ADVERTISEMENT

കണ്ണൂർ∙ സ്വർണക്കള്ളക്കടത്തിനു തടയിടാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ കേന്ദ്ര ബജറ്റ്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനം ബജറ്റിലുണ്ടായില്ല. നിലവിൽ 7.5 ശതമാനമാണു സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി. ഇതിനൊപ്പം 2.25% കൃഷി, സാമൂഹിക വികസന സെസുമുണ്ട്. ഫലത്തിൽ 10.75% നികുതി സ്വർണം ഇറക്കുമതിക്കു നൽകണം. ഇപ്പോഴത്തെ വിലയിൽ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ നികുതിയായി 5 ലക്ഷം രൂപയ്ക്കു മുകളിൽ നൽകേണ്ടതുണ്ട്. സ്വർണക്കള്ളക്കടത്ത് കൂടാനുള്ള കാരണം ഈ ഉയർന്ന നികുതിയാണ്.

എന്നാൽ, കട്ട് ആൻഡ് പോളിഷ്ഡ് വജ്രത്തിന്റെയും രത്നക്കല്ലുകളുടെയും ഇറക്കുമതിത്തീരുവ 7.5ൽ നിന്ന് 5 ശതമാനമാക്കി കുറച്ചു. ഇതോടെ നേരിയ വിലക്കുറവ് (ക്യാരറ്റിന് 1500 മുതൽ 1750 രൂപ വരെ) വജ്രാഭരണ വിലയിലുണ്ടാകും. അതേസമയം, ഇമിറ്റേഷൻ ആഭരണങ്ങളുടെ ഇറക്കുമതി കുറയ്ക്കാനായി കിലോയ്ക്ക് 400 രൂപ വീതം കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തി.

ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ സ്വർണാഭരണങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇതിനായുള്ള പദ്ധതി ജൂണിൽ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സ്വർണം ഇറക്കുമതിക്ക് ബാങ്ക് ഗാരന്റിക്കു പകരം വ്യക്തിഗത ജാമ്യ ബോണ്ടുകൾ അനുവദിക്കാനും തീരുമാനമായി. ഇൻഷുറൻസ് കമ്പനികളാണ് ബോണ്ട് നൽകുന്നത്. കമ്പനികൾക്ക് പ്രീമിയം അടച്ച് സ്വർണം ഇറക്കുമതി ചെയ്യാം. ബോണ്ട് തുകയുടെ പരിധി 50,000 കോടിയിൽനിന്ന് 5 ലക്ഷം കോടിയാക്കി ഉയർത്തിയതും ഇറക്കുമതിക്കാർക്കു പ്രയോജനമാകും. 50,000 കോടിയുടെ എംഎസ്എംഇ വായ്പ 2023 വരെ നീട്ടിയതും ആഭരണ കയറ്റുമതിക്കാർക്കു ഗുണകരമാകും.

∙ ‘സ്വർണവ്യാപാര മേഖലയുടെ ആവശ്യങ്ങൾ പരിഗണിക്കുകയോ കള്ളക്കടത്ത് തടയാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ബജറ്റ് നിരാശാജനകമാണ്.’ – എസ്.അബ്ദുൽ നാസർ (ട്രഷറർ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ)

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com