ADVERTISEMENT

ന്യൂഡൽഹി ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മുഴുവൻ പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ലഫ്.കേണൽ ഹർജിന്ദർ സിങ്, നായിക്കുമാരായ ജിതേന്ദ്ര കുമാർ, ഗുർസേവക് സിങ്, ഹവിൽദാർ സത്പാൽ റായ് എന്നിവരുടെ മൃതദേഹങ്ങൾ കൂടിയാണു തിരിച്ചറിയാനുണ്ടായിരുന്നത്. ഇന്നലെ ‍ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. 

ലഫ്. കേണൽ ഹർജിന്ദർ സിങ്ങിന്റെ സംസ്കാരം സേന കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിലെ ശ്മശാനത്തിലാണു നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട്, സേനാ ഉദ്യോഗസ്ഥർ തുടങ്ങിയവർ ബന്ധുക്കൾക്കൊപ്പം അന്ത്യകർമങ്ങളിൽ പങ്കെടുത്തു. നായിക്ക് ജിതേന്ദ്ര കുമാറിന്റെ സംസ്കാരം മധ്യപ്രദേശ് സെഹോർ ജില്ലയിലെ ധമാൻഡ ഗ്രാമത്തിൽ നടന്നു. മധ്യപ്രദേശ് സർക്കാർ ജിതേന്ദ്രറിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.

നായ്ക് ഗുർസേവക് സിങ്ങിന്റെ സംസ്കാരം പഞ്ചാബിലെ ധോധെ സോധിയൻ ഗ്രാമത്തിൽ നടന്നു. മൂന്നുവയസ്സുകാരൻ മകൻ ഫത്തേദീപ് സേനാ യൂണിഫോമിൽ ചടങ്ങിൽ പങ്കെടുത്തതു നൊമ്പരക്കാഴ്ചയായി. അപകടത്തിൽനിന്നു രക്ഷപ്പെട്ട ഏകയാളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണിന് ബെംഗളൂരുവിലെ സൈനികാശുപത്രിയിൽ ചികിത്സ തുടരുകയാണ്. 

തീവ്രവാദം വഴിയുള്ള പരോക്ഷയുദ്ധവും ഇന്ത്യ ജയിക്കും: പ്രതിരോധമന്ത്രി

പാക്കിസ്ഥാനെതിരെ നേരിട്ടുള്ള യുദ്ധം ജയിച്ചതു പോലെ തീവ്രവാദം വഴിയുള്ള പരോക്ഷയുദ്ധവും ഇന്ത്യ വിജയിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് പറഞ്ഞു. 1971ലെ ബംഗ്ലദേശ് യുദ്ധവിജയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യം നേടുമ്പോൾ മതത്തിന്റെ പേരിൽ വിഭജനമുണ്ടായതു ചരിത്രപരമായ തെറ്റായിരുന്നെന്ന് 1971ലെ യുദ്ധം കാട്ടിത്തന്നതായും അദ്ദേഹം പറഞ്ഞു. 

English Summary: All dead bodies in Coonoor chopper crash identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com