ADVERTISEMENT

എഥനോൾ ചേർക്കാത്ത പെട്രോളിന് ഒക്ടോബർ 1 മുതൽ വില കൂടും. 2 രൂപ അധിക എക്സൈസ് നികുതി ഈടാക്കാനാണ് ബജറ്റ് നിർദേശം. രണ്ടു മെച്ചമാണ് ഇതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്– ഇന്ധനത്തിൽ എഥനോളിന്റെ അളവു കൂട്ടുക വഴി അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാം, മലിനീകരണത്തോതും കുറയ്ക്കാം.

പ്രകൃതി സൗഹൃദ ഊർജ നയത്തിന്റെ ഭാഗമായാണിത്. 35% ഓക്സിജൻ അടങ്ങിയ എഥനോൾ പെട്രോളിൽ ചേർക്കുമ്പോൾ വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവിൽ ഗണ്യമായ കുറവു വരും. നിലവിൽ 10% ആണ് (ഇ–10 ഇന്ധനം) പെട്രോളിലെ എഥനോളിന്റെ അംശം. 2025 ആകുമ്പോൾ ഇത് 20% (ഇ–20 ഇന്ധനം) ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതേ ഉദ്ദേശ്യത്തോടെ കഴിഞ്ഞ വർഷം എഥനോളിന്റെ ചരക്കുസേവന നികുതി കുറച്ചിരുന്നു.

ഇപ്പോൾ രാജ്യത്ത് ആകെ വിൽക്കുന്ന ഇന്ധനത്തിന്റെ 8% മാത്രമാണ് എഥനോൾ ചേർക്കുന്ന ഇന്ധനം. കേരളത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതലാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ ലഭിച്ചു തുടങ്ങിയത്. ഇ–20 പെട്രോൾ 2023ൽ അവതരിപ്പിക്കും. ബയോ ഇന്ധനമായ എഥനോൾ പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപന്നമാണ്. അതിനാൽ ഈ തീരുമാനം കരിമ്പു കർഷകർക്കും അനുബന്ധ വ്യവസായ മേഖലയ്ക്കും ഉണർവു നൽകും.

എഥനോൾ ബ്ലെൻഡഡ് പെട്രോൾ

ജൈവ ഇന്ധനമായ എഥനോൾ പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപന്നമാണ്. 35% ഓക്സിജൻ അടങ്ങിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കുമെന്നതാണ് എഥനോൾ ചേർക്കുന്നതു കൊണ്ടുളള പ്രധാന നേട്ടം. പ്രകൃതി സൗഹൃദ ഇന്ധനമെന്നതിനു പുറമേ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും സാധിക്കും. എഥനോൾ പെട്ടെന്ന് അന്തരീക്ഷത്തിലുള്ള ജലവുമായി കലരുമെന്നതിനാൽ ഇന്ധനടാങ്കിൽ വെള്ളത്തിന്റെ അംശമുണ്ടെങ്കിൽ വാഹനങ്ങൾക്കു കേടുപാടുണ്ടാകാം എന്നതാണു പ്രധാന ദോഷം.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com