമി (ഉത്തരാഖണ്ഡ്), ലോക്സഭാ സ്പീക്കർ ഓം ബിർല, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡൽഹി ഗവർണർ അനിൽ ബൈജൽ, കർഷക നേതാവ് രാകേഷ് ടികായത് തുടങ്ങിയവർ റാവത്തിന്റെ വസതിയിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ബ്രാർ സ്ക്വയറിലെ സംസ്കാര ചടങ്ങിനു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സാക്ഷിയായി. 

rahul-bipin
ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കുന്ന രാഹുൽ ഗാന്ധി (ചിത്രം:ട്വിറ്റർ)
bipin-house-rahul-pattom
ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുന്ന ജനങ്ങൾ. ചിത്രം∙ രാഹുൽ പട്ടം
bipin-house-rahul-pic
ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയവർ. ചിത്രം∙ രാഹുൽ പട്ടം

English Summary: 17-Gun Salute For Gen Bipin Rawat, 800 Service Personnel At Funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com